ഡിസംബർ 2023
ന്യൂയോര്‍ക്കിലെ ഡെയ്‌ലി ന്യൂസ് പത്രാധിപര്‍, ലോകത്തിലെ ഏറ്റവും മഹത്തായ സംഭവത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് അന്നേദിവസം തന്റെ റിപ്പോര്‍ട്ടറോട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടറെ ആ ആവശ്യം വല്ലാതെ കുഴയ്ക്കുക
തന്നെ ചെയ്തു. ലോകത്ത് ഇതിനകം എത്രയോ മഹത്തായ സംഭവങ്ങള്‍ നടന്നുകഴിഞ്ഞിരിക്കുന്നു. അതിലേതാണ് പത്രാധിപരെ തൃപ്തിപ്പെടുത്തുക? അസ്വസ്ഥമായ മനസ്സോടെയാണ് അയാള്‍ മുറിവിട്ടിറങ്ങിയത്. കണ്ടുമുട്ടിയ വ്യക്തികള്‍ക്ക് നല്ലൊരു ഉത്തരം അയാള്‍ക്ക് നല്കാന്‍ സാധിച്ചില്ല. അയാള്‍ നഗരത്തിന്റെ തിരക്കിലേക്ക് ഇറങ്ങിച്ചെന്നു.
നഗരം ആഘോഷത്തിമിര്‍പ്പിലായിരുന്നു. ആഘോഷം ക്രിസ്മസ് തന്നെ. അയാളങ്ങനെ ഓരോരുത്തരെയും നോക്കിനില്ക്കുകയും അവരോടൊക്കെ തന്റെ സംശയം ചോദിക്കുകയും ചെയ്തു. അപ്പോഴായിരുന്നു എഡി കെല്ലി എന്ന 14 വയസുകാരന്റെ വരവ്. മറ്റാരാടോ റിപ്പോര്‍ട്ടര്‍ ചോദിച്ചതിന് ഉത്തരം നല്കിയത് അവനായിരുന്നു. ”അങ്കിളിത്ര വിഡ്ഢിയായിപ്പോയല്ലോ. ലോകത്തില്‍ വച്ചേറ്റവും വലിയ സംഭവം യേശുക്രിസ്തുവിന്റെ പിറന്നാളല്ലേ?”
ക്രിസ്മസ്! യേശുക്രിസ്തുവിന്റെ പിറന്നാള്‍!!! റിപ്പോര്‍ട്ടറുടെ ഉള്ളില്‍ നിന്ന് ഒരു പിഞ്ചുകുഞ്ഞിന്റെ നിലവിളി ഉയര്‍ന്നു. പുകപോലെ അയാളുടെ മനസ്സില്‍ മഞ്ഞ് നിറഞ്ഞു. അയാളുടെ ഉള്ളില്‍ ഒരു താരകം മിന്നി. അയാളുടെ ഹൃദയം പിളര്‍ന്നു. കണ്ണു
നിറഞ്ഞ് അയാള്‍ വിളിച്ചു: ‘ഓ, എന്റെ ദൈവമേ, ക്രിസ്മസ്’!
പണ്ടെന്നോ വായിച്ച ഈ സംഭവം ഒരിക്കല്‍ക്കൂടി ഓര്‍മ്മയിലേക്ക് വന്നപ്പോള്‍ ആ റിപ്പോര്‍ട്ടറെപ്പോലെ എന്റെ ഹൃദയവും പൂത്തു. ദൈവമേ, ഞാനറിയാതെ പോകുന്ന സത്യങ്ങള്‍. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ഉണ്ണിയേശുവിന്റെ ജനനം. എന്നെ തൊടാതെ പോകുന്ന യാഥാര്‍ത്ഥ്യങ്ങള്‍. ആ ജനനത്തിന്റെ ആഴം ഞാനെന്നെങ്കിലും അറിഞ്ഞിരുന്നോ? ഉള്ളില്‍ ഉണ്ണി പിറക്കാതെ പോകുന്ന എന്റെ വര്‍ത്തമാനകാല ക്രിസ്മസുകള്‍…
