കഴിഞ്ഞ മാര്‍ച്ച് പതിനെട്ടില്‍ ഇന്ത്യന്‍ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്നത് സുനിത വില്യംസ് എന്ന ബഹിരാകാശ യാത്രികയുടെ സ്‌പെയ്സില്‍ നിന്നുളള തിരിച്ചു വരവിനെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. എട്ടു ദിവസത്തെ പരീക്ഷണ ആവശ്യങ്ങളുമായി സ്‌പേസില്‍ തങ്ങുവാന്‍ പദ്ധതി ഇട്ടിരുന്ന സുനിതയും സഹയാത്രികന്‍ ബുററ്ച്ച് വില്‍മോറും സ്‌പെയ്സ് ക്രാഫ്റ്റിന്റെ സാങ്കേതിക തകരാറുമൂലം 280 ദിവസത്തോളം അവിടെ കുടുങ്ങി പോവുകയായിരുന്നു. അവരെ തിരിച്ചു കൊണ്ടുവരാനുള്ള നാസയുടെ ശ്രമങ്ങള്‍ പലതും പാഴായപ്പോള്‍ ബഹിരാകാശരംഗത്ത് ഏറെ വിശ്വാസ്യതയുള്ള ‘സ്‌പെയ്സ് എക്‌സ്’ എന്ന സ്വകാര്യ കമ്പനിയുടെ സഹായത്തോടെ അവരെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു! ചെറിയ രീതിയില്‍ തീരെ അപ്രധാന പദ്ധതികളില്‍ സ്വകാര്യ മേഖലയില്‍ നിന്ന് നാസ സഹായം സ്വീകരിച്ചിരുന്നുവെങ്കിലും ഇതിനു മുന്‍പ് ഇത്രമാത്രം പ്രധാനപ്പെട്ട ഒരു പദ്ധതിക്ക് നാസ സ്വകാര്യമേഖലയെ ആശ്രയിച്ചിരുന്നില്ല. എങ്കിലും, ദുരഭിമാന ചിന്തകളൊന്നുമില്ലാതെ കുടുങ്ങിപ്പോയ ബഹിരാകാശ സഞ്ചാരികളെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി സ്‌പെയ്സ് എക്‌സിനെ ഏല്പിച്ചതു കൊണ്ടാണ് 280 ദിവസങ്ങള്‍ക്കുശേഷമാണെങ്കിലും അവരെ തിരികെ എത്തിക്കാന്‍ സാധിച്ചത്. ഈ സംഭവം സ്‌പെയ്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയ്ക്ക് വലിയ പ്രചോദനവും പ്രതീക്ഷയുമാണ് നല്‍കിയത്. മാനവ പുരോഗതിക്ക് ഉതകുമെങ്കില്‍ തങ്ങളുടെ പരിമിതികളെ അംഗീകരിച്ചുകൊണ്ട്ഏതുമേഖലയില്‍ നിന്നും സഹകരണം സ്വീകരിക്കാനുള്ള നാസയുടെ വിശാലമായ മനസ്സിനെക്കൂടി വെളിപ്പെടുത്തുന്നതായിരുന്നു ഈ പ്രോജക്ട്.
സുനിതാ വില്യംസ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്റര്‍നാഷണല്‍ സ്‌പെയ്സ് ഷട്ടില്‍തന്നെ നാസ സ്വന്തമായിട്ട് വികസിപ്പിച്ചതോ അതിനുമേല്‍ പൂര്‍ണ്ണ അവകാശം ഉള്ളതോ അല്ല. അത് വിവിധ രാജ്യങ്ങളില്‍ നിന്നായി അഞ്ച് ഏജന്‍സികള്‍ ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്രോജക്ട് ആണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരെയും വിഭവങ്ങളെയും കൂട്ടിയോജിപ്പിച്ച് സഹകരണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കാര്യക്ഷമവും പ്രയോജനപ്രദവുമായ നേട്ടങ്ങള്‍ ലോകത്തിനാകമാനമായി കൈ വരിക്കുവാന്‍ ഈ സംരംഭത്തിന് സാധിച്ചത്.
