Tuesday, June 23, 2026

നമ്മുടെ പിഴ

വല്ലാതെ തൊട്ടു ആ ഷോര്‍ട്ട് ഫിലിം. രണ്ടേ രണ്ടു മിനിറ്റേയുള്ളൂ. നിശ്ശബ്ദചിത്രമാണ്. ഒരു വീടിന്റെ സ്വീകരണമുറി. ഏതാണ്ട് നാലുവയസ്സുള്ള കുഞ്ഞും അച്ഛനുമുണ്ടവിടെ. കുഞ്ഞ് സ്വസ്ഥമായി വായിക്കുകയാണ്. അച്ഛന്‍ ടിവി ഓണാക്കാന്‍ ശ്രമിക്കുന്നു. കഴിയുന്നില്ല. അയാള്‍ മെക്കാനിക്കിനെ വിളിച്ചു. അയാള്‍ ടിവി തുറന്നു പരിശോധിക്കുന്നു. അതിനകത്ത് നിറയെ റൊട്ടിയുടെ നുറുങ്ങുകള്‍ കുട്ടിയല്ലാതെ പിന്നെ ആരിതു ചെയ്യാനാണ്. കയ്യോടെ പിടിച്ചു. അച്ഛനും അമ്മയും അവനെ നടുവിലിരുത്തി വിചാരണ ചെയ്തു. കുഞ്ഞിന്റെ മുഖം വാടി. ഏതോ ആഫ്രിക്കന്‍ രാജ്യത്തെ ദാരിദ്ര്യം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി കാണുകയായിരുന്നവന്‍. പട്ടിണികൊണ്ട് എല്ലും തോലുമായ കുഞ്ഞുങ്ങള്‍. ആ കാഴ്ച കണ്ട് കുഞ്ഞിന്റെ ഹൃദയമുരുകി കണ്ണുനിറഞ്ഞൊഴുകി. അവര്‍ക്കെന്തെങ്കിലും കൊടുത്തേ പറ്റൂ. ഇവിടെ റൊട്ടിയിരുപ്പുണ്ട്. അവനതില്‍ നിന്ന് കുറേശ്ശെയായി എടുത്ത് ടിവിയുടെ പുറകിലുള്ള ഒരു ചെറിയ ദ്വാരത്തിലൂടെ അവര്‍ക്കു നല്കിയതാണ്! ഇപ്പോള്‍ കണ്ണുനിറഞ്ഞുപോയത് ആ മാതാപിതാക്കളുടെ മാത്രമല്ല, കണ്ടുകൊണ്ടിരിക്കുന്ന നമ്മുടെയുമാണ്.

ഏതൊരു കുഞ്ഞിനെയും ശ്രദ്ധിക്കൂ. സ്വര്‍ഗത്തിന്റെ ഒരു തുണ്ട് ഉള്ളില്‍ പേറുന്നവരാണവര്‍. അല്ലെങ്കില്‍ നമ്മുടെതന്നെ ശൈശവം ഓര്‍ത്തെടുക്കൂ. കാവല്‍മാലാഖയ്ക്ക് കിടക്കാന്‍ സ്ഥലം ഒഴിവാക്കിയിട്ട് കിടന്നതും ക്രൂശിതനായ യേശുവിനെ കണ്ട് പാവം തോന്നി ആ ആണികള്‍ ഊരാന്‍ ശ്രമിച്ചതും പോലെയുള്ള എത്രയെത്ര ദിവ്യമായ ഓര്‍മകള്‍… ആ നിഷ്‌കളങ്കതയും വിശുദ്ധിയുമൊക്കെ പോയി
പ്പോയി പതിനഞ്ചുവയസ്സുപോലുമില്ലാത്ത കുട്ടികള്‍ ഇപ്പോള്‍ നമുക്കു സങ്കല്പിക്കാ നാവാത്ത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതു കണ്ടുംകേട്ടും നമ്മുടെ ഉറക്കം നഷ്ടമാവുകയാണ്. എന്തുപറ്റി നമ്മുടെ കുട്ടികള്‍ക്ക് എന്ന് കുട്ടികളടക്കം കേരളം മുഴുവന്‍ ചര്‍ച്ചചെയ്യുകയാണ്. അമിത വാത്സല്യവും ശിക്ഷയും അശ്രദ്ധയും അവഗണനയും മാതാപിതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങളും എല്ലാം കുട്ടിയുടെ വ്യക്തിത്വത്തെ വികലമാക്കുന്നുണ്ട്. മാത്രമല്ല, വയലന്‍സ് നിറഞ്ഞ സിനിമകള്‍, ഗെയിമുകള്‍, മയക്കുമരുന്നുപയോഗം, മൊബൈല്‍ അടിമത്തം… ഇവയൊക്കെ കുട്ടികളില്‍ അക്രമവാസനയുണര്‍ത്തുന്ന ഘടകങ്ങള്‍തന്നെ. ഇങ്ങനെ ഒരു കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തില്‍ ഒട്ടേറെ ഘടകങ്ങള്‍ സ്വാധീനിക്കുന്നതിനാല്‍ പരിഹാരമാര്‍ഗവും ഒന്നു മാത്രമായിരിക്കില്ല.

എങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചോ? എല്ലാ കാരണങ്ങളും എത്തിനില്‍ക്കുന്നത് നമ്മള്‍ മുതിര്‍ന്നവരിലാണ് എന്നത് നമ്മള്‍ തലകുനിച്ചംഗീകരിക്കുക. ഇതാ, ഇപ്പോള്‍ കുട്ടികള്‍തന്നെ നമുക്കുനേരെ വിരല്‍ ചൂണ്ടുന്നു:
അക്രമവാസന വളര്‍ത്തുന്ന സിനിമകളും ഗെയിമുകളും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമൊക്കെ നിര്‍മ്മിക്കുന്നത് ഞങ്ങളാണോ?
അച്ഛനും അമ്മയ്ക്കുമിടയിലെ വഴക്കിനു കാരണക്കാര്‍ ഞങ്ങളാണോ?
കുട്ടികളായ ഞങ്ങളാണോ മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്നതും വില്ക്കുന്നതും?മൊബൈല്‍ ഫോണിന്റെ ലോകം നിങ്ങളല്ലേ ഞങ്ങള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയത്?

കുട്ടികളുടെ ഈ ആരോപണങ്ങള്‍ക്ക് നമുക്കെന്തുത്തരം കൊടുക്കാനുണ്ട്? ശരിയല്ലേ? കുഞ്ഞിനെ അടക്കിയിരുത്താന്‍, ഭക്ഷണം കഴിപ്പിക്കാന്‍ അവരുടെ കയ്യില്‍ മൊബൈല്‍ ഓണാക്കിക്കൊടുത്തത്‌ നമ്മള്‍ മുതിര്‍ന്നവരാണ്. അതവരെ മൊബൈല്‍ അടിമകളാക്കി. ബസ് യാത്രയ്ക്കിടെ മുതിര്‍ന്നയാള്‍ക്ക്‌ സീറ്റൊഴിഞ്ഞുകൊടുക്കാന്‍ എഴുന്നേറ്റ കുട്ടിയെ അവിടെയിരിക്ക് എന്നു ശാസിച്ച് പിടിച്ചിരുത്തിയതും നമ്മള്‍ മുതിര്‍ന്നവരാണ്. അങ്ങനെ മുതിര്‍ന്നവരെ മാനിക്കേണ്ടതില്ല എന്ന പാഠം അവര്‍ പഠിച്ചു.

വീട്ടില്‍ സമപ്രായക്കാരായ കുട്ടികള്‍ വന്നപ്പോള്‍ നിന്റെ കളിപ്പാട്ടം എടുത്ത് ഒളിച്ചുവച്ചോ എന്നുപദേശിച്ചപ്പോഴും നിന്റെ നോട്ട് മറ്റു കുട്ടികളെ കാണിക്കണ്ട എന്നു നിര്‍ദേശിച്ചപ്പോഴും നമ്മളോര്‍ത്തോ, അതവരെ സ്വാര്‍ഥമതികളും സമൂഹത്തോടോ മാതാപിതാക്കളോടു പോലുമോ കടപ്പാടില്ലാത്തവരുമാക്കി മാറ്റുമെന്ന്?

ക്ലാസില്‍ ഒന്നാമതെത്താന്‍ ഏതു വളഞ്ഞ വഴിയും സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഒത്തിരി സത്യസന്ധരായാല്‍ ജീവിക്കാന്‍ കഴിയില്ലെന്നും അവര്‍ക്കു പറഞ്ഞു കൊടുത്തതും ഈ നമ്മള്‍തന്നെ.

