Monday, June 8, 2026

വൈറലെല്ലാം വാസ്തവമല്ല

പാണന്മാര്‍ പാടിനടന്നത് പഴങ്കഥ. നാട്ടിലെങ്ങും പാട്ടായത് പുതുകഥ. എന്നാലിന്ന് എല്ലാവര്‍ക്കും കാര്യം, പാട്ടാകുന്നതിലല്ല വൈറലാകുന്നതിലാണ്. എന്തുപറഞ്ഞാലും എന്തു ചെയ്താലും അതു വൈറലായോ എന്നാണ് നോട്ടം. വൈറലാകാന്‍ എന്തുവേണമെന്നാണ് അന്വേഷണം. എത്ര നല്ല കാര്യം ചെയ്താലും സംതൃപ്തി കിട്ടണമെങ്കില്‍ വൈറലാകണമെന്നതാണ് സ്ഥിതി. എങ്ങനെയായാലും വൈറലായാല്‍പ്പിന്നെ കുഴപ്പമില്ല എന്നാണ് മട്ട്.

എന്താ, നമ്മളൊന്നു വൈറലായാല്‍? നമ്മള്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ വൈറലായാല്‍ കുഴപ്പമുണ്ടോ? ഇങ്ങനെയൊക്കെ ചോദ്യങ്ങള്‍ കേള്‍ക്കാതിരിക്കുന്നില്ല. ഉത്തരവും ഇല്ലാതില്ല. വൈറലാകുന്നതില്‍ ഒരു കുഴപ്പവുമില്ല. ആര്‍ക്കും എവിടെയും എപ്പോഴും വൈറലാകാം. അതത്ര മോശം കാര്യമൊന്നുമല്ല. പക്ഷേ, ഒരു കാര്യം മറക്കരുത്. ‘വൈറലാവുന്നതെല്ലാം വാസ്തവങ്ങള്‍ ആകണമെന്നില്ല.’ മറ്റൊരുകാര്യംകൂടി ചേര്‍ത്തുവയ്ക്കണം: ‘വാസ്തവങ്ങളെല്ലാം വൈറലാവണമെന്നുമില്ല!’

ഇതുരണ്ടും മനസ്സില്‍ സൂക്ഷിക്കുന്നതു നല്ലതല്ലേ? വൈറലാവാത്തതിന്റെ പേരിലുള്ള സങ്കടങ്ങള്‍ കുറയാന്‍ ഇതു സഹായിക്കില്ലേ? വൈറലാവുന്നതിനുമപ്പുറത്താണ് വാസ്തവങ്ങള്‍ എന്ന കാര്യം ഓര്‍മ്മിക്കാനും ഇത് ഉപകരിക്കില്ലേ?

***  ***  ***

വ്യക്തികള്‍ക്കു ജീവിക്കാന്‍ കുടുംബം വേണം; കുടുംബങ്ങള്‍ക്കു ജീവിക്കാന്‍ സമൂഹം വേണം. സമൂഹത്തിനു വളര്‍ച്ച നേടാന്‍ സ്ഥാപനങ്ങള്‍ വേണം. പഠിപ്പിടം മുതല്‍ തൊഴിലിടംവരെ സ്ഥാപനങ്ങളായിട്ടാണല്ലോ നിലനില്‍ക്കുന്നത്. സ്ഥാപനങ്ങളൊക്കെ ആരെങ്കിലും സ്ഥാപിച്ചവയാണ്. അതിന്റെ പിന്നില്‍ സ്ഥാപകരുടെ ലക്ഷ്യമുണ്ട്. അതുതന്നെ സ്ഥാപനത്തിന്റെ ലക്ഷ്യമായി മാറുന്നു. പില്‍ക്കാലത്ത് അതില്‍ മാറ്റങ്ങള്‍ വന്നെന്നു വരാം. അതില്‍ തെറ്റുപറയാനുണ്ടോ? നൂറ്റാണ്ടുമുമ്പ് സ്ഥാപിച്ച ഒരു സ്ഥാപനത്തിന്റെ ഇന്നത്തെ ലക്ഷ്യം അന്നത്തേതുപോലെ ആയിരിക്കണമെന്നില്ലല്ലോ.

