Wednesday, November 25, 2026

ദൈവം ചിരിക്കുമ്പോൾ

‘ദി ഗോസ്പല്‍ ഓഫ് ശ്രീരാമകൃഷ്ണ’ എന്നൊരു പുസ്തകമുണ്ട്. ശ്രീരാമകൃഷ്ണന്റെ ജീവിതരേഖകളാണതില്‍. അദ്ദേഹം പറയുന്നത് ദൈവം രണ്ടു സന്ദര്‍ഭങ്ങളില്‍ ചിരിക്കാറുണ്ടെന്നാണ്. ഒരു രോഗിയുടെ അമ്മയോട് വൈദ്യന്‍ പറയുകയാണെന്നിരിക്കട്ടെ, ”അമ്മേ, ഭയപ്പെടേണ്ട. ഞാന്‍ തീര്‍ച്ചയായും ഇവനെ രക്ഷിക്കാം.” ഈ വീമ്പുപറച്ചില്‍ കേള്‍ക്കുമ്പോള്‍ ദൈവം സ്വയം ചിരിക്കാന്‍ തുടങ്ങുന്നു, ”ഞാന്‍ ഇവന്റെ ജീവന്‍ എടുക്കാന്‍ പോകുകയാണ്, എന്നിട്ടവന്‍ പറയുന്നു. ജീവന്‍ രക്ഷിക്കാന്‍ പോകുകയാണെന്ന്. ” ദൈവം ഒരിക്കല്‍ക്കൂടി ചിരിക്കുന്നത് രണ്ടു സഹോദരര്‍ അവരുടെ സ്വത്തുവകകള്‍ പങ്കുവയ്ക്കുമ്പോഴാണ്. ഇതെന്റേതാണ്, അത് നിന്റേതാണ് എന്നുപറഞ്ഞ് അവര്‍ വസ്തുവകകള്‍ വിഭജിക്കുമ്പോള്‍ ദൈവം വീണ്ടും ചിരിച്ചുകൊണ്ട് ആത്മഗതം ചെയ്യുന്നു: ”ഈ പ്രപഞ്ചം മുഴുവന്‍ എന്റേതാണ്. എന്നിട്ടവര്‍ അവരുടേതെന്നു പറഞ്ഞു പങ്കുവയ്ക്കുന്നു.” മനുഷ്യരുടെ വിഡ്ഢിത്തം നിറഞ്ഞ അനുദിന നടപടികള്‍ കണ്ട് ദൈവം രണ്ടു വട്ടമല്ല, അനേകവട്ടം ചിരിച്ചുകൊണ്ടിരിക്കുകയാണ്.

സര്‍വവും സൃഷ്ടടിച്ചവന്‍ സ്വസ്ഥമായി വിശ്രമിക്കുമ്പോള്‍ കാരണമില്ലാത്ത കാര്യങ്ങള്‍ക്ക് വെറുതെ തിരക്കുപിടിച്ചു നടക്കുന്ന മനുഷ്യരെയോര്‍ത്ത് അവന്‍ ചിരിക്കുന്നുണ്ടാകും. മരണം എല്ലാം ശൂന്യമാക്കുമെന്നറിഞ്ഞിട്ടും അധികാരസ്ഥാനമാനങ്ങള്‍ക്കും, സുഖലോലുപതയ്ക്കും വേണ്ടി വിഫലമായി നെട്ടോട്ടമോടുന്നവരെ ഓര്‍ത്ത് അവന്‍ ചിരിക്കുന്നുണ്ടാകും. മനുഷ്യരുടെ അഹന്തകള്‍ക്കു നേരെയുള്ള ദൈവത്തിന്റെ പുഞ്ചിരിയായിട്ടാണ് ക്രിസ്തുവിനെ ഞാനനുഭവിക്കുന്നത്. എത്രയെത്ര തവണയായിരിക്കും അവന്‍ ചിരിച്ചിരിക്കുക… പിടിക്കപ്പെട്ട പാപിനിയെ കല്ലെറിയാന്‍ ഒരുങ്ങിയ ജനാവലിയുടെ പിടിക്കപ്പെടാത്ത പാപം കണ്ടപ്പോള്‍, പുതിയ കളപ്പുര നിറച്ച് ശിഷ്ടകാലം സുഖിച്ചു ജീവിക്കാന്‍ മോഹിച്ച ഭോഷനായ ധനവാനെക്കുറിച്ച് പറഞ്ഞപ്പോള്‍, വിധവയുടെ രണ്ടു ചെമ്പുതുട്ടിന്റെ മുകളിലേക്ക് അഹന്തയോടെ ധനവാന്മാര്‍ സമ്പത്ത് വാരി വിതറി ദൈവത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, അഞ്ച് ഭര്‍ത്താക്കന്മാരുണ്ടായിരുന്നിട്ടും ‘എനിക്ക് ഭര്‍ത്താവില്ലാ’ എന്ന് സമരിയാക്കാരി നുണ പറഞ്ഞപ്പോള്‍, കോഴികൂവുന്ന രാവെത്തും മുമ്പ് ‘ആര് നിന്നെ തള്ളിപ്പറഞ്ഞാലും ഞാന്‍ നിന്നെ തള്ളിപ്പറയില്ലെന്ന്, പത്രോസ് പ്രഖ്യാപിച്ചപ്പോള്‍, മുപ്പതു വെള്ളിനാണയത്തിന് ഒറ്റുകാരനാകുന്നതിനുമുമ്പ് ‘ഇവള്‍ എന്തിനീ തൈലം പാഴാക്കുന്നു: ദരിദ്രര്‍ക്ക് കൊടുത്തുകൂടേ’ എന്നു യൂദാസ് സഹാനുഭൂതി പ്രകടിപ്പിച്ചപ്പോള്‍, ‘നിന്നെ മരണത്തിന് ഏല്‍പ്പിച്ചുകൊടുക്കാന്‍ എനിക്ക് അധികാരമുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ’ എന്നു പീലാത്തോസ് ആത്മപ്രശംസ ചെയ്തപ്പോള്‍, മരണനിമിഷവും നിത്യതയെ വിസ്മരിച്ച് ലോകസുഖങ്ങളിലേക്കു മടങ്ങിവരാന്‍ ഒരു കള്ളന്‍ കുരിശില്‍ കിടന്നു മോഹിച്ചപ്പോളൊക്കെ ക്രിസ്തു ചിരിച്ചിരിക്കണം.

