Tuesday, November 24, 2026

പ്രലോഭന പരീക്ഷ

അദൃശ്യമായൊരു യുദ്ധം അനുനിമിഷം നമ്മുടെ ഉള്ളിലും പുറത്തും നടന്നുകൊണ്ടിരി ക്കുകയാണ് An invisible war. അത് നന്മതിന്മകള്‍ തമ്മിലാണ്, വെളിച്ചവും ഇരുട്ടും തമ്മിലാണ്, മാലാഖയും പിശാചും തമ്മിലാണ്, ആത്യന്തികമായത് ദൈവവും സാത്താനും തമ്മിലാണ്. ഒടുവില്‍ ആര് കീഴടക്കും എന്നതാണ് നമ്മുടെ വിധി നിര്‍ണയിക്കാന്‍ പോകുന്നത്.

അനര്‍ഥകാലത്താണ് ഈ ഉഗ്രപോരാട്ടം കൂടുതല്‍ കൊടുമ്പിരികൊള്ളുന്നത്…  അപ്പോള്‍ അരുതാത്ത ചിലത് ജീവിതത്തിലേക്ക് കടന്നുവരും. രണ്ടു വിധത്തില്‍ നമുക്കതിനെ വരവേല്‍ക്കാം. പരീക്ഷയായിട്ടോ പ്രലോഭനമായിട്ടോ (Test or Temptation). രോഗംവരുന്നു, സാമ്പത്തിക കടബാധ്യതയുണ്ടാകുന്നു, ജോലി നഷ്ടമാകുന്നു, കുടുംബകലഹമുണ്ടാകുന്നു, ബിസിനസ്തകരുന്നു ഇതൊക്കെ ദൈവത്തിന്റെ പരീക്ഷയാണ്- Test. നമ്മുടെ വിശ്വാസത്തിന്റെ ആഴമളക്കാന്‍, ഉദ്ദേശ്യത്തെ ശുദ്ധീകരിക്കാന്‍, ആത്മബന്ധങ്ങളെ പരിശോധിച്ചറിയാന്‍, നശ്വരങ്ങളില്‍നിന്നും അനശ്വരതയിലേക്ക് ദൃഷ്ടിയുറപ്പിക്കാന്‍, അനേകര്‍ക്ക് പ്രചോദനമാകാന്‍. അങ്ങനെ ഒരുപാട് നന്മകളെ പരിപോഷിപ്പിക്കാനുള്ള സാധ്യതകളാണ് എല്ലാ പരീക്ഷകളും.

എന്നാല്‍, പിശാചിന് ഈ പരീക്ഷയെ പ്രലോഭനമാക്കി മാറ്റാനുള്ള അപാരകഴിവുണ്ട്- അപ്പോള്‍ നിരാശയുണ്ടാകും, കോപം വരും, കലഹപ്രിയനാകും, കുറ്റപ്പെടുത്തും, വിശ്വാസക്ഷയം സംഭവിക്കും, ആത്മവിശ്വാസം നഷ്ടപ്പെടും… നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്ക് ദൈവം ഒരുക്കിയ പരീക്ഷകളെ വീഴ്ചയിലേക്ക് നയിക്കുന്ന പ്രലോഭനമാക്കി മാറ്റുന്നവന്റെ പേരാണ് സാത്താന്‍.

ജോര്‍ദാനിലെ ജ്ഞാനസ്‌നാനത്തിനു ശേഷം യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചത് പരിശുദ്ധാത്മാവാണ്. മരുഭൂമിയിലവനെ പ്രലോഭിപ്പിച്ചത് അശുദ്ധാത്മാവാണ്. എന്നുവച്ചാല്‍, ദൈവമാണ് തന്റെ മകനെ മരുഭൂമിയിലേക്ക് വഴി നടത്തിയത്.
പരീക്ഷകളിലൂടെ കരുത്തുള്ളവനായി ജനമധ്യേ കടന്നുവന്ന് സ്വര്‍ഗരാജ്യത്തെക്കുറിച്ച് വിളംബരം ചെയ്യുന്നവനാകാന്‍. ദൈവം വഴിനടത്തിയ മരുഭൂമിയില്‍ പിശാച് പ്രലോഭനങ്ങളുമായി കടന്നുവരുന്നു. യേശുവിനെ ദൈവിക പദ്ധതികളില്‍ നിന്നും
പിന്മാറ്റാനുള്ള മൂന്ന് വശീകരണ ദുര്‍ബലതകളുമായി. ക്രിസ്തു ഒടുവില്‍ ദൈവത്തിന്റെ പരീക്ഷയില്‍ വിജയിച്ചു, പിശാചിന്റെ പ്രലോഭനങ്ങള്‍ അതിജീവിച്ച് മരുഭൂമിവിട്ട് പുറത്തുവന്നു.

