ഓരോ പുലരിയിലും പുതിയ സ്നേഹവുമായെത്തുന്ന ഒരു ദൈവമുണ്ട് നമുക്ക്. പാപിയെങ്കിലും അതിരുവയ്ക്കാതെ സ്നേഹിക്കുന്ന ദൈവം. ‘കടലമ്മ കള്ളി’ എന്ന കുസൃതിക്കുരുന്നുകളുടെ കുറുമ്പുകളെ പരിഭവമില്ലാതെ മായ്ച്ചുകൊണ്ടിരിക്കുന്ന തിര പോലെ വീണ്ടും ആരംഭിക്കാന്‍ പലയാവര്‍ത്തി അവസരം നല്കുന്ന ദൈവം. കടല്‍ ഒരു പര്യായമാണ്! സര്‍വം നിറഞ്ഞുനില്ക്കുന്ന, സര്‍വത്തെയും ഉള്‍ക്കൊള്ളുന്ന ദൈവത്തിന്റെ. പൗലോസ് ശ്ലീഹാ പറയുന്ന നീളവും വീതിയും ഉയരവും ഗ്രഹിക്കാനാവാത്ത ക്രിസ്തുസ്നേഹംപോലെ കടലും അങ്ങനെ പരന്നു കിടക്കുന്നു. നിമിഷാര്‍ദ്ധങ്ങള്‍കൊണ്ട് നമുക്ക് പ്രിയപ്പെട്ടതിനെയൊക്കെ കവര്‍ന്നെടുത്തിട്ടുണ്ട് ചിലപ്പോള്‍. ആഴപ്പെട്ട മൗനം കുടിയിരുത്തുമ്പോഴും ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടുപോലെ അപ്രതീക്ഷിത അനുഭവങ്ങളുമായി നമ്മെ കടന്നു പോയിട്ടുണ്ട്. ചിലപ്പോള്‍ നമുക്ക് അപ്രാപ്യമായവ നമ്മുടെ തീരങ്ങളില്‍ സമ്മാനിച്ചു പോയിട്ടുണ്ട്. എന്തിനേറെ, തീരത്ത് അവശേഷിക്കുന്ന ഒരു ചിപ്പിയില്പോലും കാതു ചേര്‍ത്താല്‍ കേള്‍ക്കാവുന്ന സ്വരത്തില്‍ ആ കടല്‍ എല്ലാറ്റിലും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.
വര്‍ണ്ണാഭമായ ഒരു ലോകം ഉള്ളില്‍ ഒതുക്കുമ്പോഴും നീലിമയില്മാത്രം അടയാളപ്പെടുത്തപ്പെടുന്നതുപോലെ ഒരപ്പമായി മാത്രം ദൈവം സ്വയം അടയാളപ്പെടുത്തുന്നു. ഒരു സ്നാനത്തിനായി ക്ഷണിച്ചുകൊണ്ട് ആ ദൈവം നമ്മുടെ അരികിലുണ്ട്. പുത്തന്‍ കൃപകളുടെ പുതുവീഞ്ഞുപകരാന്. എന്നാല്‍, അതിനൊരു മാനദണ്ഡമുണ്ട്. പുതുവീഞ്ഞു പകരാന്‍ പുതിയ തോല്ക്കുടം വേണം.
സിറിയാ രാജാവിന്റെ സൈനാധിപനായിരുന്ന നാമാനെക്കുറിച്ച് പഴയ നിയമത്തില്‍ ഒരു സംഭവം പറയുന്നു. തന്റെ കുഷ്ഠരോഗം സുഖപ്പെടാന്‍ ഏലീഷാ പ്രവാചകനെ സമീപിക്കുന്നുണ്ട് നാമാന്. അപ്പോള്‍ ഏലിഷാ തന്റെ ദൂതനെ അയച്ച് നാമാനോടു പറയുന്നത് ജോര്‍ദാന്‍ നദിയില്‍ പോയി ഏഴുതവണ കുളിക്കാനാണ്. അതുകേട്ട് നാമാന് കുപിതനാകുകയാണ്. കാരണം, ഏലീഷാ നേരിട്ടുവന്ന് ദൈവത്തോട് തനിക്കുവേണ്ടി അപേക്ഷിച്ച് കരം വീശി സുഖപ്പെടുത്തുമെന്നാണ് നാമാന് ആഗ്രഹിച്ചിരുന്നത്. ജോര്ദാനെക്കാള് ശ്രേഷ്ഠമായ നദികള്‍ ഇസ്രായേലില്‍ ഉള്ളപ്പോള്‍ എന്തിനു താന്‍ ജോര്‍ദാനില്‍ സ്നാനപ്പെടണം എന്ന ചിന്തയും അദ്ദേഹത്തെ ഭരിച്ചിരുന്നു. എങ്കിലും, ഒടുവില്‍ ദൈവപുരുഷന്റെ വാക്കനുസരിച്ച് നാമാന് ജോര്‍ദാന്‍ നദിയില്‍ സ്നാനം ചെയ്യുന്നു. ഏഴാം തവണ നാമാന് മുങ്ങി നിവരുന്നത് ശിശുവിന്റെ ശരീരം പോലെ ശുദ്ധി നേടിക്കൊണ്ടാണ്. ദൈവകൃപയുടെ പുതുവീഞ്ഞു പകരുന്ന പുതിയ തോല്ക്കുടങ്ങളാകാനും ഒരു മാനദണ്ഡം മാത്രം. അനുതാപതൈലവുമായി ആ കരുണക്കടലില്‍ മുങ്ങി നിവരണം. അപ്പോള്‍ നമ്മള് ശുദ്ധിയുള്ളവരാകും.
