Tuesday, June 30, 2026

കൗമാരക്കാരും സാമ്പത്തിക അച്ചടക്കവും

കുറച്ചുനാളുകള്‍ക്ക് മുന്‍പ് പത്രത്തില്‍ ഒരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. ഒരു 14 കാരന്‍ ഓണ്‍ലൈനില്‍ ഗെയിം കളിച്ച് 40,000 രൂപ നഷ്ടപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തു. 1,400 രൂപ തന്റെ അക്കൗണ്ടില്‍നിന്നും ഗെയിം സൈറ്റിലേക്ക് പോയതായി അമ്മയ്ക്ക് നോട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു, അമ്മ ഫോണില്‍ അവനെ വിളിച്ചു വഴക്കുപറയുകയും ചെയ്തിരുന്നു. ഇതു പലയാവര്‍ത്തി ചെയ്തിട്ടുണ്ടെന്നും അതുവഴി ആകെ ചെലവഴിച്ച തുക എത്രയെന്ന് അമ്മ അറിയുകകൂടി ചെയ്താല്‍ ഉണ്ടാകാവുന്ന ഭൂകമ്പമോര്‍ത്ത് അവന് ഒരു എത്തുംപിടിയും കിട്ടിയില്ല. ചെയ്ത തെറ്റിന് ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് അവന്‍ കാര്യം അവസാനിപ്പിച്ചു. നിങ്ങളും ഓര്‍ക്കുന്നുണ്ടാകും.

‘ഫ്രീ ഫൈറ്റര്‍’ സൗജന്യമായ ഒരു ഓണ്‍ലൈന്‍ ഗെയിമാണ്. എന്നാല്‍, ജയിക്കാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ വാങ്ങാനുള്ള സാധ്യതകള്‍ ഉണ്ട്.

മുകളില്‍ വിവരിച്ച സംഭവത്തില്‍നിന്ന് മാതാപിതാക്കള്‍ ഒരുകാര്യം മനസ്സിലാക്കേണ്ടതാണ്. നമ്മുടെ കൗമാരപ്രായക്കാരെ പൈസയുടെ മൂല്യം
അറിയിച്ചു വളര്‍ത്തണം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് കുട്ടികളെ ബുദ്ധിമുട്ടിക്കേണ്ട എന്നു ചിന്തിച്ച് കുട്ടികളോട് പണസംബന്ധമായ കാര്യങ്ങള്‍ മാതാപിതാക്കള്‍ പൊതുവെ സംസാരിക്കാറില്ല. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും
മറ്റും നല്‍കാന്‍ മാതാപിതാക്കള്‍ സ്വയം ത്യജിച്ച് ബുദ്ധിമുട്ടി ജീവിച്ചാലും മാതാപിതാക്കള്‍ വിഷമിക്കുന്നു എന്ന കുറ്റബോധം മക്കള്‍ക്കുണ്ടാകരുത് എന്നുതന്നെയാണ് അവര്‍ ചിന്തിക്കുന്നത്. എന്നാല്‍, സാമ്പത്തിക കാര്യങ്ങള്‍ കുട്ടികളുമായി ചര്‍ച്ചചെയ്യാതിരിക്കുന്നത് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ബുദ്ധിമുട്ടുകളെ അവര്‍ വിലമതിക്കാതിരിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യും. കൂട്ടുകാര്‍ക്കുള്ളതുപോലെ ആഢംബരങ്ങള്‍ അവര്‍ക്കും വേണമെന്ന് വാശിപിടിക്കും. ഈ സന്ദര്‍ഭം ഫാമിലി ബജറ്റ് വിശദീകരിക്കാനുള്ള ഒരു അവസരമായി ഉപയോഗിക്കാം.

നല്ല മാതൃകയായിരിക്കുക

കുട്ടികളെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാന്‍ സ്വയം ഒരു മാതൃകയാവുകയാണ് വേണ്ടത്.

  • ഒരു മാസത്തെ വരവു ചെലവുകളെക്കുറിച്ച് വ്യക്തമായ ഐഡിയ ഉണ്ടായിരിക്കണം. ഒഴിവാക്കാന്‍ പറ്റാത്ത ചെലവുകളും (ഉദാ: കറണ്ടു ബില്‍) മാറ്റിവയ്ക്കാന്‍ പറ്റുന്ന ചെലവുകളും വേര്‍തിരിച്ചറിയാനാകണം.
  • മുന്നോട്ടു ചിന്തിക്കുക, ഭാവിയില്‍ വരാവുന്ന പ്രധാന ചെലവുകള്‍ (മക്കളുടെ തുടര്‍വിദ്യാഭ്യാസം, വിവാഹം) പ്ലാന്‍ ചെയ്ത് അതിനുവേണ്ടി ദീര്‍ഘകാല സമ്പാദ്യങ്ങള്‍ ലക്ഷ്യം വയ്ക്കുക. അടിയന്തരാവശ്യങ്ങള്‍ക്കു വേണ്ടി (ആശുപത്രിവാസം) കുറച്ചു പൈസ മാറ്റിവയ്ക്കുക.
  • ചിന്തിക്കാതെ, കാണുന്നതൊക്കെ വാങ്ങിച്ചു കൂട്ടുന്ന പ്രവണത ഒഴിവാക്കുക.പണം

