പഴങ്കഥയാണ്. തന്റെ കുഞ്ഞിനുവേണ്ടി ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട് ജീവിക്കുന്ന ഒരു സ്ത്രീയുടെ മുന്പില് ഒരു അത്ഭുതഗുഹ തുറന്നുകിട്ടി. അതിനകത്തുള്ള വിലപിടിച്ചതെല്ലാം അവള്‍ക്കു സ്വന്തമാക്കാമായിരുന്നു, ഒരു മണി മുഴങ്ങുവോളം. അതിനു ശേഷം വാതിലടയും, എന്നേക്കുമായി. അവള് കുഞ്ഞിനെയുമായി അകത്തു കടക്കുന്നു. അല്പം കഴിഞ്ഞ് മണി മുഴങ്ങുന്നു, വിലമതിക്കാനാവാത്ത വിഭവങ്ങളുടെ ശേഖരവുമായി അവള് പുറത്തുകടക്കുന്നു. വാതില്‍ അടയുന്നു. അപ്പോള്‍ ഒരു നടുക്കത്തോടെ കുഞ്ഞ് അകത്താണെന്ന് തിരിച്ചറിയുന്നു… ജീവിതത്തിന്റെ മൂല്യമുള്ളതെല്ലാം വിരലിനിടയിലൂടെ വഴുതിപ്പോയി എന്നറിയുമ്പോഴേക്കുംpoint of no return- ല്‍ എത്തിയിട്ടുണ്ടാവണം.
പ്രശ്നം മുന്‍ഗണനകളെ നിശ്ചയിക്കുന്നിടത്താണ്. എന്തിന്റേയും നല്ല അംശം കണ്ടെത്തുക എന്നാണ് അതിന് യേശുഭാഷ്യം. തന്റെ കാല്പാദങ്ങളില് ഏകാഗ്രമായി ഇരുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ആകുലചിത്തയായ, അതുകൊണ്ടുതന്നെ പരാതിപ്പെട്ടിയായി മാറുകയും ചെയ്ത, ഒരു സ്ത്രീയോട് യേശു അതു പറഞ്ഞ് വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ട്. മാര്‍ത്ത മാര്‍ത്ത, നീ ഒത്തിരി കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നു. ഒരേയൊരു കാര്യം മതി. മേരി ആ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു. അതവളില്നിന്ന് എടുത്തു മാറ്റപ്പെടില്ല. എന്തിന്റെയും നല്ല അംശത്തെ പ്രാരംഭത്തിലേ നിര്‍ണയിക്കുകയാണ് പ്രധാനം. എന്താണ് ജീവിതത്തിന്റെ ദുരന്തം? പ്രയോരിറ്റികളെക്കുറിച്ച് നിശ്ചയമുണ്ടായിട്ടും ചെറിയ കാര്യങ്ങളില്‍ മുഴുകി ജീവിച്ചു എന്നതുതന്നെ. ഒരു പരല്‍ മീനെ പിടിക്കാനുള്ള ശ്രമത്തില്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് അകാലമൃത്യു വരിച്ച കഴുകനെപ്പോലെ അടിമുടി എരിച്ചുകളയുന്ന എന്തു കാഴ്ചയുണ്ടെന്നാണ് കരുതുന്നത്?
അദൃശ്യവിരുന്നുണ്ണുന്നവര്
അവളെ കാണാന്‍ വേണ്ടി മാത്രമാണ് അയാള്‍ ധനികരുടെ ആ തെരുവില്‍ ചുറ്റിത്തിരിഞ്ഞത്. അച്ഛന് മരിച്ചതിനു ശേഷം ദാരിദ്ര്യം കൊണ്ട് ഒരു റൊട്ടിക്കടയിലെ സഹായിയായി പണി നോക്കുകയാണ് അയാള്‍. അതിനിടയിലാണ് അവളുടെ മുഖം കണ്ടത്. അതിലയാള്‍ വല്ലാതെ ഭ്രമിച്ചുപോയി. തനിക്ക് അപ്രാപ്യയായ അവളിലേക്ക് എത്താന്‍ ദൈവമല്ലാതെ വേറൊരു വഴിയില്ലെന്നുകണ്ട് നാല്പതു ദിവസത്തെ പ്രാര്‍ത്ഥനയില്‍ സ്വയം അര്‍പ്പിച്ചു. അതിനൊടുവിലാണ് ബോധത്തില്‍ ഒരു
മിന്നലുണ്ടായത്. അവള്‍ക്ക് ഇത്രമേല്‍ അഴകാണെങ്കില് അവളെ മെനഞ്ഞെടുത്ത ആ ചൈതന്യത്തിന് എത അഴകുണ്ടാവും! അയാളുടെ ഓര്‍മയിലും കവിതയിലൂടെയും മാത്രമാണ് അവളിപ്പോള്‍ ഓര്‍മിക്കപ്പെടുന്നത്. ഷാക്-ഇ-നബാത്.
