Tuesday, March 17, 2026

ലാക്കർ ആർട്ടിസ്റ്

മരണാസന്നനായ ഒരാളുടെ സമീപത്തുനിന്നു പിശാചും മാലാഖയും തര്‍ക്കിക്കുകയാണ്. ഇന്നലെവരെ എന്നോടൊപ്പമായിരുന്ന ഇയാള്‍ തനിക്ക്അവകാശപ്പെട്ടതാണെന്നു പിശാച് വാദിച്ചു. ഇയാളെ സ്വര്‍ഗത്തിലേക്കു കൊണ്ടുപോകാനാണു താന്‍ വന്നിരിക്കുന്നതെന്നു മാലാഖയും. ഇതെന്തു നീതിയെന്നായി പിശാച്. ‘ഒരേയൊരു തെറ്റു ചെയ്തതിന്റെ പേരിലാണ് ദൈവം എന്നെ സ്വര്‍ഗത്തില്‍നിന്നു പുറത്താക്കിയത്. എന്നിട്ടിപ്പോള്‍ ഇയാളുടെ കാര്യത്തില്‍….?’ ‘ശരിയാണ്. ഇയാള്‍ ഇന്നലെവരെ നിന്റേതായിരുന്നു. പക്ഷേ, അതോര്‍ത്ത് ഇന്നയാള്‍ ദൈവത്തോട് മനംനൊന്ത് മാപ്പു ചോദിച്ചു. നീയോ? എന്നെങ്കിലും നിന്റെ തെറ്റിനെക്കുറിച്ച് അനുതപിച്ചിട്ടുണ്ടോ?’ അതിനെന്നെ കിട്ടില്ല എന്നു പറഞ്ഞ് പിശാച് സ്ഥലം വിട്ടു.

അപ്പോള്‍ അതാണ് കാര്യം. അനുതപിക്കാത്ത പാപിയാണ് പിശാച്. അനുതപിക്കുന്ന പാപി വിശുദ്ധനും. ദൈവിക വെളിച്ചം ഉള്ളില്‍ നിറയുംതോറും മനുഷ്യനില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് പാപബോധം. അനുദിനം കുമ്പസാരക്കൂട്ടില്‍ അണഞ്ഞിരുന്ന വിശുദ്ധരെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ. അത്രമേല്‍ നൈര്‍മല്യം അവര്‍ക്കുണ്ടായി രുന്നതുകൊണ്ട് ചെറിയൊരു മാലിന്യം പോലും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.

തന്റെ ആത്മകഥയ്ക്ക് ‘കുമ്പസാരം’ എന്നു പേരിട്ട മഹാവിശുദ്ധനാണ് സെന്റ് അഗസ്റ്റിന്‍. ജീവിതത്തിലെ പ്രത്യേകിച്ച്, ദൈവത്തില്‍നിന്ന് അകന്നു ജീവിച്ച കാലത്തെ തന്റെ ഓരോ ചെയ്തികളെയും സത്യസന്ധമായി വിലയിരുത്തുകയാണ്. ദൈവത്തിന്റെ മുമ്പില്‍ മാത്രമല്ല, മനുഷ്യന്റെ മുന്നിലേക്കും തന്റെ അന്തരാത്മാവിന്റെ അതിസൂക്ഷ്മ ചലനങ്ങള്‍ പോലും വലിച്ച് പുറത്തിടുകയാണ് ഈ ഏറ്റുപറച്ചിലില്‍. ഞാന്‍ അര്‍ഹി ക്കുന്നതില്‍ കവിഞ്ഞ് നിങ്ങള്‍ എന്നെ പ്രശംസിക്കാതിരിക്കാന്‍ ഇതില്‍ നിങ്ങള്‍ എന്നെ നോക്കിക്കാണുക എന്നാണദ്ദേഹം പറയുന്നത്. വെറും കുട്ടിക്കുറുമ്പുകള്‍ എന്നു പറഞ്ഞ് തള്ളിക്കളയാവുന്ന കാര്യങ്ങള്‍ പോലും അതങ്ങനെയല്ലായിരുന്നുവെന്ന് അദ്ദേഹം കണ്ടെത്തുകയാണ്. കൗമാരത്തില്‍ മറ്റൊരാളുടെ പറമ്പിലെ പേരയ്ക്ക തല്ലിക്കൊഴിച്ചതും കളികളില്‍ കാണിച്ചിരുന്ന അമിതാവേശവും അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ അത്തരം കാര്യങ്ങള്‍ ശരിയല്ലെന്ന ഒറ്റക്കാരണം കൊണ്ടുതന്നെ അവ ചെയ്യുന്നതില്‍ സന്തോഷിച്ച താന്‍ എത്ര ഹീനനാണ് എന്ന് അഗസ്റ്റിന്‍ വിലപിക്കുന്നു. തന്നോടുതന്നെ അഗസ്റ്റിന്‍ കാണിച്ച ഈ സത്യസന്ധതയാണ് അദ്ദേഹത്തെ വിശുദ്ധനാക്കിയത്.

