2021 ഏപ്രിൽ Episode-1
ദൈവത്തിനു സ്വീകാര്യമായബലി ആബേൽ
ജീവിതപാതയില്‍ പ്രകാശം ചൊരിയുന്ന വഴിവിളക്കുകള്‍ തേടി ദൈവവചനഗ്രന്ഥത്തിലൂടെയുള്ള യാത്രയുടെ തുടക്കത്തില്‍ നാം കണ്ടുമുട്ടുന്നത് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമാണ്. പഴയനിയമത്തിലെ ഒരധ്യായത്തില്‍ മാത്രം ഏഴുതവണ പരാമര്‍ശവിഷയമാകുന്ന, മനുഷ്യകുലമെന്ന കുടുംബത്തിലെ രണ്ടു സഹോദരന്മാരില്‍ ഇളയവന്‍. പിന്നീട് നാലുതവണ കൂടി ആ പേര് പുതിയനിയമത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്, യേശുവിന്റെ വാക്കുകളില്‍ രണ്ടു തവണയും (മത്താ. 23,35; ലൂക്കാ 11,5) ഹെബ്രായ ലേഖനത്തില്‍ രണ്ടു തവണയും (ഹെബ്രാ 11,4;12,24). യേശുവിന്റെ വാക്കുകളില്‍ ആദ്യത്തെ രക്തസാക്ഷിയാണയാള്‍-ആബേല്‍. ഹെബ്രായലേഖനത്തില്‍ ഒരു തവണ വിശ്വാസത്തില്‍ നിന്നുരുത്തിരിയുന്ന ആത്മസമര്‍പ്പണത്തിന്റെ പ്രതീകമായും തുടര്‍ന്ന് ബലിയായി അര്‍പ്പിക്കപ്പെട്ട, കര്‍ത്താവിനു സ്വീകാര്യവും, അതിനെക്കാള്‍ വലുതും വരാനിരുന്നതുമായ യേശുവിന്റെ ആത്മബലിയിലേക്കുള്ള ഒരു കൈചൂണ്ടിയായും. ഇതാണ് നാം ആദ്യമേ കണ്ടുമുട്ടുന്ന വഴിവിളക്ക് – എണ്ണത്തിരിയില്‍ മങ്ങിക്കത്തുന്ന ഒരു മണ്‍ചിരാതുപോലെ.
ആദിമാതാപിതാക്കളായ ആദാമിന്റെയും ഹവ്വായുടെയും രണ്ടു മക്കളില്‍ ഇളയവനാണ് ആബേല്‍. നീരാവി, നിശ്വാസം എന്നൊക്കെ അര്‍ത്ഥമുള്ള ”ഹേബെല്‍” എന്ന ഹീബ്രുവാക്കാണ് ആബേല്‍ എന്നു നാം എഴുതുന്നത്. ആദ്യസന്തതിക്കു കായേന്‍ എന്നു പേരിട്ടത് അമ്മ ഹവ്വാ ആയിരുന്നു. ”കര്‍ത്താവു കടാക്ഷിച്ച് എനിക്കൊരു പുത്രനെ ലഭിച്ചിരിക്കുന്നു” എന്ന ആത്മഭാഷണം പേരിടല്‍ പ്രക്രിയയെയും പേരിന്റെ അര്‍ത്ഥത്തെയും സൂചിപ്പിക്കുന്നു. സമ്പാദിക്കുക എന്നര്‍ത്ഥമുള്ള ഖനാ എന്ന ക്രിയാധാതുവില്‍ നിന്നാണ് ഖയീന്‍ എന്ന പേരിന്റെ ഉത്ഭവം. ദൈവത്തിന്റെ ദാനം, ക്യപയാല്‍ ലഭിച്ച സമ്പത്ത്, നിധി എന്നൊക്കെയാവാം പേരിട്ട അമ്മമനസ്സില്‍ കരുതിയത്. എന്നാല്‍, ഇളയവന് ആരാണ് പേരിട്ടതെന്ന സൂചന പോലും ബൈബിളിലില്ല. എന്നാല്‍, ഇളയവന്റെ ജീവിതത്തെ സൂചിപ്പിക്കുന്നതായിരുന്നു പേരെന്ന് കഥ ചുരുളഴിയുമ്പോള്‍ വ്യക്തമാകുന്നു.
