Sunday, June 7, 2026

കിളിയൊഴിഞ്ഞ കൂടുകൾ

മൂത്ത പെങ്ങളുടെ മൂന്നാമത്തെ ഗര്‍ഭധാരണം അപ്രതീക്ഷിതമായിരുന്നു. കാരണം മൂത്ത കുട്ടി അന്ന് പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഗര്‍ഭധാരണത്തെ പലര്‍ക്കും വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഈ പ്രായത്തില്‍.. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം എന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞും പലരുടെയും അഭിപ്രായങ്ങള്‍ ഉയര്‍ന്നുപൊങ്ങി. അബോര്‍ഷന്‍പോലും പലരും നിര്‍ദേശിച്ചിരുന്നു. പെങ്ങള്‍ തീര്‍ച്ചയായും മാനസികമായി വല്ലാതെ തകര്‍ന്നുപോയിരുന്ന അവസരമായിരുന്നു അത്. കുറ്റം മുഴുവന്‍ അവള്‍ക്കാണെന്ന മട്ടിലായിരുന്നു. ‘പണ്ടേ ദുര്‍ബല, പോരാഞ്ഞ് ഗര്‍ഭിണി’യെന്ന മട്ടില്‍ പാവംപിടിച്ച പെങ്ങളെ അന്ന് ധൈര്യപ്പെടുത്തിയതും പ്രാര്‍ഥനയിലൂടെ ശക്തിപ്പെടുത്തിയതും അവളുടെ ഇടവക വൈദികനായിരുന്നു – മാമ്പുഴക്കുന്നേലച്ചന്‍. (റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. വര്‍ഷമെത്രയോ കഴിഞ്ഞുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ)

പെങ്ങള്‍ പ്രസവിച്ചു. രണ്ടാമതുമൊരു ആണ്‍കുട്ടി. ഒരിക്കല്‍ ഇഷ്ടക്കേടുകള്‍ പറഞ്ഞവര്‍ക്കൊക്കെ അവന്‍ പ്രാണനായി മാറാന്‍ തെല്ലും സമയമെടുത്തില്ല. വര്‍ഷങ്ങളുടെ ഗതിമാറ്റത്തിനിടയില്‍ ഒരു മകള്‍ വിവാഹിതയായി ഉദ്യാനങ്ങളുടെ നഗരത്തിലേക്ക് കുടിയേറി. രണ്ടാമത്തെ മകന്‍ സകുടുംബം ഇംഗ്ലണ്ടിലുമെത്തി. രണ്ടുമക്കളുടെയും അസാന്നിധ്യത്തില്‍ അളിയനും പെങ്ങള്‍ക്കും ആശ്വാസമായി നിന്നത് കാലം തെറ്റി വന്ന ഈ മൂന്നാമനായിരുന്നു.

‘അവനും കൂടി ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെ ജീവിതം എന്തായേനേ… മക്കളുണ്ടെന്ന് പറഞ്ഞിട്ടെന്ത് വിശേഷം. അടുത്തുവേണം. ഇപ്പോ അവനുള്ളതാണ് ഏക ആശ്വാസം.’ പെങ്ങളൊരിക്കല്‍ പറഞ്ഞു.

അത് പണ്ട്… ഇന്ന് ഇതേ മകന്‍ കാനഡയിലേക്ക് സ്റ്റുഡന്റ് വീസയില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. അവന്‍ പോകുന്നതോടെ വാര്‍ധക്യത്തിന്റെയും രോഗപീഡകളുടെയും താഴ്‌വരയിലായിരിക്കുന്ന അളിയനും പെങ്ങളും എന്നേക്കുമായി ഒറ്റപ്പെടും. വലിയൊരു വീട്ടില്‍ റബര്‍മരങ്ങളുടെ നടുവില്‍ തികഞ്ഞ ഒറ്റപ്പെടലിലേക്കും ശൂന്യതയിലേക്കും അവരുടെ ജീവിതങ്ങള്‍ വലിച്ചെറിയപ്പെടും.

ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. നമ്മുടെ ചുറ്റുപാടുകളില്‍, ബന്ധുവീടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വര്‍ത്തമാനകാല പ്രതിഭാസമാണ്. മക്കളില്ലാത്ത വീടുകളും വൃദ്ധരായവരുടെ വീടുകളും വര്‍ധിച്ചുവരുന്നു. മക്കള്‍ പിറക്കാതെ പോയതുകൊണ്ടല്ല, മക്കള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ക്കുവേണ്ടി വിദേശങ്ങളിലേക്ക് കുടിയേറുന്നതുകൊണ്ടോ പലവിധ കാരണങ്ങളാല്‍ ജന്മഗൃഹം വിട്ടുപോകുന്നതുകൊണ്ടോ സംഭവിക്കുന്ന മാറ്റമാണിത്. വിദേശങ്ങളിലേക്ക് പോകരുതെന്ന് മക്കളോട് പറയാന്‍ മാതാപിതാക്കള്‍ക്ക് കരുത്തില്ല. വിദേശത്തുപോകാതെ നാട്ടിലെ ചെറിയ സൗകര്യങ്ങളിലേക്ക് ഒതുങ്ങിക്കൂടാന്‍ മക്കളും തയ്യാറല്ല.

ഇവിടെ നമുക്ക് മക്കളെ കുറ്റപ്പെടുത്താനാവില്ല. ഇന്നോ നാളെയോ എന്നോര്‍ത്ത് ദിനമെണ്ണിക്കഴിയുന്ന മാതാപിതാക്കളെയോര്‍ത്ത് വന്നുകയറുന്ന ഭാഗ്യദേവതകളെ പടിയിറക്കിവിടാന്‍ അവര്‍ തയ്യാറാകുന്നില്ല. വിദേശത്ത് പഠനം, ജോലി, സ്ഥിരവാസം.. എന്തെല്ലാം മോഹനവാഗ്ദാനങ്ങളാണ്‌ നല്കിക്കൊണ്ടിരിക്കുന്നത്. ആരെങ്കിലും അതില്‍ വീഴുന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

മധ്യതിരുവിതാംകൂറിലെയും മലബാറിലെയും പല വീടുകളിലും വൃദ്ധരായ മാതാപിതാക്കള്‍ മാത്രമാണുള്ളത്. ചില വീടുകളിലാവട്ടെ അച്ഛനോ അമ്മയോ ഒരാള്‍ മാത്രമായിരിക്കും. ആവശ്യത്തിന്‌ സ്വത്തും പറമ്പുമുണ്ടെങ്കിലും വിജനമായ വീട്ടില്‍ ഒറ്റയ്ക്ക് കഴിയാനായിരിക്കും അവര്‍ വിധിക്കപ്പെടുന്നത്. ഇനി മറ്റ് ചിലയിടങ്ങളിലാവട്ടെ താമസിക്കാന്‍ ആളുകളില്ലാതെ അടഞ്ഞുകിടക്കുന്ന വീടുകളാണുള്ളത്.

വിദേശങ്ങളിലേക്ക് കുടിയേറുന്ന ചെറുപ്പക്കാരാരും തിരികെ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. ഇനി ഒരു നിശ്ചിതപ്രായം കഴിയുമ്പോള്‍ തിരികെവരാന്‍ അവരാഗ്രഹിച്ചാല്‍ത്തന്നെ അവരുടെ മക്കള്‍ക്ക് അതിന് സമ്മതമുണ്ടാവുകയുമില്ല. ഫലമോ ജീവിതാന്ത്യംവരെ അവര്‍ വേരുകളറുത്ത് വിദേശങ്ങളില്‍ കഴിയും. പിന്നെ ഏതെങ്കിലും വിശേഷാവസരങ്ങളില്‍ മാത്രമായി നാട്ടിലേക്കൊരു മടക്കം. അത്തരമൊരു ദിവസത്തിനു വേണ്ടി അക്ഷരാര്‍ഥത്തില്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന വൃദ്ധമാതാപിതാക്കള്‍. ചുരുങ്ങിയ ദിവസത്തേക്ക് മാത്രമായി വീടിന് അനക്കമുണ്ടാകുന്നു. അതിനു ശേഷം വീണ്ടും സെമിത്തേരി നിശ്ശബ്ദതയിലേക്ക് വീടുകള്‍ മടങ്ങും.

