Friday, March 6, 2026

ഇതും കുടുംബമാണ്

കല്യാണം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ചമുതല്‍ സാധാരണ കേള്‍ക്കേണ്ടിവരുന്ന ഒരു ചോദ്യമുണ്ടല്ലോ – ‘വിശേഷം വല്ലതും ആയോ?’ ഈ ചോദ്യത്തിന് പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടാന്‍ വൈകുമ്പോള്‍ പെണ്ണിന്റെ മാതാപിതാക്കള്‍ക്ക് ഉള്ളില്‍ കനലെരിഞ്ഞുതുടങ്ങും. ഭര്‍ത്താവാകട്ടെ ആരുടെയും ചോദ്യങ്ങള്‍ക്കു മുഖംകൊടുക്കാതെ സംസാരത്തില്‍ നിന്നും ഇടപെടലുകളില്‍ നിന്നും അകന്നു നില്‍ക്കും. മിക്ക അമ്മായിയമ്മമാരും നാത്തൂന്മാരും ചെറുതും വലുതുമായ കുത്തുവാക്കുകള്‍ നേരിട്ടും അല്ലാതെയും പറഞ്ഞെന്നിരിക്കും. ഇതിന്റെ നടുവില്‍ നിന്നുരുകുന്ന പെണ്‍മനസ്സിനെ ആരും കണ്ടെന്നുവരില്ല. അങ്ങനെ കഴിഞ്ഞ നാലു വര്‍ഷമായി ഉരുകിത്തീരുകയാണ് സോണിയയുടെ ജീവിതം. ഭര്‍ത്താവിന്റെ മുമ്പില്‍ ഒന്നു പുഞ്ചിരിക്കാന്‍ പോലും അവള്‍ക്കു കഴിയുന്നില്ല. ഒരു നല്ല വസ്ത്രം ധരിക്കാനോ ആഭരണങ്ങള്‍ അണിയാനോ എന്തിനേറെ, പള്ളിയില്‍ പോകാന്‍ പോലും അവള്‍ക്ക് താല്പര്യമില്ല. ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന ചൊല്ല് അവള്‍ക്കിപ്പോള്‍ നന്നായി ചേരും.

സോണിയയെ കെട്ടിക്കൊണ്ടുവന്നപ്പോള്‍ ജിജു പങ്കുവച്ച സ്വപ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അഞ്ചാറു മക്കള്‍ വേണം എന്നത്. ആദ്യ ദിനങ്ങളില്‍ പറയുന്നതും
കേള്‍ക്കുന്നതും പെരുമാറുന്നതുമെല്ലാം പെണ്ണിന്റെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കും. മക്കളെക്കുറിച്ച് ജിജു പറഞ്ഞതെല്ലാം പച്ചകെടാതെ അവളുടെ ഓര്‍മ്മയില്‍ ഉണ്ട്. അതൊക്കെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ച് അവളെ ദുഃഖിപ്പിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. നാലു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും അവര്‍ക്കിടയിലുള്ള സംസാരങ്ങള്‍ നാലിലൊന്നായി. ബന്ധുവീടുകളിലേക്കുള്ള പോക്കുകള്‍ തീരെ ഇല്ലാതായി. അമ്മായിയമ്മ രോഗിയായി കിടന്നപ്പോള്‍ കാണാന്‍ വന്നവരെപ്പോലും വേണ്ടതുപോലെ സ്വീകരിക്കാനോ സംസാരിക്കാനോ ഇരുവര്‍ക്കും കഴിഞ്ഞില്ല. മൂന്നുവര്‍ഷത്തോളം അമ്മ കിടപ്പിലായിരുന്നു. അതിന്റെ കാരണം ഒരു കുഞ്ഞിക്കാലു കാണാത്തതിന്റെ വിഷമമാണെന്ന് വീട്ടുകാര്‍ പലപ്പോഴും പറയുന്നത് സോണിയ കേട്ടിട്ടുണ്ട്. ഏതെങ്കിലും പ്രാര്‍ഥനാലയത്തില്‍ പോയി ദൈവത്തോട് കേണപേക്ഷിക്കണമെന്ന് മിക്കപ്പോഴും ജിജുവിനോട് പറഞ്ഞു നോക്കി. എന്നാല്‍, ‘പല വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രമിച്ചിട്ടും കിട്ടാത്തത് ദൈവത്തിനെങ്ങനെ തരാനാകും! അതൊക്കെ മനുഷ്യന്റെ പൊട്ടബുദ്ധിയാണ്’ എന്നായിരുന്നു അയാളുടെ മറുപടി. വിശ്വാസവും പ്രാര്‍ഥനയുമൊന്നും തീരെയില്ലാത്ത ഈ കുടുംബത്തില്‍ സോണിയയുടെ ചിന്തകള്‍ സദാ നെഗറ്റീവായി മാറിയതില്‍ അതിശയോക്തിയില്ല.