ഇളയവനു മുന്‍ഗണന
ആബേലിന്റെ കഥ ഏവര്‍ക്കും സുപരിചിതമായതിനാല്‍ ദീര്‍ഘമായി വിവരിക്കേണ്ടതില്ല. എന്നാലും കഥയിലൂടെ നല്കപ്പെടുന്ന സന്ദേശം ഗ്രഹിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇളയവനാണ് ആബേല്‍ എന്നതു തന്നെയാണ് ആദ്യമേ ശ്രദ്ധയില്‍പ്പെടുന്നത്. ഇതു ബൈബിളില്‍ പൊതുവായി കാണുന്ന ഒരു പ്രമേയമാണ്. അബ്രാഹത്തിന്റെ രണ്ടുമക്കള്‍, ഇസ്മായേലും ഇസഹാക്കും. ഇളയവന്‍ അവകാശിയാകുന്നു. മൂത്തവന്‍ മരുഭൂമിയില്‍. ഇസഹാക്കിന്റെ മക്കള്‍ ഇരട്ടയെങ്കിലും ഇളയവന്‍ യാക്കോബാണവാകാശി. യാക്കോബിന്റെ മൂത്തമകന്‍ റൂബനല്ല, പിന്നീടു വന്ന യൂദായാണു തിരഞ്ഞെടുക്കപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റം വലിയ ഉദാഹരണമാണ് ജെസെയുടെ എട്ടുമക്കളില്‍ ഏറ്റം ഇളയവനായ ദാവീദ് തിരഞ്ഞെടുക്കപ്പെടുന്നത്.
ഈ വിഷയത്തില്‍ സാമുവേലിനു ദൈവം നല്കുന്ന ഒരു വിശദീകരണം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ”മനുഷ്യന്‍ കാണുന്നതുപോലെയല്ല കര്‍ത്താവു കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയ ഭാവത്തിലും” (1സാമു 16:7). ആബേല്‍ നല്കുന്ന ആദ്യത്തെ പാഠം ഇതാണ്. ഇളയവനും, എളിയവനും, ചെറിയവനും ആയിരിക്കുന്നതില്‍ ദു:ഖിക്കരുത്, അപകര്‍ഷതാബോധവും വേണ്ടാ, മറിച്ച് സന്തോഷിക്കുക. ആയിരിക്കുന്ന അവസ്ഥ, അത് എന്തായാലും ദൈവത്തിന്റെ ദാനമായി സ്വീകരിക്കുക. സ്വയം അംഗീകരിക്കുക; മറ്റുള്ളവരുമായി താരതമ്യം ചെയ്ത് വലുതോ, ചെറുതോ ആകാന്‍ ശ്രമിക്കേണ്ടാ.
ജീവിതം ഹ്രസ്വം – ഒരു നിശ്വാസംപോലെ
ആബേല്‍ എന്ന പേരാണ് അടുത്ത പ്രകാശ രശ്മി. നീരാവി എന്നാണ് പേരിനര്‍ത്ഥം; അല്ലെങ്കില്‍ നിശ്വാസം എന്ന് ആരംഭത്തില്‍ പറഞ്ഞുവച്ചു. സൂര്യനുദിച്ചുയരുമ്പോള്‍ നീരാവി വെറും ആവിയായി അപ്രത്യക്ഷമാകും. നിമിഷം കൊണ്ട് കടന്നുപോകുന്നതാണ് നിശ്വാസം. ഈ ഭൂമിയിലെ ജീവിതം ക്ഷണികമാണ്, വേഗം കടന്നുപോകും എന്ന തിരിച്ചറിവ് ഒരു സത്യമായി, ബോധ്യമായി ഹൃദയത്തില്‍ സൂക്ഷിക്കണം. അപ്പോള്‍ നശ്വരമായ ഒന്നിനോടും ഒട്ടിച്ചേരാതെ, ഏതു നിമിഷം ദൈവം നിത്യതയിലേക്കു വിളിച്ചാലും പോകാന്‍ ഒരുങ്ങിയിരിക്കുക.
