Sunday, June 28, 2026

‘ഫോമോ’ ഒരു കെണിയാണ്

‘നിങ്ങള്‍ എപ്പോഴെങ്കിലും മറ്റുള്ളവരുടെ ജീവിതം കണ്ട് അസ്വസ്ഥപ്പെട്ടിട്ടുണ്ടോ?’ ഈ ഡിജിറ്റല്‍ യുഗത്തില്‍ നമ്മള്‍ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. മറ്റുള്ളവര്‍ ജീവിതം ആഘോഷിക്കുമ്പോഴോ പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോഴോ താന്‍ മാത്രം അതൊന്നും അറിയുന്നില്ലെന്നോ തനിക്ക് മാത്രം അത് ലഭിക്കുന്നില്ലെന്നോ അതുമല്ലെങ്കില്‍ താന്‍ എവിടെയോ പിന്നിലായിപ്പോകുന്നു എന്നൊക്കെയുള്ള ചിന്തകളില്‍ നിന്നുണ്ടാകുന്ന ഭയമാണ് “Fear Of Missing Out’ അഥവാ ‘ഫോമോ’ (FOMO). നമ്മള്‍ പോലുമറിയാതെ നമ്മുടെ മനഃസമാധാനം കെടുത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിത്.

സ്റ്റാറ്റസുകള്‍ കെടുത്തിയ മനസ്സമാധാനം

സുമി പഠനകാലത്ത് ക്ലാസ് ടോപ്പറായിരുന്നു. മികച്ച മാര്‍ക്കോടെ ബിരുദാനന്തര
ബിരുദം നേടിയ അവള്‍ ഇന്ന് വീട്ടുജോലികളും ഔദ്യോഗിക ജീവിതവും ഒരേപോലെ കൊണ്ടുപോകാന്‍ പരിശ്രമിക്കുന്ന ഒരു വീട്ടമ്മയാണ്. പുറമെ എല്ലാം ഭദ്രമെന്ന് തോന്നിച്ചിരുന്നെങ്കിലും, ഉള്ളില്‍ സുമി വിഷാദത്തിന് അടിമയായിരുന്നു. ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വന്നതോടെ ഭര്‍ത്താവാണ്‌ സുമിയെ കൗണ്‍സലിംഗിന് കൊണ്ടുവന്നത്. അവിടെ വച്ചാണ് തന്റെ പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണം സുമി തിരിച്ചറിയുന്നത്. സ്‌കൂള്‍കാലത്തെ സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പും സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷനുകളുമായിരുന്നു സുമിയെ വിഷാദത്തി ലേക്കു നയിച്ച വില്ലന്മാര്‍. വിദേശത്ത് സ്ഥിരതാമസമാക്കിയ കൂട്ടുകാരുടെ വിദേശയാത്രകളും ആഘോഷങ്ങളും കരിയറിലെ നേട്ടങ്ങളും പങ്കുവയ്ക്കുന്ന സ്റ്റാറ്റസുകളും റീലുകളും സുമി നിരന്തരം കാണുമായിരുന്നു. ‘എല്ലാവരും ജീവിതം ആഘോഷിക്കുമ്പോള്‍ ഞാന്‍ മാത്രം അടുക്കളയിലും ഫയലുകള്‍ക്കിടയിലും തളച്ചിടപ്പെടുന്നു’ എന്ന ചിന്ത അവളില്‍ വേരുറച്ചു. മറ്റുള്ളവരുടെ ‘എഡിറ്റ് ചെയ്ത’
ജീവിതങ്ങളെ തന്റെ യഥാര്‍ഥ ജീവിതവുമായിതാരതമ്യം ചെയ്യുമ്പോള്‍ താന്‍ എങ്ങും എത്തിയിട്ടില്ല എന്ന അപകര്‍ഷതാബോധം അവളെ കീഴ്പ്പെടുത്തി. ഓരോ നോട്ടിഫിക്കേഷനും സുമിയെ എത്തിച്ചത് അനാവശ്യമായ ഉത്കണ്ഠയിലേക്കും നിരാശയിലേക്കുമായിരുന്നു.

ഞാന്‍ ആരാണ്?

