Monday, June 15, 2026

എന്റെ വീട് എന്റെ സ്കൂൾ

നമ്മുടെ കുട്ടികള്‍ ദിവസവും 7-8 മണിക്കൂര്‍ വിജ്ഞാന സമ്പാദനത്തിനായി സ്‌കൂളില്‍ ചെലവഴിക്കുന്നു. എന്നാല്‍, വിജ്ഞാന സമ്പാദനത്തിന് പാഠപുസ്തകങ്ങളില്‍നിന്ന് ലഭിക്കുന്ന അറിവിനെക്കാള്‍ ഉപരിയായ മാനങ്ങള്‍ ഉണ്ട്. സ്‌കൂളില്‍ നിന്നു ലഭിക്കാത്ത അറിവുകള്‍ പറഞ്ഞുകൊടുക്കാന്‍  നമുക്ക് കുറച്ചു സമയം വിനിയോഗിച്ചുകൂടേ.

ബോയ്‌സ് ഹോസ്റ്റലില്‍ കുട്ടികളുടെ മുറിയുടെ സ്ഥിതി ഒന്ന് കാണേണ്ടതുതന്നെയാണ്. മാറാലയും അടിച്ചുവാരാത്ത തറയും ഒരു മൂലയില്‍ മുഷിഞ്ഞതുണികളും വിരിച്ചിടാത്ത കിടക്കയും പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്ന മേശപ്പുറവും…..
കുട്ടിയെ എന്തിനു പഴിക്കണം? വീട്ടില്‍വച്ച് ഈ വക കാര്യങ്ങള്‍ ഒന്നുംതന്നെ ചെയ്യാന്‍ കുട്ടിക്ക് പരിശീലനം ലഭിച്ചിട്ടില്ല. കുട്ടിക്ക് ഒരുപാട് പഠിക്കാനില്ലേ, മുറി വൃത്തിയാക്കാന്‍ 15 മിനിറ്റുപോലും നഷ്ടപ്പെടുത്താനില്ല എന്നു പറഞ്ഞ് കുട്ടി സ്‌കൂളില്‍ പോയിക്കഴിയുമ്പോള്‍ അമ്മ തന്നെ അവിടെയെല്ലാം വൃത്തിയാക്കിയിടും. ശുചിത്വത്തി
ന്റെയും വൃത്തിയുടെയും ബാലപാഠങ്ങള്‍ അഭ്യസിക്കാന്‍ പറ്റിയ അവസരമാണ് അവധിക്കാലം. സ്വന്തം വസ്ത്രങ്ങള്‍ അലക്കുക, ഇസ്തിരിയിടുക ഇവയും ഒപ്പം ചില കൃഷിപാഠങ്ങളും അഭ്യസിക്കാം.

പാചക കലയുടെ അടിസ്ഥാനകാര്യങ്ങള്‍ കൗമാരപ്രായക്കാരും അറിഞ്ഞിരിക്കുന്നത് വളരെ പ്രയോജനകരമാണ്. വൈകാതെ പഠനാവശ്യത്തിനായി വീട്ടില്‍നിന്നു മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടാകാം. ഹോസ്റ്റലില്‍ അല്ലെങ്കില്‍ പേയിങ്ങ്
ഗസ്റ്റ് ആയി താമസിക്കേണ്ടി വന്നേക്കാം. ഒരു ചായ ഉണ്ടാക്കാനോ ഓംലെറ്റ് ഉണ്ടാക്കാനോ അറിയാമെങ്കില്‍ വളരെ ഉപകാരപ്രദമായിരിക്കുകയില്ലേ. ഒരു മാസത്തിനകം എത്രമാത്രം പാചകം പഠിക്കാം.