മനുഷ്യന്റെ കഴിവുകളെയും വിഭവങ്ങളെയും ഒരുമിച്ചുചേര്‍ത്ത് പ്രവര്‍ത്തിക്കുമ്പോള്‍ മാനവരാശിക്കുണ്ടാകാവുന്ന നേട്ടങ്ങളെക്കൂടിയാണ് ഈ രണ്ടു പ്രോജക്ടുകള്‍ ഓര്‍മ്മിപ്പിക്കുന്നത്.
ലോകത്തിന്റെ ഭാവിയും വളര്‍ച്ചയും ഇനി ഏത് ദിശയില്‍ ആയിരിക്കും എന്നതിന്റെ ഒരു സൂചിക കൂടിയാണിത്. ലോകത്തിന്റെ വളര്‍ച്ച ഇനി ഒറ്റയ്ക്കൊറ്റയ്ക്ക് നടത്തുന്ന പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലുമല്ല, മറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമായ ശാസ്ത്ര ജ്ഞാനത്തെ ഏകോപിപ്പിച്ച് നടത്തുന്ന ഗവേഷണങ്ങളിലൂടെയായിരിക്കും. നമ്മുടെ കാലം അത്ഭുതകരമാംവിധം മാറിയിട്ടുള്ളത് ഇത്തരം കൂട്ടായ പ്രയത്‌നങ്ങളുടെ സാധ്യത ഏറിയതോടുകൂടിയാണ്.
കഴിഞ്ഞു പോയ 20 നൂറ്റാണ്ടുകള്‍ എടുത്തു നോക്കുക. സാങ്കേതികമായ വളര്‍ച്ചയുടെ കാര്യത്തില്‍ എത്ര ഭീകരമായ മെല്ലെപ്പോക്കാണ് ആദ്യത്തെ 18 നൂറ്റാണ്ടുകളില്‍ ഉണ്ടായിട്ടുള്ളത്? പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദം കഴിഞ്ഞ് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചപ്പോള്‍ സാങ്കേതിക വളര്‍ച്ചയ്ക്ക് നേരിയ ചലനം വന്നുതുടങ്ങി. ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കായപ്പോള്‍ ആ വളര്‍ച്ചയുടെ വേഗം മനുഷ്യനെ അമ്പരപ്പിക്കുന്ന വിധത്തിലായി. ഏറ്റവും ഒടുവില്‍ ഇതുവരെയുള്ള നേട്ടങ്ങളെയൊക്കെ നിഷ്പ്രഭമാക്കും എന്ന് തോന്നിപ്പിക്കുന്ന നിര്‍മ്മിത ബുദ്ധിയുടെ യുഗത്തിലേക്ക് ലോകം പ്രവേശിച്ചിരിക്കുന്നു. ഈ നേട്ടം സാധ്യമായത് ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരെയും സാങ്കേതിക പരിജ്ഞാനത്തെയും കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഓരോ സമൂഹവും രാജ്യ ങ്ങളും ഒറ്റപ്പെട്ട ദ്വീപുകള്‍പോലെ നിലനിന്നപ്പോള്‍ അവര്‍ സാങ്കേതികരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എത്രമാത്രം മന്ദഗതിയിലായിരുന്നു! ഒറ്റപ്പെട്ടു നില്‍ക്കുമ്പോഴല്ല ഒന്നിച്ച് നില്‍ക്കുമ്പോഴാണ് ലോകം ഏറെ സുന്ദരവും മെച്ചപ്പെട്ടതുമാകുന്നത് എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്.
