Friday, March 6, 2026

നിത്യതയുടെ പൊരുളറിഞ്ഞപ്പോൾ

നിത്യതയെന്ന നിധിയുടെ പൊരുളറിഞ്ഞ നിമിഷം മുതല്‍ ആത്മാവില്‍ ആനന്ദം അനുഭവിക്കുന്ന സതീഷ് എന്ന ദാനിയേലിന്റെ കഥയാണിത്. അപ്രതീക്ഷിത അപകടത്തില്‍പെട്ട് ശരീരം തളര്‍ന്നിട്ട് 30 വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന് പറയാനുള്ളത് തനിക്കു ശക്തി പകരുന്ന നിത്യതയെന്ന ആനന്ദത്തിന്റെ ഇടത്തെ കുറിച്ചാണ്.

സഹനത്തിലൂടെയുള്ള പ്രമോഷന്‍

ഗുജറാത്തിലെ പുതിയ ജോലി സ്ഥലത്തേക്ക് യാത്രയാകാന്‍ സതീഷിന് ഏതാനും മണിക്കൂറുകള്‍ മാത്രം. അന്നന്നപ്പത്തിനുവേണ്ടി അധ്വാനിക്കുന്ന കുടുംബത്തിന്റെ കഷ്ടപ്പാടുകളും കടബാധ്യതതകളും അറിഞ്ഞധ്വാനിക്കുന്ന ആ പതിനെട്ടുകാരന് പുതിയ
ജോലിസ്ഥലത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. അവസാന മണിക്കൂറിലെ വെല്‍ഡിങ് ജോലി പൂര്‍ത്തിയാക്കാനുള്ള തിരക്കിലായിരുന്നു അവന്‍. അപ്പോഴാണത്‌ സംഭവിച്ചത്. തൊട്ടടുത്തുള്ള ഒരു വലിയ മതില്‍ ഇടിഞ്ഞുവീണു. അതിലൊരു കല്ല് സതീഷിന്റെ ദേഹത്തു പതിച്ചു. സതീഷിന്റെ നട്ടെല്ലിന്റെ ഭാഗത്തേക്ക് തെറിച്ചുവീണ ആ കല്ല് ആ യുവാവിന്റെ ശരീരത്തെ എന്നേക്കുമായി തളര്‍ത്തിക്കളഞ്ഞു. പുതിയ ജോലി സ്ഥലത്തേക്കുള്ള പ്രമോഷന്‍ സ്വപ്നം കണ്ട തനിക്ക് ദൈവം സഹനങ്ങളിലൂടെ സ്വര്‍ഗത്തിലേക്കുള്ള പ്രമോഷന്‍ നല്‍കുകയാണെന്ന കാര്യം തെളിഞ്ഞുകിട്ടാന്‍ സതീഷിന് ഇരുളിന്റെയും ശൂന്യതയുടെയും എത്രയോ ദിനങ്ങള്‍കൂടി പിന്നിടണമായിരുന്നു.

ഇനി നടക്കില്ല

മഹാരാഷ്ട്രയിലെ ഹോസ്പിറ്റലില്‍നിന്ന് ഗോവയിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമ്പോള്‍ സര്‍ജറിക്കൊടുവില്‍ തനിക്ക് എണീറ്റ് നടക്കാം എന്ന പ്രതീക്ഷയായിരുന്നു ആ യുവാവിനുണ്ടായിരുന്നത്. നാലു മക്കളുള്ള കുടുംബത്തിലെ ഇളയവനാണ് സതീഷെങ്കിലും കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍
അവന് നന്നായറിയാമായിരുന്നു. SSLC കഴിഞ്ഞ് അടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ പോയി വെല്‍ഡിങ് പഠിച്ച് ആദ്യം ഗോവയിലും പിന്നീട് മഹാരാഷ്ട്രയിലും ജോലിചെയ്ത് ഒരുവിധം വീടിന്റെ കടബാധ്യതകള്‍ തീര്‍ത്ത സതീഷിന്റെ സ്വപ്നങ്ങളാണ് ഒരു നിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞത്. സര്‍ജറിക്കൊടുവില്‍ നടക്കാമെന്ന പ്രത്യാശയോടെ കാത്തിരുന്ന സതീഷിനോട് ഡോക്ടര്‍ പറഞ്ഞു:

“നിനക്കിനി നടക്കാനാവില്ല.”

വലിയവേദനയോടെ അത് സ്വീകരിക്കുകയല്ലാതെ ആ യുവാവിന് മറ്റു വഴികളില്ലായിരുന്നു. “ഒരു ദിവസത്തിന് ഒരു വര്‍ഷത്തോളം ദൈര്‍ഘ്യമുണ്ടെന്ന് അനുഭവിച്ച ദിനങ്ങളായിരുന്നു അത്.” കിടന്നു പൊട്ടിയ മുറിവുകളുമായി ഹോസ്പിറ്റലില്‍ ഒന്നരമാസത്തോളം നീണ്ട ചികിത്സകളെക്കുറിച്ച് സതീഷ് അനുസ്മരിച്ചു.

