Saturday, June 20, 2026

അമ്മ പറഞ്ഞ ‘യെസ്’

ദൈവം നിറഞ്ഞു നില്‍ക്കുന്ന ഈ ലോകം കാണാന്‍ കാതറിനെ അനുവദിച്ചത് അവളുടെ അമ്മ പറഞ്ഞ ‘യെസ്’ ആയിരുന്നു. ഒപ്പം കരുതലിന്റെ കൂടാരമായി അമ്മയ്ക്ക് ഒപ്പം നിന്ന അപ്പന്റെ വിശ്വസ്തതയും. അവ്യക്തതകളുടെയും ശൂന്യതയുടെയും
നടുവില്‍ ദൈവത്തോടൊപ്പം ചുവടുറപ്പിച്ച തൃശ്ശൂര്‍ മരത്താക്കര സ്വദേശികളായ
പൊറുത്തൂകാരന്‍ പ്രിന്റോ ട്രീസ ദമ്പതികളെ കൂടുതല്‍ അറിയാം.

കണ്ണീരിന്റെ വാര്‍ത്ത

കുഴിക്കാട്ടുശ്ശേരി മദര്‍ മറിയം ത്രേസ്യ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം വരാന്ത! ഉള്ളില്‍ പുതുജീവനും പേറിക്കൊണ്ട് ഒരുപാട് സ്വപ്നങ്ങളോടെ ഡോക്ടറെ കാണാന്‍ കാത്തുനില്‍ക്കുന്ന അമ്മമാര്‍! അവരുടെ ഇടയില്‍ ട്രീസയും പ്രിന്റോയും ഉണ്ടായിരുന്നു. ചെക്കപ്പുകള്‍ക്കൊടുവില്‍ ഡോക്ടറെ സമീപിച്ചപ്പോള്‍ കുഞ്ഞിനു ചില വൈകല്യങ്ങള്‍ ഉള്ളതായും ഒരു സ്‌കാന്‍ കൂടി ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആദ്യ കുഞ്ഞിനുശേഷം അഞ്ചുവര്‍ഷത്തെ പ്രാര്‍ഥനകള്‍ക്കൊടുവില്‍ രണ്ടാമത്തെ
കുഞ്ഞിനെ ദൈവകരങ്ങളില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ അവരുടെ മനസ്സില്‍ അതുവരെയും ആശങ്കകള്‍ ഇല്ലായിരുന്നു.

ഡോക്ടര്‍ നിര്‍ദേശിച്ച വിദഗ്ധമായ സ്‌കാനിങ്ങിനുശേഷം പരിശോധനകള്‍ നടത്തിയ ഡോക്ടര്‍ ഇരുവരെയും വിളിച്ച് കാര്യങ്ങള്‍ വിശദമാക്കി.
‘നിങ്ങളുടെ കുഞ്ഞിന് സ്‌കെലിട്ടല്‍ ഡിസ്പ്ലേസിയ വിഭാഗത്തില്‍പ്പെടുന്ന ഒരുജനിതക രോഗമാണ്. ഭ്രൂണാവസ്ഥയിലുള്ള നിങ്ങളുടെ കുഞ്ഞിന് ഇപ്പോള്‍ത്തന്നെ അസ്ഥികളില്‍ 20 ഓളം ഒടിവുകളുണ്ട്. കുഞ്ഞ് ജനനസമയത്തെ അതിജീവിക്കാന്‍ ഒട്ടും സാധ്യതയില്ല. ഇനി അതിജീവിച്ചാല്‍ത്തന്നെ ഈ രോഗത്തിന് ചികിത്സകള്‍ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് അബോര്‍ഷന്‍ ആണ് ഞാന്‍ സജസ്റ്റ് ചെയ്യുന്നത്.’
ഉള്ളില്‍ കനം വച്ചു തുടങ്ങിയ കുഞ്ഞിനെ എന്നേക്കുമായി വേണ്ടെന്നു വയ്ക്കാനുള്ള ഡോക്ടറിന്റെ വാക്കുകള്‍ അവരെ വല്ലാതെ തകര്‍ത്തു കളഞ്ഞു.