അപ്പോള്‍, ഓര്‍മ്മയിലേക്ക് ചില പഴയ ക്രിസ്മസുകള്‍ തിക്കിത്തിരക്കി വന്നു. ബാല്യത്തിന്റെ നിഷ്‌കളങ്കത മുഴുവന്‍ ആവാഹിച്ച, ആഹ്ലാദം നിറഞ്ഞ
പഴയ ക്രിസ്മസുകള്‍. അമ്മച്ചി ചൊല്ലിത്തന്നിരുന്ന ‘കുളിരാല്‍ വിറയ്ക്കുന്ന ഉണ്ണീശോ’യെ ചുണ്ടുകളിലേറ്റി നടന്നിരുന്ന കുട്ടിത്തം. (ഏറ്റവും കൂടുതല്‍ തവണ സുകൃതജപം ചൊല്ലുന്നവരുടെ ഹൃദയത്തില്‍ ഉണ്ണീശോ വന്നു പിറക്കുമത്രേ). പുല്‍ക്കൂടൊരുക്കുവാന്‍, ആ അവസരങ്ങളില്‍ മാത്രം ഉണ്ടാകുന്ന പ്രത്യേകതരം പുല്ല് തേടി വെളുപ്പാന്‍കാലത്തേ പറമ്പുകള്‍ തോറും കൂടപ്പിറപ്പുകള്‍ക്കൊപ്പം അലഞ്ഞ് പാതിരാ നക്ഷത്രവിളക്ക് തൂക്കാന്‍ ഈറ്റ തേടി നടന്നിരുന്ന കാലം. പാതിരാ കുര്‍ബാനയില്‍ പങ്കുചേരാന്‍ ഉറക്കമിളച്ചിരുന്നകാലം. ഉള്ളില്‍ അന്ന് എന്തൊക്കെയോ ഉണ്ടായിരുന്നു. കാത്തിരിക്കാന്‍ ഒരു ദിനം ആനന്ദിക്കാനും ആഹ്ലാദിക്കാനും ഒരവസരം.
കൈക്കുമ്പിളില്‍ ചേര്‍ത്തുവച്ചിട്ടും കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയ തീര്‍ത്ഥകണം കണക്കെ ആ കാലം ഇന്ന് നഷ്ടമായിരിക്കുന്നു. മനസ്സില്‍നിന്നും മുറ്റത്തുനിന്നും പുല്‍ക്കൂട് അപ്രത്യക്ഷമായിരിക്കുന്നു. പുല്‍ക്കൂടിലെ വിശുദ്ധ രൂപങ്ങള്‍ പലതും ഉടഞ്ഞുപോയി. ആചാരം കണക്കെ, നക്ഷത്രവിളക്ക് മാത്രം ഇറയത്ത് തൂങ്ങിക്കിടന്നു. പക്ഷേ, ആത്മാവില്ലാത്ത ശരീരം പോലെയായിരുന്നുവത്. കടപ്പെട്ട ദിവസങ്ങളുടെ നിയമമോര്‍ത്ത് ക്രിസ്മസ് കുര്‍ബാന ഒരു ചടങ്ങ് മാത്രമായി. ക്രിസ്മസ്സെന്നാല്‍ മറ്റെന്തൊക്കയോ ആയി. എന്നാല്‍, ക്രിസ്മസ്, ക്രിസ്മസ് മാത്രമായില്ല.
അപ്പോഴാണ് മനസ്സില്‍നിന്ന് ഒരു ചോദ്യമുയര്‍ന്നത്. വര്‍ത്തമാനകാലത്ത് നിരാശാഭരിതമായ ക്രിസ്മസുകളെക്കുറിച്ച് പറയാനാണ് പലര്‍ക്കും താല്പര്യം. നീയും ആ വഴിക്കായാലോ. ക്രിസ്മസ്സൊരിക്കലും നിരാശാഭരിതമല്ല, അത് പ്രത്യാശയാണ്. പ്രതീക്ഷയാണ്. കാത്തിരിപ്പിന്റെ ശുഭാപ്തി വിശ്വാസത്തിന്റെ വലിയ അനുഭവമാണത്.
