ജോയ്സ് എന്ന പോരാളിക്ക് ജീവിതത്തിൻ്റെ മലമുകളേറാൻ ഒരൊറ്റ വഴിയെ ഉണ്ടായിരുന്നുള്ളൂ; അത് പ്രതിസന്ധികളുടെ പരുപരുത്ത കൽപ്പടവുകളായിരുന്നു. സ്നേഹനിധിയായ അമ്മയായും അധ്യാപികയായും മോട്ടിവേഷണൽ സ്പീക്കറായും ട്രെയിനറായും മികച്ച സംരംഭകയായും ഒപ്പം ഇന്ന് മൂവാറ്റുപുഴയുടെ ചെയർപേഴ്സണുമായി തിളങ്ങിനിൽക്കുന്ന ജോയ്സ് മേരി ആൻ്റണി കടന്നുവന്ന കനൽവഴികളിലൂടെ..
ഇടുക്കി ജില്ലയിലെ അണക്കരയിലായിരുന്നു ജോയ്സിന്റെ ജനനം. ജോയ്- അച്ചാമ്മ എന്ന കര്‍ഷകദമ്പതികളുടെ മകളായി ജനിച്ച ജോയ്സിന് രണ്ടു സഹോദരന്മാരാണുള്ളത്. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍നിന്നുവന്ന ജോയ്സിന്റെ ആത്മവിശ്വാസവും നേതൃത്വപാടവവും ചെറുപ്പം മുതലേ ശ്രദ്ധേയമായിരുന്നു. ഇടവകയും സംഘടനാപ്രവര്ത്തനങ്ങളുമായും വളരെയധികം ബന്ധമുണ്ടായിരുന്ന ജോയ്സ് കെ.സി വൈ.എം. പോലുള്ള സഭാസംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. 23-ാംവയസ്സിലേതന്നെ ലോകത്തിലെ പതിനഞ്ചോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എന്നത് ജോയ്സിന്റെ വ്യക്തിപ്രാഭവത്തെ വെളിപ്പെടുത്തുന്നതാണ്. ഐ.സി.വൈ.എം.(Indian Catholic youth movement- ICYM) ദേശീയ ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയിലെ സേവനം അവസാനിക്കുന്ന നാളുകളിലായിരുന്നു
ജേക്കബും ജോയ്സും തമ്മില്‍ വിവാഹിതരാകുന്നത്. വിവാഹത്തിനു മുന്‍പ് വിവിധ മേഖലകളില്‍ സജീവമായി നിറഞ്ഞുനിന്നിരുന്ന ജോയ്സ്, തന്റെ എല്ലാ തിരക്കുകളും സ്വപ്നങ്ങളും മാറ്റിവച്ച് കുടുംബം എന്ന അതിലും വലിയ സ്വപ്നത്തിനായി സമര്‍പ്പിക്കുകയായിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം മുഴുവന്‍ സമയവും ചെലവഴിക്കാന്‍ അവള് തന്റെ തിരക്കേറിയ ജീവിതം ഉപേക്ഷിച്ചു. കുടുംബത്തിലെ നിറഞ്ഞ സാന്നിധ്യമായി, നല്ലൊരു ഭാര്യയായി, അമ്മയായി ജീവിക്കാന്‍ അവള് സന്തോഷത്തോടെ തിരഞ്ഞെടുത്ത മാര്‍ഗമായിരുന്നു അത്. അങ്ങനെ ദൈവം അവര്‍ക്കു സമ്മാനിച്ച രണ്ടു മക്കളോടൊപ്പം സന്തോഷം നിറഞ്ഞ അവരുടെ കുടുംബജീവിതം മുന്നേറുന്നതിനിടയിലാണ് ആ ദുരന്തം അവളുടെ ജീവിതത്തിലേക്കു കടന്നുവന്നത്.
