‘എടാ നീ ആ വീട്ടിലേതല്ലല്ലേ!’ എന്ന കൂട്ടുകാരന്റെ ചോദ്യത്തിന് അഖില്‍ കാരണം തിരക്കിയപ്പോഴാണ്, ‘കറുത്ത മുത്തിനും കൂടപ്പിറപ്പുകള്‍ക്കും ഒരു ലൈക്ക് തരാമോ?’ എന്ന അടിക്കുറിപ്പോടെ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം അവന് കണ്ടത്. ‘ദേ നോക്കൂ, ഈ ചിത്രത്തില്‍ നീ മാത്രമല്ലേ കറുത്തതായുള്ളൂ…’ അന്ന് മുതല്‍ കൂട്ടുകാരുടെ ഇടയില്‍ അഖില്‍ അറിയപ്പെട്ടത് ‘കറുത്ത മുത്ത്’ എന്ന പേരിലായിരുന്നു.
അന്നുവരെ തന്റെ നിറത്തെക്കുറിച്ച് അവന് ബോധവാനായിരുന്നില്ല. പാഠ്യവിഷയങ്ങളേക്കാള്‍ പാഠ്യേതര വിഷയങ്ങളിലായിരുന്നു അഖില്‍ മികവ് പുലര്‍ത്തിയിരുന്നത്. എന്നാല്‍, ഈ കളിയാക്കലുകള്‍ അവനെ മാനസികമായി തളര്‍ത്തി. ക്രമേണ അവന് പഠനത്തിലും മറ്റ് കലാ-കായിക പരിപാടികളിലും തീര്‍ത്തും പിന്നിലായി. വീട്ടില്‍ അമ്മയോടായിരുന്നു അവന് ഏറ്റവും കൂടുതല്‍ കയര്‍ത്തു സംസാരിച്ചിരുന്നത്. ഒടുവില്‍ ‘ഇനി സ്കൂളിലേക്കില്ല’ എന്ന ഉറച്ച നിലപാടിലേക്ക് അവന് എത്തിച്ചേര്‍ന്നു. എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുമാറാന്‍ തുടങ്ങിയ അഖില്‍, ഒടുവില്‍ ഭക്ഷണം കഴിക്കാന്‍ പോലും തന്റെ മുറിയില്‍ നിന്നിറങ്ങാത്ത അവസ്ഥയിലായി.
അപ്പു ആദ്യമായി യൂണിഫോമിട്ട് സ്കൂളില്‍ ചെന്നപ്പോള്‍, സഹപാഠികള്‍ പരസ്പരം ചിരിച്ചും കളിയാക്കിയുമായിരുന്നു അവനെ സ്വീകരിച്ചത്. പിറ്റേ ദിവസംമുതല്‍ അപ്പുവിന് സ്കൂളില്‍ പോകാന്‍ ഭയമായിത്തുടങ്ങി. ക്ലാസില്‍ പോകേണ്ട സമയമാകുമ്പോഴേക്കും പലതരത്തിലുള്ള കാരണങ്ങള്‍ മാറി മാറി പറഞ്ഞ് സ്കൂളില്‍ പോകാതിരിക്കാന്‍ അവന് ശ്രമിച്ചു.
അപ്പുവിന്റെ മാതാപിതാക്കള്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ വേണ്ടി സോഷ്യല്‍ മീഡിയയില്‍ കുട്ടിയുടെ വ്യത്യസ്തമായ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് ഒരു ഹോബിയാക്കി മാറ്റിയിരുന്നു. അപ്പുവിന്റെ കുഞ്ഞുനാളിലെ പാതിവസ്ത്രം ധരിച്ച ചിത്രങ്ങള്‍വരെ അവര്‍ അക്കാലത്ത് പോസ്റ്റ് ചെയ്തിരുന്നു. അതിന് കിട്ടിയ ലൈക്കുകളും കമന്റുകളും കണ്ട് ആവേശംകൊണ്ട അവര്‍ പിന്നീട് അപ്പുവിനെ പലതരത്തിലുള്ള വേഷങ്ങള്‍ കെട്ടിച്ച്ചിത്രങ്ങളും റീലുകളും സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി പങ്കുവയ്ക്കാന്‍ തുടങ്ങി.