ആഘോഷവേളകള്‍ മദ്യപിക്കാനുള്ള അവസരങ്ങളാണെന്ന് അവര്‍ കണ്ടുപഠിച്ചത്‌ സ്വന്തം വീട്ടില്‍നിന്നുതന്നെയല്ലേ? സ്വന്തം കാര്യം നോക്കി ജീവിച്ചില്ലെങ്കില്‍ ജീവിതത്തില്‍ ഒന്നുമാവില്ല എന്നവര്‍ക്കു പറഞ്ഞുകൊടുത്തത് നമ്മളല്ലേ?

കുട്ടിയുടെ പോക്ക് ശരിയല്ലെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ എന്റെ കുട്ടി അങ്ങനെ ചെയ്യില്ലെന്നു നമ്മള്‍ നീതീകരിച്ചത് അവരെ വലിയ കുറ്റകൃത്യങ്ങളിലേക്ക് തള്ളിയിടാന്‍ കാരണമായി എന്ന് നമ്മള്‍ അറിഞ്ഞോ?

കുട്ടിയെ തിരുത്താനും ശിക്ഷിക്കാനും തയ്യാറാവുന്ന അധ്യാപകരെ തടഞ്ഞത് ആരാണ്? അതെത്ര വലിയ വിപത്താണ് വരുത്തിവച്ചതെന്ന് നമ്മള്‍ തിരിച്ചറിഞ്ഞോ പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ കാണിച്ച തെറ്റിന് അധ്യാപകന്‍ നല്‍കിയ ശിക്ഷയെപ്രതി കുട്ടിയുടെ മുത്തച്ഛന്‍ സ്‌കൂളിലെ മുഴുവന്‍ അധ്യാപകരോടും കയര്‍ത്തു. അവന്‍
ഹൈസ്‌കൂളില്‍ എത്തിയപ്പോഴേക്കും മയക്കുമരുന്നു കേസിലെ പ്രതിയായി. ആരാണതിനുത്തരവാദി?

കുട്ടികളാണ്. തെറ്റുപറ്റാം. പക്ഷേ, മുതിര്‍ന്നവരത് തിരുത്തിയില്ലെങ്കില്‍ എന്തുചെയ്യും. അതില്‍ അലംഭാവം കാണിച്ചാല്‍ കുട്ടികള്‍ക്കു മാത്രമല്ല, കുടുംബത്തിന്റെ തന്നെ തകര്‍ച്ചയ്ക്കു കാരണമായേക്കാം. പഴയനിയമത്തിലെ ഏലിയെ ഓര്‍മ്മയില്ലേ? പുരോഹിതനാണ്. നല്ല മനുഷ്യന്‍. ദേവാലയത്തില്‍വന്ന സ്ത്രീ ഹൃദയപൂര്‍വം
പ്രാര്‍ഥിച്ചതായിരുന്നെങ്കിലും അവള്‍ മദ്യപിച്ചിരിക്കുന്നു എന്നുകരുതി അയാള്‍ അവളെ ശാസിക്കുന്നുപോലുമുണ്ട്. ദേവാലയത്തിന്റെ പവിത്രതയെക്കുറിച്ച് അത്രമേല്‍ ജാഗ്രതയുള്ള മനുഷ്യന്‍. പക്ഷേ, സ്വന്തം മക്കളുടെ ഇടര്‍ച്ചകളെക്കുറിച്ച് അറിഞ്ഞിട്ടും അവരെ വേണ്ടവിധം തിരുത്താന്‍ ശ്രദ്ധിക്കുന്നില്ല. അതിന് ഏലിക്കു കൊടുക്കേണ്ടിവന്ന വില ചെറുതായിരുന്നില്ല. ആ കുടുംബത്തിനു നല്‍കിയ വാഗ്ദാനങ്ങളെല്ലാം പിന്‍വലിക്കുകയാണ്. അത് ഏലിയിലും മക്കളിലും മാത്രം ഒതുങ്ങിയില്ലെന്നുകൂടി ഓര്‍ക്കണം (1 സാമു. 2,27-36)

