Wednesday, June 17, 2026

വിവാഹം വൈകുമ്പോൾ

‘Early to pray, early to get’ എന്ന ഒരു പഴമൊഴിയുണ്ട്. വിവാഹത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. വിവാഹത്തിനു വേണ്ടിയും ഭാവിയില്‍ ദൈവം സമ്മാനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുമൊക്കെ ഒത്തിരി നേരത്തേതന്നെ ഒരുങ്ങി പ്രാര്‍ഥിക്കണമെന്ന് സാരം. എന്നാല്‍, എന്റെ കാര്യത്തില്‍ വിവാഹ പ്രായമെത്തിയപ്പോഴാണ് പ്രാര്‍ഥനാവിഷയങ്ങളില്‍ വിവാഹവും ഞാന്‍ ഒരു നിയോഗമാക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും വിവാഹാലോചനകള്‍ എങ്ങുമെത്തിയില്ല. ചെറിയ തോതില്‍ നിരാശ തോന്നിത്തുടങ്ങി. കുടുംബാംഗങ്ങളുടെ ആകുലതകള്‍ വേറെ. എല്ലാംകൂടെ താങ്ങാന്‍ പറ്റാതെ വന്നപ്പോഴാണ് ഇടവകയിലെ ഒരു സിസ്റ്ററിന്റെ അടുത്ത് പ്രാര്‍ഥിക്കാനും സംസാരിക്കാനും പോകുന്നത്. എന്റെ സങ്കടങ്ങള്‍ കേട്ട് കഴിഞ്ഞപ്പോള്‍, സിസ്റ്റര്‍ എന്നോടാവശ്യപ്പെട്ടത് ഒറ്റക്കാര്യമാണ്: ‘വിവാഹം കഴിക്കാന്‍ പോകുന്ന ആളെക്കുറിച്ചുള്ള നിന്റെ സങ്കല്പങ്ങള്‍ മാറ്റിവച്ച് ഈശോയുടെ സങ്കല്പങ്ങള്‍ക്ക് ‘യെസ്’ പറയുക”. ആദ്യം കേട്ടപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് നമ്മുടെ സങ്കല്പങ്ങളെല്ലാം വേണ്ടെന്നു വയ്ക്കുക – അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന് മനസ്സിലായി. ‘എങ്ങനെ ഇത് പറ്റും?” എന്നു സിസ്റ്ററിനോട് ഞാന്‍ ചോദിച്ചു. അതിനുള്ള കൃപ ഈശോയോട് ചോദിച്ചു വാങ്ങാന്‍ സിസ്റ്റര്‍ പറഞ്ഞു. ഒപ്പം മനോഹരമായ ഒരു കൊച്ചു പ്രാര്‍ഥനയും പറഞ്ഞു തന്നു : ‘ആത്മീയ സൗന്ദര്യവും ജീവിതവിശുദ്ധിയും ദൈവ വിശ്വാസവുമുള്ള ഒരു വ്യക്തിയെ ജീവിത പങ്കാളിയായി തന്നനുഗ്രഹിക്കണമേ” എന്നതായിരുന്നു ആ പ്രാര്‍ഥന. ദിവസവും തോബിത്തിന്റെ പുസ്തകം എട്ടാം അധ്യായത്തില്‍ തോബിയാസ് ചൊല്ലുന്ന പ്രാര്‍ഥനാഭാഗം വായിക്കുന്ന ഒരു പതിവ് അന്ന് എനിക്കുണ്ടായിരുന്നു. അതുകൊണ്ട് സിസ്റ്റര്‍ പഠിപ്പിച്ച ഈ പ്രാര്‍ഥന ആ ബൈബിള്‍ ഭാഗത്ത് എഴുതിവച്ച് അന്നു മുതല്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി. പീന്നിട്
ഈശോയോട് പറഞ്ഞു, ഇനി എന്റെ പങ്കാളിയെക്കുറിച്ച് എനിക്കുള്ള ഡിമാന്‍ഡ് ഇത് മാത്രമായിരിക്കും എന്ന്. കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വിവാഹം ഈശോ സെറ്റ് ആക്കി തന്നു. അന്ന് ഒരു കാര്യം മനസ്സിലായി, നമ്മളൊന്നിനും വാശി പിടിക്കാതെ ഈശോയ്ക്ക് surrender ചെയ്താല്‍ പിന്നെ ഈശോ അത് ഏറ്റെടുത്ത് നമ്മള്‍ വിചാരിക്കുന്നതിലും ഗംഭീരമായി നടത്തും എന്നുള്ളത്. കാരണം അവന് നമ്മളെക്കുറിച്ചുള്ള സ്വപ്നവും പദ്ധതിയുമാണ് എപ്പോഴും ‘the best.’

