Friday, March 6, 2026

ടോയ്‌ലറ്റ് പരിശീലനം

നാലുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണ് ആ യുവദമ്പതികള്‍ എന്റെ അടുത്തു വന്നത് പിറ്റേ ആഴ്ച കുഞ്ഞുമായി അമേരിക്കയ്ക്ക് പോകുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനു വേണ്ടിയായിരുന്നു. ”കുഞ്ഞിനെ പോട്ടി ഉപയോഗിച്ചു ശീലിപ്പിക്കാന്‍ സമയമായോ ഡോക്ടര്‍?” അമ്മ ചോദിച്ചു. നാലുമാസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് ടോയ്‌ലറ്റ് പരിശീലനം നല്‍കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റി ഒരു വീഡിയോ അവര്‍ കണ്ടിരുന്നു. നാലുമാസമെത്തിയ ഒരു കുഞ്ഞിന് താന്‍ അപ്പിയിട്ടോ, മൂത്രമൊഴിച്ചോ എന്നതിനെപ്പറ്റിയൊന്നും യാതൊരു അവബോധവുമില്ല എന്ന് അവരോട് വിവരിച്ചുകൊടുത്തു. ശിശുക്കള്‍ ഇടയ്ക്കിടെ മൂത്രമൊഴിച്ചുകൊണ്ടിരിക്കും. ഏകദേശം രണ്ടുമണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റി, പോട്ടിയുടെ മുകളില്‍ പിടിച്ച് ശ്..ശ് എന്ന ശബ്ദമുണ്ടാക്കിയാല്‍ ചില കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ചേക്കാം. ഇങ്ങനെ ചെയ്താല്‍ നനഞ്ഞ തുണികളുടെ എണ്ണം കുറയുമെന്നുമാത്രമല്ല ആ പ്രത്യേകരീതിയില്‍ പോട്ടിയുടെ മുകളില്‍പിടിച്ച് ശ്..ശ് ശബ്ദമുണ്ടാക്കുമ്പോള്‍ കുഞ്ഞിനു മൂത്രമൊഴിക്കാനുള്ള പ്രേരണഉണ്ടാവുകയും ചെയ്യുന്നു.

ഈ ടെക്‌നിക് അപ്പിയിടാന്‍ സഹായകമാകണമെന്നില്ല. ദിവസത്തില്‍ ഒന്നോ രണ്ടോപ്രാവശ്യം അപ്പിയിടാനുള്ള തോന്നല്‍ ഉണ്ടാവുകയും ഉടനടി മലവിസര്‍ജനം സംഭവിക്കുകയും ചെയ്യും. ചില അമ്മമാര്‍ ദിവസവും ഒരു നിശ്ചിതസമയത്ത് കുട്ടിയെപോട്ടിയിലിരുത്തും. കുട്ടിക്കു വേണമെങ്കിലും വേണ്ടെങ്കിലും അവര്‍ക്കു സൗകര്യമുള്ള സമയത്താണ് കുട്ടിയെ നിര്‍ബന്ധിച്ച് പോട്ടിയിലിരുത്തുന്നത്. ഇതു കുട്ടിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. പിന്നെ കരച്ചിലായി ബഹളമായി. അമ്മയും കുഞ്ഞും തമ്മില്‍ ആകെ പ്രശ്‌നമാകുന്നു.

ഡയപ്പര്‍ കണ്ടുപിടിച്ചതോടെ മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഈ അനുദിന പ്രശ്‌നത്തിനു ലളിതമായ പരിഹാരമായി. നഴ്‌സറിയില്‍ പോകുന്നതുവരെയെങ്കിലും ടോയ്‌ലറ്റ് പരിശീലനം ചെയ്യിക്കേണ്ടതില്ല, ഡയപ്പര്‍ ഉണ്ടല്ലോ; കുട്ടിക്ക്‌ തോന്നുമ്പോഴൊക്കെ മൂത്രമൊഴിക്കുകയോ അപ്പിയിടുകയോ ഒക്കെ ചെയ്‌തോട്ടെ; ഇടയ്ക്കിടെ ഡയപ്പര്‍ മാറ്റിയാല്‍ മതിയല്ലോ. ഈ ചിന്താഗതിയുടെ ഫലമായി കുട്ടിയുടെ ടോയ്‌ലറ്റ് പരിശീലനം 3- 4 വയസ്സാകുമ്പോഴേ ആരംഭിക്കുന്നുള്ളൂ. അതായത് കുട്ടിയെ പ്ലേ സ്‌കൂളില്‍ വിടാന്‍ സമയമാകുമ്പോള്‍.