ലോകം ഇരുണ്ടുപോയ നിമിഷം
അന്നൊരുഞായറാഴ്ചയായിരുന്നു.”പള്ളിയില്‍ പോകാന്‍ ഒരുങ്ങി നിന്നോളൂ” എന്നു പറ
ഞ്ഞിറങ്ങിപ്പോയതാണ് ജേക്കബ്. എന്നാല്‍, അധികം വൈകാതെയാണ് ജേക്കബിനെ തേനീച്ചകുത്തിയെന്നും ഹോസ്പിറ്റലിലാണെന്നും അറിയിച്ച് ഫോണ്‍ വന്നത്. ഒന്നോ രണ്ടോ തേനീച്ചയല്ലേ കുത്തിയുള്ളൂ എന്ന ആശ്വാസത്തോടെ, അതൊരു ചെറിയ കാര്യമായാണ് ജോയ്സ് കരുതിയത്. തേനീച്ച കുത്തി ആളുകള്‍ ആശുപത്രിയിലാകുകയോ എന്ന് തമാശയായി കരുതി, മൂന്നര വയസ്സുള്ള മകളെയും ഒരു വയസ്സുള്ള മകനെയുംകൂട്ടി അവള് ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍, ആശുപത്രിയിലെത്തിയ ജോയ്സിനെ കാത്തിരുന്നത് താങ്ങാനാവാത്ത ആഘാതമായിരുന്നു. ”അവന് പോയി…” എന്ന് ഭര്‍ത്താവിന്റെ സുഹൃത്ത് അരികിലെത്തി പറഞ്ഞുതീരും മുന്‍പ് ജോയ്സ് അവിടെ തളര്‍ന്നുവീണു. കൈയിലിരുന്ന പിഞ്ചുകുഞ്ഞിനെ ആരോ വാരിയെടുത്തു. ലോകം പൂര്‍ണമായി ഇരുണ്ടുപോയ നിമിഷമായിരുന്നു അത്.
കണ്ണീരിന്റെ രാവുകള്‍
ഊണിലും ഉറക്കത്തിലും എപ്പോഴും ഒപ്പമുണ്ടായിരുന്ന ഒരാള്‍ തൊട്ടടുത്ത നിമിഷം ഇല്ലാതാക്കുക എന്ന അനുഭവം സൃഷ്ടിക്കുന്ന ശൂന്യത ചെറുതൊന്നുമല്ല. അത്രമേല്‍ ആത്മബന്ധമുണ്ടായിരുന്നു ജേക്കബും ജോയ്സും തമ്മില്‍. ഒരു ഭര്‍ത്താവ് എന്നതിലുപരി ഒരു സുഹൃത്തായും സഹോദരനായും അപ്പനായുമെല്ലാം ജേക്കബിന് ജോയ്സിന്റെ ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നു.
”ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും ഉണ്ടാകാറുണ്ട്. പക്ഷേ, ഒരിക്കല്‍പോലും ഒരുദിവസത്തില് കവിഞ്ഞ വഴക്കുകള്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിട്ടില്ല.” എന്നുറപ്പിച്ചുപറയുന്ന ജോയ്സിന്റെ വാക്കുകളില്‍ അവരുടെ ഇടയിലെ ആത്മബന്ധം വ്യക്തമാണ്. വിവാഹിതയായതില്പിന്നെ കുടുംബത്തില്‍ ഒതുങ്ങിക്കൂടിയ ജോയ്സിനെ നിര്‍ബന്ധിച്ചു ജോലിക്ക് അയച്ചതും പലപ്പോഴും രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രചോദിപ്പിച്ചതും ജേക്കബ് തന്നെയായിരുന്നു.
അത്രമേല്‍ ജോയ്സിനെ ചേര്‍ത്തുപിടിച്ച ശക്തമായ സാന്നിധ്യമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ യാത്രയായത്.
”ഏകദേശം ഒന്നരവര്‍ഷത്തോളം ഞാന്‍ ശരിയായി ഉറങ്ങിയിട്ടില്ല. കരഞ്ഞു തീര്‍ത്ത രാത്രികളെക്കുറിച്ച് കണക്കില്ല.” എന്ന ജോയ്സിന്റെ വാക്കുകള്‍ ആ വേര്‍പാട് സമ്മാനിച്ച വേദനയെ വ്യക്തമാക്കുന്നുണ്ട്.