മനുഷ്യരുടെ ദുരാശകളും വിഫലശ്രമങ്ങളും, മായാസ്വപ്നങ്ങളും, വിഡ്ഢിത്ത നടപടികളും കണ്ട് നിരന്തരം ചിരിച്ചുകൊണ്ടിരിക്കുന്ന പരാശക്തിയാണ് ദൈവം. ‘കര്‍ത്താവ് ദുഷ്ടനെ പരിഹസിച്ചുചിരിക്കുന്നു. അവന്റെ ദിവസം അടുത്തെന്ന് അവിടുന്നറിയുന്നു’ എന്നാണ് സങ്കീര്‍ത്തനം ഓര്‍മിപ്പിക്കുന്നത് (സങ്കീ.37:13). എന്നാല്‍, ബൈബിള്‍ ഗൗരവപൂര്‍വം വായിക്കേണ്ട വേദമാണെന്ന് എല്ലാവരും കരുതുന്നതുകൊണ്ടായിരിക്കും ആ താളുകളില്‍ മറഞ്ഞിരിക്കുന്ന ദൈവത്തിന്റെ ഫലിതച്ചിരി ആരും കാണാതിരിക്കുന്നത്. തമാശയും നര്‍മസല്ലാപങ്ങളും പരിഹാസവുമൊക്കെ ഒഴിവാക്കിക്കൊണ്ട് അതിനുപകരം പ്രവചനങ്ങളും യുദ്ധങ്ങളും പ്രാര്‍ഥനകളും അനുശാസനകളും ബലികളുമെല്ലാം ചേര്‍ത്ത് ഗൗരവതരമാക്കിയതാണ്‌ വചനങ്ങള്‍ക്ക് ഇരുതലവാളിന്റെ മൂര്‍ച്ച നല്‍കുന്നതെന്ന് അനുമാനിക്കുന്നവര്‍ ക്ഷമിക്കുക. ഗൗരവപൂര്‍വം പറയുന്നതായിരിക്കും ഒരുപക്ഷേ, സത്യത്തിന് കൂടുതല്‍ ദൃഢത നല്‍കുക എന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടാകാം. മുന്‍ധാരണകളൊന്നു മാറ്റിവച്ച് തികച്ചും ലാളിത്യത്തോടെ വചനം ധ്യാനിച്ചു തുടങ്ങുമ്പോള്‍ മാനവരാശിയുടെ വിഡ്ഢിത്തം ഓര്‍ത്ത് ചിരിക്കുന്ന ദൈവത്തെ പതുക്കെ നമുക്ക് വെളിപ്പെട്ടുകിട്ടും.

