Monday, June 8, 2026

ലോകം കീഴടക്കുമോ നമ്മുടെ മുരിങ്ങ

അധികാരത്തില്‍ നിന്നു വിരമിച്ചശേഷം ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ ഇഷ്ട വിഷയങ്ങളിലൊന്ന് മുരിങ്ങ ക്യഷിയായിരുന്നെന്ന് വിഖ്യാത പത്ര പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ എഴുതിയിട്ടുണ്ട്. ഇഷ്ട വിഭവങ്ങള്‍ ആസ്വദിച്ചും ഉദ്യാന സസ്യങ്ങളോട് സല്ലപിച്ചും വാര്‍ദ്ധക്യം ചെലവിട്ട കാസ്‌ട്രോ മുരിങ്ങയുടെ മേന്മകളറിഞ്ഞപ്പോള്‍ ആവേശഭരിതനായത്രേ.

ലോകമെമ്പാടുമുള്ള മുരിങ്ങയിനങ്ങളില്‍ മേന്മയേറിയ മുരിങ്ങ (moraingl oleifera) വളരുന്നത് ദക്ഷിണേന്ത്യയിലാണെന്ന് കേട്ട് കാസ്‌ട്രോ സുഹൃത്തിനെ ഇങ്ങോട്ടയച്ചു. മുന്തിയ ഇനം മുരിങ്ങയ്ക്കു കേള്‍വികേട്ട തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍നിന്നു മാത്രമല്ല, കേരളത്തില്‍ നിന്നും മുരിങ്ങ വിത്തുകള്‍ ശേഖരിച്ചു. കാസ്‌ട്രോയുടെ സുഹൃത്ത്. വിത്തുകള്‍ നട്ടു വളര്‍ത്തിയ കാസ്‌ട്രോ മുരിങ്ങയെ വിശേഷിപ്പിച്ചത് ശരീരത്തിനും മനസ്സിനും പുതിയ യൗവ്വനം നല്‍കാന്‍ ശേഷിയുള്ള അത്ഭുത സസ്യമെന്നാണ്.

താമസിയാതെ ക്യൂബന്‍ അംബാസിഡറുടെ മേല്‍നോട്ടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നു കൂടുതല്‍ മുരിങ്ങവിത്ത് ക്യൂബയിലെത്തി. ലോകം സൂപ്പര്‍ ഫുഡ് എന്നു വാഴ്ത്തുന്ന നമ്മുടെ മുരിങ്ങയെക്കുറിച്ച് ചിലതുകൂടി അറിയണം.