പാപിയെ പുണ്യവാനാക്കാന്‍ ദൈവം തേടുന്ന ഒരേയൊരുകാര്യം അനുതാപമുള്ള ഹൃദയം മാത്രമാണ്. പക്ഷേ, അതത്ര സാധാരണ കാഴ്ചയല്ല. തെറ്റുകള്‍ മറച്ചുപിടിക്കുക എന്നതാണ് മനുഷ്യന്റെ സ്വാഭാവിക പ്രവണത. പിടിക്കപ്പെട്ടാല്‍ ഒന്നുകില്‍ നീതീകരിക്കും. അല്ലെങ്കില്‍ നിഷേധിക്കും. അതുമല്ലെങ്കില്‍ മറ്റൊരാളുടെ തലയില്‍
ചുമത്തും. കൊച്ചുകുഞ്ഞുങ്ങള്‍ പോലും വ്യത്യസ്തരല്ല. സത്യം തെളിയിക്കേണ്ടത് ഇനി മറ്റുള്ളവരുടെ ബാധ്യതയാണ്.

വാസ്തവത്തില്‍ ഭയമാണ് ഒരാളെ ഇങ്ങനെ സ്വയം പൊതിഞ്ഞുപിടിക്കാന്‍ പ്രേരിപ്പി ക്കുന്നത്. എന്നിട്ടോ, ആ ഭയം വിട്ടുമാറുമോ? പിടിക്കപ്പെടുമോ എന്ന ഭയത്തില്‍ നിന്നയാള്‍ക്കിനി മോചനമില്ല. കഴിഞ്ഞ വര്‍ഷം ഒരു 56 കാരന്‍ 30 വര്‍ഷം മുന്‍പ് താന്‍ നടത്തിയ രണ്ടു കൊലപാതകങ്ങളെക്കുറിച്ച്‌ പൊലീസിനോട് ഏറ്റുപറഞ്ഞത് ഓര്‍മ്മി ക്കുന്നുണ്ടോ? സ്വാഭാവികമെന്ന് എല്ലാവരും കരുതിയ ആ മരണങ്ങള്‍ കൊലപാതക മായിരുന്നെന്നും താനാണ് അത് ചെയ്തതെന്നും അയാള്‍ ഏറ്റുപറയുകയാണ്. അമ്പരന്നു നിന്ന ഉദ്യോഗസ്ഥരോട് അയാള്‍ പറഞ്ഞത് 30 വര്‍ഷമായി ഉള്ളില്‍ കൊണ്ടുനടന്ന കുറ്റബോധം താങ്ങാന്‍ ഇനിയും കഴിയില്ല എന്നാണ്. അല്ലെങ്കിലും ആരുമറിഞ്ഞി ല്ലെങ്കിലും മനസ്സാക്ഷിയുടെ കോടതിയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഒരു കുറ്റവാളിക്കും കഴിയില്ലല്ലോ.

ഇനി പിടിക്കപ്പെടാതെ, രക്ഷപ്പെട്ടാല്‍ത്തന്നെ എത്രത്തോളം? സൂര്യനെക്കാള്‍ പതിനായിരം മടങ്ങ് പ്രഭയുള്ള അവിടുത്തെ കണ്ണുകള്‍ക്കു മുന്നില്‍ (പ്രഭാഷകന്‍ 23,19) എല്ലാം അനാവൃതവും വ്യക്തവുമാണ്. ഒടുവില്‍ നമ്മള്‍ കണക്കു ബോധിപ്പിക്കേണ്ടതും ആ തിരുസന്നിധിയില്‍ത്തന്നെ.

നോമ്പുകാലമാണ്. മാനവരാശിയുടെ മുഴുവന്‍ അപരാധങ്ങള്‍ക്കും കുരിശില്‍ പരിഹാരം ചെയ്തവനിലേക്ക് നമ്മുടെ ശ്രദ്ധ കുറേക്കൂടി ഏകാഗ്രമാകുന്ന ദിനങ്ങള്‍. നിങ്ങളുടെ അപരാധങ്ങള്‍ ഹൃദയത്തെ കടുംചുമപ്പാക്കിയിട്ടുണ്ടെങ്കിലും അതു മഞ്ഞുപോലെ വെണ്‍മയുള്ളതാക്കും (1:18) എന്ന ഏശയ്യായുടെ പ്രവചനം കുരിശില്‍ നിറവേറി.

