‘ഒരു വ്യക്തിയുടെ പേര് അവന് ഏറ്റവും മധുരമായി കേള്‍ക്കുന്ന സംഗീതമാണ്’ അമേരിക്കന്‍ എഴുത്തുകാരനായ ഡെയ്ല്‍ കാര്‍ണഗീയുടെ ഈ വാക്കുകള്‍ ഒരു അധ്യാപികയായ ശേഷം ഞാന്‍ പലവട്ടം ഓര്‍ത്തിട്ടുണ്ട്. കാരണം, എന്റെ അധ്യാപനജീവിതത്തിന്റെ അടിത്തറ പാകിയത് ഒരു പാഠപുസ്തകമോ ഒരു ഗണിതസൂത്രമോ അല്ല; മറിച്ച്, ഒരു പേരുവിളിയായിരുന്നു.
പത്താംക്ലാസില്‍ പഠിക്കുന്നകാലം. മധ്യവേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസാണ്; വിഷയം ഗണിതം. ക്ലാസില്‍ ഞങ്ങള്‍ നൂറ്റിയിരുപതോളം കുട്ടികളുണ്ടായിരുന്നു. പുതിയ ക്ലാസും പുതിയ അധ്യാപകനും പുതിയ സ്വപ്നങ്ങളുമായി ഇരിക്കുമ്പോഴാണ്, അദ്ദേഹം മുന്‍കൂട്ടി കൊണ്ടുവരാന്‍ നിര്‍ദേശിച്ചിരുന്ന ഇന്‍സ്ട്രുമെന്റ് ബോക്സ് എടുക്കാന്‍ ഞാന്‍ മറന്നു പോയി എന്ന കാര്യം ഓര്‍മവന്നത്. വൈകാതെ തന്നെ ഇന്‍സ്ട്രുമെന്റ് ബോക്സ് കൊണ്ടുവരാത്തവരോട് എഴുന്നേറ്റുനില്ക്കാന് അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോഴാണ് ആദ്യമായി കാണുന്ന ആ അധ്യാപകന്, ആ വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് എന്നെ നോക്കി വിളിച്ചത്:
‘റപ്പായീ, താനും കൊണ്ടുവന്നില്ലേ?’
ആ ചോദ്യം ഒരു ശാസന മാത്രമായിരുന്നില്ല. അത്രയും കുട്ടികള്‍ക്കിടയില്‍ നിന്ന് ആ അധ്യാപകന് എന്നെ തിരിച്ചറിഞ്ഞു എന്ന വലിയൊരു അംഗീകാരമായിരുന്നു.
അന്നുവരെ ഗണിതം എനിക്ക് ഒരു ശരാശരി വിഷയമായിരുന്നു. എന്നാല്‍, ആ ദിവസത്തിനുശേഷം ഞാന്‍ ഗണിതത്തെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ശ്രദ്ധ ഇഷ്ടമായി മാറി; ഇഷ്ടം പഠനമായി മാറി; ആ പഠനം ഒടുവില്‍ എന്റെ ജീവിതവഴിയായും മാറി. അങ്ങനെ ഞാന്‍ ഇന്ന് ഒരു ഹൈസ്കൂള്‍ ഗണിതാധ്യാപികയാണ്.
ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ക്ലാസ് മുറിയുടെ മറുവശത്തു അധ്യാപികയായി നില്ക്കുമ്പോള്, ഓരോ വര്‍ഷവും ഏകദേശം ഇരുന്നൂറ്റി അന്‍പതോളം കുട്ടികള്‍ പുതിയ സ്വപ്നങ്ങളുമായി എന്റെ മുന്നില്‍ എത്തുന്നു. അവര്‍ക്കുവേണ്ടി ഞാന്‍ ആദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് പാഠപുസ്തകം പകര്‍ന്നു കൊടുക്കുകയല്ല; മറിച്ച് അവരുടെ ഓരോരുത്തരുടെയും പേരുകള്‍ പഠിച്ചെടുക്കുകയാണ്.
