മനുഷ്യന്റെ അടിസ്ഥാനപരമായ വികാരം ഭയമാണ്. മനുഷ്യന്റെയെന്നല്ല എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാന വികാരം അതുതന്നെയാണ്. ഏതൊരു ജീവിയും അപ്രതീക്ഷിതമായ ഒരനക്കം കേള്‍ക്കുമ്പോള്‍ ഞെട്ടിത്തിരിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അന്തര്‍ലീനമായ ഈ ഭയം ഉള്ളിലുള്ളതുകൊണ്ടാണ്. ഈ ഭയം അബോധ മനസ്സിലെ മരണത്തോടുള്ള ഭയമാണ്. മനുഷ്യന്റെയും അബോധമനസ്സില്‍ അലിഞ്ഞു കിടക്കുന്നത് ഈ ഭയം തന്നെയാണ്. മരണമെന്ന ഭയത്തെ അതിജീവിക്കാനുള്ള ശ്രമത്തില്‍നിന്നാണ് മനുഷ്യന്റെ എല്ലാ തത്വവിചാരങ്ങളും കണ്ടുപിടിത്തങ്ങളുമുണ്ടായിട്ടുള്ളത്. എല്ലാക്കാലത്തും മനുഷ്യന്‍ ഭയപ്പെട്ടിട്ടുള്ള മരണമെന്ന യാഥാര്‍ഥ്യത്തെ ഒരു സഹോദരിയെ എന്നതുപോലെ ആഘോഷപൂര്‍വം സ്വീകരിച്ച ഒരാളെ ലോകം പ്രത്യേകമായി ഈ വര്‍ഷം ആദരിക്കുകയാണ്; അത് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസാണ്. 2026 കത്തോലിക്കാസഭ ഫ്രാന്‍സിസ് അസ്സീസിയുടെ കടന്നുപോകലിന്റെ 800-ാം വര്‍ഷമായി ആചരിക്കുകയാണ്. ഒരു യാത്രയയപ്പിലെ വിരുന്ന് എന്നതുപോലെയാണ് ഫ്രാന്‍സിസിന്റെ മരണനിമിഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മരണം അടുത്തെന്ന് തോന്നിയപ്പോള്‍ അദ്ദേഹം തന്റെ ശിഷ്യന്മാരെയെല്ലാം വിളിച്ചുകൂട്ടി; അവര്‍ക്കെല്ലാം അപ്പം പങ്കുവച്ചുനല്‍കി, അവരോടൊത്ത് സ്‌ത്രോത്രഗീതങ്ങള്‍ പാടി, കൂടിയിരിക്കുന്നവര്‍ക്കെല്ലാം ആശീര്‍വാദവും ചുംബനങ്ങളും നല്‍കി, ഉണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം അഴിച്ചുവച്ച് ദാരിദ്ര്യം എന്ന ആശയത്തോട് പൂര്‍ണമായും വിശ്വസ്ഥനായിരുന്നു എന്നുറപ്പിച്ച് അദ്ദേഹം മരണത്തെ സ്വാഗതം ചെയ്തു; ‘മരണമേ, സോദരി മരണമേ സ്വാഗതം!’ ഈ ലോകത്തുനിന്ന് കൂട്ടിക്കൊണ്ടു പോകാനെത്തുന്ന മരണത്തെ സഹോദരിക്കുള്ള സ്വാഗതഗീതമെന്നോണം ചുറ്റും കൂടിയവര്‍ക്കും സര്‍വസൃഷ്ടിജാലങ്ങള്‍ക്കും നന്ദിയും സ്തുതിയും പറഞ്ഞുകൊണ്ട് താന്‍ തന്നെ ചിട്ടപ്പെടുത്തിയ സൂര്യകീര്‍ത്തനമാലപിക്കാന്‍ ആവശ്യപ്പെട്ടു. ആ ഗീതങ്ങള്‍ അന്തരീക്ഷത്തിലേക്ക് അലിഞ്ഞു ചേരുന്ന നിമിഷങ്ങളില്‍ അദ്ദേഹം സമാധാനപൂര്‍വം മിഴികളടച്ചു. ശാന്തവും സുന്ദരവുമായ ആ മരണം എങ്ങനെ മരണത്തെ നേരിടണം എന്നതിനുള്ള ഉദാത്തമായ മാതൃകയുമായി.