ലോകത്തെ പൂര്‍ണ്ണവും മനോഹരവുമാക്കാന്‍ ഏറെ സാധ്യതകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ദൈവം ഭൂമിയെ മനുഷ്യന് ഏല്പിച്ചുകൊടുത്തത്. ഒരുമിച്ചു ചേര്‍ന്നാണ് മനുഷ്യന് അതിനെ പൂര്‍ണ്ണതയിലേക്ക് നയിക്കാനാവുക. ജാതിയുടെയും വര്‍ഗത്തിന്റെയും ഗോത്രത്തിന്റെയും ദേശത്തിന്റെയും പേരിലൊക്കെ അവര്‍ ഒറ്റപ്പെട്ടു നിന്ന കാലത്ത് പൂര്‍ണ്ണതയിലേക്കുള്ള നീക്കം ഏറെ മന്ദഗതിയിലായിരുന്നു. എന്നാല്‍, കാലങ്ങള്‍ കഴിഞ്ഞ് ലോകം ഒരു ഗോളാന്തര ഗ്രാമമായി ചുരുങ്ങപ്പെട്ടപ്പോള്‍ ദേശത്തിന്റെയും ഗോത്രത്തിന്റെയും വംശത്തിന്റെയും അതിരുകള്‍ നേര്‍ത്തു നേര്‍ത്ത് വരികയും അത് ശാസ്ത്രത്തിന്റെ നേട്ടങ്ങളെ അതിശയിപ്പിക്കുന്നതാക്കിത്തീര്‍ക്കുകയും ചെയ്തു.
ശാസ്ത്രപുരോഗതിയെ പിന്നോട്ടടിക്കുന്ന മനുഷ്യര്‍ക്കിടയിലെ ഭിന്നതകളെ അതിജീവിക്കാന്‍ ലോകത്തിനാവുന്നത് മനുഷ്യരെല്ലാം ഒന്നാണ് എന്ന സഹോദര്യബോധത്തിലേക്ക് എത്തിച്ചേരുമ്പോഴാണ്. ചരിത്രത്തിലൂടെ പിന്നോട്ട് പോകുമ്പോള്‍ നമ്മള്‍ എത്തിച്ചേരുന്നത് മനുഷ്യകുലത്തിന്റെ ആരംഭം ഉത്തര ദക്ഷിണ മിതോഷ്ണ മേഖലകള്‍ക്കിടയിലെ ഒരു ചെറിയ ഭൂപ്രദേശത്തേക്കാണ്. മനുഷ്യന് പൊതുവായ ഒരു തുടക്കമാണുണ്ടായിരുന്നത് എന്ന് ഇതോര്‍മ്മിപ്പിക്കുന്നു. അവിടെനിന്നും പുറകോട്ട് പോയാല്‍ എല്ലാ മനുഷ്യരുടെയും ഉറവിടമായ ആദ്യ പുരുഷനിലേക്കും സ്ത്രീയിലേക്കും നാം എത്തിച്ചേര്‍ന്നേക്കാം. അത് മനുഷ്യരെന്നനിലയില്‍ നാം പേറുന്ന പൊതു പൈതൃകത്തിന്റെ കണ്ടെത്തല്‍ കൂടിയായിരിക്കും.ആകണ്ടെത്തല്‍ലോകത്തുള്ള ശാസ്ത്രസങ്കേതങ്ങളുടെ കൈമാറ്റവും സഹകരണവും കൂടുതല്‍ എളുപ്പമാകും. അത് പ്രപഞ്ചത്തില്‍ മറഞ്ഞിരിക്കുന്ന വിസ്മയങ്ങളുടെ രഹസ്യപ്പൂട്ട് തുറക്കുവാനുള്ള സുവര്‍ണ്ണ താക്കോലായി മാറുകയും ചെയ്യും. മനുഷ്യര്‍ ഇതുവരെ കണ്ടതല്ല ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍. അത് ഇനിയും വരാനിരിക്കുന്നതാണ്. അതിലേക്ക് എത്തിച്ചേരുന്ന ഒരു കാലം ലോകത്തിന്റെ പാരസ്പര്യത്തെ ആശ്രയിച്ചു മാത്രമായിരിക്കും.

പീറ്റർ തോമസ് കപ്പുച്ചിൻ