ദിവസേന ഒരു നിശ്ചിതസമയത്ത് അപ്പിയിടാന്‍ കുഞ്ഞിനെ എങ്ങനെ പരിശീലിപ്പിക്കും?

‘പരിശീലനം’ വേണ്ടേവേണ്ട എന്നാണ് അതിനുത്തരം; പകരം കുട്ടിക്ക് അപ്പിയിടാന്‍
തോന്നുമ്പോള്‍ സഹായിക്കുകയാണ് വേണ്ടത്.

* ഒരു ശിശു അപ്പിയിടുകയും മൂത്രമൊഴിക്കുകയും ചെയ്യുന്നത് അങ്ങനെ ചെയ്യുകയാണെന്ന് അറിഞ്ഞുകൊണ്ടല്ല.

* ഏകദേശം ഒന്നര വയസ്സാകുമ്പോള്‍ മൂത്രമൊഴിച്ചു നനഞ്ഞു കഴിഞ്ഞാല്‍ ആകാര്യം കുഞ്ഞ് അമ്മയെ അറിയിക്കും. പുഞ്ചിരിയോടെ അമ്മ ഉടനടി കുഞ്ഞിനെ തുടച്ചുവൃത്തിയാക്കി നനഞ്ഞതുണി മാറ്റിക്കൊടുക്കും. ഇതു സംഭവിക്കുമ്പോള്‍ അമ്മയ്ക്ക് അതറിയാന്‍ താല്പര്യമുണ്ടെന്ന് കുഞ്ഞു മനസ്സിലാക്കുന്നു. നനഞ്ഞതുണി അമ്മ ഉടനടി മാറ്റുന്നതും കുഞ്ഞിന് ഇഷ്ടപ്പെടുന്നു, നനഞ്ഞതുണിയുടെ അസ്വസ്ഥത അനുഭവിക്കേണ്ടല്ലോ.

* ഇതുകഴിഞ്ഞ് ഏകദേശം ഒരു മാസത്തോളമാകുമ്പോള്‍ മൂത്രമൊഴിക്കാനോ അപ്പിയിടാനോ ഉള്ള തോന്നല്‍ വരുമ്പോള്‍ എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് കുഞ്ഞിനു മനസ്സിലാകും. അത് കുഞ്ഞ് അമ്മയെ അറിയിക്കും. എന്നാല്‍, പോട്ടിയുടെ അടുത്തെത്തുമ്പോഴേക്കും കാര്യം സാധിച്ചു കഴിഞ്ഞു കാണും.

* ഇനിയും ഒരു മാസംകൂടി കഴിഞ്ഞാല്‍ അപ്പിയിടാന്‍ തോന്നുമ്പോള്‍ അമ്മയോടു പറയുകയും ഉടുപ്പുമാറ്റി പോട്ടിയില്‍ ഇരുത്തുന്നതുവരെ പിടിച്ചുനില്‍ക്കാന്‍ കഴിയുകയും ചെയ്യും.

* കുറച്ചു നാള്‍കൂടി കഴിഞ്ഞാല്‍ മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ അമ്മയോട് കാര്യം പറഞ്ഞു മനസ്സിലാക്കികഴിയുന്നതുവരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ പോട്ടിയിലിരിക്കാന്‍ അമ്മ കുട്ടിയെ പരിശീലിപ്പിക്കുകയല്ല ചെയ്യുന്നത്; കുട്ടിയുടെ തോന്നലുകള്‍ക്കനുസരിച്ച് പ്രതികരിക്കാന്‍ കുട്ടി അമ്മയെ പരിശീലിപ്പിക്കുകയാണ്.

