‘കര്‍ത്താവിന്റെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണ്ണതയുണ്ട്.’ ദൈവം നല്‍കുന്ന ആനന്ദത്തിലേക്കുള്ള യാത്രയാണ് ഓരോ നോമ്പുകാലവും. ശരീരത്തെയും ഇച്ഛകളെയും വിമലീകരിച്ച് അവയ്ക്കപ്പുറമുള്ള ദൈവത്തോടൊത്ത് ഉപാസിക്കുന്ന കാലം. സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ ”ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തില്‍ അങ്ങു നിക്ഷേപിച്ചിരിക്കുന്നു” (സങ്കീ. 4: 7) എന്ന അനുഭവം സ്വന്തമാക്കിയതു കൊണ്ടാകാം മരുഭൂമി യില്‍ ജീവിച്ചിരുന്ന ആദ്യകാല സന്യാസികള്‍ മതിയായ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും അഭാവത്തില്‍ പോലും ആനന്ദത്തോടെ കഴിഞ്ഞത്. സമൃദ്ധി യിലും ഇല്ലായ്മയിലും മനസ്സിനെ അസ്വസ്ഥമാക്കാത്ത ആനന്ദമാണ് യഥാര്‍ഥമായ ആനന്ദം. അത് ദൈവമാണ്.
ഇന്ന് ലോകം ആനന്ദം നേടാനുള്ള പരക്കം പാച്ചിലിലാണ്. പണത്തിലും പ്രശസ്തിയിലും
സുഖത്തിലും സംതൃപ്തി കണ്ടെത്തുന്ന മനുഷ്യന്‍ യഥാര്‍ഥത്തില്‍ ശരീരത്തിലും ഇച്ഛകളിലും കെട്ടപ്പെടുകയാണ്. എല്ലാമായിരിക്കുമ്പോഴും എല്ലാം വെട്ടിപ്പിടിക്കു മ്പോഴും അവന്‍ യഥാര്‍ഥ ആനന്ദത്തില്‍ എത്തിച്ചേരുന്നില്ല എന്നതാണ് സത്യം. ശരീരത്തിനും ഇച്ഛകള്‍ക്കും അപ്പുറമുള്ള ദൈവത്തെ കണ്ടെത്തി സ്വയം വിലയിരു ത്താനും നീതിവറ്റാത്ത നിലപാടുകളിലൂന്നിയ ലോകം കെട്ടിപ്പടുക്കാനും അവനു കഴിയാതെ പോകുന്നു. അതിനാലാകാം പ്രതികൂലങ്ങളില്‍ സ്വയം ഹത്യയില്‍ പരിഹാരം തേടുന്നവരുടെയും വിഷാദരോഗത്തിന് അടിപ്പെടുന്നവരുടെയും എണ്ണം ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പഴയ നിയമത്തിലെ ഏസാവിനെ ഓര്‍മ്മയില്ലേ. ശരീരത്തിന്റെ വിശപ്പടക്കാന്‍ ഒരു കോപ്പ പായസത്തിന്റെ പേരിലാണ് അവന്‍ തന്റെ കടിഞ്ഞൂലവകാശം വേണ്ടെന്നുവച്ചത്. അത്ഭുതങ്ങളുടെ നിറവില്‍ പകല്‍ മേഘത്തൂണായും രാത്രി അഗ്നിസ്തംഭമായും നിരന്തരം ഇസ്രായേല്‍ ജനതയെ നയിച്ച ദൈവത്തോട് അവര്‍ എത്രയോ തവണയാണ് ശരീരത്തിന്റെ ആവശ്യങ്ങളുടെ പേരില്‍ മറുതലിച്ചിട്ടുള്ളത്. ഭക്ഷണത്തെക്കാള്‍ ജീവനെയും വസ്ത്രത്തെക്കാള്‍ ശരീരത്തെയും ലോകംമുഴുവനെക്കാള്‍ ആത്മാവിനെയും വിലമതിക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞതുകൊണ്ടാകാം വിശുദ്ധ പൗലോസ് ശ്ലീഹാ ഇപ്രകാരം പറയുന്നത്: ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
ശരീരത്തെക്കാള്‍ ജീവന്‍ വിലപ്പെട്ടതാണെന്ന് ക്രിസ്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മള്‍ ശരീരത്തില്‍ കുരുങ്ങേണ്ടവരല്ല; മറിച്ച്, ആത്മാവില്‍ ജീവിക്കേണ്ടവരാണ് എന്നര്‍ഥം. ശരീരത്തെയും ഇച്ഛകളെയും ആത്മാവിനാല്‍ മെരുക്കിയെടുക്കേണ്ട കാലം കൂടിയാണ് ഓരോ നോമ്പുകാലവും. ഹൃദയത്തിലാണ് ഈ പരിവര്‍ത്തനം നടക്കേണ്ടത്. ബലിയേ ക്കാള്‍ കരുണയെ വിലമതിക്കുന്ന ദൈവത്തിനു മുമ്പില്‍ നമ്മിലെ കരുണവറ്റിയ നിലപാടുകളെയും ആത്മാവിനെക്കാള്‍ ശരീരത്തിനു പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്ത നങ്ങളെയുമാണ് വിലയിരുത്തേണ്ടത്.