‘ഉള്ളതുകൊണ്ട് ഓണം പോലെ കഴിയണം’ – ഇതായിരുന്നു ജോളിയുടെ പ്രമാണം. അത് വെറുമൊരു വാക്കല്ലായിരുന്നു, അവളുടെ നിലപാടായിരുന്നു. അത്യാവശ്യം സൗകര്യങ്ങളുള്ള വീട്, സ്‌നേഹമുള്ള ഭര്‍ത്താവ്, മിടുക്കരായ മക്കള്‍. ഇതിനിടയില്‍ ആഡംബരങ്ങള്‍ക്കോ അനാവശ്യ പ്രദര്‍ശനങ്ങള്‍ക്കോ അവള്‍ ഇടം നല്‍കിയിരുന്നില്ല. എന്നാല്‍, സ്മാര്‍ട്ട്ഫോണിലെ ചെറിയ സ്‌ക്രീന്‍ അവളുടെ പ്രിയപ്പെട്ട ലോകമായി മാറിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. സുഹൃത്തുക്കള്‍ തങ്ങളുടെ മനോഹരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം പോസ്റ്റ് ചെയ്തു തുടങ്ങിയപ്പോള്‍ ജോളിയുടെ ഉള്ളില്‍ ഒരു ചെറിയ അസ്വസ്ഥത നാമ്പിട്ടു. മറ്റുള്ളവരുടെ മുമ്പില്‍ താന്‍ മോശക്കാരിയാകുമോ എന്ന പേടി അവളെ ഒരു കപടലോകത്തേക്ക് നയിച്ചു. അങ്ങനെ ജോളിയുടെ പ്രൊഫൈലിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. സാമ്പത്തികമായി ക്ലേശിച്ചിരുന്നെങ്കിലും കടം വാങ്ങിപ്പോലും അവള്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങി; ഇല്ലാത്ത സന്തോഷം മുഖത്ത് വരുത്തി സെല്‍ഫികളെടുത്തു. “Golden days, “Blessed life” എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളോടെ അവള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഏതാനും മിനിറ്റുകള്‍ക്കകം ലൈക്കുകള്‍ വാരിക്കൂട്ടുമെങ്കിലും പഴയതുപോലെ മനസ്സുതുറന്ന് ചിരിക്കാന്‍ അവള്‍ക്ക് കഴിയുന്നില്ല. സാമൂഹികമായ അംഗീകാരത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ ജോളിക്ക് ഇപ്പോള്‍ അവളെത്തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ്.

മറ്റുള്ളവരുടെ ആഘോഷങ്ങള്‍ക്കിടയില്‍ സ്വന്തം ജീവിതം നിസ്സാരമാണെന്ന തോന്നലില്‍നിന്നും വിഷാദത്തിലേക്ക് വഴുതിവീണ സുമിയും, മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കും ജീവിതരീതികള്‍ക്കും പിന്നാലെ പാഞ്ഞ് സ്വന്തം വ്യക്തിത്വം കൈമോശം വന്ന് സ്വത്വപ്രതിസന്ധി നേരിടുന്ന ജോളിയും ഡിജിറ്റല്‍ യുഗം നമുക്ക് മുന്നില്‍ വയ്ക്കുന്ന മാനസികാവസ്ഥയുടെ പ്രതിഫലനങ്ങളാണ്.

നിങ്ങളും ഒരു ‘ഫോമോ’ ഇരയാണോ?

താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ ഈ കെണിയില്‍ പെട്ടിട്ടുണ്ടോ എന്നറിയാന്‍ കഴിയും.

എപ്പോഴും ഓണ്‍ലൈനില്‍ ആയിരിക്കുക: ഫോണില്‍ അപ്‌ഡേറ്റ്‌സായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും നോട്ടിഫിക്കേഷനുകളും ഉടന്‍ പരിശോധിക്കുക. ഉണര്‍ന്നെണീറ്റാല്‍ ഉടന്‍ ഫോണ്‍ നോക്കുക.

