Thursday, July 30, 2026

പീഡാനുഭവ ധ്യാനം

വിശുദ്ധിയിലേക്കുള്ള ഏറ്റവും എളുപ്പമുള്ള പാതയാണ് യേശുവിന്റെ പീഡാനുഭവ ധ്യാനം. ക്രിസ്തുവിന്റെ പീഡാനുഭവത്തെപ്രതി ഒരാള്‍ പൊഴിക്കുന്ന ഒരു കണം കണ്ണീര്‍ ജറുസലെമിലേക്കുള്ള തീര്‍ഥാടനത്തെയും അപ്പവും വെള്ളവും മാത്രം കഴിച്ച് ഒരു വര്‍ഷം മുഴുവന്‍ നടത്തുന്ന ഉപവാസത്തെക്കാളും വിലപ്പെട്ടതാകുന്നു.
(സെന്റ് അഗസ്റ്റിന്‍)

അനേകം വിശുദ്ധര്‍ തങ്ങളുടെ ആത്മാവിന്റെ അഗാധതകളില്‍ ഈശോയുടെ കുരിശു പ്രതിഷ്ഠിച്ചിരുന്നു. അവരുടെ പ്രിയംകരമായ ആത്മീയ അഭ്യാസമായിരുന്നു പീഡാനുഭവധ്യാനം. അവന്റെ കുരിശിന്റെ വഴിയിലൂടെയുള്ള ആത്മീയ അനുയാത്രയില്‍ അവര്‍ അവനോട് ഐക്യപ്പെട്ടു. ബൈബിളിനുശേഷം ഏറ്റവുമധികം വായിക്കപ്പെട്ട ക്രിസ്തീയഗ്രന്ഥം എന്ന ഖ്യാതി നേടിയ ക്രിസ്ത്വാനുകരണത്തില്‍ തോമസ് അക്കെമ്പിസ് (1380- 1471) ഇങ്ങനെ എഴുതി: ‘നമ്മുടെ കര്‍ത്താവിന്റെ വിശുദ്ധ ജീവിതത്തോടും പീഡാനുഭവത്തോടും തീക്ഷ്ണതയോടെയും ഭക്തിയോടെയും ബന്ധപ്പെടുന്ന സന്യാസി തനിക്കാവശ്യമുള്ളതും ഉപയോഗപ്രദവുമായ കാര്യങ്ങളുടെ ധാരാളിത്തം അവിടെ കാണും (ബുക്ക് 1 അധ്യായം 25). വിശുദ്ധ ലൂയി മോണ്ട് ഫോര്‍ട്ട് (1673- 1716) പഠിപ്പിക്കുന്നു: ഈശോയുടെ കഷ്ടാനുഭവങ്ങളെക്കുറിച്ചുള്ള സ്ഥിരം ധ്യാനത്തെക്കാള്‍ കൂടുതല്‍ ഫലപ്രദമായ ആധ്യാത്മിക അഭ്യാസമില്ല. തപശ്ചര്യകളുടെ ഭാഗമായി ആഴ്ച്ചയില്‍ ഒന്നുവീതം ശരീരം രക്തം ചിന്തുവോളം ചാട്ടയടിക്കുന്ന തിനെക്കാളും സങ്കീര്‍ത്തനഗ്രന്ഥംമുഴുവന്‍  എല്ലാദിവസവും വായിക്കുന്നതിനെക്കാളും പ്രയോജനകരമാണത്.

എക്കാലത്തേയും ആത്മീയ അന്വേഷകരുടെ ആചാര്യനായ വിശുദ്ധ ആഗസ്തീനോസ് (345- 430) ഈശോയുടെ പീഡാനുഭവങ്ങള്‍ ബുദ്ധികൊണ്ടും മനസ്സുകൊണ്ടും പിഞ്ചെന്നയാളാണ്. അദ്ദേഹം ഉപദേശിച്ചു: ക്രിസ്തുവിന്റെ പീഡാനുഭവത്തെപ്രതി ഒരാള്‍ പൊഴിക്കുന്ന ഒരു കണം കണ്ണീര്‍ജറുസലെമിലേക്കുള്ള തീര്‍ഥാടനത്തെയും അപ്പവും വെള്ളവും മാത്രം കഴിച്ച് ഒരു വര്‍ഷം മുഴുവന്‍ നടത്തുന്ന ഉപവാസത്തെക്കാളും വിലപ്പെട്ടതാകുന്നു.

പാപത്തിന്റെ കുത്തൊഴുക്കിനെതിരെ കെട്ടാവുന്നബലിഷ്ഠമായചിറയാണ്പീഡാനുഭവ
ധ്യാനം. വേദപണ്ഡിതനായ ഒരിജന്‍ (184- 253) വ്യക്തമാക്കി: ”ക്രിസ്തുവിന്റെ മരണം ആത്മാവില്‍ അരങ്ങേറുമ്പോള്‍ പാപത്തിന് ആത്മാവിനെ കീഴടക്കാനാവില്ല എന്നത് ഉറപ്പുള്ള സംഗതിയാണ്” ഈശോയുടെ പീഡാനുഭവത്തില്‍ ആമഗ്‌നനാകുന്നയാള്‍ തന്റെ പാപച്ചായ്ച്ചിലുകള്‍ക്കു മേലേ വിശുദ്ധിയുടെ വെണ്ണക്കല്‍ പാലം പണിയുകയാണ്. അതിനടിയിലൂടെ എല്ലാ പ്രലോഭനധാരകളും അടങ്ങിയൊതുങ്ങി ഒഴുകിപ്പൊയ്‌ക്കൊള്ളും.

