Tuesday, November 24, 2026

അക്ഷരശോഭയ്ക്ക് ആദരവോടെ…

ചില മനുഷ്യരുണ്ട്, പതിവു കാഴ്ചകളില്‍നിന്നും പ്രകാശമുള്ള ചിന്തകളെ ഒപ്പിയെടുത്ത് സമൂഹത്തിനു നല്‍കാന്‍ ഈ ഭൂമിയിലേക്കു വിരുന്നിനെത്തിയവര്‍. ജീവന്‍ തുടിക്കുന്ന അക്ഷരങ്ങള്‍കൊണ്ട് കല്പാന്തകാലത്തോളം മനുഷ്യമനസ്സുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ എഴുത്തുകാരുടെ ഗണത്തില്‍ ആരവങ്ങളില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരാളാണ് സി. ശോഭ. ഒരിക്കല്‍ സി. ശോഭയെക്കുറിച്ച് ഒരാള്‍ പങ്കുവച്ചതോര്‍ക്കുന്നു: ‘ഇതുപോലെത്തെ ആളുകളൊക്കെ ഒരു കാലഘട്ടത്തില്‍ ഒന്നോ രണ്ടോ പേരേ കാണൂ, അതിനു പകരംവയ്ക്കാന്‍ വേറെ ആളുകളില്ല.’

ലളിതമായ എഴുത്തുകളും സങ്കീര്‍ണതകളില്ലാത്ത ഇടപെടലുകളും മനുഷ്യത്വപരമായ സമീപനവുമാണ് സി. ശോഭയെ വ്യത്യസ്തയാക്കുന്നത്. ഒന്നിച്ചുള്ള യാത്രകളിലും ജീവിതത്തിലും ഇത് കൂടുതല്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എഴുത്തിന്റെ ലോകത്തേക്ക് ചുവടുകള്‍ വച്ചു തുടങ്ങിയ നാളുകളില്‍, മനസ്സില്‍ തോന്നിയതൊക്കെ കുത്തിക്കുറിച്ച കടലാസുകളുമായി മുന്നില്‍ ചെന്നു നിന്ന അനുഭവങ്ങള്‍ ഇപ്പോഴും ഓര്‍മയുണ്ട്. ഒരു കുഞ്ഞനുജത്തിയെന്ന കരുതലോടെ ഒപ്പം നിന്ന് ചിന്തകള്‍ക്ക് തെളിച്ചം തന്നതും, കൂടുതല്‍ നന്നായി എഴുതാന്‍ പ്രചോദനമായതും സി.ശോഭയുടെ വലിയ മനസ്സാണ്. ചെയ്യുന്ന ദൗത്യത്തിന്റെ മഹത്വത്തെക്കുറിച്ച് പറയാനും മനസ്സിലാക്കിത്തരാനും സിസ്റ്ററിനു കഴിയുന്നത് തന്റെ ദൗത്യത്തോടു പുലര്‍ത്തുന്ന സമര്‍പ്പണവുആത്മാര്‍ഥതയുമാണെന്ന് നിസ്സംശയം പറയാം.

ഹൃദയബന്ധങ്ങള്‍ക്ക് വലിയ വില നല്‍കുന്ന മനുഷ്യരിലൊരാള്‍കൂടിയാണ് സി. ശോഭ. മനസ്സില്‍ എപ്പോഴും ഊഷ്മളമായൊരു ആത്മബന്ധം സൂക്ഷിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. എഴുത്തില്‍ ചുവടുവയ്ക്കാന്‍ ആഗ്രഹിച്ച ഒട്ടനേകം തുടക്കക്കാര്‍ക്ക് അവസരങ്ങള്‍ കൊടുക്കാനും, അവരെ എഴുത്തിന്റെ മേഖലയില്‍ വളര്‍ത്താനും ആ വലിയ മനസ്സ് എന്നും മുന്നിലുണ്ടായിരുന്നു. അക്ഷരങ്ങളിലൂടെ മാത്രമല്ല, അപരനിലേക്ക് നീളുന്ന ആത്മാര്‍ഥമായ ഈ സ്‌നേഹബന്ധങ്ങളിലൂടെ കൂടിയാണ്‌ സിസ്റ്റര്‍ എല്ലാവരുടെയും പ്രിയപ്പെട്ടവളായിട്ടുള്ളത്.

