Wednesday, January 22, 2025

ദിവ്യകാരുണ്യത്തെ സ്നേഹിച്ച കൗമാരക്കാരൻ വിശുദ്ധരുടെ നിരയിലേക്ക്

ദിവ്യകാരുണ്യനാഥനെ ജീവനെക്കാളുപരി സ്നേഹിച്ച, ദൈവം നൽകിയ സഹനങ്ങളെ സഭയ്ക്കുവേണ്ടിയും മാർപാപ്പയ്ക്കുവേണ്ടിയും സമർപ്പിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസ് വിശുദ്ധരുടെ നിരയിലേക്ക്. കാർലോയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതത്തിന് മാർപാപ്പ അംഗീകാരം നൽകിയതോടെയാണ് വിശുദ്ധ പദവിയിലേക്കുള്ള വഴി തെളിഞ്ഞത്. ലാറ്റിനമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിലെ വലേറിയ എന്ന പെൺകുട്ടിക്കു ലഭിച്ച അത്ഭുതസൗഖ്യമാണ് വാഴ്ത്തപ്പെട്ട കാർലോയുടെ വിശുദ്ധപദവിക്കു കാരണമായത്. സൈക്കിൾ അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന വലേറിയ ഏതു നിമിഷവും മരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് അമ്മ ലിലിയാന അസീസ്സിയിലെത്തി വാഴ്ത്തപ്പെട്ട കാർലോയുടെ കബറിടത്തിൽ പ്രാർഥിക്കുകയായിരുന്നു. പ്രാർഥന കഴിഞ്ഞ് 10 ദിവസത്തിനു ശേഷം വലേറിയയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മാറ്റുകയും തുടർന്ന് ക്ഷതം പൂർണ്ണമായി ഭേദമാവുകയും ചെയ്തു‌.

1991 മെയ് മൂന്നിന് ലണ്ടനിലാണ് കാർലോയുടെ ജനനം. തുടർന്ന് കുടുംബം മിലാനിൽ സ്ഥിരതാമസമാക്കി. 11-ാം വയസ്സിൽ ആരംഭിച്ച്, രണ്ടര വർഷത്തെ പ്രയത്നത്തിലൂടെ, സഭ അംഗീകരിച്ച 142 ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച അക്യൂറ്റിസ് ഒരു വെബ്സൈറ്റ് തയ്യാറാക്കിയിരുന്നു.

അക്കാലത്ത് അക്യൂറ്റിസിന് ലുക്കീമിയ സ്ഥിരീകരിച്ചെങ്കിലും തന്റെ സഹനങ്ങൾ ക്രിസ്തുവിനെ പ്രതി സഭയ്ക്കുവേണ്ടിയും പാപ്പയ്ക്കുവേണ്ടിയും സമർപ്പിക്കുന്നു വെന്നായിരുന്നു ആ കൗമാരക്കാരൻ്റെ വാക്കുകൾ. 2006 ഒക്ടോബർ 12ന്, 15-ാമത്തെ വയസ്സിൽ കാർലോ ദൈവസന്നിധിയിലേക്ക് യാത്രയായി. 2025 ജൂബിലി വർഷത്തിലാണ് പുതിയ സഹസ്രാബ്ദത്തിലെ വിശുദ്ധൻ എന്ന നിലയിൽ വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസിന്റെ വിശുദ്ധപദവിപ്രഖ്യാപനം.

Related Articles