ജോബിന്-ജയശ്രീ ദമ്പതികളെപ്പറ്റി പറയാന്‍ തുടങ്ങുമ്പോള്‍തന്നെ എന്തോ ഒരു സ്‌പെല്ലിങ് മിസ്റ്റേക്ക് വായനക്കാര്‍ക്ക് അനുഭവപ്പെട്ടു കാണുമല്ലോ. അതെ, ഇന്നത്തെ യുവജനങ്ങള്‍ ഒരുപാട് ന്യായീകരണങ്ങള്‍ പറഞ്ഞ് ശരിയാണെന്ന് സമര്‍ഥിക്കുന്ന ഒരു ഇന്റര്‍ കാസ്റ്റ് മാര്യേജ്. മൂന്നുവര്‍ഷം മുമ്പ് ഇരു വീട്ടുകാരും എതിര്‍ത്തപ്പോഴും അവര്‍ക്ക് ന്യായീകരണങ്ങള്‍ ഉണ്ടായിരുന്നു. ‘നിഷ്‌കളങ്കമായി തന്നെ സ്‌നേഹിച്ച ഒരു പെണ്ണിനെ മതത്തിന്റെ പേരു പറഞ്ഞ് നിരാശപ്പെടുത്തുന്ന ഒരു ദൈവമാണ് ക്രിസ്ത്യാനിക്കുള്ളത് എന്നു പറയുന്ന നിങ്ങളെ ഉപേക്ഷിച്ചാലും അവളെ ഞാന്‍ ഉപേക്ഷിക്കില്ല’ എന്നു പറഞ്ഞ മകന്റെ മുന്‍പില്‍ മുട്ടുമടക്കാതെ നിവൃത്തിയില്ലാതെ പോയ മാതാപിതാക്കള്‍. ഉത്തമ കത്തോലിക്ക കുടുംബത്തിലേക്ക് കെട്ടിച്ചയച്ച പെങ്ങളെയോ കന്യാസ്ത്രീ ആകാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന അനിയത്തിക്കുട്ടിയെയോ ശ്രവിക്കാന്‍ സമയം കണ്ടെത്താതിരിക്കാന്‍ അവന്‍ ശ്രമിച്ചു. ആരും പിന്തിരിപ്പിക്കുന്നതിനു മുമ്പേ അവളെ വീട്ടില്‍ കൊണ്ടുവരണമെന്ന ഒറ്റവിചാരം. അങ്ങനെ വാശിപ്പുറത്തുതന്നെ കല്യാണം നടന്നു. ആദ്യം രജിസ്റ്റര്‍ വിവാഹം നടത്തി അവളെ വീട്ടില്‍ കൊണ്ടുവന്നു. പിന്നീട് വികാരിയച്ചനും ഫാമിലി യൂണിറ്റ് ഭാരവാഹികളുമൊക്കെ ഇടപെട്ട് പതിയെ വേദോപദേശമൊക്കെ പഠിപ്പിച്ച് കൂദാശകളൊക്കെ നല്‍കി അവളെ അല്‍ഫോന്‍സയാക്കി മാറ്റി. ഇത്രയുമായപ്പോള്‍ സ്വാഭാവികമായും നമ്മുടെ ക്ഷമ കഴിഞ്ഞു, എല്ലാം നന്നായി ചെയ്തു എന്ന ചാരിതാര്‍ഥ്യത്തോടെ എല്ലാവരും പിരിഞ്ഞുപോയി.