തന്റെവീട്ടില്‍പരിശീലിച്ച സന്ധ്യാപ്രാര്‍ഥന ഒരു ദിവസം പോലും ഈ വീട്ടില്‍ ചൊല്ലാന്‍ അവള്‍ക്കു കഴിഞ്ഞില്ല. അമ്മായിയമ്മയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് അടുത്ത ബന്ധുക്കള്‍ മാത്രം അന്ന് വീട്ടില്‍ തങ്ങി. അമ്മയുടെ ആങ്ങളയും നാത്തൂനും രണ്ടുദിവസം
കൂടെ അവിടെ താമസിച്ചു എന്നുമാത്രമല്ല, ഇത്രയും നാള്‍ അമ്മയെ ശുശ്രൂഷിച്ചതിന് നന്ദി പറയുകയും ഒരാഴ്ച സ്വന്തം വീട്ടില്‍ മാതാപിതാക്കളോടൊപ്പം നില്‍ക്കാന്‍ സ്‌നേഹപൂര്‍വം ഉപദേശിക്കുകയും ചെയ്തു. അമ്മയെ ശുശ്രൂഷിച്ചതിന്റെ അംഗീകാരമായേ സോണിയയ്ക്ക് തോന്നിയുള്ളൂ. അതിനാല്‍ അവള്‍ പോയി. എന്നാല്‍, നാലാം ദിവസം ഇപ്പറഞ്ഞ ആങ്ങളയും നാത്തൂനും അവളുടെ വീട്ടില്‍ വിരുന്നുകാരായെത്തി. അവര്‍ വെറുതെ വന്നതല്ല; ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാന്‍ വന്നതാണ്.

നാത്തൂന്റെ ആങ്ങളയുടെ മകള്‍ 33 വയസ്സുകാരി റീന യുകെയില്‍ നഴ്‌സാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച അവള്‍ ചെറുപ്പം മുതലുള്ള പരിചയത്തിന്റെ പേരില്‍ ജിജുവിനോട് വളരെ സൗഹൃദത്തിലാണ്. രോഗിണിയായ അമ്മയെ നോക്കാന്‍ സോണിയയെ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നു. ഇനി സാവധാനം അവളെ ഒഴിവാക്കി റീനയെ വിവാഹം
ചെയ്ത്‌ വിദേശത്തേക്കു പോകാനുള്ള വളരെ കൃത്യമായ പദ്ധതിയുമായാണ് ഇപ്പോള്‍ അവര്‍ വന്നിരിക്കുന്നതെന്ന് പാതി സംഭാഷണം കഴിഞ്ഞപ്പോള്‍ത്തന്നെ സോണിയയുടെ മാതാപിതാക്കള്‍ക്കും സഹോദരനും മനസ്സിലായി. അല്പം ദേഷ്യക്കാരനായ അപ്പന്‍ സംഭാഷണം തുടരാന്‍ അനുവദിക്കാതെ കുറച്ചു സ്വരമുയര്‍ത്തി പറഞ്ഞു: ‘വിലപേശാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. എന്റെ കുടുംബത്തില്‍നിന്ന് ഇറങ്ങിത്തരണം. എന്റെ മകള്‍ ഇനി ആ വീടിന്റെ പടി കാണുകയില്ല’.