പീഡാനുഭവധ്യാനത്തിന് പാറയെ പിളര്‍ക്കാനുള്ള കരുത്തുണ്ട്. എത്യോപ്പിയക്കാരന്‍ ഷണ്ഡന്‍ യാത്രയ്ക്കിടെ രഥത്തിലിരുന്ന് വായിച്ചുകൊണ്ടിരുന്നത്‌ കൊലക്കത്തിക്കു മുന്നില്‍ വായ്തുറക്കാതെ നില്ക്കുന്ന ആടിനെപ്പോലുള്ള ഒരുവനെക്കുറിച്ചായിരുന്നു. ഏശയ്യാ പ്രവാചകന്‍ നടത്തിയ പീഡാനുഭവ പ്രവചനത്തിലെ ഒരു കല്പനയാണിത് (ഏശ 53:7-8). പീലിപ്പോസ് അതവനു വ്യാഖ്യാനിച്ചു കൊടുത്തു. അവനിലെ അജ്ഞാനത്തിന്റെ പാറകള്‍ പിളര്‍ന്നു; വിശ്വാസത്തില്‍ അവന്‍ സ്‌നാനപ്പെട്ടു. (അപ്പ. 8:26-38) അന്യരിലെ കടുപ്പങ്ങള്‍ മാത്രമല്ല, നമ്മിലെ കരിമ്പാറകളും ഈശോയുടെ പീഡാനുഭവ സ്മരണയില്‍തകരും. വി. ക്രിസോസ്‌തോം പറയുന്നു: ”നമ്മുടെ കര്‍ത്താവിന്റെ പീഡാനുഭവം നാം സ്ഥിരമായി വായിക്കണം; അതുവഴി എന്തു വലിയ നന്മ നമുക്ക് കൈവരുമെന്നോ! നീ കല്ലുപോലെ കാഠിന്യമുള്ളവനാണെങ്കിലും, അവന്‍ പരിഹാസ വിഷയമായി വസ്ത്രമണിയിക്കപ്പെട്ടെന്നും പിന്നെ, ദുഷിക്കപ്പെട്ടെന്നും മര്‍ദിക്കപ്പെട്ടെന്നും എല്ലാ പാടുപീഡകള്‍ക്കും വിധേയനായെന്നും ധ്യാനിക്കുമ്പോള്‍, നിന്റെ ആത്മാവില്‍നിന്ന് എല്ലാ അഹങ്കാരവും നീക്കിക്കളയാന്‍ പ്രചോദിതനാകും.

ദൈവകരുണയുടെ വറ്റാത്ത ഉറവയാണ് ഈശോയുടെ പീഡാനുഭവം. വിശുദ്ധ ഫൗസ്റ്റീനയുമായുള്ള (1905- 1938) സംഭാഷണത്തില്‍ ഈശോ വെളിപ്പെടുത്തി, ഒരു ആത്മാവിന്റെ പാപങ്ങള്‍ രാത്രിപോലെ ഇരുണ്ടതാണെങ്കിലും എന്റെ കരുണയിലേക്ക് തിരിയുമ്പോള്‍ എനിക്ക് വലിയ സ്തുതിയര്‍പ്പിക്കുന്നു! എന്റെ പീഡാനുഭവത്തിനു മഹത്വം നല്കുന്നു (വിശുദ്ധ ഫൗസ്റ്റീന, ഡയറി, 378). പാപികളോട് ഈശോക്ക് പറയാനുള്ളത്, എന്റെ ശക്തിയുടെ അടയാളങ്ങള്‍ നീ ഓര്‍മ്മിക്കുക എന്നല്ല. മറിച്ച്, യാചനാസ്വരത്തിലുള്ള കല്പനയാണ്: ”എന്റെ പീഡാനുഭവം ഓര്‍മ്മിക്കുക; എന്റെ വാക്കുകള്‍ നീ വിശ്വസിക്കുന്നില്ലെങ്കിലും, എന്റെ മുറിവുകളെ നീ വിശ്വസിക്കുക’ (ഡയറി, 379). ഈശോയുടെ മുറിവുകളില്‍ ഹൃദയംചേര്‍ക്കുന്ന ആത്മാവ് ഈശോയെ അതിമാത്രം ആനന്ദിപ്പിക്കുന്നു: ”എന്റെ ദുഃഖകരമായ പീഡകളെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ നീ എന്നെ അത്യധികം സന്തോഷിപ്പിക്കുന്നു’ (ഡയറി, 1512). നാം ഈശോയുടെ പീഡാനുഭവം ഉള്‍ക്കൊള്ളുന്നത് മനുഷ്യര്‍ സൂര്യപ്രകാശം സ്വീകരിക്കുന്നതുപോലെ വ്യത്യസ്തമായ ഫലസിദ്ധികളോടെയാണ്. ഒരുവനു ചൂടു ലഭിക്കുന്നു; മറ്റൊരാള്‍ക്ക് നനഞ്ഞ ദേഹം ഉണക്കിയെടുക്കാന്‍ കഴിയുന്നു. ഇനിയും മറ്റൊരാള്‍ക്ക് അത് അണുനാശിനിയുടെ ഫലം ചെയ്യുന്നു.വേറൊരുവനുപ്രതിരോധശക്തി
കിട്ടുന്നു.