പക്ഷേ, എല്ലാം തുടങ്ങുന്നതേയുള്ളൂ. വെഞ്ചരിച്ചു കൊടുത്ത കൊന്തയും കഴുത്തിലിട്ട് അവള്‍ അമ്പലത്തില്‍ പോകും. സന്ധ്യയാകുമ്പോള്‍ വിളക്കു വയ്ക്കും. വീട്ടിലെ കുരിശുവര പ്രാര്‍ഥന കഴിയുമ്പോള്‍ തനിച്ചിരുന്ന് നാമം ജപിക്കും. ആദ്യ ദിവസങ്ങളില്‍ പലരുടെയും ഇടപെടല്‍ മൂലം ഇതെല്ലാം മുടക്കിയതിന് പരിഹാരമായി വഴിപാടുകള്‍ വേറെയും. കുടുംബത്തില്‍ കല്ലുകടിക്കാന്‍ കൂടുതലൊന്നും വേണ്ടല്ലോ. ഒരു വര്‍ഷം കഷ്ടപ്പെട്ട് പിടിച്ചുനിന്ന മാതാപിതാക്കള്‍ മൂത്ത മകളുടെ അടുത്തേക്ക് താമസം മാറ്റി. അല്‍ഫോന്‍സയുടെ ആചാരാനുഷ്ഠാനങ്ങള്‍ കൂടിയതേയുള്ളൂ. ചെറുപ്പം മുതല്‍ ശീലിച്ചു വന്ന മതാനുഷ്ഠാനങ്ങള്‍ ജോബിനെ സംബന്ധിച്ചും പ്രധാനപ്പെട്ടതായിരുന്നു. മതം മാറാമെന്ന ഉറപ്പിലാണ് അവന്‍ അവളെ സ്വീകരിച്ചതെന്ന് ജോബിനും, ഒരിക്കലും താന്‍ അങ്ങനെ വിചാരിച്ചിട്ടുപോലുമില്ലെന്ന് അല്‍ഫോന്‍സയും ശക്തമായി വാദിക്കുമ്പോള്‍ ശരിയെന്തെന്ന് നമുക്കറിയില്ല.
സ്വന്തപ്പെട്ടവരെല്ലാം കുറ്റപ്പെടുത്തുന്നതിന്റെ വേദന ജോബിന് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഇരുകുടുംബക്കാരും ഇവരുടെ കാര്യങ്ങളില്‍ തെല്ലും ഇടപെടാന്‍ കൂട്ടാക്കിയില്ല. ഇവരുടെയിടയിലെ വഴക്കുകളും വാക്കുതര്‍ക്കങ്ങളും സാവധാനം മതാന്തര വിഷയങ്ങളിലേക്കു കടന്നു. പിന്നീട് ആകാശത്തിനു കീഴിലുള്ള സകല കാര്യങ്ങളും ഇവര്‍ക്ക് കലഹകാരണങ്ങളായി. അതായത് എണ്ണയും വെള്ളവും പോലെ എത്ര കുലുക്കിയാലും ഒന്നു ചേരാത്ത അവസ്ഥ. രണ്ടും നല്ലതല്ലേ? നല്ലതാണ്, പക്ഷേ രണ്ടായിട്ടേ ഇരിക്കൂ അതിനങ്ങനെയേ സാധിക്കൂ. ചുരുക്കി പറഞ്ഞാല്‍ മൂന്നുവര്‍ഷത്തെ ‘വിജയകരമായ’ ശണ്ഠകള്‍ക്കൊടുവില്‍ അവര്‍ പിരിഞ്ഞു. ദാമ്പത്യവല്ലരിയില്‍ വിരിയാതെ പോയത് സൗഭാഗ്യപുഷ്പങ്ങള്‍!
പ്രേമത്തിന് കണ്ണില്ല; കാതില്ല; മതമില്ല എന്നൊക്കെ പ്രാസം പറയാന്‍ കൊള്ളാമെന്നതല്ലാതെ യുവതീയുവാക്കള്‍ ചിന്തിക്കണം അതൊരു താല്‍ക്കാലിക സമയത്തേക്ക് മാത്രമാണ്. ആവേശക്കാറ്റടങ്ങുമ്പോള്‍ കാഴ്ചയും കേള്‍വിയുമെല്ലാം തിരിച്ചുവരും. പൂര്‍വാധികം സൂക്ഷ്മതയോടെ പൈങ്കിളിക്കഥകളും പകല്‍ക്കിനാവുകളും പറഞ്ഞു തരുന്ന പ്രത്യയശാസ്ത്രങ്ങള്‍ കണ്ണുമടച്ചങ്ങ് ചങ്കിലേറ്റരുത്. എല്ലാ മതങ്ങളെയും ആദരിക്കുക. ഒരു മതത്തില്‍ വിശ്വസിക്കുക. മതമേതായാലും സന്തോഷത്തിലും സമാധാനത്തിലും സ്‌നേഹത്തിലും ജീവിച്ചാല്‍ പോരേ? സര്‍വസാധാരണമായ ഈ ചോദ്യത്തിന് ഉത്തരം തീര്‍ച്ചയായും അതുമതിയെന്ന് തന്നെയാണ്. പക്ഷേ, അതിനുകഴിയുന്നില്ലല്ലോ. അപ്പോള്‍ പിന്നെ ഉത്തരം മുട്ടിയിരിക്കണ്ടേ….
