Monday, June 15, 2026

കല്യാണത്തിന് പോയാൽ

”കല്യാണം കൂടാന്‍ പോയാല്‍ ചില കടമകളൊക്കെയുണ്ട്.” ”അതെന്താ?” ”എന്താണെന്നു
പറയാം. വധൂവരന്മാരെ കണ്ട്, ആശംസകള്‍ നേരണം.” ”ആശംസ നേരുകയും ഫോട്ടോയെടുക്കുകയും ചെയ്യാറുണ്ട്.” ”അതുമാത്രം പോരാ. അവര്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കണം.”

”അതും ചെയ്യാറുണ്ടല്ലോ.” ”അവിടംകൊണ്ട് നിര്‍ത്തരുത്. നാം പങ്കെടുക്കുന്ന വിവാഹത്തില്‍ നമുക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്.” ”എന്നുവച്ചാല്‍…” ”ആ ദമ്പതികളെപ്പറ്റി ഇടയ്ക്കിടെ ഓര്‍ക്കാനും അവര്‍ക്കായി പ്രാര്‍ഥിക്കാനും മറക്കരുത്. വല്ലപ്പോഴും അവരെ കാണാന്‍ ശ്രമിക്കണം. അവരുടെ ആവശ്യങ്ങളില്‍ സഹായിക്കാനും കടമയുണ്ട്. നമ്മള്‍ പങ്കെടുത്ത വിവാഹത്തിലെ ദമ്പതികള്‍ക്ക്‌ സഹായമേകാനാണ്‌ ദൈവം നമ്മളെ അതിലേക്ക് ക്ഷണിച്ചത്.”

”ഇതൊക്കെ നടക്കുന്ന കാര്യമാണോ?” ”നടക്കേണ്ട കാര്യമാണ്. കാരണം, ഒത്തിരി ദമ്പതികള്‍ക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ട്. ഭൗതികസഹായം ആവശ്യമുള്ളവര്‍ കുറവാകാം. പക്ഷേ, പലര്‍ക്കും ആത്മീയസഹായവും മാനസികസഹായവും അത്യാവശ്യമായി വരുന്നു.”

”ഇനി വല്ലതും ഉണ്ടോ?” ”ഇനിയുള്ളത് കല്യാണം കൂടാന്‍ പോകുന്നവര്‍ക്ക് ലഭിക്കുന്ന ഒരു ആനുകൂല്യമാണ്.” ”അതെന്താ?”

”അവര്‍ക്ക്‌ സ്വന്തം വിവാഹത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയുന്നു. പങ്കെടുക്കുന്ന ഓരോ വിവാഹവും സ്വന്തം വിവാഹത്തെ ഓര്‍മ്മപ്പെടുത്തുന്നതാകണം. എത്ര വര്‍ഷം കഴിഞ്ഞാലും അന്നത്തെ സ്വപ്നങ്ങളും സ്‌നേഹഭാവങ്ങളും പ്രണയവിചാരങ്ങളും ഓര്‍ത്തെടുക്കാനും അതിലൂടെ ഒരുമിച്ച് യാത്രചെയ്യാനും എന്തെങ്കിലും  നഷ്ടമായെങ്കില്‍ അത് തിരിച്ചുപിടിക്കാനും കഴിഞ്ഞാല്‍ എത്ര വലിയ കാര്യമാണ്! ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാന്‍, ഒന്നിച്ച് പ്രിയപ്പെട്ടവരെ കണ്ട് സൗഹൃദം  പുതുക്കാന്‍, കഴിയുമെങ്കില്‍ ദമ്പതികള്‍ ഒരുമിച്ചൊരു ഫോട്ടോയെടുക്കാന്‍, രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് ഒന്നിച്ചിരുന്ന്‌ വിലയിരുത്താന്‍ കഴിയുമെങ്കില്‍ അതൊരു അനുഗ്രഹമായിത്തീരും.”

