Monday, July 27, 2026

കാത്തിരിപ്പ്

ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലില്‍ ജനറല്‍ കുട്ടുസോവ് എന്ന ഒരു കഥാപാത്രമുണ്ട്. അതിശക്തനായ നെപ്പോളിയന്റെ ഫ്രഞ്ച് സൈന്യത്തോടു നേരിട്ട് യുദ്ധം ചെയ്യാന്‍ എല്ലാവരും നിര്‍ബന്ധിക്കുമ്പോഴും കുട്ടുസോവ് ക്ഷമയോടെ കാത്തിരിക്കാനാണ് തീരുമാനിക്കുന്നത്. അദ്ദേഹം പറയുന്നു:
”ഒരു പോരാളിയാകാന്‍ ഏറ്റവും ആവശ്യമുള്ള രണ്ടു കാര്യങ്ങള്‍ സമയവും ക്ഷമയുമാണ്.”
എല്ലാവരും അദ്ദേഹത്തെ ഭീരു എന്ന് വിളിച്ചെങ്കിലും, ശരിയായ സമയത്തിനായി കാത്തിരുന്ന അദ്ദേഹത്തിന്റെ തന്ത്രം ഒടുവില്‍ നെപ്പോളിയന്റെ വലിയ സൈന്യത്തെ റഷ്യയുടെ അതിരൂക്ഷമായ മഞ്ഞുകാലത്ത് പരാജയപ്പെടുത്താന്‍ സഹായിച്ചു. കാത്തിരിപ്പ് എന്നത് വെറുതെയിരിക്കലല്ല, മറിച്ച് ശരിയായ സമയത്തിനായുള്ള വലിയൊരു തന്ത്രവും ഒരുക്കവുമാണെന്ന് ഈ കഥാപാത്രം കാണിച്ചുതരുന്നു.

നമ്മളെല്ലാവരും എപ്പോഴും എന്തിനോവേണ്ടി കാത്തിരിക്കുന്നവരാണ്. നല്ലൊരു ജോലിക്കായുള്ള കാത്തിരിപ്പ്, രോഗസൗഖ്യത്തിനായുള്ള കാത്തിരിപ്പ്, അല്ലെങ്കില്‍ ജീവിതത്തില്‍ ഒരു നല്ല കാലം വരുമെന്ന പ്രതീക്ഷയിലുള്ള കാത്തിരിപ്പ്. കാത്തിരിപ്പ്എ ന്നത് പലപ്പോഴും മടുപ്പിക്കുന്നതും വേദനാജനകവുമായ ഒരു അനുഭവമാണ്. ആധുനിക മനുഷ്യന് ഏറ്റവും കുറവുള്ള ഒന്നാണ് ക്ഷമ. എല്ലാം വിരല്‍ത്തുമ്പില്‍ ഉടനടി ലഭ്യമാകുന്ന ഈ കാലഘട്ടത്തില്‍, എന്തെങ്കിലും ഒന്നിനായി കാത്തു നില്‍ക്കേണ്ടി വരുന്നത് വലിയൊരു പരാജയമായി പലരും കാണുന്നു. എന്നാല്‍, പ്രകൃതിയും ചരിത്രവും നമ്മെ പഠിപ്പിക്കുന്നത് കാത്തിരിപ്പിന്റെ സൗന്ദര്യമാണ്.

മാറ്റത്തിന്റെ സമയം

ഒരു വിത്ത് മണ്ണിലിട്ട ഉടനെ അത് മരമാകുന്നില്ല. അത് മണ്ണിനടിയില്‍ മാസങ്ങളോളം ക്ഷമയോടെകാത്തിരിക്കുന്നു. വേരുകള്‍ ആഴ്ന്നിറങ്ങി, അനുകൂലമായ കാലാവസ്ഥ വരുമ്പോള്‍ മാത്രമാണ് അത് മുളപൊട്ടി പുറത്തേക്കുവരുന്നത്. നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൃത്യസമയത്ത് ലഭിക്കാത്തപ്പോള്‍ നമ്മള്‍ നിരാശരാകാറുണ്ട്. എന്നാല്‍, നമ്മുടെ കാത്തിരിപ്പിന്റെ സമയങ്ങളിലാണ് ദൈവം നമ്മെ രൂപപ്പെടുത്തുന്നത്. കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ നമുക്ക് മറ്റുള്ളവരുടെ വേദനകളെ മനസ്സിലാക്കാന്‍ സാധിക്കൂ.

