Sunday, June 7, 2026

കുട്ടികളുടെ നുണപറച്ചിൽ

ക്ലാസ്സില്‍ താമസിച്ച് എത്തിയ സേറ ടീച്ചറുടെ മുഖത്ത് നോക്കി താമസിച്ച് വന്നതിന്റെ കാരണം യാതൊരു ഭാവവ്യത്യാസവും കൂടാതെ പറഞ്ഞ് ടീച്ചറിനെ പറ്റിച്ച് ക്ലാസ്സില്‍ കയറിപ്പറ്റി. എങ്കിലും മാതാപിതാക്കളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് അവള്‍ കള്ളം പറഞ്ഞ് തന്നെപറ്റിക്കുകയായിരുന്നു എന്ന് ടീച്ചര്‍ മനസ്സിലാക്കിയത്. മകളെയും മാതാപിതാക്കളെയും നേര്‍ക്കുനേര്‍ നിറുത്തി ഇത്രയും നല്ല മാതാപിതാക്കളുടെ കുട്ടി ഇങ്ങനെ നുണ പറഞ്ഞാല്‍ മോശമല്ലേ എന്ന് ടീച്ചര്‍ ചോദിച്ചു. അതുകേട്ട് ഒരു ‘കളിയാക്കിച്ചിരി’ പാസാക്കി തലതാഴ്ത്തി നിന്ന സേറയെ മാതാപിതാക്കളെകൂട്ടി കൗണ്‍സലിംഗിന് പറഞ്ഞുവിടുകയായിരുന്നു.

നുണപറയുന്ന ശീലം എങ്ങനെ ഈ കുട്ടി പഠിച്ചെടുത്തു എന്നതിന്റെ കാരണം കണ്ടെത്താനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹവും അന്വേഷണവും. സേറയുടെ വെളിപ്പെടുത്തലില്‍നിന്ന് ഒരു കാര്യം മനസ്സിലായി. നുണയുടെ ഉറവിടം സ്വന്തം വീട്ടില്‍ നിന്നുതന്നെ ആയിരുന്നു, മറ്റു കുട്ടികളില്‍ നിന്നുള്ള കൂട്ടുകൂടലില്‍ നിന്ന് പഠിച്ചതല്ല. തറവാട്ടില്‍ കളിക്കാന്‍ പോകാന്‍ ശാഠ്യം പിടിക്കുന്ന സേറയ്ക്ക് അമ്മ കൊടുത്തിരുന്ന നിര്‍ദ്ദേശം, കളിക്കാം, പക്ഷേ, അവിടെനിന്ന് ഒന്നും കഴിക്കരുത്. അവരോട് കടുത്ത നീരസം ഉണ്ടായിരുന്ന അമ്മ മകളെ മറ്റുകുട്ടികള്‍ക്ക് ഒപ്പം ഭക്ഷണം പങ്കുവയ്ക്കാന്‍ സമ്മതിച്ചിരുന്നില്ല. ഭക്ഷണസമയത്ത് അമ്മാമ്മയും ആന്റിയും നിര്‍ബന്ധിച്ചാല്‍ അവള്‍, അപ്പവും മുട്ടക്കറിയും കഴിച്ചു. അല്ലെങ്കില്‍ ചിക്കനും ചോറും കഴിച്ചു എന്ന് വളരെ വിദഗ്ധമായി പറഞ്ഞ് അവരെ വിശ്വസിപ്പിക്കുന്നത് ഒരു പതിവായി മാറി. അമ്മ ഉണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണമേ അവള്‍ കഴിച്ചിരുന്നുള്ളൂ. അങ്ങനെ നുണ അവള്‍ ഒരു ശീലമാക്കി മാറ്റി. ലീവെടുത്ത് വീട്ടിലിരിക്കുന്ന പപ്പയെ കണ്ടിട്ട് പോയാലും അവള്‍ അപ്പുറത്ത് കളിക്കുമ്പോള്‍ പറയും പപ്പ ഓഫീസിലാണ് എന്ന്.

നുണ പറയാനും മറ്റുള്ളവരെ പറഞ്ഞ് പറ്റിക്കാനും ആ കുട്ടിയെ പഠിപ്പിച്ചത് വീട്ടില്‍നിന്ന് തന്നെയാണ്. മാതാപിതാക്കള്‍ പലപ്പോഴും നിസാരം എന്നു കരുതി മക്കളോട് പറയുന്ന ചെറിയ നുണകള്‍ കുട്ടികള്‍ അവരുടെ സ്വഭാവമാക്കി മാറ്റുന്നു.

ചെറിയ നുണകളിലൂടെ മാതാപിതാക്കള്‍ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അതേ രീതി ഉപയോഗിച്ച് കുട്ടികള്‍ അധ്യാപകരേയും, കൂട്ടുകാരേയും, മാതാപിതാക്കളേയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. സത്യസന്ധരാകാന്‍ കുട്ടികളെ ഉപദേശിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ മുന്‍പില്‍വച്ച്തന്നെ പറഞ്ഞ് ഫലിപ്പിക്കുന്ന ചില നുണകള്‍
കേള്‍ക്കുമ്പോള്‍ കുട്ടികള്‍ ആശയക്കുഴപ്പത്തിലാകുന്നു. തങ്ങള്‍ക്കും പലതില്‍നിന്ന് രക്ഷപ്പെടാന്‍ നുണകള്‍ പറയാംഎന്ന സന്ദേശം മനസ്സില്‍ ഉറപ്പിക്കുന്ന കുട്ടികള്‍ വലിയ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്. നുണ പറയുന്ന കുട്ടികളുടെ നേരെ കോപിച്ചും, അവരെ ശകാരിച്ചും സത്യം പറയിപ്പിക്കാന്‍ ശ്രമിച്ചാല്‍, ഭയപ്പെടുന്ന കുട്ടി കൂടുതല്‍ നുണകള്‍ പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. കുട്ടികളെ തിരുത്താന്‍
പരിശ്രമിക്കുന്ന മാതാപിതാക്കള്‍ തന്നെ നുണ പറയുന്നത് കേള്‍ക്കുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. കുട്ടികളെ കളിയാക്കി മറ്റുള്ളവരുടെ മുന്‍പില്‍ താഴ്ത്തി കാണിക്കാതെ നുണ പറയാന്‍ അവരെ പ്രേരിപ്പിച്ച കാരണങ്ങള്‍ അന്വേഷിച് മനസ്സിലാക്കി സ്‌നേഹത്തോടെ തിരുത്തുന്നതാണ് ആരോഗ്യകരമായ സമീപനം.