പ്രവാചകനെപ്പോലെ

അബോര്‍ഷന്‍ സജസ്റ്റ് ചെയ്ത ഡോക്ടറിന്റെ വാക്കുകളില്‍ മുറിഞ്ഞ ഹൃദയത്തോടെയാണ് സ്‌കാനിംഗ്‌ റിപ്പോര്‍ട്ടുമായി ആ ദമ്പതിമാര്‍ കണ്‍സള്‍ട്ടന്റ്‌ ഗൈനക്കോളജിസ്റ്റായ ഡോ. ഫിന്റോ ഫ്രാന്‍സിസിനെ സമീപിച്ചത്. രോഗത്തിന്റെ വരുംവരായ്കകളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന അദ്ദേഹം ഒരു പ്രവാചകനെപ്പോലെ അവരോട്പറഞ്ഞു:
‘ഞാന്‍ അബോര്‍ഷന്‍ ചെയ്യില്ല. നിങ്ങള്‍ക്കത് ചെയ്യണമെങ്കില്‍ മറ്റാരെയെങ്കിലും സമീപിക്കാം. എന്നാല്‍, കുഞ്ഞിനു ജന്മം നല്‍കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഓരോനിമിഷവും നിങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ദൈവം നിങ്ങള്‍ക്കു കാണിച്ചുതരും, തീര്‍ച്ച.’
അവ്യക്തതകളുടെ നടുവില്‍ ഹൃദയത്തില്‍ കനലുമായാണ് അവരിരുവരും ഹോസ്പിറ്റലില്‍ നിന്നും പടിയിറങ്ങിയത്. അബോര്‍ഷന്‍ ചെയ്യാന്‍ നിയമപരമായി അനുവാദമുള്ള 20 ആഴ്ച പൂര്‍ത്തിയാകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ അവര്‍ക്കു മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.

അപ്പന്റെ ‘ആമ്മേന്‍’

ഉള്ളിലെ ജീവനെ വേണ്ടെന്നു വയ്ക്കാന്‍ ആഗ്രഹമില്ലാതിരുന്നെങ്കിലും മുന്നോട്ടുള്ള കുഞ്ഞിന്റെ നന്മയെക്കൂടി പരിഗണിച്ചുള്ള മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും അഭിപ്രായങ്ങള്‍ എങ്ങുമെത്താതെ പോയ ആ ദിനങ്ങളില്‍ അവര്‍ ദൈവത്തോടാലോചിച്ച് തീരുമാനമെടുത്തു.
‘അബോര്‍ഷന്‍ വേണ്ടെന്നാണ് എന്റെ മനസ്സ് പറയുന്നതെങ്കില്‍കൂടി നീയാണ് അമ്മ. ഏതു തീരുമാനവും എന്നെക്കാള്‍ കുറേക്കൂടി നിന്നെയാണ് സ്വാധീനിക്കുക. നിന്റെ തീരുമാനം അതുതന്നെയായിരിക്കും എന്റേതും. അത് നമ്മുടെ തീരുമാനമായാണ് എല്ലാവരും അറിയുക.’
വിശ്വസ്തനായ ഭര്‍ത്താവിന്റെ വാക്കുകളുടെ കരുത്തില്‍ ആ അമ്മ കുഞ്ഞിനെ വേണം എന്ന തന്റെ ആഗ്രഹം വ്യക്തമാക്കി. ‘എന്താണ് ചെയ്യേണ്ടതെന്ന് ദൈവം നമുക്കു
കാണിച്ചു തരും. ദൈവം വഴി നടത്തട്ടെ’ എന്ന ഡോക്ടറിന്റെ വാക്കുകള്‍ അനുസ്മരിച്ച് അവര്‍ പരസ്പരം ശക്തിപ്പെടുത്തി. ”ആ തീരുമാനമെടുത്ത നിമിഷം മുതല്‍ കുഞ്ഞിനു ജന്മം നല്‍കുന്ന ദിനംവരെയും അതിരുകവിഞ്ഞ ആകുലതയോ ആശങ്കയോ എന്നെ അലട്ടിയിട്ടില്ല” ട്രീസ പങ്കുവച്ചു.