അതിജീവനത്തിനും ആരോഗ്യത്തിനും
ക്യൂബയ്ക്കടുത്തുള്ള ചെറു കരീബിയന്‍ രാജ്യം ഹെയ്തി മുരിങ്ങാകൃഷിയിലേക്ക് തിരിഞ്ഞതിലും കാസ്‌ട്രോയുടെ സ്വാധീനമുണ്ടായിരുന്നത്രേ. 2010 ലെ ഭൂകമ്പവും 2012 ലെ കൊടുങ്കാറ്റും ചേര്‍ന്നു തകര്‍ത്തു തരിപ്പണമാക്കിയ ഹെയ്തിയുടെ പുനര്‍നിര്‍മാണത്തിലെ പിടിവള്ളികളിലൊന്ന് മുരിങ്ങയായിരുന്നു. ദാരിദ്ര്യവും പോഷകാഹാരക്കുറവും കൊണ്ട് വലഞ്ഞ ഹെയ്തി ആദായത്തിനും അതിലുപരി
ആരോഗ്യത്തിനുമായാണ് മുരിങ്ങയെ ആശ്രയിച്ചത്. അവരും നല്ല മുരിങ്ങ വിത്തുകള്‍ തേടിയതു ദക്ഷിണേന്ത്യയില്‍ത്തന്നെ. പോഷകമേന്മ മാത്രമല്ല, വരള്‍ച്ചയെ പ്രതിരോധിക്കുന്ന വിള എന്ന മെച്ചം കൂടി കണക്കിലെടുത്താണ് ഹെയ്തിയും ടുണീഷ്യപോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളും മുരിങ്ങയില്‍ പ്രതീക്ഷ വയ്ക്കുന്നത് എന്നതും ശ്രദ്ധിക്കണം. നമ്മളറിയുന്നുണ്ടോ നമ്മുടെ മുരിങ്ങ ഇങ്ങനെ ലോകം കീഴടക്കുന്ന സൂപ്പര്‍ ഫുഡായി മാറുന്നത്. ‘നമ്മള്‍’ എന്നാല്‍, മലയാളികള്‍. അതിര്‍ത്തിക്കപ്പുറം തമിഴ്‌നാടും അതിനപ്പുറമുള്ള ആന്ധ്രയും അങ്ങേയറ്റത്ത് ഗുജറാത്തുമെല്ലാം പണ്ടേ അറിഞ്ഞു. വാളയാര്‍ ചുരത്തിനപ്പുറത്ത് കോയമ്പത്തൂരും ഈറോഡും കരൂരും പിന്നെ കന്യാകുമാരിയും തൂത്തുക്കുടിയും തിരുനല്‍വേലിയുമെല്ലാം മുരിങ്ങയിലൂടെ മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ ഈറയോടെ നമ്മള്‍ പറഞ്ഞെന്നിരിക്കും ‘മുരിങ്ങ നമുക്കൊന്നും പറ്റിയ വിളയല്ല. അന്നാട്ടിലെപ്പോലെ ഇവിടെയൊന്നും കായ്ക്കാനും പോണില്ല.’

ശ്രദ്ധിക്കുക, ക്യൂബയും ഹെയ്തിയും പിന്നെ തമിഴ്‌നാടും ഗുജറാത്തുെമല്ലാം മുരിങ്ങാകൃഷിയില്‍ ഇന്നു താത്പര്യമെടുക്കുന്നതു കായയ്ക്കുവേണ്ടിയല്ല, ഇലയ്ക്കുവേണ്ടിയത്രേ. കായ്ക്കുവേണ്ടിയുള്ള മുരിങ്ങാകൃഷിതന്നെയാണ് മുഖ്യമായും തമിഴ്‌നാട്ടില്‍ നടക്കുന്നതെങ്കിലും കൃഷിക്കാരില്‍ പലരും ഇലകൂടി വിറ്റ് വരുമാനം നേടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. മുരിങ്ങാ കായ്ക്കു വിലയിടിയുന്ന കാലത്ത് കായ്കള്‍ മൂപ്പെത്തിച്ച് വിത്തെടുത്തു നല്‍കിയാല്‍ മോശമല്ലാത്ത വിലകിട്ടുമെന്ന സാഹചര്യവും കര്‍ഷകരെ സന്തുഷ്ടരാക്കുന്നു. ഇലയെടുക്കാന്‍ യോജിച്ച മുരിങ്ങയിനം നോക്കി കൃഷിയിറക്കുന്ന മുരിങ്ങയുല്‍പന്ന സംരംഭകരും സജീവമാണു തമിഴ്‌നാട്ടില്‍.