ജീവിക്കാന്‍ നമുക്ക് ചില മാതൃകകള്‍ ആവശ്യമുള്ളതുപോലെ മരിക്കാനും ചില മാതൃകകള്‍ ആവശ്യമുണ്ട്; എന്തെന്നാല്‍ ഒരാളുടെ ജീവിതം അളക്കുന്നത് എങ്ങനെ ജീവിച്ചു എന്നതുകൊണ്ട് മാത്രമായിരിക്കില്ല എങ്ങനെ മരിച്ചു എന്നുകൂടി നോക്കിയായിരിക്കും. ജീവിതം മനുഷ്യനെ മഹാനാക്കുന്നതുപോലെ മരണവും മനുഷ്യനെ മഹാനാക്കും. ക്രിസ്തുവിന്റെ ജീവിതം മാത്രമല്ല മരണവും മഹത്തരമായിരുന്നു. സോക്രട്ടീസിന്റെ ജീവിതംകൊണ്ട് മാത്രമല്ല മരണംകൊണ്ടു കൂടിയാണ് അദ്ദേഹം ഓര്‍മിക്കപ്പെടുന്നത്. ഗാന്ധിയുടെ ജീവിതം കൂടുതല്‍ മഹത്തരമായത് മരണവും അതിനദ്ദേഹം സ്വീകരിച്ച രീതിയും കൊണ്ടുകൂടിയാണ്.
ജീവിതവും മരണവും ഒരുപോലെ മഹത്തരമാക്കിയ മനുഷ്യരുടെ ജീവിതത്തില്‍ പൊതുവായി തെളിയുന്ന രണ്ടു കാര്യങ്ങളുണ്ട്; അഗാധമായ സ്‌നേഹവും അനുപമമായ വിരക്തിയും. തീവ്രമായ സ്‌നേഹം അവരുടെ ഹൃദയത്തെ
പൊതിഞ്ഞിരുന്നപ്പോള്‍ത്തന്നെ അവയോടൊന്നും ഒട്ടിപ്പോകാതിരിക്കാനുള്ള വിരക്തിയും അവര്‍ പരിശീലിച്ചിരുന്നു. അവരുടെ സ്‌നേഹം എല്ലാവരെയും, എല്ലാത്തിനെയും വിശ്വമാനവികതയിലേക്കും വിശ്വസാഹോദര്യത്തിലേക്കും ഉയര്‍ത്തുന്നതായിരുന്നു. എല്ലായിടത്തുമുള്ള മനുഷ്യരുടെ വേദന അവരെ വേദനിപ്പിച്ചു. എല്ലാ മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ അവരുടെയും പ്രശ്നങ്ങളായി. ആ വേദനകളില്‍ നിന്നുള്ള മുക്തിക്കായി അവര്‍ അന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ഉദാത്തമായ ആ സ്‌നേഹം മനുഷ്യരിലേക്ക് മാത്രമായിരുന്നില്ല. മറിച്ച് ചേതനവും അചേതനവുമായ സര്‍വസൃഷ്ടികളിലേക്കും വ്യാപിച്ചതായിരുന്നു. അവര്‍ പ്രകൃതിയുടെയും അതിലെ സര്‍വ ജീവജാലങ്ങളുടെയും സ്വസ്ഥവും സമാധാന പൂര്‍ണവുമായ സഹജീവനത്തെക്കുറിച്ച് ചുറ്റുപാടുള്ളവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. സ്‌നേഹിക്കുമ്പോള്‍ത്തന്നെ നമ്മള്‍ സൂക്ഷിക്കുന്ന വിരക്തിയാണ് സമാധാന പൂര്‍ണമായ സഹജീവിനം സാധ്യമാക്കുന്നത് എന്നവര്‍ വിശ്വസിച്ചു. എല്ലാത്തിനെയും സ്‌നേഹിക്കുമ്പോള്‍ത്തന്നെ ഒന്നിനെയും സ്വന്തമാക്കാതെ ധാരാളിത്തത്തിനും സ്വന്തം നേട്ടത്തിനും വേണ്ടി അവയെ ദുരുപയോഗിക്കരുത് എന്നതാണ് ആ വിരക്തി.