ഒരു മാത്രയെങ്കിലും നിത്യതയുടെ സ്പര്‍ശനം കിട്ടിയവര്‍ക്ക് ഈ ദുര്‍മോഹവും ആര്‍ത്തിയും പടയോട്ടവും കോലാഹലങ്ങളും കാണുമ്പോള്‍ മുഖത്ത് ഒരു പുഞ്ചിരി വിടരാതിരിക്കുന്നതെങ്ങനെയാണ്. മരണത്തിനുശേഷം മൂന്നാം നാള്‍ ക്രിസ്തു ഉയിര്‍പ്പിച്ച ലാസര്‍ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു എന്നാണല്ലോ പാമ്പര്യം. എല്ലാദിനവും പ്രഭാതത്തില്‍ ഉണര്‍ന്നേഴുന്നേറ്റയുടന്‍ റിന്‍സായി എന്ന സന്യാസി ചിരിക്കുമായിരുന്നു, അഞ്ഞൂറ് സന്യാസിമാരുള്ളആശ്രമത്തില്‍എല്ലാവരും കേള്‍ക്കാവുന്ന ഉച്ചത്തില്‍, രാത്രി വിശ്രമിക്കാന്‍ പോകുന്നതിനുമുമ്പും അതുപോലൊരു ചിരി ആവര്‍ത്തിച്ചിരുന്നു. എന്താണിതിന്റെ പൊരുളെന്ന് പലവട്ടം പലരും ചോദിച്ചു. അതിനും അദ്ദേഹം ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഒടുവില്‍ മരണക്കിടക്കയില്‍ ശിഷ്യര്‍ നിര്‍ബന്ധംപിടിച്ചു, ”പ്രഭാതത്തിലും രാത്രിയിലുമുള്ള അങ്ങയുടെ പൊട്ടിച്ചിരിയുടെ അര്‍ഥം ഞങ്ങള്‍ക്ക് പറഞ്ഞുതരിക. ശരീരം ഉപേക്ഷിക്കുന്നതിനു മുമ്പ് ഞങ്ങള്‍ ആഗ്രഹിക്കുന്ന ഏക രഹസ്യം ഇതു മാത്രമാണ്.” റിന്‍സായി പറഞ്ഞു: ലോകത്തിന്റെ വിഡ്ഢിത്ത മോര്‍ത്താണ് ഞാന്‍ ചിരിക്കുന്നത്. രാവിലെ ഞാന്‍ ചിരിച്ചത്‌ വിഡ്ഢിത്തമാര്‍ന്ന ലോകത്തിലേക്ക്‌ വീണ്ടും പ്രവേശിക്കുകയാണല്ലോ എന്നോര്‍ത്താണ്. ഒരുദിവസം കൂടി അത്ര നന്നായിത്തന്നെ കടന്നുപോയി എന്നോര്‍ത്താണ് രാത്രിയിലും ചിരിക്കുന്നത്.

ആധുനിക ശാസ്ത്രഗവേഷണങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഒരു നിരീക്ഷണമുണ്ട്. മനുഷ്യന്റെ തലച്ചോറ് രണ്ട് അര്‍ധഗോളങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മസ്തിഷ്‌കത്തിന്റെ വലതുഭാഗം ആത്മീയതയുടെ ഇരിപ്പിടമാണ്. സ്‌നേഹവും കാരുണ്യവും പുഞ്ചിരിയും നര്‍മവും വിരിയുന്നതവിടെയാണ്. ഇടതു ഗോളാര്‍ധമാകട്ടെ യുക്തിയുടെ ഇരിപ്പിടമാണ്. ചിന്തിച്ചുറപ്പിച്ച കാര്യങ്ങള്‍ നടത്തുകയും, ലാഭനഷ്ടങ്ങളും, കുടിലതന്ത്രങ്ങളും രൂപപ്പെടുത്തലുകളും ചെയ്യുന്നതവിടെയാണ്. മനുഷ്യന്‍ ഇതു രണ്ടിന്റേയും സങ്കലനമാണ്. ചിലരെ ശിരസ്സിലുള്ള ഇടതുഗോളത്തിന്റെ യുക്തി കീഴടക്കുന്നു. അവര്‍ ഇടതുവശത്തെ കുരിശില്‍ കിടന്ന കള്ളന്‍ കണക്കെ മരണത്തിന്റെ നിസ്സഹായതയിലും ഭൗതിക സുഖങ്ങളെ അള്ളിപ്പിടിക്കാന്‍ പാഴായി ശ്രമിച്ച് നിരാശയോടെ കീഴടങ്ങുന്നു. ഇനിയും ചിലര്‍ വലതു ഗോളത്തിന്റെ ആത്മീയ തലത്താല്‍ അനുഗ്രഹിക്കപ്പെടുന്നു. അവരാകട്ടെ വലതുവശത്തെ കള്ളന്‍ കണക്കെ പറുദീസാനുഭവത്തിന്റെ നിറവില്‍ മാനവരാശിയുടെ പാഴ്വേലകളെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ പിന്‍വാങ്ങുന്നു.

Fr. Jonadh
ജോനാഥ് കപ്പുച്ചിൻ 

Related Articles