അതേസമയം ആബേല്‍ എന്ന പേര് മറ്റൊന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. പൂഴിയില്‍ നിന്നു മെനഞ്ഞെടുത്ത കളിമണ്‍ കൂടാരം ജീവന്‍ ത്രസിക്കുന്ന മനുഷ്യനായത് അതിലേക്ക് ദൈവത്തിന്റെ ശ്വാസം പ്രവേശിപ്പിച്ചപ്പോഴാണ് (ഉല്‍പ. 2,7). ദൈവത്തിന്റെ ശ്വാസത്താല്‍ ജീവിക്കുന്നവന്‍ – അതാണ് ആബേല്‍. ആബേല്‍ മാത്രമല്ല, സകല മനുഷ്യരും ഇപ്രകാരം ജീവിക്കുന്നവരാണെന്നും ഈ പേര് നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവത്തിന്റെ നിശ്വാസത്താല്‍ ജീവിക്കുന്നവന്‍, ദൈവത്തോടൊന്നിച്ചായിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ദൈവവുമായുള്ള ബന്ധമാണ് ജീവന്റെ നിദാനം എന്നും ആബേല്‍ നമ്മെ അനുസ്മരിപ്പിക്കുന്നു.
ആബേല്‍ ഇടയന്‍
സ്വന്തമായി ഒരു ഇടം ഇല്ലാത്തവനാണ് ഇടയന്‍. അവന്‍ ആടുകള്‍ക്കു തീറ്റി തേടി നടക്കുന്നു. ഒരിക്കലും നിലയ്ക്കാത്ത ഒരു തീര്‍ത്ഥാടനം. ആടുകള്‍ക്കുവേണ്ടി അധ്വാനിക്കുന്നവന്‍, ജീവിക്കുന്നവന്‍, ആകുലപ്പെടുന്നവന്‍; ആടുകളെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ അപകടപ്പെടുത്തുന്നവന്‍, ചെന്നായ് വരുന്നതുകാണുമ്പോള്‍ ഓടിപ്പോകാത്ത നല്ല ഇടയന്‍. അതാണ് ആബേല്‍. അബ്രാഹം ഇടയനായിരുന്നു; മോശയും ദാവീദും ഇടയന്മാരായിരുന്നു. എന്തിനേറെ, ദൈവത്തെത്തന്നെ ഇടയനായിട്ടാണല്ലോ ഇസ്രായേല്‍ ജനം കണ്ടത്. അതിന്റെ നേര്‍ക്കാഴ്ചയല്ലേ 23-ാം സങ്കീര്‍ത്തനം. ആടുകള്‍ക്കൊന്നിനും കുറവുവരാതെ, പുല്ലും വെള്ളവും തേടി കണ്ടെത്തുന്നവന്‍; മരണത്തിന്റെ നിഴല്‍ വീണ, വന്യമൃഗങ്ങളും കള്ളന്മാരും പതിയിരിക്കുന്ന, താഴ്‌വരയിലൂടെ ആടുകളെ സുരക്ഷിതരായി നയിക്കുന്നവന്‍. അതാണ് ഇസ്രായേല്‍ജനം അനുഭവിച്ചറിഞ്ഞ ദൈവം. ആ ദൈവത്തിന്റെ അവതാരമല്ലേ, ”ഞാന്‍ നല്ല ഇടയനാകുന്നു” എന്ന് ഉദ്‌ഘോഷിച്ച യേശു. അതേ, ആബേല്‍ ഇടയനാണ്. ദൈവത്തിന്റെ സംരക്ഷണത്തെ അനുസ്മരിക്കുന്നവന്‍, അനുസ്മരിപ്പിക്കുന്നവന്‍; ദൈവത്തിന്റെ സംരക്ഷണം ആടുകള്‍ക്ക്, തനിക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവര്‍ക്ക്, അനുഭവവേദ്യമാക്കാനുള്ള ദൗത്യം സ്വീകരിച്ചവന്‍. ഏവര്‍ക്കും എന്നും പ്രസക്തമായ ദാനവും ദൗത്യവും!