ചെലവഴിക്കുന്നത്

  • കുടുബത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ കൗമാരപ്രായക്കാരായ മക്കളെ പങ്കാളികളാക്കുക.
  • സ്‌കൂള്‍ ഫീസ്, സ്‌കൂള്‍ ബസ്സിന്റെ ചെലവ്, വീട്ടിലെ ദൈനംദിന ചെലവുകള്‍: കറണ്ടു ബില്‍, ഒരുമാസത്തെ ഭക്ഷണ ചെലവ്, പെട്രോള്‍, യാത്രാചെലവ്, അനാമത്തു ചെലവ്, തുടങ്ങിയവയെപ്പറ്റി കുട്ടികള്‍ ബോധവാന്മാരായിരിക്കണം.
  • ജന്മദിനം, ക്രിസ്മസ്, മറ്റ് ആഘോഷാവസരങ്ങളില്‍ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനം കൊടുക്കേണ്ടിവരുമ്പോള്‍ സമ്മാനം അവര്‍ വാങ്ങിക്കട്ടെ.
  • എന്തെങ്കിലും വാങ്ങണമെന്നു തോന്നുമ്പോള്‍ അവര്‍ സ്വയം ചോദിക്കണം: ഇത് ആവശ്യമുളളതാണോ? ഇതിനുള്ള പൈസ എന്റെ കൈയ്യില്‍ ഉണ്ടോ? കുറഞ്ഞ ചെലവില്‍ ഇത് വാങ്ങാന്‍ കിട്ടുമോ? ഇതു പിന്നീട് വാങ്ങിയാല്‍ മതിയോ?

ഇങ്ങനെ ഒരു വിശകലനം നടത്തിയാല്‍, എത്ര തവണ പുറത്തു പോയി ഭക്ഷണം കഴിക്കാം, സ്വിഗ്ഗിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ എത്ര ചെലവുവരും എന്നതിനെ ക്കുറിച്ചൊക്കെ ഒരു ഐഡിയ കിട്ടും. അല്ലെങ്കില്‍ കൂട്ടുകാരുടെ കൂടെ പോകാം എന്ന് ചിന്തിക്കുന്ന പിക്‌നിക്ക് ശരിക്കും പോകേണ്ടതുതന്നെയാണോ എന്നു പുനരാലോചിക്കാം.

പണം കരുതിവയ്ക്കുക

അപ്പോഴപ്പോഴുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചെടുക്കുന്നതിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിനാല്‍ പ്രതീക്ഷിക്കുന്നതും അപ്രതീക്ഷിതമായുണ്ടാ കാവുന്നതുമായ ചെലവുകള്‍ക്കായി ഭാവിയിലേക്ക് പണം സ്വരുക്കൂട്ടി വയ്ക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ചെറിയപ്രായത്തില്‍ അവര്‍ക്കു ബുദ്ധിമുട്ടാണ്. വിലകൂടിയ മയക്കുമരുന്നുകളായ LSD, MDMA തുടങ്ങിയവയോടുള്ള ആസക്തി യുവതലമുറയില്‍ വര്‍ധിച്ചു വരികയാണ്. തങ്ങളുടെതന്നെ തുടര്‍പഠനം, മാതാപിതാക്കള്‍ക്ക് ഒരു കൈത്താങ്ങ്, വിവാഹം, സ്വന്തം വീട്, കാര്‍ ഇതിനുവേണ്ടി യൊക്കെ പണം കരുതിവയ്‌ക്കേണ്ടതാണ്.

