Tuesday, November 24, 2026

വേരുകള്‍

”ഞാന്‍ അങ്ങാടിയിലൊന്നുപോയി വരട്ടെ. നീ അപ്പോഴേക്കും ചായ എടുത്തു വച്ചേരെ. വന്നിട്ട് ഒന്നിച്ചുകുടിക്കാം.” എന്നു പറഞ്ഞ് വീട്ടില്‍നിന്നും പോയ അപ്പന്റെ ചലനമറ്റ ശരീരമായിരുന്നു കുറച്ചുസമയം കഴിഞ്ഞ് വീട്ടിലേക്കെത്തിയത്. ആ അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തില്‍ നിലവിളിച്ചും നിശ്ശബ്ദമായും മുഖം കൊടുക്കാതെയും പ്രതികരിച്ച ആ കുടുംബാംഗങ്ങളില്‍ വ്യത്യസ്തയായിരുന്നു അവരുടെ ഇളയ മകള്‍. വളരെ സമചിത്തതയോടെ ആയിരുന്നു അവള്‍ അപ്പന്റെ മൃതസംസ്‌കാര ശുശ്രൂഷകളില്‍ ആദ്യന്തം പങ്കുകൊണ്ടത്. ”നിനക്കെങ്ങനെ ഇതിനു സാധിക്കുന്നു?” എന്ന ചോദ്യത്തിനുള്ള അവളുടെ മറുപടി വളരെ പെട്ടെന്നായിരുന്നു: ”ഞാനെന്റെ അപ്പന്റെ മകളാണ്.” പ്രതിസന്ധികളില്‍ പതറിപ്പോകാത്ത ആ അപ്പനില്‍ നിന്നു സ്വീകരിച്ച വീര്യമുണ്ടായിരുന്നു അവളുടെ വാക്കുകളില്‍. അവളുടെ വേരുകള്‍ ദൃഢമായിരുന്നു!

മനുഷ്യന് മരങ്ങളെക്കാള്‍ വേരുകളുണ്ട്. ആ വേരുകള്‍ക്ക് ഒരുപക്ഷേ, അമ്മയുടെ ഉദരത്തോളവും അപ്പന്റെ ഹൃദയത്തോളവും ദൈവത്തിന്റെ അന്തരംഗത്തോളവും ദൈര്‍ഘ്യം കാണും. അതിലെ ജീവരസത്തില്‍ നിന്നാണ് ഓരോ മനുഷ്യനും പൂത്തുലഞ്ഞു നില്‍ക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള റെഡ് വുഡ് മരങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ. രണ്ടായിരത്തോളം വര്‍ഷം ആയുസ്സുള്ള ഈ മരങ്ങള്‍ക്ക് മുന്നൂറടിയില്‍ കൂടുതല്‍ ഉയരത്തില്‍ വളരാന്‍ കഴിയും. ഈ പടുകൂറ്റന്‍ വൃക്ഷങ്ങള്‍ വലിയ കാറ്റിലും മഴയിലും നിലംപതിക്കാതെ വര്‍ഷങ്ങളോളം തലയെടുപ്പോടെ നില്‍ക്കുന്നതിന് ഒരു കാരണമുണ്ട്. ഭൂമിക്കടിയില്‍ അവയുടെ വേരുകള്‍ തമ്മില്‍ വേര്‍പെടുത്താനാവാത്തവിധം കൂടിപ്പിണഞ്ഞാണ് കിടക്കുന്നത്. ഏകദേശം ആറു മുതല്‍ 12 അടി വരെ മാത്രമേ അവയുടെ തായ്‌വേരുകള്‍ക്ക് ആഴമുള്ളൂവെങ്കിലും വര്‍ഷം തോറും ആ വൃക്ഷത്തിന്റെ വേരുകള്‍ 100 അടിയോളം വിസ്താരത്തില്‍ വരെ സഞ്ചരിക്കും. ആ വേരുകള്‍ ഒരേ കുടുംബത്തില്‍പ്പെട്ട മറ്റു വൃക്ഷങ്ങളുടെ വേരുകളുമായി കൂടിച്ചേരുകയും ഒരു കുടുംബമായി പരസ്പരം ശക്തി പകര്‍ന്ന് വളരുകയും ചെയ്യുന്നു.