അളവറ്റ സ്‌നേഹം എന്ന മാനദണ്ഡത്തിനു മാത്രമേ ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെ വ്യാഖ്യാനിക്കാന്‍ കഴിയൂ. അതിനു കാരണമുണ്ട്. മനുഷ്യരക്ഷ സാധിക്കാന്‍ പീഡാസഹനവും കുരിശുമരണവും അനിവാര്യമായിരുന്നില്ല. അവന്റെ ഒരു പ്രാര്‍ഥനയ്ക്കു മനുഷ്യരെ രക്ഷിക്കാനുള്ള വിമോചകമൂല്യമുണ്ട്. എന്നിട്ടും കുരിശുമരണത്തിലെ സഹനവും ശാപവും അവന്‍ സ്വയംവരിച്ചു. കാരണം, ദൈവം എന്തു മാത്രം മനുഷ്യരെ സ്‌നേഹിക്കുന്നുണ്ട് എന്നു തെളിയിക്കാന്‍ അവന്റെ രക്ഷണീയമായ പ്രാര്‍ഥന പോരായിരുന്നു. അതിന് അവന്‍ കുരിശുമരണം
തിരഞ്ഞെടുത്തു. ആദ്യം കേള്‍ക്കുമ്പോള്‍ സംശയകരമായ പ്രസ്താവമായി തോന്നാം. പക്ഷേ, വിശുദ്ധ തോമസ് അക്വീനാസ് ഇതു പറയാന്‍ മടിച്ചില്ല. സ്‌നേഹംമൂലം സഹിച്ചുകൊണ്ട്, മനുഷ്യവര്‍ഗത്തിന്റെ പാപപരിഹാരത്തിന് ആവശ്യമുള്ളതിലധികം ക്രിസ്തു പിതാവിനര്‍പ്പിച്ചു. ക്രിസ്തുവിന്റെ സഹനങ്ങള്‍ മതിയായതും (sufficient) ആവശ്യത്തിലധികവും (superabundant) എന്നാണ് അക്വീനാസിന്റെ പ്രയോഗം.

ഈശോയുടെ സ്‌നേഹക്കുരിശിന്റെ പ്രകാശപൂര്‍ണ്ണമായ മഹത്വം വെളിവാകുന്നത് നമ്മുടെ പാപത്തിന്റെ അന്ധകാരപ്പരപ്പിലാണ്. പാപം വരുത്തിവച്ച വിനയെക്കാള്‍ അധികമായി കൃപ നമ്മില്‍ ചൊരിയപ്പെട്ടതിന്റെ കഥയാണിത്. പാപം വര്‍ധിച്ചിടത്ത് കൃപയും വര്‍ധിച്ചു (റോമ 5:20). വിശുദ്ധ ലിയോയുടെ വാക്കുകളില്‍: ”സാത്താന്റെ തിന്മവഴി നമുക്ക്‌ നഷ്ടപ്പെട്ടതിനെക്കാള്‍ മഹത്തായ കാര്യങ്ങള്‍ ദൈവത്തിന്റെ വര്‍ണ്ണനാതീതമായ കൃപയാല്‍ നമുക്കു ലഭിച്ചു”.

വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള (1491- 1556) തന്റെ സഭാംഗങ്ങള്‍ക്കായി ചിട്ടപ്പെടുത്തിയ ഒരു മാസം നീളുന്ന ധ്യാനത്തില്‍ മൂന്നാമത്തെ ആഴ്ചയിലെ ധ്യാനവിഷയം ഈശോയുടെ പീഡാനുഭവമായിരുന്നു. അതിന്റെ കാതലാകട്ടെ, ഈശോ എനിക്കുവേണ്ടി സഹിച്ചു എന്ന ബോധ്യം ജനിപ്പിക്കലായിരുന്നു. പാപികളായ നമുക്കുവേണ്ടി എന്തുമാത്രം സഹിച്ചാണ് ദൈവ പുത്രന്‍ തന്റെ സ്‌നേഹം വെളിപ്പെടുത്തിയത് എന്ന ബോധ്യമാണ് പീഡാനുഭവധ്യാനം നമുക്കു നല്കുന്നത്.


റവ. ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

 

 

Related Articles