ഈ ആശയം കൗമാരപ്രായം മുതലേ കുട്ടികളില്‍ വളര്‍ത്തിയെടുക്കണം, ആഴ്ചയില്‍ ഒരു പ്രവശ്യം അവര്‍ക്ക് കുറച്ച് പോക്കറ്റ് മണി കൊടുത്ത് അത് എങ്ങനെ ചെലവഴിച്ചു എന്നതിനു കണക്കു വയ്ക്കാന്‍ ആവശ്യപ്പെടാം. ആഴ്ചതോറും ഇതു ചെയ്യുമ്പോള്‍ അവര്‍ പൈസ ചെലവാക്കുന്നതിന്റെ രീതി മനസ്സിലാക്കാന്‍ സാധിക്കും. മിക്കവാറും ജങ്ക്ഫുഡിനു വേണ്ടിയായിരിക്കും അധികവും ചെലവാക്കുന്നത്. പുതിയ ഷൂവോ, ഏതെങ്കിലും ഇലക്‌ട്രോണിക്ക് സാധനങ്ങളോ വാങ്ങണമെങ്കില്‍ പോക്കറ്റ്മണിയില്‍ നിന്ന് അവര്‍ മിച്ചം പിടിച്ചുവയ്ക്കട്ടെ.

ആവശ്യങ്ങളും ആഗ്രഹങ്ങളും (Needs versus Desires)

ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍ കുട്ടികള്‍ പഠിക്കണം. ചെലവുകഴിഞ്ഞ് ബാക്കിയുള്ളത് സ്വരുക്കൂട്ടിവയ്ക്കുക എന്നതാണ് സാധാരണ ഗതിയിലുള്ള ചിന്താഗതി. ഒന്നുകൂടി കണിശമായ ഒരു കാഴ്ചപ്പാടില്‍ എത്ര കരുതിവയ്ക്കണം എന്നു തീരുമാനിച്ചിട്ട് ബാക്കിയുള്ളത് ചെലവഴിക്കുകയാണു ചെയ്യേണ്ടത്.

കടം വാങ്ങുക, കടം കൊടുക്കുക

ഒരു പ്രത്യേക ഷൂ വാങ്ങുന്നതിനുവേണ്ടി അവന്‍ പൈസ സ്വരൂപിക്കുകയാണെ ന്നിരിക്കട്ടെ. പൈസ തികയുന്നതിനു മുന്‍പ് ഈ പ്രത്യേക ഐറ്റം വിലക്കുറവില്‍ അല്പകാലത്തേക്കു വിപണിയില്‍ ഇറങ്ങി എന്നു വിചാരിക്കുക. കുട്ടിയുമായി ചര്‍ച്ചചെയ്ത് കുറവുള്ള പൈസ അവനു മുന്‍കൂറായി കൊടുക്കാം, തിരിച്ചടയ്ക്കണ മെന്ന വ്യവസ്ഥയില്‍. തിരിച്ചടവു വ്യവസ്ഥകള്‍ എഴുതി ഒപ്പിട്ടു വയ്ക്കുന്നതു നന്നായിരിക്കും. കൂട്ടുകാരുടെ കൈയില്‍നിന്നു പണം കടംവാങ്ങുകയോ അവര്‍ക്കു കടം കൊടുക്കുകയോ ചെയ്യാന്‍ അനുവദിക്കുരത്. മാതാപിതാക്കളുടെ
അനുവാദമില്ലാതെ ഒരിക്കലും പണം കടം വാങ്ങരുത്. പഠനവായ്പ പോലുള്ള വലിയ വായ്പകള്‍ എടുക്കുമ്പോള്‍ മാതാപിതാക്കളുമായി വിശദമായി ചര്‍ച്ചചെയ്യുക. അവരായിരിക്കുമല്ലോ അതിനു ജാമ്യം നില്‍ക്കുന്നത്.

ഡിജിറ്റല്‍ പണം

GPay പോലുള്ള സൗകര്യങ്ങള്‍ ലഭ്യമായ ഇക്കാലത്ത് ആവശ്യത്തിനും അനാവശ്യ ത്തിനും പൈസ ചെലവിടാന്‍ എളുപ്പമാണ്. കാശുകൊടുത്തു വാങ്ങുമ്പോള്‍ കയ്യിലുള്ളതില്‍ കൂടുതല്‍ ചെലവഴിക്കാന്‍ പറ്റില്ലല്ലോ.GPay ആകുമ്പോള്‍ പൈസ പോകുന്നതു കാണുന്നില്ലല്ലോ. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്കാര്‍ഡ് ഇവ ഉപയോഗി ക്കുമ്പോഴും ഇതേ പ്രശ്‌നം ഉണ്ട്.