ലോകം എപ്പോഴും കുഞ്ഞുങ്ങള്‍ക്കു വച്ചുനീട്ടുന്നത് നല്ലതാവില്ല. വീട്ടിലുള്ളവര്‍ എത്ര ജാഗ്രത പുലര്‍ത്തിയാലും നമ്മളറിയാത്ത കെണികള്‍ കുട്ടികളുടെ ലോകത്തുണ്ട്. ഗവണ്‍മെന്റില്‍നിന്നുള്ള ശക്തമായ പ്രതിരോധങ്ങളതിനു വേണം. എങ്കിലും നമുക്കു ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. എന്തായാലും നമുക്കു നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിച്ചേ പറ്റൂ. എങ്ങനെ, ആര് എന്നോര്‍ക്കാനില്ല. നമ്മള്‍ മുതിര്‍ന്നവര്‍ ഒത്തുപിടിച്ചാല്‍മതി. അതിന് അമ്മമാരുള്‍പ്പെടുന്ന നാട്ടുകൂട്ടങ്ങള്‍ ഓരോ ദേശത്തും രൂപപ്പെടുത്തുക എന്നത് ഒരു നല്ലകാര്യമായിട്ടനുഭവപ്പെടുന്നു. കുട്ടികളില്‍ അക്രമവാസന യുണര്‍ത്തുന്ന മദ്യം, മയക്കുമരുന്ന് തുടങ്ങിയവയ്ക്കതിരെഒറ്റക്കെട്ടായിനിന്നാല്‍
വിജയിക്കുമെന്നുറപ്പ്. അങ്ങനെ ചില നല്ല വാര്‍ത്തകള്‍ തൃശൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ഇടങ്ങളില്‍നിന്ന് കേള്‍ക്കുന്നുണ്ട്. അതോടൊപ്പം വയലന്‍സ് നിറഞ്ഞ സിനിമകള്‍ പ്രതിരോധിക്കാനും കഴിയേണ്ടുതുണ്ട്. ആരൊക്കെ ഇല്ലെന്നു പറഞ്ഞാലും സിനിമ മനുഷ്യരെ തൊടുന്നുണ്ട്. സിനിമയെ വെറും അഭിനയമായി കാണാന്‍ അപക്വമനസ്സുകള്‍ക്കു കഴിഞ്ഞെന്നു വരില്ല. ദേ, ഇന്നും കണ്ടു ഒരു വാര്‍ത്ത, താന്‍ ചെയ്ത കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കാന്‍ ദൃശ്യം സിനിമയില്‍നിന്നാണ് പ്രചോദനം ലഭിച്ചതെന്ന് ഒരു ചെറുപ്പക്കാരന്‍ വെളിപ്പെടുത്തുകയാണ്. സൂപ്പര്‍മാനെ അനുകരിച്ച് മുകളില്‍നിന്ന് ചാടി മരണമടഞ്ഞ കുഞ്ഞുങ്ങള്‍… അങ്ങനെ എത്രയോ സംഭവങ്ങള്‍.

ഒടുവില്‍, മറ്റുള്ളവര്‍ പരാജയപ്പെടുന്നിടത്ത് തോല്ക്കാത്ത ഒരാളുണ്ട് – അമ്മ. അമ്മമാര്‍ ഒറ്റക്കെട്ടായിനിന്നാല്‍ അകറ്റിനിര്‍ത്താനാവാത്ത ഒരു തിന്മയുമില്ല. പുണ്യവതികളായ അമ്മമാരുടെ കുറവാണ് സമൂഹത്തിന്റെ തകര്‍ച്ചയ്ക്കു കാരണമെന്ന് മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവ് പറഞ്ഞതെത്രയോ സത്യം. മാതൃത്വം എന്നത് ദൈവത്തിനു പകരക്കാരായിനിന്ന് മക്കളില്‍ മാനുഷിക നന്മകളും ദൈവിക ഗുണങ്ങളും വളര്‍ത്തിയെടുക്കാനുള്ള വിളിയാണ്. ഒറ്റനിബന്ധനയേയുള്ളൂ. അവരെ നേര്‍വഴിക്കുന്ന നയിക്കാന്‍ മാത്രം കുലീനമാണോ അമ്മയുടെ ജീവിതം എന്നത്. അതൊരു ബാധ്യതയാണ്.
Sobha
  സി. ശോഭ CSN 

 

Related Articles