മറ്റുള്ളവരുമായി താരതമ്യം ചെയ്യുക: സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവര്‍ പോസ്റ്റ് ചെയ്യുന്ന റീലുകളും വീഡിയോകളും സ്റ്റാറ്റസുകളും കൃത്യമായി ഫോളോ ചെയ്യുകയും ‘ഞാന്‍ എവിടെയും എത്തിയില്ലല്ലോ’ എന്ന് ദുഃഖിക്കുകയും ചെയ്യുക.

കാര്യങ്ങള്‍ആസ്വദിക്കുന്നതിനെക്കാള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുക: ആഘോഷങ്ങളിലും വിനോദയാത്രകളിലും മറ്റും പങ്കെടുക്കുമ്പോള്‍ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ആസ്വദിക്കാതെ റീല്‍സും വീഡിയോയും നിര്‍മ്മിച്ച് അവ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ ചെയ്യാന്‍ വ്യഗ്രത കാണിക്കുക.

അമിതആകാംക്ഷയുംനിരാശയും: സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ ഉടന്‍ ലൈക്ക് നോട്ടിഫിക്കേഷനുകള്‍ക്ക് വേണ്ടി ആകാംക്ഷാ പൂര്‍വം കാത്തിരിക്കുകയോ അവ ലഭിച്ചില്ലെങ്കില്‍ അതിയായി നിരാശ
പ്പെടുകയോ ചെയ്യുക.

ആഘോഷങ്ങളില്‍നിന്ന്‌വിട്ടുനില്‍ക്കാനുള്ള മടി: സാമൂഹികമായി ഒറ്റപ്പെട്ടു പോകുമോ എന്ന ഭയത്താല്‍ തിരക്കാണെങ്കിലും ഇഷ്ടമില്ലെങ്കില്‍കൂടിയും ആഘോഷങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കുക. ഇത്തരം സവിശേഷതകള്‍
നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളും ഫോമോയ്ക്ക്  അടിമയാണെന്ന് കരുതാം. പരിപാടികളില്‍ സംബന്ധിച്ചില്ലെങ്കില്‍ ‘ഞാന്‍ മാറ്റിനിര്‍ത്തപ്പെടുമോ’ എന്ന ഭയമാണ് ഇവരെ നയിക്കുക.

ഫോമോ നമ്മെ എവിടെ എത്തിക്കുന്നു?

വിഷാദം(Depression):
മറ്റുള്ളവരുടെ ‘പെര്‍ഫെക്റ്റ്’ ജീവിതങ്ങളെ കാണുമ്പോള്‍ താനൊരു പരാജയമാണെന്നും തന്റെ ജീവിതം അര്‍ഥശൂന്യമാണെന്നും ചിന്തിച്ച് തുടങ്ങുന്നിടത്താണ് വിഷാദം ആരംഭിക്കുന്നത്. സ്വാഭാവികമായും സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ പോലും താല്പര്യം നഷ്ടപ്പെടുകയും എപ്പോഴും ഒരു ശൂന്യതാബോധം അനുഭവപ്പെടുകയും ചെയ്യുന്നത് ഇതിന്റെ ലക്ഷണമാണ്.

സ്വത്വ പ്രതിസന്ധി (Identity Crisis):
മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കും ട്രെന്‍ഡുകള്‍ക്കും പിന്നാലെപോയി ‘യഥാര്‍ഥത്തില്‍ ഞാന്‍ ആരാണ്?’ എന്നചോദ്യം ബാക്കിയാവുന്നു. സ്വന്തം മൂല്യങ്ങളും വ്യക്തിത്വവും നഷ്ടപ്പെടുത്തി മറ്റൊരാളാകാന്‍ ശ്രമിക്കുന്നതിലൂടെ വ്യക്തികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് നിപതിക്കുന്നു.

ഉത്കണ്ഠ (Anxiety):
മറ്റുള്ളവരുടെ മുന്‍പില്‍ ഞാന്‍ ഒറ്റപ്പെട്ടുപോകുമോ എന്ന ഭയത്താല്‍ എപ്പോഴും നോട്ടിഫിക്കേഷനുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന റീലുകളിലും സ്റ്റാറ്റസുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഫോണ്‍ കയ്യില്‍ ഇല്ലാത്തപ്പോള്‍ ഉള്ള പരിഭ്രാന്തിയും അസ്വസ്ഥതയും ഉത്കണ്ഠയുടെ തെളിവാണ്.