അസ്ഥികള്‍ പൊട്ടുന്ന അപൂര്‍വ രോഗം

സ്‌കെലിറ്റല്‍ ഡിസ്‌പ്ലേസിയ വിഭാഗത്തില്‍പെട്ട ഒരു രോഗമാണ് കുഞ്ഞിന് എന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. എന്നാല്‍, 20,000 പേരില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ഓസ്റ്റിയോജെനസിസ് ഇംപെര്‍ഫെക്ട അഥവാ ബ്രിട്ടില്‍ ബോണ്‍ ഡിസീസ് എന്ന ജനിതകരോഗമായിരുന്നു കാതറിനെ ബാധിച്ചിരുന്നത്. അസ്ഥികള്‍ എളുപ്പത്തില്‍ പൊട്ടുന്ന ഈ അപൂര്‍വ രോഗം അപകടകാരിയാണ്. ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ പോലും നിരവധി ഒടിവുകള്‍ക്ക് ഇത് കാരണമാകുന്നു. മനുഷ്യ ശരീരത്തില്‍ അസ്ഥികള്‍ രൂപപ്പെടാന്‍ സഹായകരമായ കൊളാജന്‍ എന്ന പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്ന ജീനിലെ തകരാറാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. ഈ അസുഖം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങള്‍ പ്രസവസമയത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. അഥവാ ജനനസമയത്തെ അതിജീവിച്ചവര്‍ കേള്‍വിക്കുറവ്, ശ്വസനപ്രശ്‌നങ്ങള്‍, വളര്‍ച്ചാവൈകല്യങ്ങള്‍ തുടങ്ങി നിരവധി ശാരീരിക പ്രശ്‌നങ്ങളും നേരിടേണ്ടി വരും.

മാമ്മോദിസ എന്ന അത്ഭുതം

ജനനത്തിനു മുന്‍പുള്ള അവസാന സ്‌കാനിംഗില്‍ കുഞ്ഞിന്റെ ഒടിവുകളെല്ലാം സുഖപ്പെട്ടിരിക്കുന്നു എന്നത് വലിയൊരു ആശ്വാസമായിരുന്നു. ആ ഒടിവുകള്‍ എല്ലാംതന്നെ അതേ രീതിയില്‍ സുഖപ്പെട്ടിരിക്കുന്നതിനാല്‍ കൈകാലുകള്‍ക്കും ശരീരത്തിനും ഉണ്ടാകാന്‍ സാധ്യതയുള്ള വളവുകള്‍ ഏറെയായിരുന്നു. കുഞ്ഞിന്റെ മരണത്തിനു സാധ്യതയുള്ള പ്രസവ നിമിഷങ്ങള്‍ അമ്മയെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവനെ ബലിയര്‍പ്പിക്കുന്നതിനു തുല്യമായിരുന്നു. കാരണം താന്‍ ഇത്രനാളും പ്രതീക്ഷയോടെ ഉദരത്തില്‍ കൊണ്ടുനടന്ന കുഞ്ഞിനെ ജീവനോടെ ലഭിക്കുമോ എന്ന ഒരുറപ്പും ആ അമ്മയ്ക്ക് ഇല്ലായിരുന്നു. പ്രാര്‍ഥനയോടെ ഒപ്പം ഉണ്ടായിരുന്ന ഡോക്ടര്‍ ഫിന്റോയുടെ നിര്‍ദേശപ്രകാരം നോര്‍മല്‍ ഡെലിവറിക്കു തന്നെ ശ്രമിച്ചു. ദൈവനിയോഗം പോലെ ഒടിവുകള്‍ ഒന്നുമില്ലാതെ കുഞ്ഞിനെ ലഭിച്ചെങ്കിലും ആദ്യത്തെ 13 ദിവസങ്ങള്‍ ഏറെ നിര്‍ണ്ണായകമായിരുന്നു. സാധാരണഗതിയിലുള്ള ശ്വാസോച്ഛ്വാസം സാധ്യമാകാതിരുന്നതിനാല്‍ ആദ്യ മൂന്നു ദിനങ്ങള്‍ കുഞ്ഞ്‌ വെന്റിലേറ്ററിലായിരുന്നു. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും സാധാരണഗതിയില്‍ ശ്വസിക്കാനോ സ്വയമായി പാലു കുടിക്കാനോ കുഞ്ഞിനു കഴിഞ്ഞിരുന്നില്ല. കാര്യമായ പുരോഗതി ഇല്ലെന്നു കണ്ട നിയോനാറ്റോളജി വിഭാഗത്തിലെ ഡോക്ടര്‍ സിസ്റ്റർ ആഗ്‌നസ് കുഞ്ഞിന്റെ അപകടാവസ്ഥ വെളിപ്പെടുത്തികൊണ്ട് മാമ്മോദിസ നല്‍കാന്‍ നിര്‍ദേശിച്ചു. അത് സൗഖ്യത്തിലേക്ക് നയിക്കും എന്ന വിശ്വാസമായിരുന്നു സിസ്റ്ററിനുണ്ടായിരുന്നത്. ഒടുവില്‍ ആശുപത്രി ചാപ്പലില്‍ ഏതാനും പേര്‍ മാത്രമുള്ള ചടങ്ങില്‍വച്ച് വിശുദ്ധ കാതറിന്റ തിരുനാള്‍ ദിനത്തില്‍ ജനിച്ച കുഞ്ഞിന് കാതറിന്‍ എന്ന പേരു തന്നെ അവര്‍ നല്‍കി. ആശുപത്രി ഉപകരണങ്ങളില്‍ നിന്നും വേര്‍പെടുത്തി മാമ്മോദിസയ്ക്കായി ദേവാലയത്തിലെത്തിയ ഏതാനും മിനിറ്റുകള്‍ കുഞ്ഞു കാതറിന്റെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളായിരുന്നു. മാമ്മോദീസയ്ക്കുശേഷം അത്ഭുതമെന്നു പറയട്ടെ സ്വയമായി ശ്വസിക്കാന്‍ അവള്‍ക്ക് സാധിച്ചു തുടങ്ങി!!

