Wednesday, June 24, 2026

വിശുദ്ധിയിലേക്ക് നോക്കുന്ന പുതിയ വെൺപിറാവ്

‘ഈശോയെ തള്ളിപ്പറയില്ല’ എന്നു പറഞ്ഞതിന്റെ പേരില്‍ രക്തസാക്ഷികളാകേണ്ടി വന്ന വിശുദ്ധ ജീവിതങ്ങളുടെ കഥകള്‍ കൊച്ചുകുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന ഗുഡ്‌നെസ്സ് ചാനലിലെ ടെലിവിഷന്‍ പ്രോഗ്രാമിലൂടെ (സിസ്റ്ററമ്മയും കൂട്ടുകാരും) കുട്ടിത്താരമായിമാറിയ ക്രിസ്റ്റി ഫ്രാന്‍സിസ് ഇന്ന് ഒരു സന്യാസിനിയാണ്.

ഫ്രാന്‍സിസ് അസ്സീസിയുടെയും ചാവറ പിതാവിന്റെയും അല്‍ഫോന്‍സാമ്മയുടെയും കഥകള്‍ പറഞ്ഞുകൊടുത്ത് വളര്‍ന്ന ക്രിസ്റ്റി സ്വയം ഈശോയോടൊത്തുള്ള ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു!

വിശുദ്ധരുടെ പാത പിന്തുടരാന്‍ തയ്യാറായ ക്രിസ്റ്റി വിശുദ്ധ മറിയം ത്രേസ്യായുടെ സന്യാസിനീസമൂഹമായ ഹോളി ഫാമിലി സഭയില്‍ സന്യാസിനിയാണിപ്പോള്‍. ഒപ്പം സ്വന്തം ഇടവകയായ എറണാകുളം കളമശ്ശേരി ഫാത്തിമ മാതാ ദേവാലയത്തിലെ 43 വര്‍ഷങ്ങള്‍ക്കു ശേഷമുള്ളസന്യാസിനിയും.

”ആ പ്രോഗ്രാം അവതരിപ്പിച്ചശേഷം എന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളും എന്നെ അറിയാവുന്നവരും എന്റെ പേരുപോലും മറന്ന് സിസ്റ്ററമ്മേ എന്നാണ് എന്നെ വിളിച്ചി രുന്നത്! എവിടെപ്പോയാലും ഞാന്‍ സിസ്റ്ററമ്മ തന്നെയായിരുന്നു! അങ്ങനെയാണ്” സി. ക്രിസ്റ്റീന ഫ്രാന്‍സ് പറഞ്ഞു തുടങ്ങിയത്!

പ്രോഗ്രാം കണ്ട് പള്ളിമുറ്റത്തും വഴിയരികിലും നിന്ന് സിസ്റ്ററമ്മേ എന്ന് ഉറക്കെ വിളിച്ചവര്‍ ഇന്ന് ആദരവോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്നു! ഈ കൊച്ചു സന്യാസിനിയുടെ ഇപ്പോഴത്തെ ആഗ്രഹം ഈശോ യുടെ കൂടെ ആയിരിക്കുവാനും മറ്റുള്ളവര്‍ക്ക് ഈശോയെ കൊടുക്കാനുമാണ്. പഠനവും മറ്റു കാര്യങ്ങളും അതിനിടയില്‍ വരുന്ന ചെറിയ കാര്യങ്ങള്‍ മാത്രം! വിശുദ്ധരുടെ കഥകള്‍ പറഞ്ഞു കൊടുത്ത സിസ്റ്ററമ്മ എന്ന കഥാപാത്രത്തില്‍ നിന്ന് ഈശോയെ സ്‌നേഹിക്കുന്ന സന്യാസിനിയായി വളര്‍ന്ന സിസ്റ്റര്‍ ക്രിസ്റ്റി ഇന്ന് ദൈവസ്‌നേഹത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി മാറിയിരിക്കുന്നു!


|ആന്റോ യൂസ്റ്റസ്‌

 

 

Related Articles