അയാളെ എല്ലാവര്ക്കും അറിയാം. ഹാഫിസ് (1315-1390) എന്ന പേര്‍ഷ്യന്‍ സൂഫി കവിയാണത്. അവളുടെ അഴക് അനശ്വരമായ അഴകിലേക്ക് അയാളുടെ സ്പ്രിങ് ബോര്‍ഡായി. സ്നേഹമുള്ള ഒരു മനുഷ്യനെ കാണുമ്പോള്‍ ‘ഇയാളില്‍ സ്നേഹം നിക്ഷേപിച്ചതാര്’, അറിവുള്ള ഒരാളെ കാണുമ്പോള്‍ ‘ഏതു ഭണ്ഡാരത്തില് നിന്നാണ് ഇതു പെറുക്കിയെടുത്തത്’ എന്നൊക്കെ ആലോചിച്ചു തുടങ്ങുന്ന നിമിഷം സ്പിരിച്വാലിറ്റിയുടെ ക്വാണ്ടം ലീപ് ആരംഭിക്കുന്നു. അതുകൊണ്ടാണ് പ്രണയത്തിന്റേയും ഭ്രമത്തിന്റേയും കിണറിന് വക്കില്‍ ഉറഞ്ഞുനിന്നവളോട് ഈ കിണര്‍ നിന്റെ ദാഹം ശമിപ്പിക്കില്ലെന്നും ഉറവയിലേക്ക് ഒറ്റയ്ക്ക് നടന്നു
പോകണമെന്നും ഉച്ചവെയിലിലെത്തിയ അതിഥി പറഞ്ഞത്.
അവള് കുടംപോലും എടുക്കാതെയാണ് നടന്നുപോയതെന്ന് അടയാളപ്പെടുത്തുവാന്‍ സുവിശേഷകന് ശ്രദ്ധവച്ചത് എന്തിനാവണം? വെള്ളം ചോദിച്ച അയാള്‍ വെള്ളം കുടിച്ചില്ലെന്നും തന്റെ സ്നേഹിതര്‍ വച്ചുനീട്ടിയ ഭക്ഷണം വേണ്ടെന്നുവച്ചെന്നും ഡീറ്റേയ്ല്ഡ് വെര്ഷന് ഉണ്ട്. ‘നിങ്ങളറിയാത്ത ചില ഭക്ഷണം എനിക്കുണ്ട്’ എന്നു പറഞ്ഞാണ് അവരെ നോക്കി അയാള്‍ മന്ദഹസിച്ചത്. “I have food to eat that you know nothing about’ നമുക്കറിയാത്ത ഏതോ ഭക്ഷണത്തിന്റെ കലവറയില്‍നിന്ന് സദാ ഭക്ഷിച്ചിരുന്ന ചില മനുഷ്യരുണ്ട്. എന്താണ് വേണ്ടതെന്നു പോലും ഇനിയും കണ്ടെത്താനാവാത്ത നമ്മുടെ ശരാശരി ജീവിതത്തെ വെല്ലുവിളിക്കുന്നതവരാണ്. എന്താണ് തന്റെ അദൃശ്യ ഭക്ഷണമെന്ന് യേശു പിന്നീട് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എന്നെ അയച്ചവന്റെ ഹിതം പൂര്‍ത്തിയാക്കുക എന്നതാണത്.

ഫാ. ബോബി ജോസ് കട്ടിക്കാട്