ഇനി ആമസോണും ഫ്‌ളിപ്കാര്‍ട്ടും പോലുള്ള ഓണ്‍ ലൈന്‍ ചന്തകളിലൊന്നു കറങ്ങിനോക്കുക. മുരിങ്ങയിലപ്പൊടി, മുരിങ്ങ ക്യാപ്‌സൂള്‍, മുരിങ്ങ ടീ, മുരിങ്ങ പരിപ്പ് മുരിങ്ങ ഓയില്‍ കയ്യിലൊതുങ്ങാത്ത വിലയില്‍ കാണാം. മുരിങ്ങയുടെ ദശാവതാരങ്ങള്‍ വന്‍കിട സംരംഭകരുടെ രാജ്യാന്തര സാക്ഷ്യ പത്രമുള്ള ഓര്‍ഗാനിക് മുരിങ്ങയിലപ്പൊടി മുതല്‍ കുടില്‍ വ്യവസായ യൂണിറ്റുകള്‍ വിപണിയിലെത്തിക്കുന്ന ഉണക്ക മുരിങ്ങയിലവരെ കൂട്ടത്തിലുണ്ട്. ആഭ്യന്തര വിപണിയില്‍ കിലോ ശരാശരി 1000 രൂപ ഈടാക്കുന്നുണ്ട്. മുരിങ്ങയിലപ്പൊടിക്കെങ്കില്‍ മുരിങ്ങ എണ്ണ വില കിലോയ്ക്ക് 3000 രൂപ കടക്കും. മേല്‍പ്പറഞ്ഞവയില്‍ത്തന്നെ മുരിങ്ങാച്ചായയ്ക്കു വേണ്ടിയുള്ള ഉണക്ക മുരിങ്ങയിലയ്ക്ക് ടീ-കട്ട് ആഭ്യന്തര വിപണിയില്‍ ഇപ്പോള്‍ത്തന്നെ ഒട്ടേറെ ഉപഭോക്താക്കളുണ്ട്

നവ യൗവ്വനത്തിന് നല്ല മുരിങ്ങയില
വൈറ്റമിനുകളും ധാതു ലവണങ്ങളും കൊണ്ട് സമ്പന്നമെന്നതു മാത്രമല്ല ലൈംഗികോത്തേജകമെന്ന ഗുണവും വെല്‍നസ് വിപണിയില്‍ മുരിങ്ങ ആഘോഷിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്. ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ തുറുപ്പു ചീട്ടുകളിലൊന്നായി മുരിങ്ങ മാറുന്നതും മേല്‍പറഞ്ഞ ഗുണഗണങ്ങള്‍ കൊണ്ടു തന്നെ.

പശ്ചിമഘട്ട മലനിരകളുടെ വാലറ്റത്തെ താഴ്വരകളിലാണ് ലോകത്തിലെ ഏറ്റവും മികച്ച മുരിങ്ങയുള്ളതെന്ന് ലോകര്‍ പറയുമ്പോള്‍ നമ്മളും അതിന്റെ സാധ്യതകള്‍ കാണണ്ടേ? അതിര്‍ത്തിക്കപ്പുറത്തു മാത്രമല്ല ഇപ്പുറത്തും തഴച്ചുവളരും മുരിങ്ങ.
കാര്യമായി കായ്പിടിച്ചില്ലെങ്കിലെന്ത്, അടിമുടി അത്ഭുതസസ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുരിങ്ങയുടെ മേല്‍പ്പറഞ്ഞ ലാഭസാധ്യതകളില്‍ നമുക്കും
കണ്ണു വയ്ക്കാമല്ലോ. വിശേഷിച്ചും ദക്ഷിണേന്ത്യയിലെ മുരിങ്ങ മുന്തിയത് എന്നു ലോകം തലകുലുക്കുന്ന സാഹചര്യത്തില്‍.

