Tuesday, November 24, 2026

പതിനായിരത്തിൽ തീർന്നാല്ലോ

വളരെ സന്തുഷ്ടനായൊരാള്‍. എപ്പോഴും അയാളുടെ മുഖത്ത് പുഞ്ചിരിയുണ്ടാവും. എല്ലാവര്‍ക്കും പ്രിയപ്പെട്ടൊരാള്‍. പക്ഷേ, ഒരിക്കല്‍ കണ്ടപ്പോള്‍ അയാളുടെ മുഖത്ത് ഒരു നഷ്ടബോധം. പതിവുള്ള ചിരിയില്ല. കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു; ”കഴിഞ്ഞ ദിവസം പതിനായിരം രൂപ വെറുതെ പോയി അച്ചാ.” എങ്ങനെയാണ് പണം നഷ്ടപ്പെട്ടതെന്നറിയാനുള്ള ആകാംക്ഷയോടെ കാരണം തിരക്കി.
കുറച്ചുനാളായി അദ്ദേഹത്തിനു പല ശാരീരിക അസ്വസ്ഥതകളും ഉണ്ടാകുമായിരുന്നു. ഇടയ്ക്ക് നെഞ്ചുവേദനയും ശ്വാസം മുട്ടലും വരും.
ഭാര്യയുടെയും മക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി ആശുപത്രിയില്‍ പോയി. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍ സ്‌കാനിംഗിനും ചില ടെസ്റ്റുകള്‍ക്കും നിര്‍ദേശിച്ചു. അതിന്റെ കാഠിന്യമനുസരിച്ച് തുടര്‍ ചികിത്സകള്‍.
പരിശോധനകള്‍ക്കു ശേഷം ഭയത്തോടെ ഡോക്ടറെ കണ്ടപ്പോഴാണ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും ടെസ്റ്റുകളില്‍ യാതൊരു പ്രശ്നവും കാണിക്കുന്നില്ലെന്നും ഡോക്ടര്‍ പറയുന്നത്.
ഒരു ദീര്‍ഘ നിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു:
”വെറുതെ പതിനായിരം രൂപ പോയി!”
സ്വതസിദ്ധമായ ശൈലിയില്‍ ഞാന്‍ ചോദിച്ചു: ”അസുഖമൊന്നുമില്ലാത്തതാണോ ചേട്ടന്റെ കുഴപ്പം. ഇനി വല്ലതും കണ്ടുപിടിച്ചിരുന്നെങ്കില്‍ പതിനായിരത്തിനു പകരം ലക്ഷങ്ങള്‍ പോകുമായിരുന്നില്ലേ? അതുകൊണ്ട് പതിനായിരം രൂപ പോയി എന്ന് വ്യാകുലപ്പെടാതെ പതിനായിരത്തില്‍ തീര്‍ന്നല്ലോ എന്നു കരുതി സന്തോഷിക്കുക.!”

ജീവിതത്തില്‍ ചെറിയ നഷ്ടങ്ങളെക്കുറിച്ചുള്ള വലിയ നൊമ്പരങ്ങളുമായി നടക്കുന്നവരാണ് നമ്മില്‍ പലരും. നമ്മെ അലോസരപ്പെടുത്തുന്ന കാര്യങ്ങളെക്കാള്‍ വലുപ്പമുണ്ട് നാം അനുഭവിക്കുന്ന നന്മകള്‍ക്ക് എന്ന് പലരും ഓര്‍ക്കാറില്ല.
കാലിന്റെ വേദനയെക്കുറിച്ച് ആകുലപ്പെടുന്നവര്‍ കാലുകള്‍ തളര്‍ന്നവരെക്കുറിച്ചോര്‍ക്കുക.
വീടിന് വലുപ്പം കുറവെന്നു കരുതി പുതിയ വീടിനെക്കുറിച്ചുള്ള ചിന്തകളാല്‍ നൊമ്പരപ്പെടുന്നവര്‍ വീടില്ലാത്തവരെക്കുറിച്ചോര്‍ത്തു നോക്കുക.
ആഗ്രഹിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ ലഭിക്കാത്തവര്‍ ഭക്ഷണമില്ലാത്തവരെക്കുറിച്ച് ഓര്‍ക്കുക. അപ്പോഴാണ്‌ നമ്മുടെ സങ്കടങ്ങള്‍ എത്ര നിസ്സാരമെന്ന് മനസ്സിലാകുന്നത്.
പലപ്പോഴും ഇങ്ങനെയൊന്നും ചിന്തിക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം, നമ്മള്‍ നമ്മില്‍ത്തന്നെ കുടുങ്ങിക്കിടക്കുന്നു. സ്വന്തം രോഗങ്ങളും നൊമ്പരങ്ങളുമാണ് ഏറ്റവും വലുതെന്ന് കരുതുന്നു. നമ്മെക്കാള്‍ കഷ്ടപ്പെടുന്നവരിലേക്ക് നോക്കാന്‍ കഴിയാത്തപ്പോള്‍ നമ്മുടെ ആകുലതകള്‍ ഏറ്റവും വലുതെന്ന് തോന്നുന്നത് സ്വാഭാവികം.

ജീവിതത്തില്‍ സന്തോഷം ലഭിക്കണമെങ്കില്‍ ദൈവാശ്രയം അത്യന്താപേക്ഷിതം. എന്നെ നടത്തുന്ന ഒരു ദൈവമുണ്ടെന്നും അവിടുന്ന് തക്കസമയത്ത് ഇടപെടുമെന്നും വിശ്വസിക്കണം. അതേക്കുറിച്ചാണ് പൗലോസ് അപ്പസ്‌തോലന്‍ ഇങ്ങനെ പറയുന്നത്: ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ 5 : 5). ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നത് ശീലമാക്കാം. അവിടുന്ന് ഒരിക്കലും കൈവിടില്ലെന്ന് നമ്മോടുതന്നെ ആവര്‍ത്തിച്ച് പറയാം.


ഫാ. ജെന്‍സന്‍ ലാസ്‌ലെറ്റ്‌

Related Articles