ഈ വിഷയത്തില്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍

* കുട്ടി നല്‍കുന്ന സൂചനകള്‍ക്കനുസരിച്ച് തിരക്കുമൂലമോ (മടികാരണമോ) അമ്മ ഉടനടി പ്രതികരിക്കാതിരുന്നാല്‍ അമ്മയെ അറിയിക്കാനുള്ള കുട്ടിയുടെ താല്പര്യം ഇല്ലാതാവുകയും, യാതൊരു മുന്നറിയിപ്പും കൂടാതെ അപ്പിയിടുകയും മൂത്രമൊഴിക്കുകയും ചെയ്യും. ഇതു വളരെ അസൗകര്യമായി തോന്നുന്ന ഒരു സമയം വരും. അപ്പോള്‍ നിര്‍ബന്ധിച്ച് കുട്ടിയെ പരിശീലിപ്പിക്കേണ്ടിവരും. കുട്ടികള്‍ക്കു പെട്ടെന്നു ക്ഷമകെടുമെന്നതിനാല്‍ ഇതു വളരെ ബുദ്ധിമുട്ടാണ്. പോട്ടിയിലിരിക്കുന്ന സമയം കുട്ടിക്കും അമ്മയ്ക്കും ഒരുപോലെ ക്ലേശകരമാണ്.

* കുഞ്ഞ് തന്റെ ആവശ്യം അമ്മയെ അറിയിക്കുമ്പോള്‍ അമ്മ ഒരു താത്പര്യവും കാണിക്കുന്നില്ലെങ്കില്‍ ചില കുഞ്ഞുങ്ങള്‍ അപ്പിയിടാന്‍ തോന്നലുണ്ടാകുമ്പോള്‍ ആ തോന്നല്‍ അവഗണിക്കും. ക്രമേണ തോന്നല്‍തന്നെ ഇല്ലാതാകും. പ്രത്യേകിച്ച് കുട്ടി കളിയില്‍ മുഴുകിയിരിക്കുകയാണെങ്കില്‍. ഒരു ദിവസം അപ്പിയിട്ടില്ലെങ്കില്‍ പിറ്റേ ദിവസം ആകുമ്പോഴേക്കും അത് ഉണങ്ങി വരണ്ട് നല്ല കട്ടിയായിട്ടുണ്ടാകും. കട്ടിയായ മലം പുറത്തേക്കു വരുന്നത് മലദ്വാരത്തില്‍ കഠിന വേദനയുണ്ടാക്കും. അപ്പിയിടല്‍ വേദനിപ്പിക്കുന്ന അനുഭവമാകുമ്പോള്‍ പിന്നെ കുട്ടി അപ്പിയിടാന്‍ മടിക്കും. അതുമൂലം കുട്ടിക്ക് മലബന്ധം അനുഭവപ്പെടും. വാസ്തവത്തില്‍ ഇന്ന് നമ്മുടെ കുഞ്ഞുങ്ങളുടെ ഇടയില്‍ മലബന്ധം വളരെ വ്യാപകമാണ്. പല കുട്ടികളും വലുതാകുമ്പോഴും ഈ മലബന്ധം കൊണ്ട് വിഷമിക്കേണ്ടിവരുന്നുണ്ട്. വയറിളക്കാനുള്ള മരുന്ന് (Laxative) ഉപയോഗിച്ച് കഠിനമായ ചികിത്സ കൊടുക്കേണ്ടിവരും. തന്നെയുമല്ല കുഞ്ഞുങ്ങളില്‍ കൃത്യമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കളെ പരിശീലിപ്പിക്കുകയും വേണം.

* അപ്പിയിടുന്നത് ഒരു ‘പൊട്ട കാര്യമാണ്’ എന്നു ധരിച്ചുവച്ചിരിക്കുന്നതുകൊണ്ടാകാം ചില കുട്ടികള്‍ അപ്പിയിടാന്‍ മടികാണിക്കുന്നത്. ടോയ്ലറ്റില്‍ പോകുന്നതിനെപ്പറ്റി മുതിര്‍ന്നവര്‍ ഒരിക്കലും ഒരു നിഷേധാത്മക നിലപാട് വച്ചുപുലര്‍ത്തുകയോ അത്തരത്തില്‍ സംസാരിക്കുകയോ അരുത്.