വിശ്വാസവും സംസ്‌കാരവും ഭാഷയും പാരമ്പര്യവുമെല്ലാം ഒരു പരിധിവരെ നമ്മുടെ തിരഞ്ഞെടുപ്പോ സമ്പാദ്യമോ അല്ല; പൈതൃകമായി നമുക്കു ലഭിക്കുന്നതാണ്. ലഭിക്കുന്നവയെ സംസ്‌കരിച്ചും പണിതുയര്‍ത്തിയും കൂടുതല്‍ ശ്രേഷ്ഠമാക്കി ജീവിതത്തെ അതിമനോഹരമാക്കുകയാണ് നാം ചെയ്യേണ്ടത്. പ്രേമിച്ച വ്യക്തിയെ സ്വന്തമാക്കാന്‍ വേണ്ടി മാത്രം മതം മാറുന്നവര്‍ ധാരാളമുണ്ട്.
എന്താണ് മതമെന്നും എന്താണ് വിശ്വാസമെന്നും വേര്‍തിരിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, വിവാഹിതരാകുന്ന സ്ത്രീപുരുഷന്മാര്‍ തമ്മില്‍ പരിപൂര്‍ണ്ണ സംഗമം സാധ്യമാകുന്നത് അവരുടെ മാനസികവും ശാരീരികവും ബൗദ്ധികവും, സാമൂഹ്യവും, സാംസ്‌കാരികവും മതപരവും എന്നു വേണ്ട എല്ലാ ജീവിത തലങ്ങളുടെയും സംയോജിപ്പിലൂടെയാണ്. അതുകൊണ്ടാണല്ലോ കാലാകാലങ്ങളായി വിവാഹാലോചനകളും പരസ്പരം കാണലുകളും വീടുകാണലും വിവാഹനിശ്ചയവും മനസ്സമ്മതവും അവസാനം വിവാഹചടങ്ങുകളുമൊക്കെ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായിരിക്കുന്നത്. കാലം മാറുന്നതനുസരിച്ച് ഇവയുടെ രൂപഭാവങ്ങള്‍ മാറിയേക്കാം. പക്ഷേ, ഇവയെല്ലാം പരസ്പരമുള്ള യോജിപ്പിനെ ആവര്‍ത്തിച്ചു വിലയിരുത്താനും കുറവുകള്‍ പരിഹരിക്കാനും എല്ലാവിധത്തിലുമുള്ള അനുയോജ്യത പരമാവധി കൈവരുത്താനും ഒക്കെ ഒരു സാവകാശം നമുക്കു തരുന്നുണ്ട്.
തിടുക്കം കൂട്ടുമ്പോള്‍ ആലോചനകള്‍ക്കിടമില്ലാതാകും. വികാരാധീനമാകുമ്പോള്‍ വിവേകപൂര്‍വമായ ഇടപെടലുകള്‍ നഷ്ടമാകും. പ്രേമം തലയ്ക്കുപിടിക്കും മുമ്പ് തല കുടഞ്ഞ് ഒന്നാലോചിക്കണം. തലമൂത്തവരുടെ അഭിപ്രായങ്ങള്‍ക്കു മുന്നില്‍ അല്പം തലകുനിക്കണം.

സി. ആനി ജോസ് സി. എസ്. എന്‍