എന്റെ സുഹൃത്തിനുണ്ടായ അനുഭവംകൂടി ഇവിടെ പങ്കുവയ്ക്കാം. ഇരുപത്തിയേഴാമത്തെ വയസ്സില്‍ വിവാഹം ആലോചിച്ച് തുടങ്ങിയെങ്കിലും അത് ഫലപ്രാപ്തിയിലെത്താന്‍ വര്‍ഷങ്ങള്‍ എടുത്തു. പെണ്‍കുട്ടികളെ സംബന്ധിച്ച് മുപ്പതു കഴിഞ്ഞാല്‍ വിവാഹം ബുദ്ധിമുട്ടാണ് എന്നാണല്ലോ പൊതുവേ പറയുന്നത്. അതുകൊണ്ടുതന്നെ എന്റെ സുഹൃത്തിനും ഇതൊരു പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. വിവാഹാലോചനകള്‍ എങ്ങുമെത്താതെ പൊയ്‌ക്കൊണ്ടിരുന്നു. നല്ല ഒരു ആത്മീയ ജീവിതത്തിനുടമ ആയിരുന്നിട്ടും ഒരു പരിധികഴിഞ്ഞപ്പോള്‍
അവളും നിരാശയിലായി. സിസ്റ്റര്‍ എന്നെ പഠിപ്പിച്ച പ്രാര്‍ഥന ഞാന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തു. അവള്‍ പൂര്‍ണമായും ഈശോയ്ക്ക് surrender ചെയ്തു എന്നു വേണം പറയാന്‍. ലൗകിക മാനദണ്ഡങ്ങള്‍ ഒന്നും നോക്കാതെ ദൈവവിശ്വാസമുള്ള കുടുംബം എന്ന ഒറ്റ ഡിമാന്‍ഡ് ആണ് അവളും വിട്ടുകാരും നോക്കിയത്. എന്നിട്ടും ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്തിന്റെ പേരില്‍ വിവാഹാലോചനകളൊന്നും മുന്നോട്ട് പോകുന്നില്ല.

നീണ്ട ഏഴു വര്‍ഷങ്ങള്‍! ഒരു തവണ ഫോണ്‍ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു, ‘സങ്കടം കാരണം വീട്ടില്‍ എല്ലാവരും കുരിശു വരയ്ക്കാന്‍ നേരത്ത്, ഞാന്‍ അടുത്തൊരു റൂമില്‍ ഇരുന്ന് കരഞ്ഞുകൊണ്ടാണ് അതില്‍ സംബന്ധിക്കുന്നത്; എനിക്ക് എല്ലാവരുടെയും സങ്കടം കാണാന്‍ കഴിയുന്നില്ല’ എന്ന്. അതു കേട്ടപ്പോള്‍ ഒത്തിരി വിഷമം തോന്നി.
ദൈവത്തോട് ഏറെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് എന്തിന് ഇത്ര പരീക്ഷണം എന്ന് തോന്നിപ്പോയി. അങ്ങനെ ഞങ്ങളൊന്നിച്ച്, ഒരിക്കല്‍ ഡൊമിനിക് വാളന്‍മനാല്‍ അച്ചന്‍ പറഞ്ഞതിന്റെ വെളിച്ചത്തില്‍ നിയോഗം വച്ച് ആയിരം കരുണ കൊന്ത ചൊല്ലി പ്രാര്‍ഥിച്ചു. അങ്ങനെ പ്രാര്‍ഥനയോടെയുള്ള ഒരുക്കത്തിന്റെ ഏറെ നാളുകള്‍ പിന്നിട്ടു. മുപ്പത്തിനാലാം വയസ്സില്‍ അവളുടെ വിവാഹം സെറ്റ് ആയി. അവള്‍ വിചാരിച്ചതിലും മനോഹരമായ ഒരു വിവാഹബന്ധം. ലോകം കല്പിക്കുന്ന മനദണ്ഡങ്ങള്‍ക്കപ്പുറമാണ് ദൈവത്തില്‍ അടിയുറച്ച് ജീവിക്കുന്നവനെക്കുറിച്ചുള്ള അവന്റെ പദ്ധതി എന്നതില്‍ തര്‍ക്കമില്ല. എന്തിനും ഏതിനും സപ്പോര്‍ട്ട് ആയി ഒപ്പം നില്ക്കുന്ന ഒരു ജീവിതപങ്കാളിയെ അവള്‍ക്ക് ഈശോ സമ്മാനിച്ചു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ദൈവം മിടുക്കനായ ഒരു കുഞ്ഞിനെയും കൊടുത്ത് ആ കുടുംബത്തെ അനുഗ്രഹിച്ചു.