ചില സാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ വല്ലപ്പോഴാണെങ്കില്‍ക്കൂടി നുണ പറയുന്ന മാതാപിതാക്കള്‍ കുട്ടികളില്‍ നുണയുടെ വിത്ത് പാകുന്നു എന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം. കുട്ടികള്‍ക്ക് മാതാപിതാക്കള്‍ എല്ലാമാണ്. കുട്ടികള്‍ക്ക് എപ്പോഴും വേണ്ടത് മാതൃകയാണ്. സത്യസന്ധതയുടെ മാതൃക മാതാപിതാക്കളില്‍നിന്ന് തന്നെ മക്കള്‍ പഠിച്ചെടുക്കണം.

എന്തുകൊണ്ട് കുട്ടികള്‍ നുണ പറയുന്നു

  • പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകാതെ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍.
  • കൂട്ടുകാരുടെ സമ്മര്‍ദ്ദം മൂലം കൂട്ടുകാരെ രക്ഷിക്കുവാന്‍.
  • നന്നായി പഠിച്ച് മാര്‍ക്ക് വാങ്ങിയാല്‍ സമ്മാനംതരാം എന്ന മാതാപിതാക്കളുടെ വാഗ്ദാനംപൂര്‍ണമായും നിറവേറ്റാതെ നുണപറഞ്ഞ് സമ്മാനം വാങ്ങി എടുക്കുവാന്‍.
  • മറ്റുള്ളവരെവേദനിപ്പിക്കാതിരിക്കുവാന്‍, കൂട്ടുകാരുടെ മുമ്പില്‍ നല്ലകുട്ടി ആകുവാന്‍.
  •  മാതാപിതാക്കളുടെയും അധ്യാപകരുടെയും, കൂട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റി തന്റെകഴിവ് കാണിക്കുവാന്‍.

നുണ ഒഴിവാക്കാം

  • മാതാപിതാക്കളുടെ അമിത ശിക്ഷാനടപടികള്‍ ഒഴിവാക്കിയാല്‍ പല നുണകളും അവസാനിക്കും.
  • കുട്ടികളോട് ശാന്തമായി സംസാരിക്കുമ്പോള്‍ ഭയം കുറയുന്നു. നുണപറയാനുള്ള
    പ്രവണത കുറയുന്നു.
  • എന്തുകൊണ്ട് ഈ പ്രത്യേക സാഹചര്യത്തില്‍ നുണ പറയുന്നു എന്നതിന്റെ കാരണം
    കണ്ടെത്തി തിരുത്തുവാന്‍ പറഞ്ഞ് മനസ്സിലാക്കി കൊടുത്താല്‍ നുണ ഒഴിവാക്കി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കുട്ടി പഠിക്കുന്നു.
  • ശാന്തമായി ശ്രവിച്ചും അനുകമ്പയോടെ കൂടെ നില്ക്കുകയും ചെയ്താല്‍ സത്യം പറയാന്‍ കുട്ടികള്‍ പ്രേരിപ്പിക്കപ്പെടും.
  • കുട്ടിക്ക്‌ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുവാന്‍ സഹായിക്കുക.
  • നുണ പറയുന്ന ശീലത്തില്‍ നിന്ന് പിന്തിരിയുവാന്‍ പരിശ്രമിക്കുന്ന കുട്ടിയെ പഴയ കാര്യങ്ങള്‍ പറഞ്ഞ് വേദനിപ്പിക്കാതിരിക്കുക.

ചെറിയ നുണകള്‍ പറഞ്ഞ് മറ്റുള്ളവരെ കളിയാക്കി ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന കുട്ടികളെ ചെറുപ്രായത്തില്‍ത്തന്നെ തിരുത്തുന്നില്ല എങ്കില്‍ നുണ പറച്ചില്‍ ആ കുട്ടിയുടെ സ്വഭാവത്തിന്റെ ഭാഗമായി തീരും. കൂട്ടുകാരെയും വീട്ടുകാരേയും വിശ്വസിപ്പിക്കുന്ന രീതിയിലുള്ള നുണകള്‍ കുട്ടികള്‍ ശീലമാക്കുന്നത് നമ്മുടെ കുടുംബങ്ങളില്‍ നിന്നാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി, മക്കളുടെ മുമ്പില്‍ വച്ച് ഒരിക്കലും കള്ളം പറയാതിരിക്കുക. സത്യസന്ധത എല്ലാ ബന്ധങ്ങളുടേയും  അടിസ്ഥാനമാണ് എന്ന വിശ്വാസം കുട്ടികള്‍ കുടുംബത്തില്‍നിന്ന്, മാതാപിതാക്കളില്‍ നിന്ന് പഠിക്കട്ടെ.


സി. ഡോ. പ്രീത CSN
സൈക്കോതെറാപ്പിസ്റ്റ്,
ജീവന സൈക്കോ സ്പിരിച്വല്‍ സെന്റര്‍, ചൊവ്വര

 

Related Articles