ഈ ലോകത്ത് ക്രിസ്മസിന്റെ ആഹ്ലാദങ്ങള്‍ ആരില്‍നിന്നും പൂര്‍ണ്ണമായി ഇന്നേവരെ അപഹരിക്കപ്പെട്ടിട്ടുമില്ല. ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും അര്‍ത്ഥമറിയാതെയാണെങ്കിലും നാം മുഴുകുമ്പോഴും എവിടെയോ അതിന്റെ ആഹ്ലാദങ്ങള്‍ നാം ഇത്തിരിയെങ്കിലും അനുഭവിക്കുന്നുണ്ട്. ഒരു നക്ഷത്രവിളക്ക് തൂക്കേണ്ടതിനെക്കുറിച്ചുള്ള ചിന്ത, അയല്‍ക്കാരന്റെ മുറ്റത്താണെങ്കിലും ഒരു പുല്ക്കൂട് കാണുമ്പോള്‍ നിന്റെ മനസ്സിന്മേല്‍ വീഴുന്ന തണുപ്പ്, നീ അയയ്ക്കാതിരുന്നിട്ടും നിന്നെ തേടിയെത്തുന്ന പഴക്കം ചെന്ന ചില സുഹൃത്തുക്കളുടെ പോലും
ക്രിസ്മസ് ആശംസാകാര്‍ഡുകള്‍… വഴിയോരത്ത് വില്പനയ്ക്കായി വച്ചിരിക്കുന്ന ‘ക്രിബ്സ് ഐറ്റംസ്’ കാണുമ്പോള്‍ ഉടഞ്ഞുപോയ വിശുദ്ധരൂപങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ, ആളൊഴിഞ്ഞ കുമ്പസാരക്കൂട് കാണുമ്പോള്‍ ഉള്ളില്‍ ഉണ്ണി പിറക്കാനായി ഉള്ളിലെ കുറവുകള്‍ കഴുകിക്കളയണമെന്നുള്ള നിന്റെ തീരുമാനം, ഡിസംബറിന്റെ മഞ്ഞും നിലാവും പരക്കുമ്പോള്‍ ലോകത്തോട് മുഴുവന്‍ തോന്നുന്ന പ്രണയം,
യൗസേപ്പിനും മേരിക്കുമൊപ്പം ഉണ്ണിയേശുവിനെ കാണുമ്പോള്‍ ഇനിയും കൈക്കുമ്പിളില്‍ ഒതുങ്ങാത്ത ഒരു തിരുക്കുടുംബത്തെക്കുറിച്ചുള്ള സ്വപ്നം ഇതെല്ലാം എവിടെയോ നിന്റെ മനസ്സില്‍ നന്മ വറ്റിയിട്ടില്ലെന്നും നീ മനുഷ്യനാണെന്നുമുള്ളതിന്റെ തെളിവുകളാണ്.
ഇതു നിന്റെമേല്‍ മാത്രം ആരോപിക്കപ്പെടുന്ന മഹത്വത്തിന്റെ അളവുകോലുകളല്ല. നിനക്ക് ചുറ്റിലുമുള്ള അനേകരുടെ, നിന്നെക്കാള്‍ ദുഷ്ടരെന്നും പാപികളെന്നും വിധിയെഴുതുന്നവരുടെപ്പോലും ഉള്ളിലുള്ള നന്മയുടെ അംശങ്ങളാണ്. ആരിലും നന്മ പൂര്‍ണ്ണമായും നശിച്ചിട്ടില്ലെന്നതിന്റെ തെളിവാണ്. അതുകൊണ്ട് പ്രത്യാശാഭരിതമായ ക്രിസ്മസുകളെക്കുറിച്ച്, അതിന്റെ ആഹ്ലാദങ്ങളെക്കുറിച്ച്, ഉള്ളില്‍ സൂക്ഷിക്കുന്ന ക്രിസ്മസ് സ്വപ്നങ്ങളെക്കുറിച്ച് പറയൂ.
ടി.എസ് എലിയറ്റിന്റെ ‘പൂജരാജാക്കളുടെ യാത്ര’ എന്നൊരു കവിതയുണ്ട്. ദൈവസ്‌നേഹത്തിന് നിരക്കാത്തതെല്ലാം ഉണ്ണിയേശുവിന്റെ പുല്ക്കൂടിന് മുമ്പില്‍ മരിച്ചുവീണപ്പോഴുണ്ടായ മൂന്ന് രാജാക്കന്മാരുടെ അനുഭവത്തെക്കുറിച്ചാണ് കവി ഇവിടെ പറയുന്നത്.
എന്തൊക്കെയാണ് ദൈവസ്‌നേഹത്തിന് നിരക്കാത്തത്? അധികാരപ്രമത്തത, അടുത്തുനില്ക്കുന്നവനെ സ്വന്തം സഹോദരനായി കാണാന്‍ കഴിവില്ലായ്മ, അവന്റെ കണ്ണീരില്‍ മനമിടറാത്ത ഹൃദയ കാഠിന്യം, ആരു ദുഃഖിച്ചാലും എനിക്ക്സ ന്തോഷിക്കണമെന്ന സ്വാര്‍ത്ഥത, മറ്റുള്ളവരെ വളര്‍ത്താന്‍ തയ്യാറാകാത്ത ഇടുങ്ങിയ ചിന്താഗതി, മറ്റൊരുവന്റെ വിജയത്തില്‍ മുഴുവന്‍ മനസ്സോടെ പങ്കുചേരാന്‍ വയ്യാത്ത നമ്മുടെ പരിമിതി. ഓരോ നിമിഷവും നമ്മള്‍ കൊയ്‌തെടുക്കുന്ന പാപങ്ങള്‍… അങ്ങനെയെന്തെല്ലാം… ഇവയെല്ലാം മരിച്ചുവീണിട്ട് നമുക്ക് എന്നെങ്കിലും ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ ഇങ്ങനെ ആഘോഷിക്കാന്‍ നമ്മള്‍ എത്ര പേരുണ്ടാവും?