നീ വിളിക്കുന്നതൊന്നും ദൈവമല്ല

“എങ്ങനെയും എനിക്ക് മരിക്കണം. തളര്‍ന്നുപോയ എനിക്ക് ആത്മഹത്യ ചെയ്യാനും പരസഹായം വേണമല്ലോ? ഒടുവില്‍ ഗുളികകളെല്ലാം ഒന്നിച്ചു കഴിച്ച് മരിക്കാന്‍ തന്നെ തീരുമാനിച്ചു” ആത്മഹത്യയ്ക്കായുള്ള ഒരുക്കത്തെക്കുറിച്ച് സതീഷ് പങ്കുവച്ചു. ഹൈന്ദവ വിശ്വാസിയായിരുന്ന സതീഷ് പതിവുപോലെ തന്റെ പരിദേവനങ്ങളും ചോദ്യങ്ങളും താന്‍ വിശ്വസിക്കുന്ന ദൈവങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് “നീ വിളിക്കുന്നതൊന്നും ദൈവമല്ല” എന്ന ഒരു ശബ്ദം എവിടെനിന്നോ കേള്‍ക്കുന്നത്. “യഥാര്‍ഥ ദൈവം ആരാണെന്നോ ക്രിസ്തു ആരാണെന്നോ എനിക്കൊരറിവും അന്ന് ഇല്ലായിരുന്നെങ്കിലും ആ നിമിഷം മുതല്‍ എന്റെ ആത്മഹത്യാചിന്ത വിട്ടുപോയിരുന്നു” സതീഷ് പങ്കുവച്ചു.

ക്രിസ്തുവിലേക്കുള്ള യാത്ര

ഗോവയിലെ ഹോസ്പിറ്റല്‍വാര്‍ഡില്‍ കഴിഞ്ഞനാളുകളിലാണ് ഡിവൈന്‍ ധ്യാനകേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. ”അന്ന് ഗോവ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ രണ്ടു ബസ് ആളുകളെ എല്ലാ മാസവും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കൊണ്ടുപോകുമായിരുന്നു. ഒരു കേരളീയനായിരുന്നിട്ടും എനിക്ക് ഈ ധ്യാനകേന്ദ്രത്തെക്കുറിച്ച് അറിവില്ലായിരുന്നു.” ഏകദേശം രണ്ടുമാസത്തിനൊടുവില്‍ ആംബുലന്‍സില്‍ വീട്ടിലെ കട്ടിലിലേക്കെത്തുമ്പോള്‍ എങ്ങനെയെങ്കിലും ഡിവൈനില്‍ പോകണമെന്ന ആഗ്രഹമായിരുന്നു സതീഷിനുണ്ടായിരുന്നത്. സുഖപ്പെടണമെന്നും എണീറ്റു നടക്കണമെന്നുമുള്ള ചിന്തകളോടെ ധ്യാനകേന്ദ്രത്തില്‍ എത്തിയെങ്കിലും ദൈവം സതീഷിനൊരുക്കിയത് അതിലും വലിയ ഒരു സമ്മാനമായിരുന്നു.

നിത്യതയെന്ന നിധി കുംഭം

ഒരു മനുഷ്യന്റെ പരാജയം യഥാര്‍ഥത്തില്‍ അവന്റെ മനസ്സിന്റെ പരാജയമാണല്ലോ. എല്ലാം നഷ്ടമായെന്നും എനിക്കാരുമില്ലെന്നുമുള്ള കടുത്ത ശൂന്യതയില്‍ കഴിഞ്ഞ സതീഷിന്റെ ഹൃദയം ദൈവം നിത്യതയെക്കുറിച്ചുള്ള ആഴമാര്‍ന്ന ബോധ്യങ്ങളാല്‍ നിറച്ചു.”പത്തെണ്‍പതു വര്‍ഷം ജീവിച്ചിട്ട് ഒടുവില്‍ വെട്ടിയൊരുക്കിയ കുഴിമാടത്തില്‍ പുഴുക്കള്‍ക്ക് ഭക്ഷണമായി തീരാനല്ല എന്റെ ജീവിതം, അത് നിത്യതയ്ക്കു വേണ്ടിയുള്ളതാണ്. എന്റെ സഹനങ്ങളിലൂടെ ഞാന്‍ അനുദിനം നവീകരിക്കപ്പെടുന്നു.” ഈ തിരിച്ചറിവിന്റെ കരുത്തിലാണ് ഡിവൈനില്‍ നിന്ന് സതീഷ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ”പിന്നീടുള്ള നാളുകളത്രയും എനിക്ക് ഭാരമായി തോന്നിയിട്ടില്ല. ഈ 30 വര്‍ഷങ്ങള്‍ എത്ര വേഗത്തിലാണ് കടന്നുപോയതെന്ന് എനിക്കറിയില്ല” എന്നു പറയുമ്പോള്‍ സതീഷിന്റെ മുഖത്ത് വലിയ ആനന്ദം ഉണ്ടായിരുന്നു. വീല്‍ചെയറിലും കട്ടിലിലുമായി കഴിച്ചുകൂട്ടിയ നാളുകള്‍ വിശുദ്ധ ബൈബിള്‍ വായിക്കാനും ക്രിസ്തുവിനെ കൂടുതല്‍ അറിയാനുമായാണ് സതീഷ് ഉപയോഗപ്പെടുത്തിയത്.

