കുശലപ്രശ്‌നങ്ങളില്‍ മലയാളികള്‍ മറുപടിയായി പറയുന്ന സര്‍വസാധാരണമായ പദം ഏതായിരിക്കും? കുഴപ്പമില്ല എന്ന വാക്കായിരിക്കുമല്ലേ? പരീക്ഷ കഴിഞ്ഞ കുട്ടിയോട് എങ്ങനെയുണ്ടായിരുന്നു എന്നു ചോദിച്ചാല്‍ ഉത്തരം ഉറപ്പ് – കുഴപ്പമില്ല. ഗംഭീരന്‍ കല്യാണസദ്യ മൂക്കോളമുണ്ടിട്ടു വരുന്നയാളോടും അഭിപ്രായം ചോദിച്ചാലുള്ള പ്രതികരണവും ഇതുതന്നെ – കുഴപ്പമില്ല. ജോലിയെക്കുറിച്ചോ ജീവിതത്തെക്കുറിച്ചുതന്നെയോ ചോദിച്ചാല്‍ മറുപടി മറ്റൊന്നല്ല – കുഴപ്പമില്ല.
കുഴപ്പമില്ല എന്നു കേട്ടാല്‍ത്തന്നെ അതിലെന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല? കുഴപ്പത്തെക്കുറിച്ച് ചോദിച്ചാലല്ലേ അത് പറയേണ്ടതുള്ളൂ? എന്തോ ഒരു തൃപ്തിയില്ലായ്മയല്ലേ ഇപ്പറയുന്ന കുഴപ്പത്തില്‍ കൂനിപ്പിടിച്ചിരിക്കുന്നത്? നമുക്ക് ഇതൊന്നു മാറ്റിപ്പിടിച്ചാലോ?
പരീക്ഷയെക്കുറിച്ച് ചോദിച്ചാല്‍ എളുപ്പമായിരുന്നു, പ്രയാസമായിരുന്നു, അത്ര എളുപ്പമല്ല, ഒരുവിധം എഴുതി എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ കൃത്യവും വ്യക്തവുമല്ലേ? സദ്യയെക്കുറിച്ചാണെങ്കില്‍ കേമമായിരുന്നു, ഉഗ്രന്‍സദ്യ, അത്ര പോരാ, തരക്കേടില്ലാത്ത സദ്യ എന്നിങ്ങനെ പലതും പറയാമല്ലോ. ഏതു കാര്യത്തെക്കുറിച്ചും ഇങ്ങനെ വ്യത്യസ്ത ഉത്തരങ്ങള്‍ നല്‍കാവുന്നതല്ലേ? പ്രശ്‌നങ്ങളില്‍നിന്നോ ചോദ്യകര്‍ത്താക്കളില്‍നിന്നോ ഒഴിഞ്ഞുമാറാന്‍ വേണ്ടിയാകും ചിലപ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞവസാനിപ്പിക്കുന്നത്. കുഴപ്പമില്ലെന്ന മറുപടി കുഴപ്പംപിടിച്ചതാണെങ്കിലും സ്ഥാനത്തുമസ്ഥാനത്തും ഉപയോഗിക്കാനാണ് ഭാവമെങ്കില്‍ എനിക്കും കുഴപ്പമില്ല. അത്രതന്നെ!
********** **********
ഒരു പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുകയാണ്. കേക്കു മുറിക്കാന്‍ സമയമായി. പിറന്നാള്‍ക്കുട്ടനും മാതാപിതാക്കളും ഒരുങ്ങിവന്ന് കേക്കിനു പിന്നില്‍ നിലയുറപ്പിച്ചു. കുട്ടിയുടെ അച്ഛന്‍ അഭിമാനത്തോടെ മൈക്ക് കൈയിലെടുത്തു പറഞ്ഞുതുടങ്ങി: ”എന്റെ മകന്റെ പത്താം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാവരെയും ഞാന്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.” ഇതു കേട്ടുനിന്ന വിരുന്നുകാര്‍ക്കെല്ലാം സന്തോഷമായി എന്ന്കരുതാന്‍വയ്യ. ചിലര്‍ക്കെങ്കിലും ഒരു വല്ലായ്മ തോന്നിയെന്നും വരാം. ആ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ എത്ര ഉചിതമായേനെ: ”ഞങ്ങളുടെ മകന്റെ പത്താംപിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാവരെയും ഞങ്ങള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.”