ഒടുവില്‍ കളിക്കൂട്ടുകാരായ സഹപാഠികളുടെ പ്രധാന സംസാരവിഷയം കോമാളി വേഷങ്ങളണിഞ്ഞ അപ്പുവായി മാറി. സ്കൂളിലെ ആദ്യദിനം ഒരു ‘കോമാളി’യെ കാണുന്ന ഭാവത്തോടെയാണ് അവര്‍ അപ്പുവിനെ ക്ലാസിലേക്ക് വരവേറ്റത്. മക്കളുടെ വീഡിയോകളും ചിത്രങ്ങളും കുസൃതി നിറഞ്ഞ റീലുകളും സോഷ്യല്‍ മീഡിയയില്‍ അമിതമായി പങ്കുവയ്ക്കുന്ന ഒരു സംസ്കാരം ഇന്നത്തെ മാതാപിതാക്കള്‍ക്കിടയില്‍ വ്യാപകമായി വളര്‍ന്നുവന്നിട്ടുണ്ട്. ‘ഷെയറിങ്’ (Sharing), ‘പേരെന്റിങ്’ (Parenting) എന്നീ വാക്കുകള്‍ ചേര്‍ത്ത് ഇതിനെ ‘ഷെയറെന്റിങ്’ (Sharenting) എന്നാണ് വിളിക്കുന്നത്. കുട്ടികളുടെ ബാല്യ- കൗമാരങ്ങളിലെ ഓര്‍മകള്‍ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെയാണ് പല മാതാപിതാക്കളും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍, ഇത്തരം പോസ്റ്റുകളിലൂടെ കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ കൂടിയാണ് സൈബര്‍ ലോകത്തേക്ക് തുറന്നു നല്കപ്പെടുന്നത് എന്ന കാര്യം പലരും വിസ്മരിക്കുന്നു. സോഷ്യല്‍ മീഡിയയിലെ ഇത്തരം അശ്രദ്ധമായ പങ്കുവയ്ക്കലുകള്‍ കുട്ടികളുടെ സുരക്ഷയെയും ഭാവിയെയും മാനസികാരോഗ്യത്തെപ്പോലും അപകടത്തിലാക്കുന്നുണ്ടെന്ന് പല മാതാപിതാക്കളും തിരിച്ചറിയുന്നില്ല.
ഷെയറെന്റിങിലെ ദോഷവശങ്ങള്‍
1. കുട്ടികളുടെ സ്വകാര്യത നഷ്ടപ്പെടുന്നു
കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ത്തന്നെ അവരുടെ ചിത്രങ്ങള്‍ മാതാപിതാക്കള്‍ പങ്കുവയ്ക്കുന്നതുവഴി കുട്ടികളുടെ സ്വകാര്യതയാണ് നഷ്ടപ്പെടുന്നത്. അവര്‍ മുതിര്ന്നുവരുമ്പോഴേക്കും, അവരുടെ അനുവാദമില്ലാതെതന്നെ കുട്ടിക്കാലത്തെ പല സ്വകാര്യ നിമിഷങ്ങളും ലോകം മുഴുവന്‍ കണ്ടു കഴിഞ്ഞിട്ടുണ്ടാകും. ഇത് ഭാവിയില്‍ അവര്‍ക്ക് വലിയ അസ്വസ്ഥതയുണ്ടാക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) ഈകാലഘട്ടത്തില്, അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
2. സുരക്ഷാ ഭീഷണികള്‍
ഡിജിറ്റല്‍ കിഡ്നാപ്പിംഗ്: കുട്ടിയുടെ ചിത്രങ്ങള്‍ മറ്റുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്ത്, സ്വന്തം കുട്ടിയെന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ‘ഡിജിറ്റല്‍ കിഡ്നാപ്പിംഗ്’ പോലുള്ള സുരക്ഷാഭീഷണികള്‍ക്ക് സാധ്യതയുണ്ട്.
ലൊക്കേഷന്‍ ട്രാക്കിംഗ്: കുട്ടികളുടെ സ്കൂള്‍ യൂണിഫോം, അവര്‍ കളിക്കുന്ന പാര്‍ക്കുകള്‍, വീടിന്റെ പശ്ചാത്തലം എന്നിവയിലൂടെ കുട്ടികള്‍ എവിടെയാണെന്ന് ക്രിമിനലുകള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. ഇത് കുട്ടികളെ അപഹരിക്കാനുള്ള അവസരമൊരുക്കിയേക്കാം.