നോമ്പിലെ വേണ്ടെന്നു വയ്ക്കലുകള്‍ക്ക് ദൈവത്തിനു മുമ്പില്‍ സ്വയം എളിമപ്പെടുത്തുക എന്ന ഒരു മാനം കൂടിയുണ്ട്. ഹൃദയപൂര്‍വം തന്റെ നിസ്സാരത സര്‍വശക്തനായ ദൈവത്തിന്റെ മുന്‍പില്‍ ഏറ്റു പറയുന്നവരെ ദൈവം കടാക്ഷിക്കാതിരിക്കുമോ? ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. പ്രാര്‍ഥനാപൂര്‍വം ദാനിയേല്‍ പ്രവാചകന്‍ മൂന്നാഴ്ചക്കാലത്തേക്ക് രുചികരമായ ഭക്ഷണവും മാംസവും വീഞ്ഞും സുഗന്ധലേപനങ്ങളും വേണ്ടെന്നു വയ്ക്കുകയാണ്. ആ പ്രവൃത്തി ദൈവം വിലമതിക്കുകയും തന്റെ ദൂതനെ അയച്ച് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്യുന്നു. ”നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു” (ദാനി.10: 12) എന്നായിരുന്നു ദൈവത്തില്‍ നിന്നുള്ള ദൂതന്റെ അറിയിപ്പ്. ഇതുപോലെ ഹൃദയപൂര്‍വമായ പരിഹാരകൃത്യങ്ങളിലൂടെ സ്വയം എളിമപ്പെടുത്തുന്നവരോട് കരുണ കാണിക്കുന്ന ദൈവത്തെ നാം വിശുദ്ധ ഗ്രന്ഥത്തില്‍ പലയിടങ്ങളില്‍ കണ്ടുമുട്ടുന്നു. നിനെവേ മഹാനഗരവും ദൈവതിരുമുമ്പില്‍ സ്വയം എളിമപ്പെടുത്തി പ്രാര്‍ഥിച്ച ആഹാബ് രാജാവും തുടങ്ങി ദൈവത്തിന്റെ പ്രീതി നേടിയവര്‍ ഏറെയാണ്. ”സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാന്‍ ആര്‍ക്കു കഴിയും? അറിയാതെ പറ്റുന്ന വീഴ്ചകളില്‍നിന്ന് എന്നെ ശുദ്ധീകരിക്കണമേ!” എന്നു പ്രാര്‍ഥിക്കുന്ന സങ്കീര്‍ത്തകന്റെ ഹൃദയത്തോടെ ദൈവത്തിനുമുമ്പില്‍ പാപസങ്കീര്‍ത്തനവും പരിഹാരകൃത്യങ്ങളും ചെയ്യുന്നവരെ അവിടുന്ന് കടാക്ഷിക്കാതിരിക്കുകയില്ല.
എങ്കിലും നോമ്പൊരിക്കലും വേണ്ടന്നു വയ്ക്കലുകളുടെ പട്ടികയല്ല. ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്നതിനെക്കാള്‍ അതില്ലാത്തവനുമായി പങ്കുവയ്ക്കുന്നതിലാണ് ദൈവികാനന്ദത്തിന്റെ പൂര്‍ണ്ണതയടങ്ങിയിരിക്കുന്നത്. ആരോടും സംസാരിക്കാതെ നോമ്പു ദിനങ്ങളില്‍ കൂടുതല്‍ വിശുദ്ധി നേടാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ഒരുപക്ഷേ, സ്വര്‍ഗം വിലമതിക്കുന്നത് കണ്ടുമുട്ടുന്നവരോട് കരുണയുടെയും പ്രോത്സാഹ നത്തിന്റെയും വാക്കുകള്‍ പങ്കുവയ്ക്കുന്നതാകാം. സമയം നഷ്ടമാകാതെ ഒരുപാടു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നതിനെക്കാള്‍ സഹപ്രവര്‍ത്തവനെക്കൂടി ചേര്‍ത്തു നിര്‍ത്തി സ്‌നേഹത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിലായിരിക്കും ദൈവം വിലയിടുക. ചുങ്കക്കാരനെയും പാപിയെയും കള്ളനെയും മുന്തിരിത്തോട്ടത്തിലേക്ക് അവസാനം ജോലിക്കെത്തുന്നവനെയും ധൂര്‍ത്ത പുത്രനെയും സ്‌നേഹപൂര്‍വം പരിഗണിക്കുന്ന ദൈവത്തിന്റെ വിലയിരുത്തലുകള്‍ വ്യത്യസ്തങ്ങളാണെന്ന് ഓര്‍ക്കുക.
സി. നിമിഷ റോസ് CSN




