Sunday, June 7, 2026

ഉപേക്ഷ : പാപവും പുണ്യവും

ഉപേക്ഷ ഒരു പാപമാണ്; അതെ, ഉപേക്ഷ ഒരു പുണ്യമാണ്! അതെങ്ങനെ? സന്ദര്‍ഭത്തിനനുസരിച്ച് ഉപേക്ഷ പാപവും പുണ്യവുമായി മാറുന്നു എന്നാണുത്തരം.

ചെയ്യേണ്ട നന്മയെക്കുറിച്ച് അറിവുണ്ടായിട്ടും ഉപേക്ഷ വിചാരിച്ച് അതു ചെയ്യാതിരുന്നാല്‍ പാപമായിത്തീരുന്നു. മനുഷ്യന്‍ ചിന്തകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ തെറ്റുകള്‍ വരുത്തുന്നത് ഉപേക്ഷകൊണ്ടാണെന്ന് പറഞ്ഞാലും തെറ്റില്ല. മേല്‍പ്പറഞ്ഞ നന്മകള്‍ ചെയ്യാന്‍ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ചില നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നേക്കാം. അതിനാല്‍ അവയൊക്കെ ഒഴിവാക്കാന്‍ നന്മകളെ ഉപേക്ഷിക്കുന്നുവെന്ന് സാരം.

സ്‌കൂള്‍വിട്ട് വീട്ടില്‍വന്ന കുട്ടി മാഷിനെപ്പറ്റി പരാതിപ്പെട്ടു: ‘ചെയ്യാത്ത കാര്യത്തിന് മാഷിന്ന് അടിച്ചു.’ ‘എന്തു കാര്യത്തിന്?’ അമ്മ തിരക്കിയപ്പോള്‍ അവന്റെ മറുപടി ഇപ്രകാരം: ‘ഹോംവര്‍ക്ക് ചെയ്യാത്തതിന്!’ ചെയ്യാത്ത തെറ്റിന് ശിക്ഷയോ? ഇത്തരം തെറ്റിന്റെ ഗണത്തില്‍പ്പെടുന്നവയാണല്ലോ ഉപേക്ഷയാലുള്ള പാപങ്ങള്‍. അവയുടെ എണ്ണം എത്ര കുറഞ്ഞിരിക്കുമോ അത്രയും കൂടിയിരിക്കും ജീവിതത്തിന്റെ മനോഹാരിത!
******  ******  ******

കിട്ടാവുന്നതെല്ലാം കയ്യടക്കുന്നതോ നേടാവുന്നതെല്ലാം നേടുന്നതോ ആണ് ജീവിതവിജയത്തിന് ആധാരമെന്ന് പറഞ്ഞാല്‍ അതില്‍ തകരാറ് തോന്നണമെന്നില്ല. എന്നാല്‍, തിരിച്ചും മറിച്ചും ആലോചിച്ചാല്‍ മറിച്ചല്ലേ വാസ്തവമെന്ന് തോന്നാം. സ്വന്തമാക്കാന്‍ അവകാശവും അവസരവും ഉണ്ടായിരിക്കേ ചിലതൊക്കെ ഉപേക്ഷിക്കാന്‍തക്ക മാനസികബലം ഉണ്ടാവുന്നത് ചില്ലറക്കാര്യമല്ലല്ലോ. ഇത്തരം ഉപേക്ഷകള്‍ ഭൂലോകമണ്ടത്തരമെന്ന് ലോകം വിധിയെഴുതുന്ന കാലമാണിതെന്നുകൂടി ഓര്‍ക്കണം.

മിനിസ്റ്റര്‍ക്ക് ചീഫ് മിനിസ്റ്ററാകാനും ജസ്റ്റിസിന് ചീഫ് ജസ്റ്റിസ് ആകാനും മാഷിന് ഹെഡ്മാഷ് ആകാനും മോഹം ഉണ്ടാകുന്നതില്‍ തെറ്റുപറയാനില്ല. നേരായ വഴികളിലൂടെ ആ സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നത് അപരാധമൊന്നുമല്ലല്ലോ. എന്നാല്‍, അത് വേണ്ടെന്നുവയ്ക്കുകയും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ, ആ സ്ഥാനത്തിരിക്കുന്നവര്‍ക്ക് പിന്തുണ കൊടുക്കുകയും സ്വന്തം ചുമതലകള്‍ കൃത്യതയോടെ നിര്‍വഹിക്കുകയും ചെയ്യുന്നവരുടെ ഉപേക്ഷതന്നെയും പുണ്യമായി തീരുന്നില്ലേ? അത്തരക്കാരുടെ ജീവിതവഴികളില്‍ ദൃശ്യമാകുന്ന മനോഹാരിത അത്രയൊന്നും ചെറുതല്ലതാനും.

വേണം വേണമെന്ന മന്ത്രജപങ്ങള്‍ക്കിടയില്‍ വേണ്ടെന്നു പറയാനും നിര്‍മ്മമതയോടെ നിലകൊള്ളാനും കഴിയുമെങ്കില്‍ അത് വിശേഷപ്പെട്ട ഒരു കാര്യം തന്നെയാണ്. ചുമതലകളില്‍നിന്ന് ഒഴിവാകാതെ ഇരിക്കുക എന്നതാണ് പ്രധാനം. ഉപേക്ഷ എന്ന പുണ്യത്തില്‍ ഉപേക്ഷ എന്ന പാപം ഇല്ലാതിരിക്കണമെന്ന് സാരം.
******  ******  ******

വാര്‍ത്തകള്‍ ഉണ്ടാകുന്നത് അത്രയേറെ അദ്ഭുതകരമായ കാര്യമൊന്നുമല്ല. അതിനൊരു എളുപ്പമാര്‍ഗവുമുണ്ട്. ചെയ്യേണ്ടത് ചെയ്യാതിരുന്നാല്‍ വാര്‍ത്തയായി. ചെയ്യാത്തത് ചെയ്യുമ്പോഴും വാര്‍ത്തയുണ്ടാകും. പള്ളിയില്‍ കുര്‍ബാന ചൊല്ലുന്നത് ഒരിക്കലും വാര്‍ത്തയ്ക്ക് വിഷയമല്ല. എന്നാല്‍, കുര്‍ബാന ചൊല്ലാതിരിക്കുന്നതോ ചൊല്ലാന്‍ തടസ്സം നേരിടുന്നതോ വാര്‍ത്തയാകാന്‍ നേരമേറെ വേണ്ടാ.

പള്ളിയില്‍ നടക്കേണ്ട കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ഒരിക്കലും വാര്‍ത്താപ്രാധാന്യം നേടുകയില്ല. എന്നാല്‍, അമ്പലത്തിലെ അനുഷ്ഠാനങ്ങള്‍ പള്ളിയില്‍ നടത്തുമ്പോള്‍ അത് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. വാര്‍ത്തകളില്‍ ജീവിക്കുന്നത് ഹരമായിത്തീരുന്നത് ഇന്നൊരു വാര്‍ത്തയല്ല. വാര്‍ത്തകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതാവട്ടെ മറ്റൊരു വാര്‍ത്തയ്ക്ക് വിഷയമാണുതാനും. അത് മിക്കപ്പോഴും നല്ല വാര്‍ത്തയാണുതാനും. ശരിയല്ലേ?

ഷാജി
ഷാജി മാലിപ്പാറ 

 

Related Articles