അരികില്‍ നില്‍ക്കുന്ന അമ്മയ്ക്കും കേട്ടുനില്‍ക്കുന്നവര്‍ക്കും എത്ര സന്തോഷമായേനെ. അച്ഛന് മാത്രമായിട്ടുള്ളതല്ലല്ലോ മകന്‍! അമ്മയ്ക്കും തുല്യ അവകാശമില്ലേ? എന്റെ, ഞാന്‍ എന്നതിനു പകരം ഞങ്ങളുടെ, ഞങ്ങള്‍ എന്നൊക്കെ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റം വലുതാണ്. മേല്പറഞ്ഞ പിതാവ് ഭാര്യയോട് സ്‌നേഹമോ പരിഗണനയോ ഇല്ലാത്തയാളല്ല. പക്ഷേ, ഉള്ളിന്റെയുള്ളില്‍ കടന്നുകൂടിയ മനോഭാവത്തിന്റെ സ്വാഭാവികമായ പ്രകടനം മാത്രമാണ് നാവിലൂടെ പുറത്തുവന്നത്. ഇവിടെ എന്താണ് നാം ഇനി വേണ്ടത്? താന്‍ തനിച്ചല്ലെന്നും ഒപ്പമുള്ളവരെ ഒപ്പംതന്നെ കരുതണമെന്നും പറയണമെന്നും ബോധപൂര്‍വം ഓര്‍മ്മിക്കുക. മടിയേതുമില്ലാതെ പറയാനുള്ള മര്യാദയും ധൈര്യവും കാട്ടുക. അത്രമാത്രം!
**********
പൂച്ചയുടെ പല്ലിനെക്കുറിച്ച് എന്താണഭിപ്രായം? നമുക്കത് ഒരു എലിയോട് ചോദിക്കാം. ലോകത്തില്‍വച്ച് ഏറ്റവും മൂര്‍ച്ചയുള്ളതും ക്രൂരമായതുമായ വസ്തു എന്നാവും എലി പറയുന്നത്. ഇതേ ചോദ്യം പൂച്ചക്കുഞ്ഞിനോട് ചോദിച്ചാലോ? ഇത്രയും മൃദുവായ വസ്തു വേറെയില്ലെന്ന ഉത്തരമാവും ലഭിക്കുന്നത്. അനുഭവത്തിന്റെ വെളിച്ചത്തിലാണ് രണ്ടുത്തരവും രൂപപ്പെടുന്നത്. പൂച്ചയ്ക്ക് കളിരസം, എലിക്ക് പ്രാണഭയം എന്ന ചൊല്ല് അര്‍ഥമാക്കുന്നതുപോലെ കടിച്ചുകുടഞ്ഞും ഇട്ടുതട്ടിയും എന്തെന്തു ക്രൂരതകളാണ് പൂച്ച ചെയ്യുന്നത്? പൂച്ചക്കുഞ്ഞിന്റെ അനുഭവമോ? ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അരുമയോടെ കടിച്ചെടുത്തു തൂക്കിപ്പിടിച്ചു കൊണ്ടുപോകുന്നതും പൂച്ചപ്പല്ലുകള്‍ തന്നെയാണല്ലോ. അതെ, അനുഭവമാണ് ഗുരു. നമ്മുടെ ചിന്തയെയും വാക്കിനെയും പ്രവൃത്തിയെയും സ്വാധീനിക്കുന്നത് നമ്മുടെ അനുഭവങ്ങള്‍ തന്നെയല്ലോ.

ഷാജി മാലിപ്പാറ