MORINGA OLEIFERA 

മുരിങ്ങ ”സൂപ്പര്‍ ഫുഡായി” മാറുകയാണ്. ഒരുകിലോ മുരിങ്ങയില പൗഡറിന് ഓണ്‍ലൈന്‍ വിപണിയില്‍ 1000 രൂപയോളവും മുരിങ്ങയുടെ കുരുവെണ്ണയ്ക്ക് ലിറ്ററിന് 4000 രൂപയോളവുമാണ് വില. പോഷകമേന്മയുള്ളതിനാലും (വിറ്റമിന്‍ സി ഓറഞ്ചില്‍ ഉള്ളതിന്റെ ഏഴിരട്ടി, വിറ്റമിന്‍ എ കാരറ്റില്‍ ഉള്ളതിന്റെ പത്തിരട്ടി, കാല്‍സിയം പാലിലുള്ളതിന്റെ 17 ഇരട്ടി, പ്രോട്ടീന്‍ യോഗര്‍ട്ടില്‍ ഉള്ളതിന്റെ 9 ഇരട്ടി, ഇരുമ്പ് സ്പിനാച്ചില്‍ ഉള്ളതിന്റെ 25 ഇരട്ടി… എന്നിങ്ങനെ) ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ഔഷധമെന്ന നിലയിലുമാണ് മുരിങ്ങയ്ക്കു പ്രസക്തി ഏറുന്നത്. കൊളസ്‌ട്രോള്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം, ഗൗട്ടിനോടും മറ്റും അനുബന്ധിച്ചുണ്ടാകുന്ന വീക്കവും വേദനയും എന്നിവയൊക്കെ അകറ്റാന്‍ മുരിങ്ങയിലയിലെ ഘടകങ്ങള്‍ക്കാവും.

മുരിങ്ങയില സോളാര്‍ ഡ്രയറിലും മറ്റും ഉണക്കി പൊടിച്ചുണ്ടാക്കുന്ന പൗഡറിന് ഔഷധമേന്മ കൂടുതലാണ്. മുരിങ്ങാക്കുരു ചൂടാക്കാതെ യന്ത്രസഹായത്തില്‍ ആട്ടിയെടുക്കുന്ന എണ്ണ പ്രകൃതിദത്തമായ കോസ്‌മെറ്റിക് ലേപനമായും മസ്സാജ് ഓയിലായും പ്രിയം നേടിയിട്ടുണ്ട്. മുരിങ്ങ ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചു നാട്ടില്‍ വിപണനം ചെയ്യുകയും വിദേശത്തു കയറ്റി അയയ്ക്കുകയും ചെയ്യുന്ന നിരവധി സംരംഭങ്ങള്‍ തമിഴ്‌നാട്ടിലുണ്ട്. മുരിങ്ങയില പൗഡര്‍, മുരിങ്ങാക്കുരു എണ്ണ എന്നിവയ്ക്ക് പുറമെ മുരിങ്ങയില ടാബ്ലറ്റ്, ക്യാപ്‌സ്യൂള്‍, എനര്‍ജി ബാര്‍ മുരിങ്ങാ-ടീ, മുരിങ്ങാപ്പൂവ് ഉണക്കിയത് തുടങ്ങി ഇരുപതോളം ഉത്പന്നങ്ങളാണ് ഇവരുണ്ടാക്കുന്നത്. മുരിങ്ങയുടെ
ആഗോള വിപണി ഏഴ് ബില്യണ്‍ ഡോളറിന്റേതാണ്. ഉല്‍പാദനത്തിലും കയറ്റുമതിയിലും ഇന്ത്യതന്നെയാണ് മുന്നില്‍.

കേരളത്തില്‍ മുരിങ്ങയുടെ വാണിജ്യ കൃഷി ഇല്ല. വരള്‍ച്ചയെ നന്നായി ചെറുക്കുന്ന, രോഗകീടബാധ കുറവായ ഈ വൃക്ഷ പച്ചക്കറിയുടെ വാണിജ്യ കൃഷി നാം കൂടുതല്‍ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. മുരിങ്ങയിലയ്ക്കു ചീരയോളമോ അതിലേറെയോ വില കിട്ടുന്ന സ്ഥിതിയാണ് വരുന്നത്. മുരിങ്ങയില പൗഡറിന്റയും മറ്റും നിര്‍മ്മാണം
ചെറുകിട വ്യവസായമായി ഏറ്റെടുക്കാനും സാധ്യത കുറവല്ല.

ജി. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍

 

Related Articles