കഴിഞ്ഞതലമുറയിലെ മാതാപിതാക്കള്‍ ഭാഗ്യം ചെയ്തവരാണ്. അവരില്‍ പലരും മക്കളുടെ സംരക്ഷണമേറ്റാണ് കണ്ണടച്ചത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പ്രായം ചെന്ന തലമുറയിലെ ചിലര്‍ക്കും അത്തരമൊരു ഭാഗ്യം ലഭിച്ചിട്ടുണ്ട്. മക്കളുടെ സംരക്ഷണത്തില്‍ത്തന്നെയാണ് അവരുടെ അന്ത്യവും.

പക്ഷേ, ഇപ്പോള്‍ അറുപതുകളിലൂടെ കടന്നുപോകുന്നവര്‍ക്കോ പുതിയ തലമുറയിലെ മാതാപിതാക്കള്‍ക്കോ അങ്ങനെയൊരു ഭാഗ്യം അനുഭവിക്കാന്‍ കഴിയുമോയെന്ന് കണ്ടറിയണം. വിദേശങ്ങളിലേക്കുള്ള ഈ ഒഴുക്ക് ഇതുപോലെ തുടര്‍ന്നുകൊണ്ടിരുന്നാല്‍ സംഭവിക്കാന്‍ പോകുന്നത് മക്കളില്ലാത്ത വീടുകളുടെയും വൃദ്ധരായവരുടെയും വീടുകള്‍ വര്‍ധിക്കും എന്നുതന്നെയാണ്.

വിദേശങ്ങളിലിരുന്ന് മക്കള്‍ മാതാപിതാക്കളുടെ സുരക്ഷയുടെ പേരില്‍ ആശങ്കപ്പെട്ട് അവരെ ഒടുവില്‍ വൃദ്ധമന്ദിരങ്ങളിലുമാക്കും. അങ്ങനെ അവസാനമായിട്ടൊന്ന് മക്കളെകണ്‍നിറയെ കാണാനോ അവരുടെ കയ്യില്‍ നിന്ന് ഒരിറ്റുതുള്ളി വെള്ളംകുടിക്കാന്‍ ഭാഗ്യം ലഭിക്കാതെയോ അവര്‍ ഈ ലോകം വിട്ടുപോകും.

മക്കള്‍ തങ്ങളുടെ അവസാനകാലത്ത് കൂടെയുണ്ടാവില്ലെന്ന് മനസ്സിലാക്കിക്കൊണ്ടും മക്കള്‍ തങ്ങളുടെ കൂട്ടില്‍ എന്നേക്കുമായി ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടും അത്തരമൊരു ഭാവിയെ മുന്‍കൂട്ടിക്കണ്ട് ഇപ്പോഴേ ജീവിക്കുകയാണെങ്കില്‍, മക്കള്‍ അരികില്‍ ഇല്ലാതെവരുന്ന സാഹചര്യത്തിലും മാതാപിതാക്കള്‍ നാളെ കടുത്ത നിരാശയിലേക്ക് കൂപ്പുകുത്തുകയില്ല.  ഇന്നല്ലെങ്കില്‍ നാളെ മക്കള്‍ വീടുവിട്ടുപോകാം എന്നു മനസ്സിലാക്കിക്കൊണ്ട് മക്കളുടെ വളര്‍ച്ചയെയും അവരുടെ തീരുമാനങ്ങളെയും അംഗീകരിച്ചുകൊണ്ട് കിളിയൊഴിയുന്ന കൂടുകള്‍ക്കുവേണ്ടി മാനസികമായി തയ്യാറെടുപ്പുകള്‍ ഇപ്പോഴേ നടത്തിത്തുടങ്ങുക.

Vinayak
വിനായക് നിർമൽ 

Related Articles