നന്നായി സ്ഥാപിച്ച്, നിലനിര്‍ത്തുക എന്നതല്ല സ്ഥാപനത്തിന്റെ ലക്ഷ്യം. പ്രഖ്യാപിതലക്ഷ്യം സാധിക്കാനുള്ള മാര്‍ഗമാണ് സ്ഥാപനം. ചുരുക്കിപ്പറഞ്ഞാല്‍ സ്ഥാപനമെന്നത് ലക്ഷ്യമല്ല, മാര്‍ഗം മാത്രം. ഇനിമേല്‍ ആരെങ്കിലും സ്ഥാപനത്തിന്റെ സുസ്ഥിതിയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞാല്‍ അതില്‍ തകരാറുണ്ടെന്ന് ഓര്‍ക്കണം. സ്ഥാപനം എന്തിനുവേണ്ടി സ്ഥാപിതമായോ അതാണ് ലക്ഷ്യമെന്ന് തിരുത്തണം. ലക്ഷ്യത്തില്‍ മാറ്റം വേണമെങ്കില്‍ അതാകാം. പക്ഷേ, മാര്‍ഗത്തെ ലക്ഷ്യമായി കണക്കാക്കരുത്. അങ്ങനെ വരുമ്പോഴാണ് സ്ഥാപനത്തിന്റെ പേരില്‍ വ്യക്തികളെയും കുടുംബങ്ങളെയും ഒക്കെ നിരാകരിക്കേണ്ടിവരുന്നത്.

വ്യക്തികള്‍ക്കല്ല. സ്ഥാപനത്തിനാണ് പ്രാധാന്യം; പൊതുനന്മയാണ് മഹത്തരമെന്ന് പറയാറുണ്ട്. ശരിയെന്നു തോന്നിക്കുന്ന പമ്പരവിഡ്ഢിത്തം! സ്ഥാപനം ആര്‍ക്കുവേണ്ടിയാണ്? സമൂഹത്തിനുവേണ്ടി. സമൂഹമെന്നാലോ? വ്യക്തികള്‍ കൂടിച്ചേരുന്നത്. ഒരു സ്ഥാപനം അതുമായി ബന്ധപ്പെടുന്ന വ്യക്തികളുടെ നന്മയെ കരുതുന്നില്ലെങ്കിലോ? ചൂഷണമെന്ന പേരു മാത്രമാകും ഉചിതം. സേവനമോ ശുശ്രൂഷയോ ഒന്നും ഉച്ചരിക്കാന്‍പോലും അവകാശമില്ലാതാകുന്നു.

വ്യക്തിസ്വാതന്ത്ര്യത്തിനും പരിപോഷണത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന കാലമാണിത്. പക്ഷേ, സ്ഥാപനതാല്പര്യങ്ങള്‍ക്കുമുന്നില്‍ അവയൊന്നും വിലപ്പോകുന്നില്ല. മാത്രമല്ല, വ്യക്തിയുടെ പ്രാധാന്യം പറയുമ്പോഴും കുടുംബത്തിന്റെ പ്രസക്തി എടുത്തുകാട്ടാറുമില്ല. വീടും കൂടുമില്ലാത്തവര്‍ ഇരുപത്തിനാലു മണിക്കൂറും സേവനസന്നദ്ധരായി കിട്ടുമെങ്കില്‍, അവരെയാണ് സ്ഥാപനങ്ങള്‍ കാംക്ഷിക്കുന്നത് എന്നൊരു കഷ്ടസ്ഥിതിയും നിലവിലില്ലേ?

വ്യക്തികളെയും കുടുംബങ്ങളെയും പരിഗണിക്കുന്ന ഒരു സ്ഥാപനസംസ്‌കാരം എന്നാണാവോ നമുക്കിടയില്‍ ഉണ്ടായിവരുന്നത്? അത് യഥാര്‍ത്ഥത്തില്‍ സ്ഥാപനങ്ങള്‍ക്കും നന്മയായിത്തീരുകയില്ലേ?

ഷാജി
ഷാജി മാലിപ്പാറ 

 

Related Articles