ബിസിനസ്സുകാരനായിരുന്ന ജേക്കബിന്റെ പണമിടപാടുകളെക്കുറിച്ചോ നിക്ഷേപങ്ങളെക്കുറിച്ചോ യാതൊരു വ്യക്തതയും ജോയ്സിനുണ്ടായിരുന്നില്ല. മാനസികമായി തളര്‍ന്നിരുന്ന ആ നാളുകളിലാണ് ഭര്‍ത്താവിന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് ഒന്നരക്കോടിയോളം രൂപയുടെ ബാധ്യത വില്ലനായി കടന്നുവരുന്നത്. ഒടുവില്‍ കിടപ്പാടം വിട്ടിറങ്ങേണ്ടിവന്ന ദുരവസ്ഥയെയും ജോയ്സിന് നേരിടേണ്ടിവന്നു.
ഫീനിക്സ് പക്ഷിയായി പറന്ന്
‘സമൂഹത്തിന്റെ മുന്‍വിധികളും ‘വിധവ’ എന്ന ലേബലും പ്രത്യേകിച്ച് പ്രായം കുറവായ ഒരു വിധവയെ സംബന്ധിച്ചിടത്തോളം മാന്യമായി ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കും’ എന്ന ഒരു വിധവയായ സുഹൃത്തിന്റെ ഉപദേശം മാനസികമായി തളര്‍ന്നിരുന്ന ജോയ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു. ഒടുവില്‍ തന്നെ തളര്ത്തിക്കളഞ്ഞിരുന്ന അധികചിന്തകളുടെ ആധിക്യത്താല്‍ അവള് തല മുണ്ഡനം ചെയ്യുകപോലുമുണ്ടായി. എന്നാല്‍, പിന്നീട് അവള് പൂര്‍വാധികം ധീരതയോടെ സമൂഹത്തിനു മുന്നിലേക്കുവരികയാണുണ്ടായത്. കാരണം,
”നാംതന്നെയാണ് നമുക്കുള്ള പരിധികള്‍ നിശ്ചയിക്കുന്നത്. മറ്റുള്ളവര്‍ എങ്ങനെ പെരുമാറുന്നു എന്നത് അവരുടെ കാര്യമാണ്” എന്ന നിശ്ചയം ജോയ്സിനുണ്ടായിരുന്നു.
വീടുവിട്ടിറങ്ങേണ്ടി വന്ന ദിനങ്ങളില്‍, ‘തന്റെ മക്കള്‍ക്ക് നാളെ എന്തു നല്‍കും?’ എന്ന വലിയ ചോദ്യത്തിനു മുന്നില്‍ അവള് പതറിനിന്നു. ഭര്‍ത്താവിന്റെ ബിസിനസ് പങ്കാളികളെയും പണം നല്‍കാനുള്ളവരെയും കണ്ടെത്തി അവരോട് നേരിട്ട് പണം ചോദിക്കാന്‍ ചെന്നെങ്കിലും നിഷേധമായിരുന്നു പ്രതികരണം. എന്നാല്‍, മക്കളെയും കൂട്ടി ജീവിതം അവസാനിപ്പിക്കാമെന്ന ചിന്തയെ തോല്‍പ്പിച്ച് സ്വന്തമായി വരുമാനം കണ്ടെത്തി മുന്നേറാന്‍ അവള് തീരുമാനിച്ചു. തനിക്കെതിരെവന്ന തിരസ്കരണങ്ങളെല്ലാം അവള്‍ക്ക് മുന്നോട്ടുള്ള കുതിപ്പിനുള്ള ഇന്ധനമായിരുന്നു. അങ്ങനെ, ചാരത്തില്നിന്നുയിര്ത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ പ്രതിസന്ധികളെ ധീരമായി അവള് അതിജീവിച്ചു.