മുതിര്‍ന്നവര്‍പോലും ഓണ്‍ലൈന്‍ സ്‌കോറുകളില്‍ പറ്റിക്കപ്പെടാറുണ്ട്

  • റമ്മി പോലെയുള്ള ഓണ്‍ലൈന്‍ ഗെയിംസ് ആളുകള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളവയാണ്. തുടക്കത്തില്‍ ചെറിയ തുകകള്‍ ഇടയ്ക്കിടെ സമ്മാനമായി ലഭിക്കും. കളിച്ചുകളിച്ച് അതിന് അഡിക്റ്റായി കഴിഞ്ഞാല്‍ പിന്നെ കളി തോല്‍ക്കാന്‍ തുടങ്ങും. അങ്ങനെ നഷ്ടങ്ങള്‍ ലക്ഷങ്ങളുടെ തോതില്‍ എത്തും. അഡിക്റ്റാകാന്‍ സാധ്യതയുണ്ടെന്നു തോന്നുന്ന ആളുകളെ തിരിച്ചറിയാന്‍ ഗെയിമില്‍ അന്തര്‍ നിര്‍മ്മിത അല്‍ഗോരിതങ്ങള്‍ (built in algorithms) ഉണ്ട്.
  • free fire പോലുള്ള സ്‌കില്‍ ഗെയിമുകള്‍ സൗജന്യമായി കളിക്കാവുന്നവയാണ്. സ്‌കില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ കുറച്ച് കഷ്ടപ്പെടണം. അപ്പോള്‍ കളിക്കുന്നയാളെ അഭിനന്ദിക്കുകയും പുതിയ ലെവലിലേക്ക് കയറാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിനുവേണ്ടി കാശുകൊടുത്തു വാങ്ങാവുന്ന വിവിധ സൂചനകള്‍, ടൂള്‍സ്, ശക്തിയേറിയ ആയുധങ്ങള്‍ ഇവ ഗെയിംതന്നെ നിര്‍ദേശിച്ചുതരും. വിജയ സാധ്യത വര്‍ധിപ്പിക്കാന്‍ ഈ പ്രലോഭനത്തില്‍ കുടുങ്ങി പണം ചെലവഴിച്ചുകൊണ്ടേയിരിക്കും.
  • ധാരാളം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ലോട്ടറിയോ പണമോ സമ്മാനങ്ങളോ ആരുടെ കയ്യില്‍നിന്നും സ്വീകരിക്കരുത് എന്ന് നമ്മുടെ കൗമാരക്കാരെ ബോധ്യപ്പെടുത്തണം. ആരും ആര്‍ക്കും വെറുതെ പൈസ കൊടുക്കില്ല. ലോട്ടറിയടിച്ചു, പണം ലഭിക്കുന്നതിനു വേണ്ടി പ്രൊസസിങ്ങ് ഫീസ് ആയി കുറച്ച് പൈസ മുന്‍കൂര്‍ അടയ്ക്കാന്‍ ആവശ്യപ്പെടും. അത് അടച്ചു കഴിഞ്ഞാല്‍ പിന്നെ തട്ടിപ്പുകാരന്റെ ഒരു വിവരവും ഉണ്ടാകില്ല. അല്ലെങ്കില്‍ ലോട്ടറി പണം ലഭിക്കാന്‍ ഒരു OTP വന്നിട്ടുണ്ട്; അത് പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടും. OTP കൊടുത്തു കഴിയുമ്പോള്‍ അക്കൗണ്ടിലെ പണവും പോയിട്ടുണ്ടാകും.OTP പൈസ അടയ്ക്കാനാണ്; സ്വീകരിക്കാനല്ല. നിങ്ങളുടെ

കൗമാരപ്രായക്കാരന് അബദ്ധം സംഭവിച്ച് പണം നഷ്ടപ്പെട്ടു കഴിയുമ്പോള്‍

  1.  ഉടനടി നിങ്ങളോട് കാര്യം പറഞ്ഞതിന് കുട്ടിയെ അഭിനന്ദിക്കുക.
  2. എവിടെയാണ് പിഴവുപറ്റിയതെന്നു കണ്ടുപിടിക്കാനുള്ള അവസരമായി അത് ഉപയോഗിക്കുക.
  3. ഇതിനുള്ള ഉത്തമമായ പരിഹാരം എന്തായിരിക്കുമെന്നാണ് അവര്‍ ചിന്തിക്കുന്നതെന്ന് അവരോടു ചോദിക്കുക.
  4. ഭീമമായ മൊബൈല്‍ ബില്‍, ഗെയിംസ് ആപ്‌സ്, സ്‌കാം ഇതൊക്കെയായിരിക്കും സാധാരണ പ്രശ്‌ന വിഷയങ്ങള്‍.
  5. സ്വന്തംകൈയ്യില്‍ കാശുണ്ടെങ്കില്‍ മാത്രം സാധനങ്ങള്‍ വാങ്ങിച്ചാല്‍ മതിയെന്ന ശീലം അവരെ പഠിപ്പിക്കുക.

Dr. Nueton
ഡോ. ന്യൂട്ടന്‍ ലൂയിസ്
MD, DCH, DNB

 

 

Related Articles