സോണിയ മുറിക്കകത്ത്‌ തേങ്ങിക്കരയുന്നു. രംഗം വഷളാകുമെന്ന് മനസ്സിലായപ്പോള്‍ അമ്മയും സഹോദരനും ഇടപെട്ട് എത്രയും വേഗം തിരിച്ചു പോകാന്‍ അവരെ നിര്‍ബന്ധിച്ചു. മരിച്ചു പോയ അമ്മയുടെ ഏഴിന്റെ ചടങ്ങുകള്‍കഴിഞ്ഞു സോണിയയെ വീട്ടില്‍ കൊണ്ടുചെന്നാക്കാം എന്നായിരുന്നു അവരുടെ പ്ലാന്‍. അന്നത്തെ കാര്യങ്ങള്‍ക്കുകൂടി പണിയെടുക്കാന്‍ അവര്‍ക്ക് അവളെ വേണമായിരുന്നു. എന്നാല്‍, മാതാപിതാക്കളോടൊപ്പം വിവാഹമോചനാപേക്ഷയുമായി പിറ്റേ ദിവസംതന്നെ അവള്‍ കോടതിയിലെത്തി.

സുഖത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും മക്കളുടെ കൂടെ ഒന്നിച്ചിരുന്നുകൊള്ളാം എന്നല്ല ദമ്പതികള്‍ തിരുവചനം തൊട്ട് സത്യം ചെയ്യുന്നത്. ഭഗ്‌നാശരാകാതെ പ്രാര്‍ഥനയോടെ തന്നില്‍ ആശ്രയിക്കുന്ന എത്രയോ ദമ്പതികള്‍ക്ക് ദൈവം കനിഞ്ഞ് മക്കളെ നല്‍കുന്നുണ്ട്. പള്ളിയില്‍ പരസ്പരം കരം കോര്‍ക്കുന്ന ദമ്പതികള്‍ ഓര്‍ത്തിരിക്കണം, ആ കരംപിടിക്കല്‍ വഴി രണ്ടു ഹൃദയങ്ങള്‍ ഉരുക്കി ചേര്‍ക്കപ്പെടുകയാണ്. പാതിവഴിയില്‍ വിട്ടിട്ടു പോകാന്‍ നീ ചന്തയില്‍നിന്നും വാങ്ങിയതല്ല ജീവിതസഖിയെ. ദൈവത്തിന്റെ പദ്ധതി വെളിപ്പെടാന്‍ രാവും പകലും
ഒരുമിച്ചു കാത്തിരിക്കേണ്ടവരാണ് ഭാര്യാഭര്‍ത്താക്കന്മാര്‍. മക്കളുടെ സാന്നിധ്യമാണ് കുടുംബത്തെ പൂര്‍ണ്ണമാക്കുന്നത് എന്നതു ശരി തന്നെ. പക്ഷേ, വിവാഹ ഉടമ്പടി വഴി സ്ത്രീപുരുഷന്മാര്‍ ഒന്നിക്കുമ്പോള്‍ അവിടെ കുടുംബം രൂപപ്പെട്ടു കഴിഞ്ഞു: ആ ഗാനം ഓര്‍മ്മയില്ലേ…
‘പുതിയ കുടുംബത്തില്‍
കതിരുകളുയരുന്നു
തിരുസഭ വിജയത്തിന്‍
തൊടുകുറിഅണിയുന്നു’.

Annie jose
സി. ആനി ജോസ് CSN  

Related Articles