3. ഐഡന്റിറ്റി ദുരുപയോഗം
കുട്ടികളുടെ പേര്, ജനനത്തീയതി, ജനിച്ച സ്ഥലം തുടങ്ങിയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതുവഴി, ഭാവിയില്‍ അവരുടെ പേരില്‍ വ്യാജ രേഖകളും ബാങ്ക് അക്കൗണ്ടുകളും നിര്‍മ്മിച്ച് തട്ടിപ്പുകള്‍ നടത്താന്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് അവസരമൊരുക്കുന്നു.
4. ബന്ധങ്ങളിലെ അകല്‍ച്ച
കുട്ടികള്‍ മുതിര്‍ന്നുവരുമ്പോള്‍, തങ്ങളുടെ അനുവാദമില്ലാതെ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും പങ്കുവച്ചതിന് മാതാപിതാക്കളോട് അവര്‍ക്ക് ദേഷ്യവും വിശ്വാസക്കുറവും തോന്നാന്‍ സാധ്യതയുണ്ട്. ഇത് കുടുംബബന്ധങ്ങളെ ബാധിക്കാം.
5. ആത്മവിശ്വാസം കുറയ്ക്കുന്നു
മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെ വരുന്ന നെഗറ്റീവ് കമന്റുകള്‍ അവരെ അപകര്‍ഷതാബോധത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം ചിത്രങ്ങളുടെ പേരില്‍ അവര്‍ ബോഡി ഷേമിങ്ങിനോ (Body Shaming) കൂട്ടുകാരുടെ പരിഹാസങ്ങള്‍ക്കോ ഇരയാകുന്നത് അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും.
ആരോഗ്യകരമായ പാരെന്റിങ്
പ്രിയപ്പെട്ടവര്‍ക്കും അകലങ്ങളില്‍ ആയിരിക്കുന്നവര്‍ക്കും വേണ്ടി കുട്ടികളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് സ്വാഭാവികമാണെങ്കിലും, അതില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുക എന്നത് പ്രധാനമാണ്. കുട്ടികളുടെ ചിത്രങ്ങള്‍ സുരക്ഷിതമായി എങ്ങനെയൊക്കെ പങ്കുവയ്ക്കാം എന്ന് നോക്കാം:
മുഖം മറയ്ക്കുക: പൊതുവായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കുട്ടികളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഒഴിവാക്കുക. ചിത്രങ്ങളില്‍ ഇമോജികളോ (Emojis) സ്റ്റിക്കറുകളോ ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ ശ്രദ്ധിക്കുക.
ചിത്രങ്ങള്‍ക്ക് പകരം കുറിപ്പുകള്‍: കുട്ടികളുടെ ചിത്രങ്ങള്‍ക്ക് പകരം അവരുടെ വിശേഷങ്ങള്‍ എഴുതി പങ്കുവയ്ക്കാം. ഉദാഹരണത്തിന്, കുട്ടി ആദ്യമായി സംസാരിച്ചതോ, സ്കൂളില്‍ സമ്മാനം ലഭിച്ചതോ ആയ വിശേഷങ്ങള്‍ കുറിപ്പുകളിലൂടെ സുഹൃത്തുക്കളെ അറിയിക്കാം.
അക്കൗണ്ടുകള്‍ പ്രൈവറ്റ് ആക്കുക: നിങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ‘Public’ എന്നതില്‍ നിന്നും മാറ്റി ‘Private’ ആക്കുക. അപരിചിതര്‍ നിങ്ങളുടെ പോസ്റ്റുകള്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുക.
സുരക്ഷിതമായ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുക: ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാംപോലുള്ള പബ്ലിക് പ്ലാറ്റ്ഫോമുകള് ഒഴിവാക്കി, വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെ അടുത്ത ബന്ധുക്കളിലൂടെ സുഹൃത്തുക്കള്‍ക്കും മാത്രം ചിത്രങ്ങള്‍ പങ്കുവയ്ക്കുക.
ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്ന മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ വളര്‍ച്ചയിലെ ഓരോ സുന്ദരനിമിഷങ്ങളും ലോകവുമായി പങ്കുവയ്ക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. സോഷ്യല്‍ മീഡിയ പൂര്‍ണമായി ഒഴിവാക്കുക എന്നതല്ല ഇതിന്റെ പരിഹാരം; മറിച്ച് സൈബര്‍ ലോകത്തെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും, കൃത്യമായ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

സി . പ്രീത CSN
സൈക്കോതെറാപ്പിസ്റ്റ്,
ജീവന സൈക്കോ സ്പിരിച്വല്‍ സെന്റര്‍,
ചൊവ്വര
PH: 7558057318