സതീഷില്‍ നിന്ന് ദാനിയേലിലേക്ക്

“എന്നെ കാണുന്നവര്‍ എന്റെ സഹനങ്ങളെപ്രതി ആശ്വസിപ്പിക്കാറുണ്ട്. പക്ഷേ, സഹനങ്ങളുടെ മധ്യേയുള്ള എന്റെ ഹൃദയം ദൈവികമായ ആനന്ദത്താല്‍ പൂരിതമാണ്. കാരണം, എന്റെ സഹനങ്ങള്‍ നിത്യതയ്ക്കു വേണ്ടിയുള്ളതാണ്.” ക്രിസ്തുവിനെ കൂടുതല്‍ അറിഞ്ഞ സതീഷ് 2023 നവംബറില്‍ ദാനിയേല്‍ എന്ന പേര് സ്വീകരിച്ച് ക്രിസ്ത്യാനിയായി.

ദാനിയേല്‍ എന്ന പേര് സ്വീകരിക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സഹനത്തിന്റെ തീച്ചൂളയ്ക്കു നടുവിലും ദൈവം നല്‍കുന്ന ആശ്വാസത്തില്‍ ആനന്ദിച്ചിരുന്ന ദാനിയേലിനോടു തോന്നിയ ഒരു ആത്മബന്ധമാണ് ഇതിനു കാരണം എന്ന് സതീഷ് പറയുന്നത്.

ഏലിയായ്ക്ക് അപ്പം കൊടുത്ത ദൈവം

സ്വന്തമായി വരുമാനമോ ജോലിയോ ഒന്നുമില്ലെങ്കിലും ദൈവം എല്ലാം ക്രമീകരിക്കുന്ന അനുഭവമാണ് ദാനിയേലിനുള്ളത്. പരസഹായത്തോടെ ജീവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് നീക്കിയിരിപ്പുകള്‍ ഒന്നുമില്ല. പക്ഷേ, രോഗത്തിലും മരണത്തിലും കഷ്ടപ്പാടുകളിലും ക്രിസ്തുവിലുള്ള പ്രത്യാശയും വിശ്വാസവും കൈമുതലായുണ്ട്. ”ഞാന്‍ ആഗ്രഹിച്ച കാര്യങ്ങളും എനിക്കിഷ്ടപ്പെട്ട ഭക്ഷണപദാര്‍ഥങ്ങളുമായി എന്നെ കാണാന്‍ എത്തുന്ന സഹോദരങ്ങളിലൂടെ ഒരുപാട് തവണ ഞാന്‍ ദൈവത്തിന്റെ പരിപാലിക്കുന്ന സ്‌നേഹം അനുഭവിച്ചറിഞ്ഞിട്ടുണ്ട്” ദൈവം ഒപ്പമുണ്ടെന്ന അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ദാനിയേല്‍ പറഞ്ഞു.

സമയം തികയുന്നില്ല

“പ്രാര്‍ഥിക്കാനും വിശുദ്ധഗ്രന്ഥം വായിക്കാനും സമയം തികയുന്നില്ല” ദാനിയേല്‍ പറയുന്നു. ഫോണില്‍ പ്രാര്‍ഥനാ നിയോഗങ്ങളുമായി എത്തുന്നവരുടെ ആവശ്യങ്ങളുമായി ഏറെനേരം കര്‍ത്താവിന്റെ അരികിലിരിക്കും. അതിലേറെ സമയം വചനം വായിച്ചും പഠിച്ചും ക്രിസ്തുവിനെ രുചിച്ചറിയുന്ന ഈ സഹനദാസന്‍ ജീവിതത്തിന്റെ സഹനങ്ങളെ കുറെക്കൂടി പ്രത്യാശയോടെ നേരിടാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു.

സി. നിമിഷ റോസ് CSN

Related Articles