ആത്മവിശ്വാസമില്ലായ്മ (Low Self-Esteem):
മറ്റുള്ളവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നമ്മുടെ ജീവിതത്തിന്റെ അളവുകോലായി മാറുമ്പോള്‍, സ്വന്തം നേട്ടങ്ങളെ വിലമതിക്കാനോ യഥാര്‍ത്ഥ ജീവിതത്തെ സ്‌നേഹിക്കാനോ നമുക്ക് കഴിയാതെ വരുന്നു. ഇത് വ്യക്തിയെ സ്വയം വെറുപ്പിലേക്കും അപകര്‍ഷതാബോധത്തിലേക്കും നയിക്കുന്നു.

അസൂയ: സോഷ്യല്‍ മീഡിയയിലെ മറ്റുള്ളവരുടെ ‘സന്തോഷകരമായ’ ജീവിതം കാണുമ്പോള്‍ അവരോട് തോന്നുന്ന അസൂയ ഫോമോയുടെ ഒരു പ്രധാന ലക്ഷണമാണ്. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ തനിക്ക് ലഭിക്കാത്തതിലുള്ള
അമര്‍ഷം പതുക്കെ സ്വന്തം ജീവിതത്തോടുള്ള വെറുപ്പായി മാറുന്നു. ഇത് മറ്റുള്ളവരെ അനുകരിക്കുന്നതിലേക്ക് വ്യക്തികളെ നയിക്കാം.

എങ്ങനെ പരിഹരിക്കാം?

സോഷ്യല്‍ മീഡിയയില്‍ കാണുന്ന മറ്റുള്ളവരുടെ ‘പെര്‍ഫെക്റ്റ്’ ജീവിതം അവരുടെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷങ്ങള്‍ മാത്രമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയുക. ആരും തങ്ങളുടെപരാജയങ്ങളോസങ്കടങ്ങളോപോസ്റ്റ് ചെയ്യാറില്ലല്ലോ.

യഥാര്‍ഥ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക:                                                    സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും പിന്നാലെ പോകാതെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക.

നന്ദിയുള്ളവരാകുക:                                                                                             നമുക്ക് ലഭിക്കാതെപോയവയെക്കുറിച്ച് പരിതപിക്കുന്ന തിനെക്കാള്‍ എത്രയോ നല്ലതാണ് നമുക്ക് ലഭിച്ച കഴിവുകള്‍ക്കും നന്മകള്‍ക്കും അവസരങ്ങള്‍ക്കും നന്ദി പറയുക എന്നത്. അത് നമ്മെ കൂടുതല്‍ ഊര്‍ജ്ജസ്വലരും സന്തോഷവാന്മാരുമാക്കുന്നു.

സ്‌ക്രീന്‍ടൈംപരിമിതപ്പെടുത്തുക:
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കുക. പ്രത്യേകിച്ച്, ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും ഫോണിലെ വീഡിയോകളും റീലുകളും കാണുന്നത് ഒഴിവാക്കി മനസ്സിനെ വിശ്രമി ക്കാന്‍ അനുവദിക്കുക.

ഡിജിറ്റല്‍ ലോകത്തെ ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും പിന്നാലെ പായുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് സ്വന്തം ജീവിതത്തിലെ സമാധാനവും സന്തുഷ്ടിയുമാണ്. നമ്മുടെ തനിമയെ സ്‌നേഹിക്കാനും ചെറിയ സന്തോഷങ്ങളെ ആസ്വദിക്കാനും പഠിക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ നാം ജീവിക്കാന്‍ തുടങ്ങുന്നത്. ഓര്‍ക്കുക, നാം നമ്മളായിരിക്കുന്നതിലാണ് ജീവിതത്തിന്റെ സൗന്ദര്യം.


സി. പ്രീത CSN 
സൈക്കോതെറാപ്പിസ്റ്റ്,
ജീവന സൈക്കോ സ്പിരിച്വല്‍ സെന്റര്‍,
ചൊവ്വര

 

 

Related Articles