* ചില കുഞ്ഞുങ്ങള്‍ക്ക് ടോയ്‌ലറ്റില്‍ തനിയെ ഇരിക്കാന്‍ ഭയമായിരിക്കാം. അല്ലെങ്കില്‍ത്തന്നെ ഒറ്റയ്ക്കാവുന്നത് കുട്ടികള്‍ക്ക് ഭയപ്പാടുണ്ടാക്കുന്ന ഒന്നാണല്ലോ. കുട്ടികള്‍ കുറുമ്പു കാണിക്കുമ്പോള്‍ ശിക്ഷണനടപടിയുടെ ഭാഗമായി നല്ല കുട്ടിയായില്ലെങ്കില്‍ ഭൂതത്താന്‍ വന്ന് പിടിച്ചു കൊണ്ടുപോകും എന്നൊക്കെയുള്ള ഭീഷണിപ്പെടുത്തലില്‍നിന്ന് ഉടലെടുക്കുന്നതാകാം ഈ ഭയം.

* ടോയ്‌ലറ്റിനകത്തേക്കു വീണുപോകുമോ എന്നാണ് ചില കുഞ്ഞുങ്ങളുടെ ഭയം. അങ്ങനെ സംഭവിക്കില്ലായെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതില്‍ വലിയ കാര്യമില്ല. സാധാരണ ക്ലോസറ്റിനുമുകളില്‍ വയ്ക്കാവുന്ന ചെറിയ പോട്ടികള്‍ വാങ്ങാന്‍ കിട്ടും. ഇതു പലവര്‍ണത്തിലുള്ളതും കൈപ്പിടിയുള്ളതുമാണ്. ഇതുപയോഗിച്ചാല്‍ കുട്ടിയുടെ ഭയപ്പാടു മാറ്റി സന്തോഷത്തോടെ കാര്യം സാധിക്കാന്‍ പറ്റും.

ഉപസംഹാരം

കൃത്യമായ ശീലങ്ങളുള്ളത് ജീവിതം വളരെ എളുപ്പമാക്കുന്നു. ദിവസവും കൃത്യസമയത്ത് കുട്ടി ടോയ്‌ലറ്റിലിരിക്കാന്‍ ശീലിക്കുക. രണ്ടു വയസ്സുകഴിഞ്ഞിട്ടും ടോയ്‌ലറ്റ് ശീലങ്ങള്‍ ശരിയായിട്ടില്ലെങ്കില്‍ എന്തു ചെയ്യാന്‍ സാധിക്കും? ഉറക്കം
ഉണരുമ്പോള്‍ത്തന്നെ ഒരു ഗ്ലാസ് പാല്‍ കുടിക്കാന്‍ കൊടുത്തശേഷം പോട്ടിയിലിരുത്തുക. കുട്ടിയുടെ കൂടെയിരിക്കുക, ‘വേഗമാകട്ടെ’ എന്നു പറഞ്ഞ് കുട്ടിയെ ധൃതി പിടിപ്പിക്കരുത്. കുട്ടിക്കു ബോറടിക്കാതെ രസിപ്പിച്ചുകൊണ്ടിരിക്കണം. കാര്യം സാധിച്ചുകഴിഞ്ഞാല്‍ കുട്ടിയെ അഭിനന്ദിക്കുക. കുട്ടിയെ വഴക്കുപറയുകയോ തിരക്കുകൂട്ടുകയോ ചെയ്യാതിരിക്കുക എന്നതാണു
പ്രധാനം. പതിവായി മലവിസര്‍ജനം നടത്താത്ത കുട്ടിക്ക് ഇടയ്ക്കിടെ വയറുവേദന അനുഭവപ്പെടാം. അതീവദുര്‍ഗന്ധത്തോടുകൂടിയ കീഴ്ശ്വാസം കൂടെക്കൂടെ ഉണ്ടാകാം. പ്രായമാകുമ്പോള്‍ മൂലക്കുരുവിന്റെ അസുഖം ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ ചെറുപ്പകാലത്ത് ശരിയായ ശോധന പരിശീലിക്കേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണ്.

Nuton
ഡോ. ന്യൂട്ടന്‍ ലൂയിസ് MD, DCH, DNB
കണ്‍സള്‍ട്ടന്റ് പീഡിയാട്രിഷ്യന്‍,
ധന്യ ആശുപത്രി, പോട്ട

 

 

 

Related Articles