പുറമേ കാണുന്ന മരത്തിന്റെ നിലനില്‍പ്പിനും അസ്തിത്വത്തിനും ആധാരമായി നില്‍ക്കുന്ന അദൃശ്യ ശക്തിയാണ് വേരുകള്‍. ഒരു കുടുംബമായി വളരുന്ന മരങ്ങളെപ്പോലെ ഭൂമിയിലെ മനുഷ്യരും തങ്ങളുടെ സൗഹൃദത്തിന്റെ, നന്മയുടെ, നിലപാടുകളുടെ വേരുപാകി ഒരുപാടുപേര്‍ക്ക് താങ്ങായിനില്‍ക്കുന്നുണ്ട്. സമയത്തിന്റെ പൂര്‍ണതയില്‍ അവരുടെ ശരീരം മണ്ണിലും ആത്മാവ് ദൈവത്തിലും ശബ്ദം നിത്യനിശ്ശബ്ദതയിലും അലിഞ്ഞു തീരുമെങ്കിലും അവരോടൊപ്പമുണ്ടായിരുന്നവരുടെ ഓര്‍മകളുടെ മണ്ണടരുകളില്‍ അവരുടെ വേരുകള്‍ അവശേഷിക്കുന്നുണ്ടാവും. അത് പ്രതീക്ഷയുടെ പുതുനാമ്പുകളായി, നന്മയുടെ ശേഷിപ്പുകളായി, പൂത്തും തളിര്‍ത്തും ജീവിക്കാന്‍ പ്രചോദനമായി നിലകൊള്ളുന്നുണ്ട്.

വേദപുസ്തകം നമ്മോടാവശ്യപ്പെടുന്നത് വിശ്വാസം വഴി ക്രിസ്തു നിങ്ങളില്‍ വസിക്കണമെന്നും നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നുമാണ് (എഫേ. 3:17). ഈ വേരുപാകല്‍ നിരന്തര ജാഗ്രതയുടെ പ്രവൃത്തിയാണ്. ഇലകള്‍ക്കും ശിഖരങ്ങള്‍ക്കും ജോലികളൊന്നും ചെയ്യാതെ ശാന്തമായിരിക്കാനൊരു കാലം ഋതു ഭേദങ്ങള്‍ സമ്മാനിക്കുന്നുണ്ട്. എന്നാല്‍, വേരുകള്‍ എപ്പോഴും പ്രവര്‍ത്തനനിരതമാണ്. മനുഷ്യന്റെ മരണം എന്നത് ഈ വേര് അറ്റുപോകലാണ്. ക്രിസ്തുവെന്ന സ്‌നേഹത്തില്‍ വേരുപാകാത്ത ജീവിതങ്ങളൊക്കെ നിത്യതയെന്ന പറുദീസ അനുഭവത്തിന് മരിക്കുകയാണ്.

ഒരു കാലത്ത് മാലാഖയായിരുന്ന ലൂസിഫര്‍, ദൈവമെന്ന പരമനന്മയോടൊപ്പം ആയിരുന്നിട്ടും ആ സ്‌നേഹത്തില്‍ വേരുപാകാന്‍ കഴിയാതെ വീണുപോയവനാണ് എന്ന് വായിച്ചതോര്‍ക്കുന്നു. സ്വര്‍ഗീയ മഹിമയിലായിരുന്നിട്ടും ദൈവികസ്‌നേഹത്തില്‍ അടിയുറയ്ക്കാന്‍ സാധിക്കാഞ്ഞതിനാല്‍ അവന്‍ ഇന്നും സ്വര്‍ഗത്തിന് മരിച്ചവനാണ്. പറുദീസായില്‍ ദൈവത്തോടൊപ്പം നല്ല സുഹൃത്തുക്കളെപ്പോലെ കഴിഞ്ഞ ആദ്യ മാതാപിതാക്കള്‍ക്കും നിത്യസ്‌നേഹമായ ദൈവത്തില്‍ വേരുപാകാന്‍ കഴിഞ്ഞില്ല. ഫലമോ, പറുദീസായുടെ പുറത്തേക്ക് അവര്‍ ഇറങ്ങേണ്ടിവന്നു. ക്രിസ്തുവെന്ന ജീവന്റെ ഉറവയോട് അത്രമേല്‍ ചേര്‍ന്നു നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച യൂദാസിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ദൈവത്തോട് എത്രമേല്‍ അടുത്തുനിന്നാലും, ആ സ്‌നേഹത്തിലും നന്മയിലും ആഴത്തില്‍ വേരൂന്നിയില്ലെങ്കില്‍ നമ്മളും ആത്മീയമായി മരിച്ചവരായി മാറും എന്നതില്‍ സംശയമില്ല. എന്നാല്‍, സ്‌നേഹത്തില്‍ വേരൂന്നിയവന്‍ മരിച്ചാലും ജീവിക്കുന്നു. അവര്‍ അനേകരുടെ ഹൃദയങ്ങളിലും സ്വര്‍ഗത്തിന്റെ അനന്തതയിലും നിത്യമായി പൂത്തു തളിര്‍ത്തുകൊണ്ടേയിരിക്കുന്നു.
സ്‌നേഹപൂര്‍വം
സി. നിമിഷ റോസ് CSN
srnimisharose@gmail.com

Related Articles