Wednesday, June 17, 2026

തിരിച്ചറിവുകളുടെ ആഘോഷം

ക്രിസ്മസ്സ്‌ യഥാര്‍ഥത്തില്‍ തിരിച്ചറിവുകളുടെ ആഘോഷമാണ്. നക്ഷത്രവെളിച്ചത്തിന്റെ ഭാവഭേദങ്ങളില്‍ നിന്ന് സുവിശേഷം വായിച്ചെടുത്ത ജ്ഞാനികളുടെ ആഘോഷം. കച്ചിയില്‍ പിറന്നവന്‍ ക്രിസ്തുവാണെന്ന തിരിച്ചറിവില്‍ വിമലീകൃതരായ ഇടയഗണത്തിന്റെ ആഘോഷം. എല്ലാറ്റിനുമുപരി മനുഷ്യന്റെ സാമാന്യയുക്തിക്കു നിരക്കാത്ത ദൂതുമായെത്തിയ മാലാഖയിലൂടെ ദൈവഹിതം തിരിച്ചറിഞ്ഞ മറിയത്തിന്റെയും നിശാദര്‍ശനങ്ങളില്‍ ഭൂമിയില്‍ ദൈവത്തിന്റെ കാവലാളാകാന്‍ ഉറച്ച യൗസേപ്പിന്റെയും ആഘോഷം. എന്റെയും നിന്റെയും ക്രിസ്തുമസ്സ് അര്‍ഥപൂര്‍ണ്ണമാകുന്നത് നമ്മുടെ ജീവിതാനുഭവങ്ങളില്‍ വന്നുപിറക്കുന്ന ക്രിസ്തുവിനെ തിരിച്ചറിയുമ്പോഴാണ്.

തിരിച്ചറിവുകള്‍ നമ്മെ സ്വാതന്ത്രരാക്കാറുണ്ട്. ഏറെ വായിക്കപ്പെട്ടിട്ടുള്ള ഒരു
ഹൈക്കു കവിതയാണ് ‘തൊപ്പിയിലെ മഞ്ഞ്’. ഒരുപക്ഷേ, നമുക്കും ഈ കവിത
സുപരിചിതമായിരിക്കാം. തന്റെ തൊപ്പിയില്‍ പെയ്തുകൊണ്ടിരുന്ന മഞ്ഞിനെപ്രതി ഭാരപ്പെടുന്ന യാത്രികന് ഒരു നിമിഷാര്‍ധത്തില്‍ ലഭിക്കുന്ന തിരിച്ചറിവാണ്
ആ ചെറുകവിതയുടെ സാരം. ‘ഈ മഹാപ്രപഞ്ചത്തിലെ ഏറ്റവും ചെറിയവനായ
ഞാനും അതിലും ചെറുതായിരിക്കുന്ന എന്റെ തൊപ്പിയും. എന്നിട്ടും, എന്നെ തേടിയെത്തുന്ന മഞ്ഞ് അതെനിക്കു വേണ്ടി മാത്രമാണ്’ ഈ തിരിച്ചറിവിലാണ് അവന്റെ തൊപ്പിയിലെ ഭാരം ലഘൂകരിക്കപ്പെടുന്നത്. പഴയനിയമഗ്രന്ഥത്തില്‍ ദാവീദ്‌ രാജാവിന്റെ ജീവിതത്തിലെ ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരിക്കല്‍, സാവൂളിന്റെ ബന്ധുവായ ഗേരയുടെ മകന്‍ ഷിമെയി ശാപവാക്കുകള്‍ ചൊരിഞ്ഞുകൊണ്ട് ദാവീദിന്റെ അരികിലെത്തുകയാണ്. എന്നിട്ട് ദാവീദിന്റെയും അദ്ദേഹത്തിന്റെ ദാസന്മാരുടെയും നേരെ കല്ലുകള്‍ എറിയാന്‍ തുടങ്ങി. അതുകണ്ട് ദാവീദിന്റെ മൂന്നു യുദ്ധവീരന്മാരില്‍ ഒരാളായിരുന്ന അബിഷായി പറഞ്ഞു -‘ഈ ചത്ത പട്ടി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നുവോ? ഞാന്‍ അവന്റെ തല വെട്ടിക്കളയട്ടെ?’
ഈ ചോദ്യത്തിനു ദാവീദ് പറയുന്ന മറുപടിയാണ് ശ്രദ്ധേയം. ‘നിങ്ങള്‍ക്ക് എന്തുകാര്യം? ദാവീദിനെ ശപിക്കുക എന്നു കര്‍ത്താവ് കല്പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കില്‍ അരുതെന്നു പറയുവാന്‍ ആര്‍ക്കു കഴിയും?’ (2 സാമു 16 : 10). നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളിലും തര്‍ക്കങ്ങളിലും അര്‍ഥമില്ലായ്മകളിലും ശൂന്യതകളിലും ക്രിസ്തുവിന്റെ സാന്നിധ്യം തിരിച്ചറിയാനാകാത്തതാണ് നമ്മെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുന്നത്. നമ്മുടെ ക്രിസ്തുമസ്സുകള്‍ വെറും ആഘോഷമായിമാത്രം അവസാനിക്കുന്നതും അവിടെയാണ്.