29വര്‍ഷക്കാലം ‘അമ്മ’ മാസികയെ അതിമനോഹരമായി അണിയിച്ചൊരുക്കാന്‍ എല്ലാത്തരത്തിലും അധ്വാനിച്ച സി. ശോഭ എഡിറ്റര്‍ എന്ന തന്റെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുകയാണ്. സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ കൈയെത്തും ദൂരത്തല്ലാതിരുന്ന ഒരു കാലത്തായിരുന്നു സി. ശോഭ തന്റെ ദൗത്യം ആരംഭിക്കുന്നത്. ഇന്റര്‍നെറ്റോ ഡിജിറ്റല്‍ സംവിധാനങ്ങളോ ഇത്ര സാധാരണമല്ലാതിരുന്ന അക്കാലത്ത്, ചിത്രങ്ങള്‍ വെട്ടി ഒട്ടിച്ച് ലേ-ഔട്ട് തയ്യാറാക്കുന്നതടക്കം ഒരു മാസിക പുറത്തിറക്കുക എന്നത് ഏറെ അധ്വാനം നിറഞ്ഞ ജോലിയായിരുന്നു. അത്തരമൊരു പ്രയാസകരമേറിയ കാലഘട്ടത്തിലൂടെ കടന്നുപോവുകയും, പിന്നീട് വന്ന അത്യാധുനിക സാങ്കേതിക മാറ്റങ്ങളെ കൃത്യമായി മനസ്സിലാക്കി ‘അമ്മ’യെ നവീകരിക്കുകയും ചെയ്യാന്‍ സി.ശോഭയ്ക്കു കഴിഞ്ഞു. കാലം മാറിയപ്പോഴും ആശയങ്ങളുടെ കാമ്പു ചോരാതെ, ശ്രദ്ധാപൂര്‍വം വിഷയങ്ങള്‍ തിരഞ്ഞെടുത്തും മികച്ച എഡിറ്റോറിയലുകളിലൂടെയും ‘അമ്മ’ യെ മറ്റ് ആത്മീയ പ്രസിദ്ധീകരണങ്ങളുടെ മുന്‍പന്തിയില്‍ നിര്‍ത്തിയത് സി. ശോഭയുടെ നിശ്ശബ്ദമായ അധ്വാനം തന്നെ. അതിനുള്ള ഒരു തെളിവാണ് 2006 ല്‍ കേരളത്തിലെ ഏറ്റവും നല്ല ക്രിസ്തീയ മാസികയുടെ പത്രാധിപര്‍ക്ക് ശാലോം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ശാലോം അവാര്‍ഡ് സി. ശോഭയ്ക്ക് ലഭിച്ചത്.

‘അമ്മ’യുടെ ഓരോ ലക്കത്തിനും വേണ്ടി കാത്തിരിക്കുന്ന ആയിരക്കണക്കിന്‌ വായനക്കാരുടെ മനസ്സില്‍ സി. ശോഭ പതിപ്പിച്ച സ്‌നേഹമുദ്ര ചെറുതല്ല. പ്രത്യേകിച്ച്, അനേകം അമ്മമാരുടെ പ്രാര്‍ഥനകളിലും വായനയിലും ‘അമ്മ’ മാഗസിന് വലിയൊരു സ്ഥാനമുണ്ടാക്കാന്‍ സി. ശോഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ‘അമ്മ മാസികയില്‍ നിന്നാണ്’ എന്ന് എവിടെയെങ്കിലും പരിചയപ്പെടുത്തിയാല്‍, ‘സി. ശോഭയുടെ ലേഖനങ്ങള്‍ ഇഷ്ടമാണ്, വായിക്കാറുണ്ട്’ എന്ന് ആളുകള്‍ പറയുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു! ‘അമ്മ’യിലൂടെ സി. ശോഭയും, സി. ശോഭയിലൂടെ അമ്മ മാസികയും ആളുകള്‍ തിരിച്ചറിയുന്ന ആത്മബന്ധം ഇതിനോടകം രൂപപ്പെട്ടു കഴിഞ്ഞു. സി. ശോഭയെ പഠിപ്പിച്ച അധ്യാപകര്‍ പോലും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിനിയെക്കുറിച്ചും അമ്മ മാസികയെക്കുറിച്ചും നിറഞ്ഞ അഭിമാനത്തോടെ സംസാരിക്കുന്നതും കത്തുകള്‍ എഴുതുന്നതും സി. ശോഭയുടെ എഴുത്തിന്റെ ആഴങ്ങള്‍ വ്യക്തമാക്കുന്നവയാണ്.

ഔദ്യോഗിക ചുമതലകളില്‍ നിന്ന് പടിയിറങ്ങുമ്പോഴും, തന്റെ എഴുത്തിലൂടെയും വാക്കുകളിലൂടെയും അനേകം മനസ്സുകളില്‍ വെളിച്ചം നിറയ്ക്കാന്‍ സി. ശോഭയ്ക്ക് ഇനിയും സാധിക്കട്ടെ. ഇനിയുള്ള ജീവിതയാത്രയിലും ശോഭ എന്ന പേരു പോലെ പ്രകാശവും സന്തോഷവും ആത്മീയനിറവും എന്നും കൂടെയുണ്ടാകട്ടെ എന്ന് ഹൃദയപൂര്‍വം പ്രാര്‍ഥിക്കുന്നു.

സി. നിമിഷ റോസ് CSN

Related Articles