ഇനി നാം ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രം. വിനയത്തോടെ അവിടുത്തെ സന്നിധിയില്‍ സ്വന്തം അപരാധങ്ങള്‍ ഏറ്റുപറയുക. ആരൊക്കെ അവിടുത്തെ സന്നിധിയില്‍ ഇങ്ങനെ അനുതാപത്തോടെ നിന്നിട്ടുണ്ടോ അവരുടെയൊക്കെ ജീവിതത്തെ അവിടുന്ന് കൂടുതല്‍ മനോഹരമാക്കുന്നു എന്നതാണ് ബൈബിള്‍ നല്‍കുന്ന ഏറ്റവും നല്ല സദ്വാര്‍ത്ത. അങ്ങനെ എത്രയോ കഥാപാത്രങ്ങള്‍. അസൂയമൂത്ത് സഹോദരനെ വിറ്റവനും മരുമകളുമായി വേശ്യാവൃത്തി ചെയ്തവനുമാണ് പഴയനിയമത്തിലെ ഗോത്രപിതാവായ യൂദാ (ഉല്പത്തി 37-38, അധ്യായങ്ങള്‍). പക്ഷേ, തന്റെ അപരാധങ്ങളോര്‍ത്ത് പിന്നീട്അയാള്‍ അനുതപിക്കുകയും ജീവിതംകൊണ്ട് പ്രായശ്ചിത്തം ചെയ്യുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ മറ്റൊരു സഹോദരനെ രക്ഷിക്കാന്‍ തന്നെത്തന്നെ അടിമയായി വില്ക്കാന്‍ തയ്യാറാകു ന്നിടത്തോളം എത്തുന്നു ആ പരിവര്‍ത്തനം (ഉല്പത്തി 44,38). പിന്നീട് യൂദായെ ദൈവം എത്രമാത്രം പരിഗണനയ്‌ക്കെടുത്തുവെന്ന് ഓര്‍മ്മിക്കുക. യൂദായുടെ പിന്‍തലമുറ ക്കാരനായിട്ടാണ്‌ യേശുജനിക്കുന്നത്. ഇനി ദാവീദ്- അയാള്‍ ചെയ്ത അപരാധം എത്ര ഹീനവും ക്രൂരവുമായിരുന്നു. എങ്കിലും ചെയ്തുപോയ തെറ്റിനെക്കുറിച്ച് അയാള്‍ ഉള്ളുരുകിക്കരയുന്നതു കണ്ട ദൈവത്തിന്റെ മനസ്സലിഞ്ഞു. അവന്റെ സിംഹാസനം അവിടുന്ന്‌ സുസ്ഥിരമാക്കി. യൂദാ ഗോത്രപരമ്പരയിലെ തന്നെ ദാവീദ് പിറന്ന ബെത്‌ലെഹെമിലാണ് യേശുവിന്റെ പിറവി. യൂദാവംശത്തില്‍ നിന്നുള്ള സിംഹവും ദാവീദിന്റെ വേരും എന്നാണ് യേശുവിനെ വെളിപാടു ഗ്രന്ഥം വിശേഷിപ്പിക്കുന്നത്.