”നമ്മള്‍ മറ്റുള്ളവരുടെ കല്യാണത്തിന് പോയാല്‍ നമ്മുടെ വിവാഹജീവിതത്തിനുകൂടി ഉപകാരപ്പെടണം അല്ലേ? ”തീര്‍ച്ചയായും.”

* * *      * * *        * * *
കുട്ടികളെ ഉണര്‍ത്തേണ്ടത് എങ്ങനെയാണ്? തട്ടിയുണര്‍ത്തണോ, തൊട്ടുണര്‍ത്തണോ?
ഉറങ്ങുന്ന കുട്ടിയെ തട്ടിയുണര്‍ത്തിയാല്‍ പെട്ടെന്ന് ഉണരും; ഞെട്ടിയുണരും. ഞെട്ടിയുണരുന്നത് അമ്പരപ്പോടെയാകും. ലോകത്തോടുതന്നെ പകച്ചുനോക്കാനും പകച്ചുനില്‍ക്കാനും ഇടവരും. തട്ടിയുണര്‍ത്തുന്നത്കുട്ടിയുടെ സ്വസ്ഥതയെ തകര്‍ത്തേക്കാം. അങ്ങനെയുണ്ടാകുന്ന അസ്വസ്ഥത ദിവസം മുഴുവന്‍ നീണ്ടുനിന്നെന്നും വരാം.

എന്നാല്‍ തൊട്ടുണര്‍ത്തിയാലോ? ശാന്തമായ സ്പര്‍ശനം നല്‍കുന്ന ഉണര്‍വ് വലിയ ഉന്മേഷം നല്‍കും. ഒരു ചെറുപുഞ്ചിരിയോടെ ഉണരാനും ലോകത്തെ നോക്കിക്കാണാനും കുട്ടിക്ക് കഴിയും. സ്‌നേഹത്തോടെ തൊട്ടുണര്‍ത്തുന്ന അമ്മയെ കാണുന്ന, അമ്മയുടെ പുഞ്ചിരികാണുന്ന, കുട്ടിക്ക് ദിവസം മുഴുവന്‍ സ്വസ്ഥമായും സന്തോഷമായും ചെലവഴിക്കാന്‍ എളുപ്പമാകും.

തട്ടിയുണര്‍ത്താന്‍ എളുപ്പമാണ്. ഒന്നോ രണ്ടോ തവണ ശക്തമായി തട്ടിയാല്‍ കുട്ടിയുണരും. എന്നാല്‍ തൊട്ടുണര്‍ത്തിയാലോ? പെട്ടെന്ന് ഉണര്‍ന്നെന്ന് വരില്ല. അപ്പോള്‍ ക്ഷമയോടെ, സ്‌നേഹത്തോടെ, വാത്സല്യത്തോടെ ആവര്‍ത്തിച്ച് തൊട്ടുണര്‍ത്താനും തലോടാനും ശ്രമിക്കണം. ഇതിന് സമയം ചെലവഴിക്കേണ്ടിവരും. (പ്രഭാതകൃത്യങ്ങളുടെ നുറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ തൊട്ടുണര്‍ത്തലിനു സമയം കിട്ടുമോ എന്നതാണ്
ചോദ്യം. ഇതിന് സമയം കണ്ടെത്തിയാല്‍ അത് വലിയ ലാഭമായി മാറുമെന്നുറപ്പ്).

ഓര്‍ത്തുവയ്ക്കാം: തട്ടിയുണര്‍ത്തല്‍ എളുപ്പമാണ്. തൊട്ടുണര്‍ത്തല്‍ സമയമെടുത്ത് ശാന്തമായി ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്താല്‍ അത് ഒരിക്കലും നഷ്ടമാവില്ല. ഒരു പൂവിരിയുന്നതുപോലെ കുട്ടികള്‍ ഉണരാന്‍ അതിടയാക്കും.

ഷാജി
  ഷാജി മാലിപ്പാറ

 

Related Articles