Tuesday, November 24, 2026

കുഞ്ഞുങ്ങളും ചുമരിലെ വരകളും: മാതാപിതാക്കള്‍ അറിയാന്‍

”ഡോക്ടര്‍, ഇവന്‍ കിട്ടുന്നിടത്തെല്ലാം വരയ്ക്കും. ചുവരും വാതിലും ഫര്‍ണിച്ചറും ഒന്നും വിടില്ല!”

കുട്ടികളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കണ്‍സള്‍ട്ടേഷനുകളില്‍ മാതാപിതാക്കളില്‍ നിന്ന് പതിവായി കേള്‍ക്കുന്ന പരാതികളിലൊന്നാണിത്. വീട് വൃത്തികേടാകുന്നു എന്നത് മാതാപിതാക്കളുടെ ന്യായമായ ആശങ്കയാണ്. എന്നാല്‍, കുട്ടികളുടെ വളര്‍ച്ചയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ചുവരുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതും കുത്തിവരയ്ക്കുന്നതും പലപ്പോഴും അവരുടെ സ്വാഭാവിക പഠന പ്രക്രിയയുടെ ഭാഗമാണ്.

കുട്ടിക്കാലം എന്നത് നിറങ്ങളുടെയും ഭാവനയുടെയും കാലമാണ്. വീടിന്റെ വെളുത്ത ചുമരുകള്‍ കണ്ടാല്‍ പല കുട്ടികള്‍ക്കും അത് ഒരു വലിയ കാന്‍വാസ് പോലെയാണ് തോന്നുക. മാതാപിതാക്കള്‍ക്ക് ഇത് പലപ്പോഴും തലവേദനയാകാറുണ്ട്. പക്ഷേ, ഇതിന്റെ പിന്നില്‍ ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ കാരണങ്ങള്‍ ഉണ്ട്.

ഇത് പ്രശ്‌നമാണോ?

ഇത് പൂര്‍ണമായും ‘തെറ്റ്’ എന്നു പറഞ്ഞ് അടിച്ചമര്‍ത്തുന്നത് കുട്ടിയുടെ സര്‍ഗാത്മകതയെ ഇല്ലാതാക്കും. പകരം നമ്മള്‍ ചെയ്യേണ്ടത് അവരുടെ ദിശ തിരിച്ചു വിടുക എന്നതാണ്. കുട്ടിയുടെ ഓരോ വരയിലും ഒരു കഥയുണ്ട്; നമ്മള്‍ ചെയ്യേണ്ടത് ആ കഥ കേള്‍ക്കുകയാണ്.

ചെറിയ കുട്ടികള്‍ അവരുടെ ചുറ്റുപാടുകളെ മനസ്സിലാക്കുന്നത് പരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണ്. കയ്യില്‍ കിട്ടുന്ന ക്രയോണോ പെന്‍സിലോ ഉപയോഗിച്ച് അടയാളങ്ങള്‍ സൃഷ്ടിക്കുന്നത് അവരുടെ അന്വേഷണ മനോഭാവത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ പല കുട്ടികളും പേപ്പറിനെക്കാള്‍ ചുവരുകള്‍ തിരഞ്ഞെടുക്കുന്നത് കാണാം.

സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാത്ത കുഞ്ഞുങ്ങള്‍ക്ക് വരയിലൂടെ തങ്ങളുടെ ലോകം കാണിക്കാനുള്ള വഴിയാണിത്. മേശപ്പുറത്തെ പേപ്പര്‍ അവരുടെ ഭാവനയ്ക്ക് തികയാതെ വരുമ്പോള്‍, ചുമരാണ് അവര്‍ക്ക് വലിയ കാന്‍വാസായി മാറുന്നത്. ചുമരിലെ ഓരോ വരയും കുട്ടിയുടെ മനസ്സിലെ ജാലകമാണ്. അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യണം? വഴക്ക് പറയുന്നതിനു പകരം ഒരു നിശ്ചിത സ്ഥലം അവര്‍ക്ക് കൊടുക്കുക.

ലംബമായ പ്രതലങ്ങളില്‍ (Vertical Surface) വരയ്ക്കുന്നതിന്റെ ഗുണങ്ങള്‍

ചുവരുകള്‍, വൈറ്റ് ബോര്‍ഡുകള്‍ തുടങ്ങിയ ലംബമായ പ്രതലങ്ങളില്‍ കുട്ടികള്‍ കൈകള്‍ ഉയര്‍ത്തി വരയ്ക്കുന്നതിലൂടെ കുട്ടികളുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങളുണ്ട്.

പേശികളുടെ ബലം മെച്ചപ്പെടുത്തുന്നു:

ഇത്‌ തോളുകളിലെയും കൈകളിലെയും പേശികളുടെ പ്രവര്‍ത്തനം (Shoulder Stability, Arm Strength) എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും കൈക്കുഴകള്‍ കൃത്യമായി നിയന്ത്രിക്കാന്‍ (Wrist Control) പ്രാപ്തമാക്കുകയും ചെയ്യുന്നു.

എഴുത്തിന് ആവശ്യമായ ശരിയായ കൈ ചലനങ്ങളും പെന്‍സില്‍ നിയന്ത്രണവും വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായും ഇത് കാരണമാകുന്നു.

കണ്ണുകളും കൈകളും തമ്മിലുള്ള ഏകോപനം (Hand-Eye Coordination) മെച്ചപ്പെടുത്തുന്നു.

കുട്ടികള്‍ കണ്ണുകള്‍കൊണ്ട് സ്ഥാനം നിരീക്ഷിക്കുകയും അതിനനുസരിച്ച്‌ കൈ ചലിപ്പിക്കുകയും ചെയ്യുമ്പോള്‍ കണ്ണുകളും കൈകളും തമ്മിലുള്ള ഏകോപനം വികസിക്കുന്നു.