വ്യായാമമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം കൗമാരപ്രായക്കാര്‍ ഒരു മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടണം. സമയമില്ല, ഒരുപാട് പഠിക്കാനുണ്ട് ഇതെല്ലാമാണ് വ്യായാമം ചെയ്യാതിരിക്കാനുള്ള സാമാന്യമായ ന്യായീകരണങ്ങള്‍. അവധിക്കാലത്ത് ഈ ന്യായീകരണത്തിന് പ്രസക്തിയില്ലല്ലോ. ഇന്നത്തെ കൗമാരപ്രായക്കാരില്‍ അമിതവണ്ണം കൂടിവരുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇക്കൂട്ടര്‍ക്ക് പ്രമേഹം, രക്താദിസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഇവ ഉണ്ടാകാന്‍ 50% സാധ്യത നിലനില്‍ക്കുന്നു. അതിനാല്‍ കൗമാരപ്രായക്കാരെ പതിവായി വ്യായാമം ചെയ്യുന്ന ശീലത്തിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കണം. അതിന് തുടക്കം കുറിക്കാന്‍ അവധിക്കാലംതന്നെ നല്ലത്.

വ്യായാമം വിരസമായ ഒന്നാകരുത്. സൈക്കിള്‍ ചവിട്ടുന്നത് ഒരു വ്യായാമമാണ്. ഭാവിയില്‍ ബൈക്ക് ഓടിക്കണമെന്നുണ്ടെങ്കില്‍ സൈക്കിള്‍ബാലന്‍സ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വ്യായാമം എന്ന ലേബല്‍ ഇല്ലാതെതന്നെ വ്യായാമം ലഭിക്കാന്‍ സൈക്കിള്‍ ചവിട്ടു പഠിക്കാം. ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ്‌ബോള്‍ അതുപോലുള്ള ഗെയിംസ് പഠിക്കാനും ഈ അവധിക്കാലം വിനിയോഗിക്കാം. അതുമല്ലെങ്കില്‍ നീന്തല്‍, നൃത്തം, സുംബാ ഇവ പരിശീലിക്കുന്നതും വ്യായാമം തന്നെ.

കുട്ടികളുടെ താത്പര്യങ്ങളും ബലവും (Strong points) ആവശ്യങ്ങളും മാതാപിതാക്കള്‍ക്കാണു നന്നായി അറിയുന്നത്. കുട്ടിക്ക്‌നൃത്തം/ സംഗീതം/ചിത്രരചന ഇവയിലേതിലെങ്കിലും അഭിരുചിയുണ്ടോ? കുട്ടിക്ക് താത്പര്യമെങ്കില്‍ അതിനുള്ള പ്രത്യേകപരിശീലനം അവധിക്കാലത്ത് ഒരുക്കിക്കൊടുക്കാം. ഇത് നിര്‍ബന്ധ
ബുദ്ധ്യാ ആയിരിക്കരുത്; അവധിക്കാലം ആസ്വദിക്കാനുള്ളതാണ്. കുട്ടി ഡാന്‍സ് അല്ലെങ്കില്‍ സംഗീതം പഠിച്ചിരിക്കണം എന്നത് ഭാവിജീവിതത്തിലെ മര്‍മ്മപ്രധാനമായ ഒരു കാര്യമൊന്നുമല്ലല്ലോ.

കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ഒരു സാമാന്യ പരിജ്ഞാനം ഉണ്ടാവുക എന്നത് ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗവും അതില്‍ മെസ്സേജ് അയയ്ക്കലുമൊക്കെ അവര്‍ വളരെ ഭംഗിയായി ചെയ്യുമെങ്കിലും ഒരു ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പ് വീട്ടിലുള്ളത് വളരെ പ്രയോജനകരമായിരിക്കും. ടൈപ്പിംഗ്, വേര്‍ഡ് (Word) പവര്‍ പോയിന്റ്, എക്‌സെല്‍ ഇവ പരിശീലിക്കാന്‍ അതു
പകരിക്കും.

പ്ലസ്ടുവില്‍ എത്തുമ്പോള്‍ പുസ്തകങ്ങളെല്ലാം ഇംഗ്ലീഷിലായതിനാല്‍, മലയാളം മീഡിയത്തില്‍ പഠിച്ചവരുന്ന കുട്ടികള്‍ വളരെ ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. അവധിക്കാലത്ത് കുറച്ച് സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലിച്ചാല്‍ അത് ഭാവിയിലേക്ക് ഉപകാരപ്രദമാവില്ലേ? പ്രത്യേകിച്ചും ഇക്കാലത്ത് എത്രയോ കുട്ടികളാണ് പഠനത്തിനായി UK യിലേക്കും USA യിലേക്കും കുടിയേറാന്‍ ശ്രമിക്കുന്നത് – അവരുടെ ഒരു വലിയ തടസ്സം, ചിലപ്പോള്‍ ഒരേയൊരു തടസ്സം ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ കുറവാണ്.