ഒപ്പമുള്ള അദൃശ്യകരം
”സാധാരണ ഒരു ഗ്രാമപ്രദേശത്ത് ജനിച്ചുവളര്‍ന്ന എനിക്ക്, പ്രതികൂലങ്ങളെ അതിജീവിക്കാനുള്ള ഒരു വലിയ പ്ലാറ്റ്ഫോം ദൈവം ഒരുക്കിത്തന്നിട്ടുണ്ടായിരുന്നു എന്ന അവബോധം എന്നെ ശക്തിപ്പെടുത്തിയിരുന്നു. ഒരു ഗ്രാമത്തിന്റെ ചട്ടക്കൂടുകള്‍ക്കപ്പുറം സഭയിലൂടെയും വിവിധ സംഘടനാപ്രവര്ത്തനങ്ങളിലൂടെയുമാണ് ദൈവം എന്നെ വളര്‍ത്തിയത്. അതുകൊണ്ടുതന്നെ കഠിനമായ സങ്കടങ്ങളെയും പ്രതികൂലങ്ങളെയും മറികടക്കാനുള്ള കരുത്ത് എന്നിലിപ്പോഴുമുണ്ട്. സത്യത്തില്‍ എന്റെ പ്രതിസന്ധികളാണ് എന്നെ വളര്‍ത്തിയത്” എന്ന ജോയ്സിന്റെ വാക്കുകളില്‍ തന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങായിനിന്ന ദൈവത്തോടും, ജീവിതത്തില്‍ തനിക്ക് ധാരാളം സാധ്യതകളും അവസരങ്ങളും തുറന്നുതന്ന സഭാസംഘടനകളോടുമുള്ള അളവറ്റ നന്ദിയും സ്നേഹവും നിറഞ്ഞുനില്പുണ്ട്.
അതിജീവനത്തിന്റെ കൊടുമുടികള്‍
സ്വന്തമായിരുന്നവീടുപോലുംനഷ്ടപ്പെട്ട്, ശൂന്യതയില്‍നിന്ന് ജീവിതം വീണ്ടും കെട്ടിപ്പടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ജോയ്സിന്റെ ജീവിതം ഒരു ഒറ്റയാള്‍ പോരാട്ടമായിരുന്നു. ”എന്റെ മക്കള്‍ക്കും എനിക്കും സുരക്ഷിതമായി ജീവിക്കാന്‍ ഒരു അഭയം ഉണ്ടാവുക എന്നതാണ് എന്റെ ഏറ്റവും വലിയ ആത്മവിശ്വാസം” എന്ന് വിശ്വസിച്ചിരുന്ന ജോയ്സ് ഭര്‍ത്താവിന്റെ മരണത്തിനു മുന്‍പ് ജോലി ചെയ്തിരുന്ന ബത്ലഹേം ഇന്റര്‍നാഷണല്‍ സ്കൂളില്‍ വീണ്ടും ജോലിക്കു ചേര്‍ന്നു. അങ്ങനെ അവിടത്തെ സാലറി സര്‍ട്ടിഫിക്കറ്റ് വച്ച് ലോണെടുത്ത് അവള് സ്വന്തമായി ഒരു ഫ്ളാറ്റ് വാങ്ങി. ആത്മവിശ്വാസത്തിന്റെ ആദ്യ ചുവടുവയ്പ്പില്‍ ദൈവം മറ്റൊരവസരം കൂടി അവള്‍ക്കായി ഒരുക്കുന്നുണ്ടായിരുന്നു. സ്കൂളിലെ ജോലിക്കൊപ്പം തികച്ചും യാദൃച്ഛികമായി കടന്നുവന്ന റിയല്‍ എസ്റ്റേറ്റ് മേഖലയയായിരുന്നു അത്. അവിടെയും ശോഭിക്കാന്‍ ദൈവം ജോയ്സിനെ അനുവദിച്ചു.
ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരവും തന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുമാണ് അവള് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. ആ കടന്നുവരവ് ചരിത്രത്തിലിടം നേടിയ ഒരു വന്‍വിജയമായി മാറി. നാലര പതിറ്റാണ്ടോളം ഇടതുപക്ഷത്തിന്റെ തട്ടകമായിരുന്ന മുവാറ്റുപുഴയിലെ പതിനാലാം വാര്‍ഡില്‍, വന്‍ജനപിന്തുണയോടെയാണ് ജോയ്സ് വിജയം നേടിയത്. കൗണ്‍സിലര്‍ എന്ന ആ വലിയ ജനകീയ അംഗീകാരത്തിന് പിന്നാലെ, തൊട്ടടുത്ത ടേമില്‍ തന്നെ, തന്നെ സ്നേഹിച്ച ആ നാട്ടുകാരുടെ പിന്തുണയോടെ അവള് പുതിയ ഭരണസമിതിയുടെ ചെയര്‍പേഴ്സണ്‍ പദവിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
പ്രതിസന്ധികളെ തോല്‍പ്പിച്ച സംരംഭം
ജീവിതപ്രതിസന്ധികളെ തോല്‍പ്പിച്ച് മുന്നേറിയ ജോയ്സ് മേരി ആന്റണി, ഇന്ന് അറിയപ്പെടുന്ന ഒരു സംരംഭക എന്ന നിലയിലും തിളങ്ങിനില്‍ക്കുകയാണ്. തന്റെ രണ്ടു മക്കളെപ്പോലെ നെഞ്ചോടു ചേര്‍ത്ത് വളര്‍ത്തിയെടുത്ത ‘ലുവല്ല വെഞ്ചേഴ്സ്’ (Luella Ventures) എന്ന ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി ഇന്ന് കേരളത്തിലെ പ്രമുഖ സംരംഭങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ ‘പോരാളി’ (Warrior) അഥവാ ‘വെളിച്ചം’ എന്നൊക്കെ അര്‍ഥം വരുന്ന “Luella” എന്ന വാക്കിനെ അന്വര്‍ഥമാക്കും വിധമാണ് ജീവിതത്തിലെ ഓരോ പോരാട്ടത്തിലും അവള് ഈ സ്ഥാപനത്തെ വിജയത്തിലേക്കു നയിച്ചത്.
ഈ സംരംഭം തുടക്കംകുറിച്ചിട്ട് വെറും അഞ്ചു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഇത്രയും ചെറിയൊരു കാലയളവിനുള്ളില്‍ 200- ലധികം പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു എന്നത് വലിയൊരു നേട്ടമാണ്. ഇന്ന് നാല്പതോളം വ്യക്തികള്‍ക്ക് സ്ഥിരമായി തൊഴില്‍ നല്‍കാനും, നൂറുകണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറംനല്കാനും ‘ലുവല്ല വെഞ്ചേഴ്സി’നാകുന്നു. ഈ മികവുകള്‍ മുന്‍നിര്‍ത്തി മികച്ച ബിസിനസ്സ് എക്സലന്‍സ് അവാര്‍ഡായ “She EO” പുരസ്കാരവും ജോയ്സിനെ തേടിയെത്തിയിരുന്നു. കൂടാതെ KCBC ബെസ്റ്റ് യൂത്ത് അവാര്‍ഡ് വിന്നറുമാണ് ജോയ്സ്.
അമ്മയും കൂട്ടുകാരിയും
രാഷ്ട്രീയത്തിന്റെയും ബിസിനസ്സിന്റെയും തിരക്കുകള്‍ എത്രയുണ്ടെങ്കിലും
മക്കള്‍ക്ക് ജോയ്സ് എത്രയും പ്രിയപ്പെട്ട അമ്മയും കൂട്ടുകാരിയുമൊക്കെയാണ്.
”അമ്മ ഞങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യാനും തയ്യാറാണ്; യാത്രകളില്‍ കൂടെ കൊണ്ടുപോകാനും ഞങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ചുതരാനും അമ്മ ഒരു നല്ല കൂട്ടുകാരിയെപ്പോലെയാണ് ഒപ്പമുള്ളത്” എന്ന് മൂത്തമകള്‍ സ്നേഹത്തോടെ പങ്കുവയ്ക്കുന്നു.”മക്കളുടെകൂടെ മുഴുവന്‍ സമയം ചെലവഴിക്കാന്‍ പറ്റിയില്ലെങ്കിലും കിട്ടുന്ന സമയം അവരുടെ കാര്യങ്ങളില്‍ നീതി പുലര്‍ത്താന്‍ ശ്രമിക്കുന്നു.” മക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യത്തെക്കാള്‍, എത്രമാത്രം അര്‍ഥവത്തായി അവരിലൊരാളാകാം എന്നതിനെക്കുറിച്ചുള്ള ഈ കാലഘട്ടത്തിന്റെ ചോദ്യങ്ങള്ക്കൊരുത്തരംകൂടിയാണ് ജോയ്സിന്റെ ഈ വാക്കുകള്‍.