കുട്ടികളെ ശാസിക്കേണ്ടി വന്നാലും, അഭിനന്ദിക്കേണ്ടി വന്നാലും, അവരോട് ചോദ്യം ചോദിക്കേണ്ടി വന്നാലും, ഞാന്‍ അവരുടെ പേര് വിളിച്ചാണ് സംബോധന ചെയ്യാറുള്ളത്. കാരണം, എന്റെ അനുഭവം എന്നെ പഠിപ്പിച്ച ഒരു വലിയ സത്യമുണ്ട്: ഓരോ കുട്ടിക്കും അവരുടെ പേര് കേള്‍ക്കുമ്പോള്‍, ‘നീ ഈ ക്ലാസില്‍ വെറുമൊരു റോള്‍ നമ്പര്‍ അല്ല, മറിച്ച് നീ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്’ എന്ന അനുഭവമാണ് ലഭിക്കുന്നത്.
പേരുവിളി ഒരു ഔപചാരികതയല്ല. അത് അംഗീകാരമാണ്. അത് സ്വീകാര്യതയാണ്. അത് കുട്ടിയുടെ ആത്മാഭിമാനത്തെ തൊടുന്ന ആദ്യ സ്പര്‍ശമാണ്. പലപ്പോഴും ഒരു കുട്ടിയുടെ പഠനതാല്പര്യം വളരുന്നത് മികച്ചൊരു പാഠഭാഗത്തിലൂടെ മാത്രമായിരിക്കില്ല; ഒരു അധ്യാപകന്റെ സ്നേഹപൂര്‍വമായ പെരുമാറ്റത്തിലൂടെയുമാകാം. ഓരോ അധ്യാപകന്റെയും പ്രഥമമായ ദൗത്യം, കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തലാണെന്ന് ഞാന്‍ കരുതുന്നു. ‘നിന്നെ ഞാന്‍ കാണുന്നുണ്ട്, നിന്നെ ഞാന്‍ തിരിച്ചറിയുന്നുണ്ട്, നീ എനിക്ക് പ്രധാനപ്പെട്ടവനാണ്’ എന്ന സന്ദേശം ഓരോ അധ്യാപകനും നല്കാന് കഴിയും. എന്റെ ക്ലാസ് മുറിയില്‍ ഞാന്‍ പഠിപ്പിക്കുന്നത് ഗണിത സമവാക്യങ്ങളും സിദ്ധാന്തങ്ങളും മാത്രമല്ല; ഓരോ കുട്ടിയും വിലപ്പെട്ടവനാണെന്ന ബോധ്യം കൂടിയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അധ്യാപകന് എന്റെ പേര് വിളിച്ചതുപോലെ, ഇന്ന് അതേ അനുഭവം എന്റെ കുട്ടികള്‍ക്കും നല്കാന് ഞാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. കാരണം, ഒരു പേരുവിളിക്ക് ചിലപ്പോള്‍ ഒരു ജീവിതത്തിന്റെ ദിശതന്നെമാറ്റാന് കഴിയും. എന്റെ ജീവിതം അതിനൊരു സാക്ഷ്യമാണല്ലോ!