സഹനം മാത്രമല്ല സൗഭാഗ്യവും ദൈവത്തിന്റെ ഒരു പരീക്ഷയാണ്. പെട്ടെന്ന് ലോട്ടറി അടിക്കുന്നു. വിദേശത്ത് ജോലി കിട്ടുന്നു, ബിസിനസ്സില്‍ വലിയ ലാഭം ഉണ്ടാകുന്നു. നമ്മുടെ വ്യക്തിത്വത്തെ ഹിതപരിശോധന ചെയ്യുന്ന പരീക്ഷതന്നെയാണ് ഐശ്വര്യവും സൗഭാഗ്യവും. രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടാതിരുന്ന പത്രോസിന് പിറ്റേന്ന് പ്രഭാതത്തില്‍ മത്സ്യങ്ങളുടെ സമൃദ്ധി ഉണ്ടാവുന്നു… ആ ധാരാളിത്തത്തിന്റെ നടുവില്‍ നിന്നുകൊണ്ട് മുക്കുവശ്രേഷ്ഠന്‍ കൂടുതല്‍ വിനീതനാവുന്നു… സ്വയം പാപിയാണെന്ന് ഏറ്റുപറഞ്ഞ്, നേടിയതൊക്കെ വിട്ടുപേക്ഷിച്ച് ക്രിസ്തുവിനെ
അനുഗമിക്കുന്നു. ദൈവം ഒരുക്കിയ മത്സ്യസമൃദ്ധിയുടെ പരീക്ഷയില്‍ വിജയശ്രീലാളിതനായവന്‍ ക്രിസ്തുശിഷ്യരില്‍ ഒന്നാമനാകാനുള്ള യോഗ്യത നേടിയെടുക്കുന്നു.