വീണുപോകുന്നവര്‍ക്കു മുന്നിലുള്ള രണ്ടു സാധ്യതകളെയാണ് പത്രോസും യൂദാസും ഓര്‍മ്മിപ്പിക്കുന്നത്. ഒരാള്‍ തള്ളിപ്പറഞ്ഞു. മറ്റെയാള്‍ ഒറ്റുകൊടുത്തു. സ്‌നേഹത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ രണ്ടും ഒരുപോലെ ഗൗരവമുള്ള അപരാധങ്ങളായിരുന്നു. രണ്ടു പേരോടും യേശു സ്‌നേഹപൂര്‍വം പ്രതികരിക്കുന്നുണ്ട്. രണ്ടുപേരും ചെയ്തതോര്‍ത്ത് ദുഃഖിച്ചു. എന്നാല്‍, രണ്ടുപേരുടെയും ഭാവി ഒരുപോലെയാകുന്നില്ല. സംഭവിച്ചതിതാണ്. ഒരാള്‍ യേശുവിലേക്കു നോക്കിയപ്പോള്‍ മറ്റെയാള്‍ അവനവനിലേക്കു നോക്കി. അത്രേയുള്ളൂ. യേശു തിരിഞ്ഞുനോക്കിയതോടെ ചങ്കുലഞ്ഞുപോയ പത്രോസ് മനംനൊന്തു കരഞ്ഞു. പിന്നെ ഒന്നും മിണ്ടാനാവാതെ അയാള്‍ മറിയത്തിന്റെ അടുത്തുചെന്ന് വിങ്ങിപ്പൊട്ടിക്കരഞ്ഞു എന്നു വായിച്ചിട്ടുണ്ട്. കുറ്റമില്ലാത്ത രക്തം ഞാന്‍ ഒറ്റിക്കൊടുത്തു എന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് യൂദാസ് ഓടിച്ചെന്നത് യഹൂദ പ്രമാണികളുടെ അടുത്ത്. അവര്‍ക്കിനി അയാളെക്കൊണ്ട് ആവശ്യമില്ല. അതുകൊണ്ട് ‘അതിനു ഞങ്ങള്‍ക്കെന്ത്’ എന്നവര്‍ മറുപടി പറഞ്ഞു. തനിക്കിനി ജീവിക്കാനര്‍ഹതയില്ല എന്ന നിരാശയില്‍ യൂദാസ് തന്റെ ജീവിതം അവസാനിപ്പി ക്കുകയാണ്. പത്രോസിന് തന്റെ നിസ്സഹായതയും നിസ്സാരതയും മനസ്സിലാക്കാനുള്ള അവസരമായിരുന്നു തന്റെ വീഴ്ച. അയാള്‍ ഇനി കൂടുതല്‍ വിനയാന്വിതനാകും. പിന്നീട് കാണുമ്പോള്‍ ‘നീ എന്നെ സ്‌നേഹിക്കുന്നുവോ’ എന്ന യേശുവിന്റെ ചോദ്യത്തിന്, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നും നീ അറിയുന്നു എന്ന മറുപടി വരുന്നത് അങ്ങനെയാണ്. അങ്ങനെ സ്ഥിരതയും പ്രാപ്തിയുമുള്ള ബാക്കി പത്തു പേരെക്കാള്‍ യേശു പത്രോസിനെ, വിശ്വാസത്തിലെടുക്കുന്നു. അതും തന്റെ സഭയുടെതന്നെ പരമാചാര്യനായി ഉയര്‍ത്താന്‍ മാത്രം.

കിന്‍സുഗി (kintsugi)) ഒരു ജാപ്പനീസ് പദമാണ്. സ്വര്‍ണ്ണംകൊണ്ടുള്ള കൂട്ടിച്ചേര്‍ക്കല്‍ എന്നര്‍ഥം. അതായത് പൊട്ടിപ്പോയ മണ്‍പാത്രങ്ങള്‍ പ്രകൃതിദത്തമായ ഉരുഷി ലാക്കര്‍ എന്ന പശയോടൊപ്പം സ്വര്‍ണ്ണം, വെള്ളി അല്ലെങ്കില്‍ പ്ലാറ്റിനം ചേര്‍ത്ത് ഒട്ടിച്ച് മനോഹര മാക്കുന്ന പുരാതനമായൊരു കല. ഇവിടെ പാത്രത്തിന്റെ കേടുപാടുകള്‍ മറയുന്നില്ല. പകരം അവയെ കുറേക്കൂടി മനോഹരമാക്കുന്നു. ആ കലാകാരനെ ലാക്കര്‍ ആര്‍ട്ടിസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഏറ്റവും നല്ല ലാക്കര്‍ ആര്‍ട്ടിസ്റ്റ്‌ യേശുവാണ്. ഏത് തകര്‍ന്ന ജീവിതത്തെയും വീണ്ടും ഒട്ടിച്ച് മനോഹരമാക്കാന്‍ കഴിവുള്ള അനശ്വര കലാകാരന്‍. അവിടുന്ന് നമ്മുടെ പൊട്ടലുകള്‍ മറയ്ക്കുന്നില്ല. എന്നാല്‍, അവയില്‍ കൃപയുടെ പൊന്‍പ്രഭയൊഴുക്കി കൂടുതല്‍ മനോഹരമാക്കുന്നു.

അതെ, പൂര്‍ണ്ണത എന്നത് പിഴവുപറ്റാതിരിക്കുന്നു എന്നതല്ല, അത് സൗഖ്യപ്പെട്ട മുറിവു കളാണ്. ജീവിതത്തിലെ ഒരു അപരാധവും മറച്ചുപിടിക്കേണ്ടതല്ല. നിത്യകാലം അവയെ ഓര്‍ത്ത് ശിരസ്സു താഴ്ത്തി നടക്കേണ്ടവരുമല്ല നമ്മള്‍. ആ കൃപയ്ക്കു കീഴെ നമ്മെത്തന്നെ നിര്‍ത്താനുള്ള വിനയം മാത്രം മതി. അതെത്രത്തോളം മനോഹരമാക്കാമെന്നത് അവനു മാത്രം അറിയാവുന്ന കലയാണ്..!

Sobha
  സി. ശോഭ CSN 

 

Related Articles