അമ്മയുടെ വാക്കില്‍ പ്രത്യാശവച്ച് നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ലേ! മുതിര്‍ന്നവരായ നമ്മുടെ ബുദ്ധിയില്‍ ‘ലോജിക്’ കണ്ടെത്താനാവാത്ത പലകാര്യങ്ങളിലും പ്രത്യാശ വയ്ക്കാന്‍ കുഞ്ഞുങ്ങള്‍ക്കാകാറുണ്ട്. അതാണ് ആ നിഷ്‌കളങ്ക ഹൃദയങ്ങളുടെ മനോഹാരിത. യുക്തിയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം സ്‌നേഹത്തിന്റെ ലോകത്തെ വിശ്വസിക്കാന്‍ അവര്‍ക്ക് കഴിയുന്നു.
തിരിച്ചറിവായ മനുഷ്യന്റെ ശാഠ്യങ്ങള്‍ എപ്പോഴും യുക്തിസഹജമായ കാര്യങ്ങളിലായിരിക്കും. ഇവിടെയാണ് മനുഷ്യബുദ്ധിയെ അതിലംഘിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് തോമസ് ശ്ലീഹാശാഠ്യംപിടിക്കുന്നത്. ദേശത്തിന്റെ അതിരുകള്‍ക്കതീതമായി ജനഹൃദയങ്ങള്‍ സ്‌നേഹംകൊണ്ട് അടയാളപ്പെടുത്തിയ ക്രിസ്തു എന്ന ഗുരു പടുമരണം വരിച്ചിട്ട് ഏതാനും ദിനങ്ങളേ അന്ന് പിന്നിട്ടിരുന്നുള്ളൂ. തനിക്കുവേണ്ടിത്തന്നെ ഒരിക്കല്‍പോലും അത്ഭുതം പ്രവര്‍ത്തിക്കാതിരുന്ന ആ ഗുരുവിന്റെ മരണം ഒറ്റനോട്ടത്തില്‍ വന്‍തോല്‍വിയായിരുന്നു. ശത്രുക്കളുടെ പരിഹാസങ്ങള്‍ക്കും ചാട്ടവാറടികള്‍ക്കും അവഹേളനങ്ങള്‍ക്കും മുന്നില്‍ നിശ്ശബ്ദനായി കീഴടങ്ങിയവന്‍. സംസ്‌കരിക്കാന്‍ സ്വന്തമായൊരു കല്ലറ പോലുമില്ലാതെ, ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും തലചായ്ക്കാന്‍ അക്ഷരാര്‍ഥത്തില്‍ ഇടമില്ലാതിരുന്നവന്‍. അവിടുന്ന് മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നും തന്നോടൊപ്പമുള്ളവരെ കാണാന്‍ വന്നിരുന്നെന്നും അറിഞ്ഞപ്പോള്‍ മുറിവേറ്റ ഗുരുവിനെ കാണണമെന്നും അവിടുത്തെ പാര്‍ശ്വത്തില്‍ തന്റെ കൈ വയ്ക്കണമെന്നും പറഞ്ഞ് തോമസ് ഒരു കുഞ്ഞിനെപ്പോലെ ശാഠ്യം പിടിക്കുകയാണ്. ഒടുവില്‍ ലോകം അടച്ചുകളഞ്ഞ വാതിലുകള്‍ ഭേദിച്ച്, ഗുരു തന്റെ പ്രകാശമുള്ള മുറിവുകളുമായി തോമസിനരികിലേക്കെത്തുന്നു.
പിതാവിന്റെ ഭവനത്തില്‍ ഒരുക്കിയിരിക്കുന്ന വാസസ്ഥലത്തെക്കുറിച്ചോ ക്രിസ്തുവിന്റെ പീഡാനുഭവമരണോത്ഥാനങ്ങളുടെ പൊരുളിനെക്കുറിച്ചോ വ്യക്തമായ ധാരണ ഇല്ലായിരുന്നെങ്കിലും അവനോടൊപ്പം പോയി മരിക്കാനുള്ള നിഷ്‌കളങ്കമായ തീക്ഷ്ണതയുണ്ടായിരുന്നു തോമസിന്. എങ്കിലും, ക്രിസ്തുവിന്റെ കഷ്ടതയുടെ ദിനങ്ങളില്‍ ഒപ്പം നില്‍ക്കാന്‍ അവനു കഴിയുന്നില്ല. ചിതറിയോടിയ ശിഷ്യഗണത്തില്‍ അവനും ഉണ്ടായിരുന്നു. മരിക്കാന്‍പോലും സന്നദ്ധനായി മുന്നിലെത്തിയ തോമസ് ക്രിസ്തുവിന്റെ മരണശേഷം സുവിശേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് യൂദന്മാരെ ഭയപ്പെട്ട് കതകടച്ചിരുന്ന ശിഷ്യന്മാരോടൊപ്പമില്ലാത്തവനായിട്ടാണ്. ഒപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുമ്പോഴും ഭയവും യുക്തിയും കൊണ്ട് അകന്നുപോയ തോമസിനെ, തന്റെ ഗുരുവിന്റെ ജീവനുള്ള തിരുമുറിവുകളാണ് വീണ്ടെടുത്തത്. മനുഷ്യസഹജമായ സംശയങ്ങളുടെയും യുക്തിയുടെയും വഴിയിലൂടെ സഞ്ചരിച്ച തോമസ് ശ്ലീഹാ, ഒടുവില്‍ എത്തിച്ചേര്‍ന്നത് കുഞ്ഞുങ്ങളുടേതുപോലുള്ള നിഷ്‌കളങ്കമായ പ്രത്യാശയിലേക്കാണ്. ക്രിസ്തുവിന്റെ മുറിവുകള്‍ അവന് വെറുമൊരു തെളിവല്ലായിരുന്നു, മറിച്ച് തനിക്കുവേണ്ടി മരിച്ച ദൈവത്തിന്റെ സ്‌നേഹത്തിന്റെ അടയാളമായിരുന്നു.
‘കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍’ എന്ന് ഗുരു അവനെ ഓര്‍മ്മിപ്പിക്കുമ്പോള്‍, അത് യുക്തിയുടെ ലോകത്തുനിന്ന് സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ലോകത്തേക്കുള്ള ക്ഷണമായിരുന്നു. ജീവിതത്തിന്റെ പരാജയങ്ങളിലും തകര്‍ച്ചകളിലും കതകടച്ചിരിക്കുന്ന മനുഷ്യന്, പ്രത്യാശയുടെ പ്രകാശവുമായി വാതിലുകള്‍ ഭേദിച്ച് കടന്നുവരുന്ന ക്രിസ്തുവിലാണ് തോമസ് പിന്നീട് വിശ്വസിച്ചത്. തോമസിന്റെ ശാഠ്യം വെറുമൊരു അവിശ്വാസമായിരുന്നില്ല, മറിച്ച് സ്‌നേഹിച്ച ഗുരുവിനെ പൂര്‍ണമായി തൊട്ടറിയാനുള്ള ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കമായ വാശി മാത്രമായിരുന്നു. ആ വാശിയാണ് അവനെ ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന് നെഞ്ചുരുകി വിളിക്കാന്‍ പ്രാപ്തനാക്കിയതും, ആ വിശ്വാസത്തിന്റെ കരുത്തില്‍ ലോകത്തിന്റെ അതിരുകളോളം ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ അവന് കരുത്തേകിയതും.

നീതു റപ്പായി