ഈ കഴിവ് പിന്നീട് താഴെ പറയുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനമായി മാറുന്നു:

  • എഴുതാന്‍
  • നിറം കൊടുക്കുക്കാന്‍
  • കത്രിക ഉപയോഗിക്കാന്‍
  • ബട്ടണ്‍ ഇടുന്നതിനും സിപ്പ് വലിക്കുന്നതിനും
  • ദൈനംദിന കാര്യങ്ങള്‍ സ്വയം ചെയ്യാന്‍

സര്‍ഗാത്മക ചിന്തയും ആത്മവിശ്വാസവും വളര്‍ത്തുന്നു

കുട്ടികള്‍ വരകളിലൂടെയും ചിത്രങ്ങളിലൂടെയും അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിലൂടെ സര്‍ഗാത്മകത (Creativity), ഭാവന (Imagination), സ്വയം വെളിപ്പെടുത്തല്‍ (Self-expression) എന്നിവ വളരുന്നു. ‘ഞാന്‍ എന്തോ ഒന്ന് സൃഷ്ടിച്ചു’ എന്ന തോന്നല്‍ കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

മാതാപിതാക്കള്‍ എന്ത് ചെയ്യണം?

ചുവരില്‍ വരയ്ക്കുന്നതിന് കുട്ടിയെ ശാസിക്കുന്നത് ഒരു പരിഹാരമല്ല. അതുപോലെ വീടിന്റെ എല്ലാ ചുവരുകളും കുട്ടിക്ക്‌ വിട്ടുകൊടുക്കുന്നതും പ്രായോഗികമല്ല. അതിനുപകരം വ്യക്തമായ അതിരുകളും അനുയോജ്യമായ അവസരങ്ങളും നല്കുകയാണ് വേണ്ടത്.

  • ‘ചുവരില്‍ വരയ്ക്കരുത്’ എന്നു മാത്രം പറയാതെ ‘ഇവിടെയാണ് വരയ്‌ക്കേണ്ടത്’ എന്നു കാണിച്ചുകൊടുക്കുക.
  • വീട്ടില്‍ വരയ്ക്കാന്‍ ഒരിടം ഒരുക്കുക.
  • വലിയ ചാര്‍ട്ട് പേപ്പര്‍ ചുവരില്‍ ഒട്ടിച്ച് നല്‍കുക.
  • വൈറ്റ്‌ബോര്‍ഡോ ബ്ലാക്ക്‌ബോര്‍ഡോ ഉപയോഗിക്കാന്‍ അവസരം നല്‍കുക.
  • കഴുകിയാല്‍ പോകുന്ന ക്രയോണുകളും മാര്‍ക്കര്‍ പേനകളും (Washable Crayons, Markers) നല്‍കുക.

ചുവരുകള്‍ വൃത്തികേടാകാതിരിക്കാന്‍ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍

കുട്ടികളുടെ വളര്‍ച്ചയും വീടിന്റെ വൃത്തിയും ഒരു പോലെ നിലനിര്‍ത്താന്‍ ഏതാനും ചില മാര്‍ഗങ്ങള്‍:

  • ചുവരില്‍ വലിയ Drawing Roll Paper ഒട്ടിക്കുക.
  • പഴയ കാര്‍ഡ്‌ബോര്‍ഡ്‌ ബോക്‌സുകളുടെ മേല്‍ വരയ്ക്കാന്‍ അവസരം നല്‍കുക.
  • Whiteboard Sticker Wall ഉപയോഗിക്കുക.
  • Chalkboard Paint ഉപയോഗിച്ച് ഒരു ചെറിയ Drawing Area ക്രമീകരിക്കുക.
  • നിലത്ത് വലിയ ചാര്‍ട്ട് പേപ്പര്‍ വിരിച്ച് Group Drawing Activities നടത്തുക.
  • Magnetic Drawing Board അല്ലെങ്കില്‍ Reusable Writing Board ഉപയോഗിക്കുക.

കുഞ്ഞുങ്ങള്‍ ചുവരില്‍ കുത്തിവരയ്ക്കുന്ന ഓരോ ചിത്രവും വീടിന്റെ ഭംഗി കുറയ്ക്കുന്ന ഒന്നായി തോന്നാം. എന്നാല്‍, കുട്ടിയുടെ കാഴ്ചപ്പാടില്‍ അത് പഠനത്തിന്റെയും അന്വേഷണത്തിന്റെയും വളര്‍ച്ചയുടെയും ഭാഗമായിരിക്കാം. അതിനാല്‍ ഇത്തരം പെരുമാറ്റങ്ങളെ പൂര്‍ണമായും തടയുന്നതിനുപകരം, ശരിയായ മാര്‍ഗനിര്‍ദേശത്തോടെ സുരക്ഷിതവും അനുയോജ്യവുമായ അവസരങ്ങളിലേക്ക് നയിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. അതുകൊണ്ട് വഴക്കുപറയുന്നതിനു പകരം ഒരു ചോക്ക് കൂടി അവരുടെ കയ്യില്‍ കൊടുക്കൂ. കാരണം, ഓരോ മാസ്റ്റര്‍ പീസിന്റെയും തുടക്കം ഒരു ചുമരില്‍ നിന്നാകാം. ചുവരിലെ ഇന്നത്തെ ഈ കുത്തിവരകളാണ് നാളെയുടെ വലിയ സൃഷ്ടികള്‍ക്ക് തുടക്കമിടുന്നത്.

ഡോ. ഹിമ മാത്യൂസ് പി.
Senior consultant Pediatrician
and allergist
Lisie medicity

 

Related Articles