സ്വീകാര്യമായ ബലി
ആബേലിനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ആദ്യമേ മനസ്സിലേക്കുവരുന്നത് അയാള്‍ അര്‍പ്പിച്ച ബലി കര്‍ത്താവിനു സ്വീകാര്യമായി എന്നതാണ്. ഇടയനായിരുന്ന ആബേല്‍ തന്റെ ആട്ടിന്‍ കൂട്ടത്തില്‍ നിന്നാണ് ബലിവസ്തു കണ്ടെത്തിയത്. ”കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്ച വച്ചു” (ഉല്‍പ. 4,4). കായേല്‍ അര്‍പ്പിച്ച ബലി കര്‍ത്താവിനു സ്വീകാര്യമായില്ല; ആബേലിന്റേതു സ്വീകരിച്ചു, എന്നു തുടര്‍ന്നു പറയുമ്പോള്‍ ബലി സ്വീകരിച്ചതിന്റെ മാനദണ്ഡം എന്തെന്ന് ഉടനെ വ്യക്തമാകുന്നില്ല. എന്നാല്‍, ഒരു കാര്യം ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്. ആബേലിന്റെ ബലി സ്വീകരിച്ച ദൈവം തന്റെ ബലി സ്വീകരിക്കാത്തതില്‍ കായേന് അസൂയ ഉണ്ടായി. അസൂയ അമര്‍ഷമായി, വിദ്വേഷമായി, കൊലപാതക ചിന്തയിലേക്കു നയിച്ചു.
ഇതിനിടെ ദൈവം കായേനു നല്കുന്ന ഒരു താക്കീതില്‍ ആബേലിന്റെ ബലി സ്വീകരിച്ചതിന്റെ കാരണത്തെക്കുറിച്ച് ഒരു സൂചന നല്കുന്നുണ്ട്. ”ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ?”(ഉല്‍പ. 4,7). കായേന്റെ ഉള്ളില്‍ സഹോദരനോട് അസൂയയും വെറുപ്പും ഉണ്ടായിരുന്നതുകൊണ്ടാണ് ബലി സ്വീകാര്യമാകാതെ പോയത് എന്നാണ് ധ്വനി. അപ്പോള്‍ ആബേല്‍ അനുകരണാര്‍ഹമായൊരു മാതൃകയായി മാറുന്നു. അയൽക്കാരനോട് അസൂയ ഇല്ലാത്ത, അയാളെ ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കുന്ന, സ്വീകരിക്കുന്ന, മനോഭാവം; അതാണ് ബലി സ്വീകാര്യമാകാന്‍ വേണ്ടത്. ബലിയര്‍പ്പണത്തിനു മുമ്പേ സഹോദരനുമായി രമ്യതപ്പെടണം എന്ന യേശുനാഥന്റെ പ്രബോധനം (മത്താ. 5,24-25) ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നു.
കൊടുക്കുന്ന വസ്തുവല്ല, കാഴ്ചവയ്ക്കുന്നവന്റെ മനോഭാവമാണ് ദൈവം പരിഗണിക്കുന്നത് എന്ന് ഈ സംഭവത്തിലൂടെ പഠിപ്പിക്കുന്നു. സഹോദര സ്‌നേഹത്തിന്റെ മാതൃകയാണ് ആബേല്‍. അസൂയ ഇല്ല; മത്സരമില്ല. ജ്യേഷ്ഠനെ സഹോദരനായി കണ്ട് അംഗീകരിക്കുന്നു; സ്‌നേഹിക്കുന്നു. വിശ്വസിക്കുന്നു. അതാണല്ലോ അടുത്ത സംഭവത്തിലൂടെ വ്യക്തമാകുന്നത്. ഒരാളുടെ ബലി സ്വീകരിച്ചെന്നും അപരന്റേതു തിരസ്‌കരിച്ചെന്നും അവര്‍ എങ്ങനെ മനസ്സിലാക്കി എന്നു കഥാകാരന്‍ പറയുന്നില്ല. കഥയില്‍ ചോദ്യമില്ല എന്നൊരു ചൊല്ലുണ്ടല്ലോ. ഒരുപക്ഷേ; ഏലിയായുടെ ബലിപോലെ ദൈവം അഗ്നിയിറക്കി സ്വീകരിച്ചതാവാം. എന്നാല്‍, അതല്ല പ്രസക്തമായ ചോദ്യം. കായേന്റെ ബലി സ്വീകരിക്കപ്പെടാതിരുന്നതിന്റെ കാരണം അവന്റെ മനോഭാവമായിരുന്നു എന്ന് അടുത്ത സംഭവത്തിലൂടെ വ്യക്തമാക്കുന്നു. (തുടരും)

ഫാ. മൈക്കിൾ കാരിമാറ്റം