എന്റെ ഉണ്ണീശോയേ, എന്റെ ഉള്ളില്‍ പാപമുണ്ട്. മറ്റാരും അറിഞ്ഞിട്ടില്ലാത്ത വിധം പാപമെന്നെ മൂടിയിരിക്കുന്നു. അതുകൊണ്ടുതന്നെ നിന്നെ ഹൃദയത്തില്‍ പേറാന്‍ ഞാന്‍ യോഗ്യനുമല്ല. എന്നാല്‍, നീയെന്റെ ഹൃദയത്തില്‍ വന്നു പിറക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. അര്‍ഹതയില്ലാഞ്ഞിട്ടും എന്തിനോ വേണ്ടി കൈനീട്ടുന്ന ഒരു കുട്ടിയാകുന്നു ഞാന്‍. എല്ലാ പാപങ്ങള്‍ക്കും മീതെ നീയെന്നെ സ്‌നേഹിക്കുന്നുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. കാരണം പാപികളെ തേടിയാണല്ലോ നീ വന്നത്? ഏതൊരു പാപിയോടും കരുണാമസൃണമായി പെരുമാറിയവനുമാണല്ലോ നീ. അതുകൊണ്ട് വീണ്ടും വീണ്ടും പാപത്തില്‍ വീണു പോകുമ്പോഴും നിന്റെ സ്‌നേഹത്തില്‍ എനിക്ക് വിശ്വാസമുണ്ട്. നീ എനിക്കുവേണ്ടി കൂടിയാണ് പിറവിയെടുത്തതെന്ന്. നിനക്ക് എന്നെ തള്ളിക്കളയാനാവില്ലെന്ന്. അതുകൊണ്ട് എന്നിലെ. എല്ലാ പാപമാലിന്യങ്ങളോടും
കൂടി നിന്റെ ദയ മാത്രം യാചിച്ചുകൊണ്ട് ഇനിമുതല്‍ നിന്റെ തിരുപ്പിറവി ഞാന്‍ കൊണ്ടാടും.
ഞാന്‍ മാത്രമല്ല. എന്നെപ്പോലെ അനേകം പാപികളും നിറഞ്ഞ പ്രത്യാശയോടെ ഇനിയുള്ള ക്രിസ്മസുകള്‍ ആഘോഷിക്കും. ഞങ്ങളെ ഇന്നേവരെ എല്ലാവരും മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ഞങ്ങള്‍ അന്യരും അപരിഷ്‌കൃതരുമായിരുന്നു. ക്രിസ്മസിന്റെ അര്‍ത്ഥങ്ങളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തപ്പെട്ടിരുന്നവര്‍. ഇപ്പോള്‍ ഞങ്ങളറിയുന്നു, നിന്റെ ജനനത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ ഞങ്ങളാണെന്ന്.
ഞങ്ങളില്‍ കൊലപാതകികളുണ്ട്, കള്ളന്മാരുണ്ട്, വ്യഭിചാരികളുണ്ട്. മറ്റുള്ളവരുടെ വീഴ്ചകള്‍ക്ക് കാരണക്കാരായവരുണ്ട്, സ്വന്തം പാപങ്ങള്‍ ഞങ്ങളുടെ മുമ്പില്‍ത്തന്നെയുണ്ട്. ഒരിക്കലും നീതീകരിക്കാന്‍ കഴിയാത്തവിധം ഞങ്ങളുടെ ബലഹീനതയില്‍ നിന്നുകൊണ്ട് ഞങ്ങള്‍ പാപം ചെയ്തുപോയിട്ടുണ്ട്.
എങ്കിലും, ഉണ്ണിയേശുവേ, നിനക്കുവേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു. മറ്റാര്‍ക്കും ഞങ്ങളെ മനസ്സിലാവില്ല. ഞങ്ങളുടെ നിസ്സഹായത… പാപങ്ങളോര്‍ത്തുള്ള ഞങ്ങളുടെ വേദന… ഞങ്ങളുടെ ബലഹീനത പരിഹരിക്കാന്‍ നിനക്കേ കഴിയൂ. അവസാനിക്കാത്ത സ്‌നേഹമായ് നീ ഞങ്ങളിലേക്ക് വരണമേ…

വിനായക് നിർമൽ