പല കുട്ടികളും സ്വന്തം മാതൃഭാഷയില്‍ എഴുതാനും വായിക്കാനും കഷ്ടപ്പെടുമ്പോള്‍ ഫ്രഞ്ച് രണ്ടാം ഭാഷയായി പഠിക്കുന്നു. കുറച്ചു മലയാളം പുസ്തകങ്ങളും നോവലുകളും വായിക്കാന്‍ അവധിക്കാലം ഉപയോഗിച്ചുകൂടേ. ഹിന്ദിയില്‍ അല്പസ്വല്പം പരിജ്ഞാനമാര്‍ജിക്കുന്നതും ഭാവിയില്‍ ഉപകാരപ്പെടും.

സ്‌കൂളില്‍ പോകേണ്ട ആവശ്യമുണ്ടോ?

ക്രിസ്റ്റഫര്‍ പാവൊലിനി അതിസമര്‍ഥനായ ഒരു വിദ്യാര്‍ഥിയായിരുന്നു. പക്ഷേ, സ്‌കൂള്‍ അവനു വളരെ വിരസമായ അനുഭവമായിരുന്നു. അവന്റെ സഹപാഠികളില്‍ ആരുംതന്നെ ബുദ്ധി സാമര്‍ഥ്യത്തില്‍ അവന്റെ അടുത്തുപോലും എത്തിയിരുന്നില്ല. ഒടുവില്‍ അവന്റെ മാതാപിതാക്കള്‍ അവനെ സ്‌കൂളില്‍ നിന്നു പേരുവെട്ടി വീട്ടിലിരുത്തി പഠിപ്പിക്കാന്‍ ആരംഭിച്ചു. അവര്‍ക്ക് പഠിപ്പിക്കാന്‍ സാധിക്കാതിരുന്നത് കറസ്‌പോണ്ടന്‍സ് കോഴ്‌സുകളിലൂടെ അവന്‍ പഠിച്ചു. സ്‌കൂള്‍ സിലബസ് അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ കോഴ്‌സുകള്‍ കുട്ടിക്കുവേണ്ടി മാതാപിതാക്കള്‍ തിരഞ്ഞെടുത്തു. അവന്‍ കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചെടുത്തു. 19-ാം വയസ്സില്‍ത്തന്നെ, വളരെയധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട പുസ്തകത്തിന്റെ രചയിതാവായി. പുസ്തകത്തിന്റെ വിറ്റുവരവ് അവനെ ഒരു കോടീശ്വരനാക്കി. വിഖ്യാതമായ മറ്റ് ഏഴു പുസ്തകങ്ങള്‍ കൂടി അദ്ദേഹം രചിച്ചു.

കുട്ടിയെ സ്‌കൂളില്‍ അയയ്ക്കാതെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനാണ് ‘ഹോം സ്‌കൂളിങ്’ (Home Schooling)എന്ന്പറയുന്നത്. ഓരോ കുട്ടിയുടെയും കഴിവുകളും നിപുണതകളും പ്രത്യേകം പ്രത്യേകം കണക്കിലെടുക്കാത്തതിനാല്‍ കുട്ടിയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കുള്ള മികച്ച രീതി സ്‌കൂളില്‍ അയച്ചു പഠിപ്പിക്കുന്നതല്ല എന്നാണ് ഹോം സ്‌കൂളിങ്ങിന്റെ വക്താക്കളുടെ വാദം. എന്നാല്‍, വീട്ടിലിരുത്തിയുള്ള
പഠിപ്പിക്കലിന് അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്.

