അടുത്ത ബന്ധുവായ ഒരു സ്ത്രീ അടുത്തയിടെയാണ് മരണമടഞ്ഞത്. പ്രൗഢയായ, സമ്പന്നയായ, സുന്ദരിയായ സ്ത്രീ. പക്ഷേ, വളരെ അടുത്തബന്ധമുണ്ടായിരുന്നിട്ടും അവരുമായി മാനസികമായ വലിയ അടുപ്പമൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം. അതിന് പ്രധാന കാരണം ഞങ്ങള്‍ തമ്മിലുള്ള സാമ്പത്തികമായ അന്തരം തന്നെയായിരുന്നു.
സാമ്പത്തികമായി ഉന്നതിയിലുള്ള അവരുടെ അടുക്കലേക്ക് ഇടത്തരം കുടുംബത്തിന്റെ ഇല്ലായ് മകളും വല്ലായ്മകളുമായി ഞങ്ങള്‍ ഒരിക്കല്‍ പോലും ചെന്നിരുന്നില്ല. ഒരു സഹായവും അവരില്‍നിന്ന് കൈപ്പറ്റിയതായി എനിക്കോ കൂടപ്പിറപ്പുകള്‍ക്കോ അനുഭവവുമില്ല. ഒരുപക്ഷേ, ഒന്നുമില്ലാത്തവരെന്ന അപകര്‍ഷത തന്നെയാവാം അവരുമായി അടുക്കുന്നതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചത്. ചരമപ്രസംഗം നടത്തിയ വൈദികന്‍ മരിച്ചുകിടക്കുന്ന സ്ത്രീ അങ്ങേയറ്റം ഉദാരമതിയും ദാനശീലയും പരോപകാരസന്നദ്ധയുമായിരുന്നു വെന്നൊക്കെ പ്രസംഗിക്കുന്നതു കേട്ടപ്പോള്‍ വളരെ നിര്‍വികാരമായിട്ടാണ് ഞങ്ങളത് കേട്ടുനിന്നത്; അച്ചന്‍ പ്രസംഗിക്കുന്നത് മറ്റാരെയോ
കുറിച്ചാണെന്നും അല്ലെങ്കില്‍ ഞങ്ങള്‍ക്ക് തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീയെക്കുറിച്ചാണ് പറയുന്നതെന്നുമുള്ള മട്ടില്‍.
സംസ്‌കാരം കഴിഞ്ഞു. ഞങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിയിലേക്ക് യാത്ര പറഞ്ഞുപോയി. പിന്നീട് ഈ സ്ത്രീയെക്കുറിച്ച് ഞങ്ങളുടെ മറ്റൊരു ബന്ധു പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങിപ്പോയി.
മരിച്ചുപോയ സ്ത്രീ വളരെ ഉദാരവതിയായിരുന്നുവെന്നും തങ്ങളുടെ ഇല്ലായ്മകളില്‍ അവര്‍ കൈ അയച്ചു സഹായിച്ചിട്ടുണ്ടെന്നും ദാരിദ്ര്യകാലത്ത് അവരുടെ സഹായം കൈപ്പറ്റിയായിരുന്നു ജീവിച്ചിരുന്നതെന്നുമായിരുന്നു അവരുടെ സാക്ഷ്യം. ‘ഞാന്‍ ഇളയ കുട്ടിയെ പ്രസവിച്ചു കിടന്നപ്പോള്‍ സോപ്പും എണ്ണയും കുഴമ്പുമെല്ലാം തന്നത്… ആയിരുന്നു.’
ആ ബന്ധു വെളിപ്പെടുത്തി. പ്രസവിച്ചുകിടന്നത് അമ്പതുവര്‍ഷം മുമ്പായിരുന്നുവെന്ന്കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.
മരിച്ചുപോയ ആ സ്ത്രീയെക്കുറിച്ച് അവരുടെ പഴയ അയല്‍ക്കാരി പറഞ്ഞതും സമാനമായ അനുഭവമായിരുന്നു.
‘എത്ര നല്ല സ്ത്രീയായിരുന്നു… എന്തുമാത്രം സഹായം ചെയ്തിരുന്നവളായിരുന്നു.’
അച്ചന്‍ ചരമ പ്രസംഗം നടത്തിയപ്പോള്‍ അതിനെ ഉള്ളില്‍ വിസ്തരിക്കുകയും അല്പം
പുച്ഛരസത്തോടെ കേട്ടുനില്ക്കുകയും ചെയ്ത എന്നെ സംബന്ധിച്ചിടത്തോളം ഈ രണ്ടു സാക്ഷ്യങ്ങളും അങ്ങനെയായിരുന്നില്ല. അതിനെ അവഗണിക്കാനോ അപ്രസക്തമാക്കാനോ എനിക്ക് തോന്നിയില്ല. കാരണം ജീവനുള്ള സാക്ഷ്യമായിരുന്നു അവ രണ്ടും. സ്വന്തം ജീവിതത്തില്‍ നിന്ന് പറഞ്ഞിരിക്കുന്നവയും.
ഈ മരണവും അതിനെ തുടര്‍ന്നുണ്ടായ മൂന്നു പ്രതികരണങ്ങളും എന്നെ കൊണ്ടുചെന്നെത്തിച്ചത് മറ്റൊരു സത്യത്തിലേക്കാണ്. മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ വിലയിരുത്തലുകളും നിഗമനങ്ങളുമെല്ലാം വെറും ആപേക്ഷികമാണ്. അതായത് വ്യക്തിനിഷ്ഠം.