തളരുന്നവരുടെ കൂട്ടാളി
ഒരു പൊതുപ്രവര്‍ത്തക എന്നനിലയില്‍ ജോയ്സ് മരണവീടുകളില്‍ പോകാറുണ്ടെങ്കിലും ആരുമറിയാതെ ജോയ്സ് ചെയ്യുന്ന ഒരു കാര്യമുണ്ട്, അതെന്താണെന്നോ! ചെറിയ പ്രായത്തില്‍ വിധവകളാകേണ്ടിവരുന്ന സ്ത്രീകളെ പ്രത്യേകം ശ്രദ്ധിച്ച് ആളും ആരവങ്ങളും ഒഴിഞ്ഞതിനുശേഷം അവര്‍ തനിച്ചാകുന്ന അവസരത്തില്‍ ഒരിക്കല്‍കൂടി ജോയ്സ് അവരുടെ വീട്ടില്‍ പോകാറുണ്ട്. ഇരുപത്തിയെട്ടാം വയസ്സില്‍ വിധവയാകേണ്ടിവന്ന തന്റെ അതിജീവനകഥയും പോരാട്ടങ്ങളും കടന്നുപോയ കണ്ണീരിന്റെ അനുഭവങ്ങളും അവള് പങ്കുവയ്ക്കും. താന്‍ അനുഭവിച്ച അതേ ശൂന്യതയിലൂടെ കടന്നുപോകുന്ന ആ മനുഷ്യരുടെ കണ്ണീരൊപ്പാന്‍ അവള് നടത്തുന്ന ആ രഹസ്യയാത്രകള്‍ നിരവധിപേര്‍ക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള ആദ്യ ചുവടുവയ്പ്പായി മാറിയിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും തന്നെപ്പോലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സഹജീവികളുടെ കൈപിടിക്കാനും അവരെ ജീവിതത്തിലേക്ക് തിരികെനടത്താനും കാണിക്കുന്ന ആ വലിയ മനസ്സുതന്നെയാണ് ജോയ്സിനെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാക്കുന്നത്.
ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയുംപിടിച്ച് വൈധവ്യത്തിന്റെ ഇരുട്ടിലേക്ക് ഇറങ്ങിത്തിരിച്ചതാണ് ജോയ്സ്. എന്നാല്‍, സങ്കടങ്ങളില്‍ അടയിരിക്കാതെ, ഒരു മനുഷ്യന് ഒരു ദിവസംകൊണ്ടു ചെയ്തുതീര്‍ക്കാവുന്ന പരിമിതികളെയെല്ലാം ഭേദിച്ച്, ഒരേസമയം ഒരമ്മയായി, മികച്ച സംരംഭകയായി, നഗരസഭയുടെ ചെയര്‍പേഴ്സണായി, നാടിന്റെ ജനകീയ നേതാവായി അവളിന്ന് അത്ഭുതങ്ങള്‍ തീര്‍ക്കുന്നു. നമ്മെ തോല്‍പ്പിക്കാന്‍ അനേകം അനുഭവങ്ങളും വ്യക്തികളും ഉണ്ടെങ്കിലും തോല്ക്കാന് മനസ്സില്ലാത്ത ഓരോ പോരാളിക്കും മുന്നില്‍ പുതിയ വഴികള്‍ കണ്ടെത്താനാകുമെന്ന ഉറപ്പാണ് ജോയ്സ് മേരി ആന്റണിയുടെ ജീവിതം നമ്മോടു പങ്കുവയ്ക്കുന്നത്.
സി. നിമിഷ റോസ് CSN




