Tuesday, June 23, 2026

അന്ത്യവിധി

വരുമൊരു നാളില്‍ ദൈവത്തിന്‍ പുത്രന്‍,
വാനമേഘങ്ങളില്‍ താണിറങ്ങും,
മരണം പതിയിരുന്നൊളിയമ്പെയ്യുമ്പോള്‍,
കഴിയുന്നു ഇഹലോകവാസം-
മായും ഗതകാലസ്മരണകളെല്ലാം.

പല നാളവന്‍ ചൊന്ന സത്യവചസ്സുകള്‍
കരുതേണം നാളേക്ക് നിധികുംഭമായ്,
വേദനിക്കുന്നവര്‍ക്കാശ്വാസമാകണം,
ജീവിത നഭസ്സില്‍ നീ ചിറകാകണം.

നിനയാത്ത നേരത്തു പടിവാതിലില്‍ വരും,
അവസാനവിധിയാളനായ ദൈവം,
വചനത്തിന്‍ വഴിയാലെ ബഹുദൂരം പോകുന്നോര്‍,
ദൈവത്തിന്‍ സന്നിധേ ചേര്‍ന്നിരിക്കും
എന്നും പരലോകജീവിതം ധന്യമാകും.

ആകാശഗോളങ്ങള്‍ നിരതെറ്റി പായുന്നു,
ഭൂമി വിറകൊള്ളും ശബ്ദഭേരി,
സപ്തവര്‍ണ്ണങ്ങള്‍ ജ്വലിപ്പിച്ചാ വിധിയാളന്‍ –
മുകിലിന്‍ തിരശ്ശീല നീക്കിയെത്തും
അവസാന നാളും സമാഗതമായ്.


ഫിലോമിന അഗസ്റ്റ്യന്‍,
തേക്കും കുറ്റി,
മുക്കം.

Related Articles