  1. കുട്ടികള്‍ പഠിക്കേണ്ടുന്ന വിഷയങ്ങള്‍ അതിന്റെ ആഴത്തിലും പരപ്പിലും പഠിപ്പിക്കാന്‍ നിപുണരായ എത്ര മാതാപിതാക്കള്‍ ഉണ്ട്? അഭ്യസ്തവിദ്യരായ മാതാപിതാക്കള്‍ക്കുപോലും പത്താം ക്ലാസിലെ കണക്കും സയന്‍സും ഇംഗ്ലീഷും പഠിപ്പിക്കാന്‍ സാധിക്കുമോ? ചരിത്രവും ഭൂമിശാസ്ത്രവും ഹിന്ദിയും വേറെയും…. ഒരു ശരാശരി പാരന്റിന് ഒരു ശരാശരി അധ്യാപകനോട് കിടപിടിക്കാന്‍ സാധ്യമല്ലതന്നെ.
  2. വീട്ടിലിരുന്ന് പഠിക്കുന്ന കുട്ടി അവന് താത്പര്യമുള്ള ഒരു വിഷയത്തില്‍ പ്രാവീണ്യം
    നേടിയേക്കാം. എന്നാല്‍, അവനു വിരസമായി തോന്നുന്ന മറ്റു വിഷയങ്ങളിലുള്ള അവന്റെ പരിജ്ഞാനം തീര്‍ത്തും അപര്യാപ്തമായിരിക്കും.
  3. കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിക്കാനാണ് തീരുമാനമെങ്കില്‍ മാതാപിതാക്കളിലൊരാള്‍
    ജോലി ഉപേക്ഷിച്ചു വീട്ടിലിരുന്നേ പറ്റൂ. തനിയെ ഇരുന്ന് പഠിക്കാനുള്ള ഒരു ശുഷ്കാന്തി കുട്ടിക്ക് ഉണ്ടാവണമെന്നില്ല.
  4. വീട്ടിലിരുന്ന് പഠിക്കുന്ന കുട്ടിക്ക് സമപ്രായക്കാരുമായി ഇടപഴകാനുള്ള അവസരങ്ങള്‍ കുറയുന്നു. ഇത് കുട്ടിയുടെ വൈകാരിക വളര്‍ച്ചയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരുഘടകമാണ്. നവജാതശിശുക്കളും കുഞ്ഞുങ്ങളും മാതാപിതാക്കളോട് അള്ളിപ്പിടിച്ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ സമപ്രായക്കാരോട് ഇടപഴകാന്‍ ശീലിക്കേണ്ടിയിരിക്കുന്നു.
  5. പാഠപുസ്തകത്തില്‍നിന്ന് കാര്യങ്ങള്‍ പഠിക്കുക മാത്രമല്ല സ്‌കൂളില്‍ നടക്കുന്നത്. ഒരു
    നല്ല വിദ്യാലയം കുട്ടികളെ കലാകായിക സംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. പ്രസംഗം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, പെയിന്റിംങ് തുടങ്ങിയ കുട്ടികളുടെ അഭിരുചികള്‍ വളര്‍ത്തിയെടുക്കാനുള്ള അവസരങ്ങള്‍നല്‍കുന്നു.

സ്‌കൂള്‍ സംവിധാനത്തെപ്പറ്റിയുള്ള പ്രധാന ആക്ഷേപം സിലബസില്‍ ഒട്ടും മാറ്റം വരുത്താന്‍ പറ്റില്ല എന്നതാണ്. പരമാവധി കുട്ടികള്‍ക്ക് പരമാവധി പ്രയോജനം ലഭിക്കണമെങ്കില്‍ അത് അങ്ങനെ തന്നെയായിരിക്കണം. ശരാശരി ബുദ്ധിശക്തിയുള്ള 95% (IQ:70-130) കുട്ടികള്‍ക്ക് വേണ്ടിയാണ് സ്‌കൂളില്‍ പാഠ്യ പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