എന്നാല്‍, ഈ സമൃദ്ധിയെത്തന്നെ നമ്മുടെ നന്മകളെ ചിതറിച്ചുകളയുന്ന പ്രലോഭനമാക്കി മാറ്റുന്നവനാണ്‌ സാത്താന്‍. നിനച്ചിരിക്കാത്ത നേരത്ത് ജീവിതം ഐശ്വര്യപൂര്‍ണ മാകുമ്പോള്‍ ചിലരുടെ സ്വഭാവത്തിന് പരിണാമം ഉണ്ടാകുന്നു. അഹന്തയും ഗര്‍വും സ്ഥായീഭാവമായി മാറുന്നു. പ്രതീക്ഷിക്കാത്ത വിളവ് തന്റെ വയലില്‍ ഉണ്ടായതിന്റെ അമിത ആത്മവിശ്വാസത്തില്‍ ഇനിയുള്ള കാലം സുഖിച്ചു ജീവിക്കാം എന്ന് കരുതിയ ധനവാനെക്കുറിച്ച് ക്രിസ്തു പറഞ്ഞ ഉപമ ഓര്‍മ്മയില്ലേ. സമൃദ്ധമായ വിളവ് തന്റെ ആത്മാവിനെ നഷ്ടമാകുന്ന സാത്താന്റെ പ്രലോഭനമായി അവനില്‍ വന്നുഭവിക്കുന്നു.
ചില ദുര്‍ബലനിമിഷങ്ങളില്‍ സംഭവിക്കുന്ന വീഴ്ചകള്‍ പോലും ദൈവത്തിന്റെ പരീക്ഷയും പിശാചിന്റെ പ്രലോഭനവുമാണ്. ക്രിസ്തുവിന്റെ പീഡാസഹനവേളയില്‍ പത്രോസിനും യൂദാസിനും ഉണ്ടായ ഇടര്‍ച്ചകളെ ധ്യാനിക്കുക. പത്രോസ് മൂന്നുവട്ടം ഗുരുവിനെ തള്ളിപ്പറഞ്ഞു. എന്നാല്‍, ആ വീഴ്ച ദൈവത്തിന്റെ പരീക്ഷയാണെന്ന് തിരിച്ചറിഞ്ഞ് അവന്‍ അനുതപിക്കുന്നു. പുറത്തുവന്നു വിങ്ങിപ്പൊട്ടിക്കരയുന്നു. എളിമപ്പെടാന്‍, തന്റെ ക്രിസ്തുസ്‌നേഹം പരിശോധിച്ചറിയാന്‍, കൂടുതല്‍
ദൈവാശ്രയബോധത്തില്‍ വളരുവാന്‍, സഹനകുരിശിനെ ഏറ്റെടുക്കുവാന്‍, ധീരസാക്ഷിയാകുവാന്‍ കാരണമായി അത് മാറുന്നു. യൂദാസാകട്ടെ ഗത്‌സെമനിയില്‍ സ്‌നേഹചുംബനം കൊണ്ട് ഗുരുവിനെ ഒറ്റുകൊടുക്കുന്നു. ആ ഇടര്‍ച്ച പിശാചിന്റെ പ്രലോഭനമായിട്ടാണ് അവന്‍ ഏറ്റുവാങ്ങിയത്. അതോടെ അവന്‍ പാപത്തില്‍ അന്ധനാകുന്നു, ദൈവകരുണയെ വിസ്മരിക്കുന്നു. കൊടിയ നിരാശ കീഴടക്കുന്നു. ആത്മഹത്യയിലേക്കത് വഴിനടത്തുന്നു.

പരീക്ഷയും പ്രലോഭനവുമൊക്കെ ക്രിസ്തീയ ജീവിതത്തിന്റെ അനിവാര്യതയാണ്. ചിലപ്പോള്‍ ദൈവം തന്റെ മക്കളായ നമ്മളെയും സഹന മരുഭൂമിയുടെ ഊഷരതയിലേക്ക് വഴിനടത്തും. ദൈവം പരീക്ഷകളെ ഒരുക്കുന്നത് നമ്മുടെ ഉള്ളിലുള്ള ആത്മീയ പ്രഭയെ പുറത്തുകൊണ്ടു വരാനാണ്. God uses test to release spiritual power in your life.

അതുകൊണ്ടുതന്നെ ആത്മീയ പരീക്ഷകളില്‍നിന്നും ഭയന്ന് പിന്മാറേണ്ടതില്ല. കഠിനമായ പരീക്ഷകളെ നേരിടാന്‍ കരുത്തില്ലാത്തവന് ആത്മീയ ജീവിതത്തില്‍ അഭിവൃദ്ധിപ്പെടുവാന്‍ ഒരിക്കലും കഴിയുകയില്ലെന്നേ….

കരുത്തുള്ളവനാക്കുവാന്‍ ദൈവം ഒരുക്കിയ പരീക്ഷകളെ, നമ്മെ തകര്‍ക്കുന്ന പ്രലോഭനമാക്കുന്നവനാണ് പിശാചെന്ന് ഓര്‍മ്മവേണം. ദൈവം നന്മയായി ഒരുക്കിയതൊക്കെ അവന്‍ തിന്മയായിട്ട് പരിണമിപ്പിക്കുന്നു.

ജീവിതമെന്ന പരീക്ഷയുടെ ജ്ഞാനവൃക്ഷത്തില്‍ പ്രലോഭനത്തിന്റെ ഫലങ്ങള്‍ ആദ്യ മാതാപിതാക്കളെ എന്നതുപോലെ നമ്മളെയും വശീകരിക്കുകയാണ്. ആകയാല്‍, പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നമുക്ക് ഉണര്‍വോടെ പ്രാര്‍ഥിക്കാം.

Fr. Jonadh
ജോനാഥ്‌ കപ്പുച്ചിൻ 

Related Articles