ഭൂമിയില്‍ സ്വന്തമായി ഒന്നും കൈവശം വയ്ക്കാതെ കടന്നുപോയ ഒരാളാണ് വിശുദ്ധ ഫ്രാന്‍സിസ്. തലചായ്ക്കാന്‍ സുമനസ്സുകള്‍ ദാനമായി നല്‍കിയ വസ്തുപോലും തന്റെയോ ശിഷ്യന്മാരുടെയോ പേരില്‍ എഴുതിവയ്ക്കരുത് എന്നദ്ദേഹം ശഠിച്ചു. ഭക്ഷണം ആവശ്യത്തിലധികം ഉപയോഗിക്കുകയോ സൂക്ഷിച്ചു വയ്ക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം പഠിപ്പിച്ചു. മാറിയുടുക്കാന്‍ മറുകുപ്പായം എന്നതിലുപരി രണ്ടിലധികം വസ്ത്രങ്ങള്‍ ആര്‍ഭാടമാണെന്ന് അദ്ദേഹം കരുതി. അനാസക്തമായ ഇത്തരമൊരു ജീവിതമാണ് ആനന്ദത്തിന്റെ അടിസ്ഥാനം എന്ന് അദ്ദേഹം വിശ്വസിച്ചു. ഒന്നിനോടും ഒട്ടിച്ചേര്‍ന്നു പോകാത്തതിനാല്‍ ഒന്നുംതന്നെ അദ്ദേഹത്തിന് സന്തോഷത്തിന്റെ കാരണമോ സന്തോഷം കെടുത്തുന്ന കാരണമോ ആയിരുന്നില്ല. കെട്ടുപാടുകളില്ലാത്ത ജീവിതം അദ്ദേഹത്തെ ആനന്ദത്തിന്റെ വിശുദ്ധനാക്കി. ചിലപ്പോള്‍ പാട്ടുപാടിയും ചിലപ്പോള്‍ നൃത്തം ചെയ്തും മറ്റുചിലപ്പോള്‍ മനുഷ്യരെ ചേര്‍ത്തുപിടിച്ച് ദൈവത്തിന് സ്തുതികള്‍ പാടിയും അദ്ദേഹം ആനന്ദത്തിന്റെ ഉന്മാദം ആസ്വദിച്ചു. ഉപേക്ഷിക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ മരണത്തിന്റെ കാല്‍ശബ്ദം അദ്ദേഹം നിര്‍ഭയം കാത്തിരുന്നു.
മനുഷ്യന്റെ ഭയത്തില്‍ നിന്നുള്ള മോചനത്തിന് ഫ്രാന്‍സിസ് ലോകത്തിന് മുന്നില്‍ വയ്ക്കുന്ന മാതൃകതന്റെ ജീവിതം തന്നെയാണ്. അത് മുന്നോട്ടുവയ്ക്കുന്നത് സ്‌നേഹത്തിന്റെ പാഠങ്ങളാണ്; വിരക്തിയുടെ മാര്‍ഗങ്ങളാണ്.

പീറ്റര്‍ തോമസ് കപ്പുച്ചിന്‍