ബൈബിളിലെ ജോസഫിന്റെ ജീവിതം നോക്കുക. സ്വന്തം സഹോദരന്മാരാല്‍ വില്‍ക്കപ്പെട്ട്, ഈജിപ്തിലെ കാരാഗൃഹത്തില്‍ വര്‍ഷങ്ങളോളം അദ്ദേഹം കാത്തിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും ആ ഇരുണ്ട മുറിയില്‍ പ്രത്യാശയോടെ അദ്ദേഹം കഴിഞ്ഞുകൂടി. എന്നാല്‍, ആ കാത്തിരിപ്പ് വ്യര്‍ഥമായില്ല. ഈജിപ്തിലെ വലിയ ഭരണാധികാരിയായി മാറാനുള്ള ഒരുക്കമായിരുന്നു ആ കാരാഗൃഹവാസം. ശരിയായ സമയത്ത് ദൈവം അദ്ദേഹത്തെ ഉയര്‍ത്തി. നമ്മുടെ ജീവിതത്തിലും കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ ദൈവം നല്‍കുന്ന വലിയൊരു പരിശീലന കാലഘട്ടമാണെന്ന് തിരിച്ചറിയുക.

ക്ഷമയുടെ മൂല്യം
ചില കാര്യങ്ങള്‍ അതിന്റെ നിശ്ചിതസമയത്ത് മാത്രമേ സംഭവിക്കൂ. സമയത്തിനു മുന്‍പേ പൂക്കള്‍ വിരിയാന്‍ നമ്മള്‍ എത്ര ശ്രമിച്ചാലും അത് നടക്കില്ല. കാത്തിരിക്കാന്‍ തയ്യാറാകാത്തവര്‍ പലപ്പോഴും തെറ്റായ വഴികള്‍ തിരഞ്ഞെടുക്കുന്നു. പെട്ടെന്ന് പണക്കാരനാകാനും പെട്ടെന്ന് പ്രശസ്തനാകാനും വേണ്ടി കുറുക്കുവഴികള്‍ തേടുന്നവര്‍ ഒടുവില്‍ വലിയ തകര്‍ച്ചയിലാണ് ചെന്നെത്താറുള്ളത്. എന്നാല്‍, ക്ഷമയോടെ കാത്തിരുന്ന് അധ്വാനിക്കുന്നവന് ലഭിക്കുന്ന വിജയം ശാശ്വതമായിരിക്കും.

നമ്മുടെ പ്രാര്‍ഥനകള്‍ക്ക് ഉടനടി ഉത്തരം ലഭിക്കാത്തപ്പോള്‍ ദൈവം നമ്മെ കൈവിട്ടു എന്നു കരുതരുത്. ‘ഇല്ല’ എന്നതും ‘കാത്തിരിക്കൂ’ എന്നതും ദൈവത്തിന്റെ ഉത്തരങ്ങളാണ്. ഒരുപക്ഷേ, നമ്മള്‍ ചോദിക്കുന്ന കാര്യം സ്വീകരിക്കാന്‍ നമ്മള്‍ ഇനിയും പ്രാപ്തരായിട്ടുണ്ടാകില്ല. അല്ലെങ്കില്‍ അതിനെക്കാള്‍ വലിയൊരു നന്മ ദൈവം നമുക്കായി കരുതിവച്ചിട്ടുണ്ടാകും. അതുകൊണ്ട് കാത്തിരിപ്പിന്റെ താഴ്വരകളില്‍ വച്ച് പ്രത്യാശയുടെ വിളക്കുകള്‍ കെട്ടുപോകാതെ സൂക്ഷിക്കുക. ഇരുണ്ട രാത്രിക്കു ശേഷം ഒരു
പുലരിയുണ്ടെന്നത് പ്രകൃതിയുടെ മാറ്റമില്ലാത്ത നിയമമാണ്.

ഇന്ന് നമ്മുടെ ജീവിതത്തിലെ ഒരു കാത്തിരിപ്പിനെ പോസിറ്റീവായി കാണാന്‍ ശ്രമിക്കാം. ഒരുപക്ഷേ, ബസ്‌സ്റ്റോപ്പിലോ ക്യൂവിലോ അല്ലെങ്കില്‍ ജീവിതത്തിലെ വലിയൊരു തീരുമാനത്തിനു മുന്‍പിലോ നമ്മള്‍ കാത്തുനില്‍ക്കേണ്ടി വരുമ്പോള്‍ അസ്വസ്ഥരാകാതിരിക്കാം. ആ സമയത്ത് ദേഷ്യപ്പെടുന്നതിനു പകരം മനസ്സില്‍ ദൈവത്തിനു നന്ദി പറയാം. ”ദൈവമേ, അങ്ങയുടെ സമയത്തിനായി ഞാന്‍ കാത്തിരിക്കുന്നു” എന്ന് പൂര്‍ണ്ണ ഹൃദയത്തോടെ മന്ത്രിക്കാം. കാത്തിരിപ്പ് ഒരു ശാപമല്ല, മറിച്ച് അനുഗ്രഹത്തിലേക്കുള്ള ചവിട്ടുപടിയാണ്.


ഫാ. ജി. കടൂപ്പാറയിൽ

 

Related Articles