രണ്ടര ശതമാനം കുട്ടികള്‍ക്ക് 130 നും മേലെയാണ് IQ. ഇക്കൂട്ടരുടെ ചിന്താശക്തിയെ ഉദ്ദീപിപ്പിക്കാന്‍ സ്‌കൂള്‍ സിലബസ് മതിയാവില്ല. ചില രാജ്യങ്ങളില്‍ ഇതിനൊരു ഭാഗികമായ പരിഹാരം ഇപ്പോള്‍ത്തന്നെയുണ്ട്. ഒരു ക്ലാസില്‍ ഒരു വിഷയത്തിന് (ഉദാ: കണക്ക്) ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടിക്ക്‌ സമാന്തരമായി ആ വിഷയത്തില്‍ അടുത്ത ഗ്രേഡ് പഠിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നു. അതുപോലെ പിന്നാക്ക
മായിട്ടുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ റെമെഡിയല്‍ കോച്ചിംങ് (Remedial Coaching) നല്‍കുന്നു. വികസിത രാജ്യങ്ങളിലെ നല്ല സ്‌കൂളുകളില്‍ ഇതു പതിവാണെങ്കിലും നമ്മുടെ നാട്ടില്‍ അത്ര സാധാരണമല്ല. കോളേജിലെത്തുമ്പോള്‍ (University) വികസിത രാജ്യങ്ങളിലെങ്കിലും പഠന സമ്പ്രദായം കൂടുതല്‍
ഫ്‌ളെക്‌സിബിള്‍ (Flexible) ആണ്. ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുക്കാനും അവ തനിക്ക് ഉചിതമായ രീതിയില്‍ പഠിക്കാനും ഉള്ള സ്വാതന്ത്ര്യം അനുവദിക്കുന്നു.

സാക്ഷരത സാര്‍വത്രികമായിട്ടില്ലാത്ത, വിദ്യാഭ്യാസ നിലവാരം അത്ര മേല്‍ത്തരമല്ലാത്ത നമ്മുടേതുപോലുള്ള ഒരു രാജ്യത്തില്‍ സമ്പൂര്‍ണ്ണ സാക്ഷരത ലക്ഷ്യം വയ്ക്കുന്നതാണ് ബുദ്ധി; അതുപോലെ ശരാശരി വിദ്യാര്‍ഥിക്ക് വേണ്ടിയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉയര്‍ന്ന പ്രതിഭ ഉള്ളവര്‍ക്ക് സ്‌കൂള്‍ പഠനത്തോടൊപ്പം താത്പര്യമുള്ള മേഖലകളില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാനുള്ള അവസരങ്ങള്‍ ഉണ്ടല്ലോ.

സ്‌കൂള്‍ സമ്പ്രദായത്തിന് പകരം എന്നതിലുപരി, അതിനോടൊപ്പം ചേര്‍ത്തുവയ്ക്കുകയാണെങ്കില്‍ ഹോം സ്‌കൂളിങ് മഹത്തായ ഒരാശയമാണ്.
സാധാരണ സ്‌കൂള്‍ പഠനത്തോടൊപ്പം ഹോം സ്‌കൂളിങ് കൂടെ കൊടുക്കുന്നതില്‍ നിന്ന് അര്‍പ്പണബോധമുള്ള മാതാപിതാക്കളെ ആരും തടസ്സപ്പെടുത്തുന്നില്ല. IQ കുറവായതുകൊണ്ട് കുട്ടിയുടെ സ്‌കൂളിലെ പഠനനിലവാരം മോശമാകുന്നുണ്ടോ? സ്‌നേഹവും ക്ഷമയുമുള്ള പാരന്റ് നല്‍കുന്ന ഹോം സ്‌കൂളിങ് തന്നെയാണ് അതിനുള്ള പ്രതിവിധി. ക്ലാസില്‍ അടങ്ങിയിരിക്കാതെ എപ്പോഴും ടീച്ചറുടെ വഴക്കൊക്കെ കേള്‍ക്കുന്നുണ്ടോ? ക്ഷമയോടെ വ്യക്തിപരമായ ശ്രദ്ധകൊടുത്ത് മാതാപിതാക്കള്‍ക്ക് കുട്ടിയെ പഠിപ്പിച്ചു വിജയിപ്പിച്ചെടുക്കാം.

ന്യൂട്ടൻ
ഡോ. ന്യൂട്ടന്‍ ലൂയിസ് MD, DCH, DNB
കണ്‍സള്‍ട്ടന്റ് പീഡിയാട്രിഷ്യന്‍,
ധന്യ ആശുപത്രി, പോട്ട

 

Related Articles