ഇന്ന് ലോകം നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കും കാരണം ഈ തിരിച്ചറിവിന്റെ അഭാവമാണ്. എന്നില്‍, എന്റെ സഹോദരനില്‍, സുഹൃത്തുക്കളില്‍, കണ്ടുമുട്ടുന്നവരില്‍ ദൈവം ഉണ്ട് എന്നു തിരിച്ചറിയാനുള്ള പ്രകാശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെ ആകാശങ്ങള്‍ക്കു വേണ്ടി അപരനെ കുരുതികൊടുക്കുന്ന ഒരു സംസ്‌കാരം നമ്മുടെ ഇടയില്‍ രൂപപ്പെട്ടു കഴിഞ്ഞു. അധികാരത്തിനും ആധിപത്യങ്ങള്‍ക്കും വേണ്ടി മനുഷ്യജീവനെ കൊയ്‌തെടുക്കുന്ന രാജ്യങ്ങള്‍, ആസക്തികളുടെയും വൈകൃതങ്ങളുടെയും അഗ്‌നിയില്‍ വെന്തെരിയപ്പെടുന്ന നിഷ്കളങ്കരായ സ്ത്രീകളും കുട്ടികളും. പകതീരാത്ത പോരാട്ടത്തിന്റെ ഇരുളും ഭയവും നിറഞ്ഞ ദിനരാത്രങ്ങള്‍ ഇവയെല്ലാം ദൈവം ഉണ്ടെന്ന തിരിച്ചറിവിന്റെ അഭാവം മാത്രം.

ശിശിരകാലത്തിലെ മഞ്ഞുള്ള ഒരു രാത്രിയില്‍ നക്ഷത്രവിളക്കുകളുടെ അകമ്പടിയോടെ ദൈവപുത്രന്‍ കാലിക്കൂട്ടില്‍ പിറന്നതല്ല ക്രിസ്തുമസ്സ്. മറിച്ച്, എന്റെ ജീവിതാനുഭവങ്ങളുടെ നടുവില്‍ ദൈവം പിറവികൊള്ളുന്നതാണ്‌ യഥാര്‍ഥമായ ക്രിസ്തുമസ്സ്. സക്കേവൂസിന്റെ ക്രിസ്തുമസ്സ് അവന്റെ തിരിച്ചറിവിന്റെ തീന്മേശയിലായിരുന്നു. പാപിനി മറിയത്തിന്റെ ജീവിതത്തില്‍ ക്രിസ്തു പിറക്കുന്നത്
പുരുഷാരം ഉയര്‍ത്തിയ കല്‍ക്കൂമ്പാരത്തിനരികിലും. തമ്മില്‍ തര്‍ക്കിച്ച് എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരില്‍ ക്രിസ്തു പിറക്കുന്നതും അവരുടെ കണ്ണുകള്‍ പ്രകാശിക്കുന്നതും വഴിയോരത്തു വച്ചായിരുന്നു. ‘സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു’ എന്ന ഏറ്റു പറച്ചിലിന്റെ വേളയില്‍ കാല്‍വരിയില്‍ വച്ചായിരുന്നു ശതാധിപന്റെ ഹൃദയത്തില്‍ ക്രിസ്തു പിറക്കുന്നത്.

ചരിത്രത്തെപ്പോലും രണ്ടായി തിരിച്ച ക്രിസ്തുവിന്റെ ജനനം നമ്മുടെ ജീവിതത്തിന്റെ അനുഭവമായാല്‍ നന്മയില്‍ ഉറകൂട്ടപ്പെട്ട ഒരു പുതിയ ജീവിതത്തിന് നാമും ഉടമകളാകും. പരിഭവങ്ങളുടെയും തര്‍ക്കങ്ങളുടെയും ലോകത്തോടു വിടപറഞ്ഞ് അപരന്റെ നെഞ്ചിലെ കടലാഴങ്ങളെ കാണാന്‍ നമ്മുടെ മിഴികള്‍ കൂടുതല്‍ പ്രകാശമുള്ളതായിതീരും. ക്രിസ്തുവിനെപ്പോലെ അരികുവത്കരിക്കപ്പെട്ടവരെപ്പോലും ചേര്‍ത്തു പിടിക്കാന്‍ തക്കവിധം നമ്മുടെ ഹൃദയം വിശാലമാകും. അങ്ങനെ മണ്ണും മനുഷ്യനും മൃഗജാലങ്ങളും കൈകോര്‍ക്കുന്ന സമാധാനത്തിന്റെ ദിനങ്ങള്‍ ആഗതമാകും.

സി. നിമിഷ റോസ് CSN 

 

 

 

 

Related Articles