ഒരു വ്യക്തിയെക്കുറിച്ച് ഞാന്‍ വിലയിരുത്തുന്നതുപോലെയല്ല നിങ്ങള്‍ വിലയിരുത്തുന്നത്. ആ വ്യക്തിയുമായുള്ള കണ്ടുമുട്ടലില്‍ നിന്നും അനുഭവത്തില്‍നിന്നും ഞാന്‍ രൂപീകരിച്ചെടുത്ത അഭിപ്രായമാണ് എനിക്കുള്ളത്. അതെന്റെ കാഴ്ചപ്പാടാണ്. വിലയിരുത്തലാണ്. പണ്ട് അന്ധന്മാര്‍ ആനയെ കണ്ടതുപോലെ തുമ്പിക്കൈയും ചെവിയും വാലും പിടിച്ചുനോക്കിയ അവര്‍ അഭിപ്രായപ്പെട്ടത് ആനയെന്നാല്‍ മുറംപോലത്തെ ചെവിയും ചൂലുപോലത്തെ വാലും എന്നാണ്. അതിനപ്പുറം കരയിലെ ഏറ്റവും വലിയ ജീവിയാണെന്ന മട്ടിലുള്ള വിലയിരുത്തലുകളൊന്നും അതേക്കുറിച്ചുണ്ടായില്ല.
നാം എന്ത് കാണുന്നുവോ, എന്ത് കേള്‍ക്കുന്നുവോ, എന്ത് അനുഭവിക്കുന്നുവോ, അതാണ്
നാം പറയുന്നത്. വ്യക്തിയെ മുഴുവനായും അപഗ്രഥിക്കാന്‍, വിലയിരുത്താന്‍ നമുക്കു സാധിക്കുന്നില്ല.
വ്യക്തിപരമായ ഒരു അനുഭവം കൂടി പറയാം. കോളജില്‍ പഠിക്കുന്ന കാലത്താണ്. സ്ഥിരമായി പോകുന്ന ബസില്‍ കണ്ടുമുട്ടുന്ന ഒരുവന്‍. പക്ഷേ, അവനോട് ഞാനോ എന്നോട് അവനോ സംസാരിച്ചിട്ടുണ്ടായിരുന്നില്ല. പിന്നെയൊരുനാള്‍ ഞങ്ങളുടെ ഇടവകപ്പെരുനാളിലെ നാടകം കാണാന്‍ മൈതാനത്ത് ചമ്രം പടിഞ്ഞിരുന്നത് അവന്റെ സമീപത്താണ്. അങ്ങനെയിരിക്കുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് അവന്റെ ഒപ്പമുണ്ടായിരുന്നവരോട് പറയുന്നത് ഞാന്‍ കേട്ടു.
‘ആളൊരു പാഴാണ്’.
കേട്ടപ്പോള്‍ എന്റെ തലയ്ക്ക് ആരോ വലിയൊരടി തന്നതു പോലെയാണ് അനുഭവപ്പെട്ടത്. പാഴ് എന്നുപറയുമ്പോള്‍ അതിന്റെ അര്‍ഥം വലുതാണല്ലോ. ആര്‍ക്കും ഉപദ്രവം ചെയ്യാത്തവനും ആരോടും മോശമായി പെരുമാറാത്തവനും പഞ്ചപാവം ഇമേജുള്ളവനുമായ ഞാന്‍ ഒരു പാഴോ.. അന്നെനിക്കത് വലിയ ഷോക്കായിരുന്നു.
പക്ഷേ, കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അതിനെവളരെ പോസിറ്റീവായി എടുത്തു. കാരണം അവന് എന്നെക്കുറിച്ച് അനുഭവപ്പെട്ടത് അങ്ങനെയാണ്. യാത്രയ്ക്കിടയിലോ അല്ലെങ്കില്‍ എന്റെ ഇടപെടലുകളുടെ വിലയിരുത്തലില്‍ നിന്നോ അവന്‍ നേടിയെടുത്തതാണ് അത്. അതിനെ തിരുത്താന്എ നിക്കവകാശമില്ല. എന്നാല്‍, അവന്‍ അങ്ങനെ വിലയിരുത്തി എന്നതുകൊണ്ട് എന്റെ മഹത്വത്തിന് ഇടിവ് സംഭവിക്കുന്നില്ല. കാരണം എന്നെ വിലയുള്ളവനായി അനേകര്‍ കാണുന്നുണ്ട്.
നല്ലവരെന്ന് എല്ലാവരും പറയുന്ന ഒരാള്‍ എനിക്ക് അത്ര നല്ലവനായിരിക്കണമെന്നില്ല. മോശക്കാരനെന്ന് പറയപ്പെടുന്ന ആള്‍ എന്നെ സംബന്ധിച്ചിടത്തോളം മോശക്കാരനായിരിക്കണമെന്നുമില്ല.
എല്ലാ മനുഷ്യരും നല്ലവരാണ്. എല്ലാ മനുഷ്യരിലും ചീത്ത അംശങ്ങളുമുണ്ട്. ആപേക്ഷികമാണ് എല്ലാം. അതുകൊണ്ട് ഒരാള്‍ നിന്നെക്കുറിച്ച് നല്ലതുപറയുമ്പോള്‍ അത്യധികം സന്തോഷിക്കരുത്. കാരണം നിന്നെക്കുറിച്ച് മോശം പറയാന്‍ ചിലരുണ്ടാവും. നിന്നെക്കുറിച്ച് മോശം പറയുമ്പോള്‍ അത്യധികം സങ്കടപ്പെടുകയും അരുത്. കാരണം നിന്നെക്കുറിച്ച് നല്ലതുപറയാനും ധാരാളമാളുകളുണ്ട്. എല്ലാം ആപേക്ഷികമാണ്. ആപേക്ഷികം.

വിനായക് നിര്‍മല്‍




