ജപമാലയുടെ സൗന്ദര്യം വീടുകളിൽ കണ്ടെത്തണമെന്ന് ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ പോംപെ മരിയൻ തീർഥാടന കേന്ദ്രത്തിൽ, പരിശുദ്ധ ജപമാല മാതാവിൻ്റെ അത്ഭുത ചിത്രം പ്രതിഷ്‌ഠിച്ച തിന്റെ നൂറ്റിയൻപതാം വാർഷികം ആഘോഷവേളയിൽ നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം അനുസ്‌മരിപ്പിച്ചത്.
‘രക്ഷ തേടുകയാണെങ്കിൽ, ജപമാല ഭക്തി പ്രചരിപ്പിക്കുക എന്നുള്ള ബാർട്ടോലോ ലോങ്കോയുടെ ഉൾവിളിയാണ് ഈ തീർഥാടന കേന്ദ്രത്തിന്റെ ഉത്ഭവത്തിലേക്ക് നയിച്ചതെന്ന ഓർമ്മപ്പെടുത്തലോടെയാണ് മാർപാപ്പ ജപമാല ഭക്തിയെക്കുറിച്ച് പങ്കുവച്ചത്.
സമാധാനം കെട്ടിപ്പടുക്കുന്നതിൽ ജപമാല ഏറെ സഹായകരമാണെന്നും രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും ആശ്വാസത്തിൻ്റെ ഉറവിടമാണെന്നും മടുപ്പുളവാക്കാത്ത ഒരു സ്നേഹ പ്രവത്തിയാണ് ഈ ജപമാല ഉരുവിടുന്നതിലൂടെ ചെയ്യുന്നതെന്നും പാപ്പാ പങ്കുവച്ചു. അനാഥർക്കും തടവുകാരുടെ കുട്ടികൾക്കും ഒരു ആലിംഗനമായി മാറുന്ന സ്നേഹത്തിൻ്റെ ഒരു ശൃംഖല കൂടിയാണ് ജപമാല എന്നും അതിനാൽ കാരുണ്യപ്രവൃത്തികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി ഈ ജപമാലപ്രാർഥന മാറണമെന്നും പാപ്പ പറഞ്ഞു.