ഗര്‍ഭിണിയായ സമയത്ത്, ഭര്‍ത്താവ് വര്‍ക്ക് ഫ്രം ഹോം എടുത്ത് അവള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് വന്നു നിന്ന് അവള്‍ക്ക് കൊടുത്ത സപോര്‍ട്ടിനെക്കുറിച്ച് അവള്‍ പിന്നീട് പറയുകയുണ്ടായി. ആ ദിവങ്ങളില്‍ ഭക്ഷണം പാകം ചെയതു കൊടുത്തിരുന്നത് അദ്ദേഹമായിരുന്നു. ജോലിസ്ഥലത്തേക്കു പോകേണ്ടിവന്നാല്‍ അടുത്ത കുറച്ചുദിവസത്തേക്ക് വേണ്ട ഭക്ഷണം ഒരുക്കി ഫ്രിഡ്ജില്‍ വച്ചു. തിരക്കുള്ള ദിവസങ്ങളില്‍ അവള്‍ ഓഫീസില്‍ പോകുന്നതിന് മുമ്പേ ഭക്ഷണം മുടക്കാതിരിക്കാന്‍ വാരിക്കൊടുത്ത അനുഭവങ്ങള്‍വരെ ഉണ്ട്! ”ഈശോയേ നിന്റെ selection എപ്പോഴും ദി ബെസ്റ്റ്” എന്ന് ആത്മഗതം ചെയ്ത്, അതിശയത്തോടെ ഞാന്‍ കേട്ടിരുന്നതേയുള്ളൂ.

വിവാഹം വൈകുമ്പോള്‍ അത് എന്ത് കാരണത്താലായാലും, പലപ്പോഴും ഒപ്പം നില്ക്കുന്നവരെക്കാളും അതിനെ വിമര്‍ശന ബുദ്ധിയോടെയോ കുറ്റപ്പെടുത്തലോടെയോ സമീപിക്കുന്നവരാണ് ഏറെയും. അത്തരം സന്ദര്‍ഭങ്ങളില്‍ ആ വ്യക്തി കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ആര്‍ക്കും എളുപ്പം മനസ്സിലാകണമെന്നുമില്ല. ഇവിടെ ഈശോയോട് ചേര്‍ന്ന് നില്‍ക്കുക എന്ന ഒറ്റ വഴി മാത്രമേ നമ്മുടെ മുമ്പിലുളളൂ. ഞാന്‍ എത്ര പ്രാര്‍ഥിച്ച് ഒരുങ്ങിയിട്ടും, surrender ചെയ്തിട്ടും, വിവാഹം വൈകുകയാണെങ്കില്‍ അത് ദൈവത്തിന്റെ പദ്ധതിയിലുള്ളതാണ് എന്ന ബോധ്യത്തില്‍ അവന്‍ എനിക്ക്‌ വേണ്ടിയെടുക്കുന്ന selection- നു വേണ്ടി കാത്തിരിക്കാനുള്ള കൃപ (രക്ഷകനുവേണ്ടി കാത്തിരുന്ന പൂര്‍വികരെപ്പോലെ) ഈ ഡിസംബര്‍ മാസത്തില്‍ നമുക്ക് ഉണ്ണീശോയോട് ചോദിക്കാം. പിന്നെ ഒന്നുറപ്പാണ്, വിവഹത്തിനുവേണ്ടി ഒരുങ്ങി പ്രാര്‍ഥിക്കുന്ന പ്രാര്‍ഥനകളത്രയും കുടുംബജീവിതത്തില്‍ നാം പ്രവേശിച്ച് കഴിയുമ്പോള്‍ വരാവുന്ന ഏത് കഠിനസാഹചര്യങ്ങളിലും നമ്മളെ ശക്തിപ്പെടുത്തുന്ന ഒരു മുതല്‍ക്കൂട്ടാണ്; ശക്തമായ ഒരു കോട്ടയാണ്.

എഴുതി നിര്‍ത്തുമ്പോള്‍ മനസ്സില്‍ വരുന്നത് ഒരു പാട്ടിന്റെ വരികളാണ്.
ഒരു മഴയും തോരാതിരുന്നിട്ടില്ല,
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല…
തിരമാലയില്‍ ഈ ചെറുതോണിയില്‍..
അമരത്തെന്നരികെ അവനുള്ളതാല്‍…

ഡിസംബർ 2025

SHEETHAL
    ശീതൾ 

Related Articles