‘മറിയം…!’ യോഹന്നാന്റെ സുവിശേഷത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ യേശു മറിയം മഗ്ദലേനയെ പേരുചൊല്ലി വിളിക്കുന്ന ഒരു രംഗമുണ്ട്. ആ നിമിഷം, അവള് തന്റെ ഗുരുവിനെ തിരിച്ചറിയുകയാണ് – ‘റബോനി!’ (യോഹന്നാന് 20:16). ‘ദി ചോസെന്’ വെബ് സീരീസില്‍ ആ രംഗം അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. കണ്ണീരില്‍ മങ്ങിയ ലോകത്ത്, യേശുവിന്റെ ഒരു വിളി മാത്രം മതി, മറിയത്തിന്റെ ജീവിതത്തില്‍ വീണ്ടും വെളിച്ചം നിറയ്ക്കാന്‍. ആ വിളിയില്‍ അംഗീകാരമുണ്ടായിരുന്നു; സ്നേഹമുണ്ടായിരുന്നു; പുതിയ ദൗത്യമുണ്ടായിരുന്നു. മറിയത്തെ യേശു വീണ്ടെടുക്കുന്ന രംഗവും ഈ സീരീസില്‍ അത്രമേല്‍ ഹൃദയസ്പര്‍ശിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. കഫര്‍ണാമിലെ ഒരു മദ്യശാലയില്‍ വലിയ നിരാശയിലും മാനസിക സംഘര്‍ഷത്തിലും കഴിയുന്ന അവളെ യേശു കണ്ടുമുട്ടുകയാണ്. പിതാവിന്റെ മരണത്തിലും തുടര്‍ന്നുള്ള തിക്താനുഭവങ്ങളിലും ഉലഞ്ഞുപോയ മറിയം സ്വന്തം വ്യക്തിത്വം പോലും ഉപേക്ഷിച്ച്, ‘ലിലിത്’ എന്ന അപരനാമത്തിലാണ് എല്ലാവര്ക്കും സുപരിചിതയായിരുന്നത്. അവളെ കണ്ടുമുട്ടുന്ന ക്രിസ്തു മറിയത്തെ കുറ്റപ്പെടുത്തുന്നില്ല, ശാസിക്കുന്നില്ല. ‘മറിയം..’ എന്ന അവളുടെ യഥാര്‍ഥ പേരുവിളിച്ച് അവളെ സ്വയം വീണ്ടെടുക്കാന്‍ പ്രാപ്തയാക്കുന്നു. ചിലപ്പോള്‍ ഒരു വ്യക്തിയുടെ ജീവിതം മാറ്റാന്‍ വലിയ പ്രഭാഷണങ്ങള്‍ വേണമെന്നില്ല; അവരുടെ പേര് സ്നേഹത്തോടെ വിളിക്കുന്ന ഒരാള്‍ മതിയാകും.
അവിടുന്ന് ജനക്കൂട്ടത്തെയല്ല, വ്യക്തികളെയാണ് കണ്ടത്. അതുകൊണ്ടുതന്നെ അവിടുന്ന് ഓരോരുത്തരെയും പേരുചൊല്ലി വിളിച്ചു: ‘മത്തായീ…’, ‘ശിമയോനേ…’, ‘സക്കേവൂസ്…’, ‘മറിയം…!’ ഓരോ പേരിലും സ്നേഹത്തിന്റെ കടലാഴമുണ്ടായിരുന്നു; ഓരോ വിളിയിലും ഒരു പുതിയ ദൗത്യവും, ഓരോ അഭിസംബോധനയിലും പുതിയൊരു ജീവിതത്തിനായുള്ള ക്ഷണവും ഒളിഞ്ഞിരുന്നു.
കുട്ടികള്‍ ആദ്യം ഓര്‍ക്കുക നമ്മള് പഠിപ്പിച്ച പാഠങ്ങളായിരിക്കില്ല; മറിച്ച്, നമ്മള് അവരെ എങ്ങനെ കണ്ടു, എങ്ങനെ വിളിച്ചു, എങ്ങനെ സ്നേഹിച്ചു എന്നതായിരിക്കും. അതുകൊണ്ടുതന്നെ, ഓരോ തവണയും എന്റെ മുന്നിലിരിക്കുന്ന ഓരോ വിദ്യാര്‍ഥിയെയും പേരുചൊല്ലി വിളിക്കുമ്പോള്‍, ഉള്ളില്‍ ഒരു നിശ്ശബ്ദ പ്രാര്‍ഥനയുണ്ട്: ‘കര്‍ത്താവേ, അങ്ങ് മറിയത്തെ വിളിച്ചതുപോലെയും, മത്തായിയെ വിളിച്ചതു പോലെയും, എന്റെ മുന്നിലിരിക്കുന്ന ഈ കുട്ടിയെ അവന്റെ പേരിലൂടെ അങ്ങയുടെ സ്നേഹം പകരാന്‍ എന്നെ ഉപകരണമാക്കണമേ.’

നീതു റപ്പായി