പുതുവീഞ്ഞു വഹിക്കാന്‍ പ്രാപ്തമായ പുതിയ തോല്ക്കുടങ്ങള് പുതുവര്‍ഷം പുതിയ ഹൃദയത്തോടെ സ്വീകരിക്കാന്‍ ആത്മസ്നാനത്തിന്റെ കൂദാശയായ കുമ്പസാരം നമ്മെ തുണയ്ക്കട്ടെ. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും (ഏശയ്യാ 1 : 18) എന്ന ഉറപ്പു നല്‍കുന്നുണ്ട് ദൈവം. വാല്‍സല്യത്തോടെ തന്റെ കുഞ്ഞിന്റെ മുഖത്ത് തെരുതെരെ ചുംബിക്കുന്ന ഊഷ്മളതയോടെയാണ് ആ കരുണക്കടലിന്റെ കവാടത്തില്‍ അവിടുന്ന് നമ്മെ
കാത്തിരിക്കുന്നത്. നമ്മില്‍ പറ്റിയ അഴുക്കുകളെ കഴുകിതരാന്‍… ശുദ്ധിയുള്ള വസ്ത്രം അണിയിക്കാന്‍…
ആ കരുണയുടെ ആഴം അത്ര അധികമാണ്. ‘ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്. ഇനി അനുവദിച്ചു കൊടുക്കാന്‍ പറ്റില്ല’. നമ്മുടെ നിത്യസംഭാഷണങ്ങളിലെ ഈ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ നമുക്കു പറയാന്‍ അര്‍ഹതയുണ്ടോ? എല്ലാറ്റിനും പരിധി കല്‍പ്പിക്കുന്നവരാണ് നമ്മള്. ക്ഷമിക്കുന്നതിനും… സഹിക്കുന്നതിനും… വിട്ടുകൊടുക്കുന്നതിനും… സ്നേഹിക്കുന്നതിനുമെല്ലാം. ഒരുപക്ഷേ, പരിധിയില്ലാതെ ക്ഷമിക്കാനായതിന്റെ ആത്മനിര്വൃതിയോടെയാവണം അന്ന് പത്രോസ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഈശോയോട് സംശയം ചോദിച്ചത്. എന്റെ സഹോദരന് തെറ്റ് ചെയ്താല്‍ ഏഴു പ്രാവശ്യം ക്ഷമിച്ചാല്‍ മതിയോ? എന്നാല്‍, ക്രിസ്തുവിന്റെ മറുപടിയുടെ സാരം നിരുപാധികം എന്നും.
അവന്റെ ഉത്തരത്തില്‍ കണക്കുകൂട്ടലുകള്‍ക്ക് ഇടമില്ല. ഉടപ്പിറപ്പിന്റെ ഘാതകനും ദൈവത്തിന്റെ ഹൃദയത്തില്‍ ഇടമുണ്ട്. അവന് എന്നേക്കുമായി സ്വര്‍ഗ്ഗത്തിനു നഷ്ടപ്പെടാതിരിക്കാന്‍ നെറ്റിയില്‍ സംരക്ഷണ മുദ്ര ചാര്‍ത്തി ഒരു നിഴല്‍പോലെ കൂടെ നടക്കുന്നുണ്ട് ദൈവം. പടിയിറങ്ങിപ്പോയ പുത്രനും തിരിച്ചറിഞ്ഞത് ആ കരുണക്കടലിന്റെ ആഴംതന്നെ. പുരുഷാരം തീര്‍ത്ത കല്‍ക്കൂമ്പാരത്തിനു മറവില്‍
ആ സ്ത്രീ സ്നാനപ്പെട്ടതും ആ കരുണക്കടലില്ത്തന്നെ.
ദൈവം നമുക്കു പരിധി വച്ചിരുന്നെങ്കില്‍ നാമൊക്കെ എവിടെയായിരുന്നിരിക്കും? നമ്മുടെ എത്രയോ പാപങ്ങള്‍ക്ക് ദൈവം മറ പിടിച്ചിട്ടുണ്ട്? നമുക്കുവേണ്ടി ദൈവം എത്രയോ പേരെ നിശ്ശബ്ദരാക്കിയിട്ടുണ്ട്? പരിധിയില്ലാത്ത ദൈവത്തിന്റെ കരുണയ്ക്ക്
പാത്രമായ നമുക്കും ആ ദൈവത്തെപ്പോലെ പരിധികളില്ലാതെ സ്നേഹിക്കാം. കരുണയുടെ കടലില്‍ സ്നാനപ്പെട്ട് പരിധികളില്ലാത്ത സ്നേഹത്തിന്റെ
പുതുവീഞ്ഞ് നിറച്ച് കൂടുതല്‍ ശുദ്ധിയോടെ ജീവിക്കാം.
സി. നിമിഷ റോസ് CSN