അമ്മയുടെ സഹനപര്‍വം

ജന്മം നല്‍കിയ കുഞ്ഞിനെ വാത്സല്യത്തോടെ ഒന്നു ചേര്‍ത്തുപിടിക്കാന്‍ ഏതൊരു അമ്മയാണ് കൊതിക്കാത്തത്. എന്നാല്‍, അസ്ഥികള്‍ പൊട്ടുമെന്നുള്ളതിനാല്‍ കുഞ്ഞു കാതറിനെ തലയിണയില്‍ കിടത്തിയാണ് എടുക്കാനും പാലൂട്ടാനും
ആ അമ്മയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ. താരതമ്യേന ശരീരത്തിന്റെ വലിപ്പം കുറവായിരുന്നതിനാല്‍ ശിരസ്സിന് പതിവില്‍ കവിഞ്ഞ വലിപ്പം തോന്നിക്കുന്ന കാതറിനെ കാണാനെത്തുന്നവര്‍ കൗതുകത്തോടെയും സഹതാപത്തോടെയും നോക്കുന്നത്
ആ അമ്മയെ ഏറെ വേദനിപ്പിച്ചിരുന്നു. ‘അധികമായ ആശ്വാസവാക്കുകളും സഹാനുഭൂതിയോടെയുള്ള നോട്ടങ്ങളും എന്റെ മനോനിലതന്നെ തെറ്റിക്കുന്നതുപോലെ എനിക്കു തോന്നി.’ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ക്ലേശിച്ചിരുന്ന ദിനങ്ങളെ ഓര്‍ത്തെടുത്ത് ട്രീസ പറഞ്ഞു. എങ്കിലും ഒരു ജീവനു വേണ്ടി ബോധപൂര്‍വം എടുത്ത തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തങ്ങളും ശൂന്യതയും ചോദ്യങ്ങളും എല്ലാം നിറഞ്ഞ ആ മാതൃഹൃദയം പതറാന്‍ ദൈവം അനുവദിച്ചില്ല.

വാക്കുകളില്‍ ഉയിര്‍ക്കൊണ്ടവള്‍

ഒരുവിധം മനസ്സിനു ധൈര്യം നല്‍കാന്‍ ശ്രമിച്ചിരുന്ന നാളുകളിലാണ് ബന്ധുവായിരുന്ന സിസ്റ്ററിന്റെ ഫോണ്‍കോള്‍ വരുന്നത്. സിസ്റ്റര്‍ പറഞ്ഞ ഒരുപാട് കാര്യങ്ങളില്‍ ഇന്നും മനസ്സില്‍ നില്‍ക്കുന്നതും എല്ലാറ്റിനെയും അഭിമുഖീകരിക്കാന്‍ സഹായിച്ചതുമായ വാക്കുകള്‍ ട്രീസ പങ്കുവച്ചത് ഇങ്ങനെയാണ്:
”കുഞ്ഞേ, തമ്പുരാനില്‍ നീ ആശ്രയിക്കുമ്പോള്‍ ദൈവം നിനക്കൊരു ധൈര്യം
നല്‍കും. അതായിരിക്കട്ടെ നിന്റെ ശക്തി. മറിച്ച് നിന്റെ കഴിവിലോ ബുദ്ധിയിലോ ബന്ധങ്ങളിലോ ആശ്രയിക്കരുത്. എങ്കില്‍ നീ ഒരിക്കലും തളരാന്‍ ദൈവം അനുവദിക്കയില്ല” ഇന്ന് അവര്‍ ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ വാക്കുകള്‍ ഇന്നും ട്രീസയുടെ ഹൃദയത്തിലുണ്ട്. ദൈവം ഇതും നന്മയ്ക്കുവേണ്ടിയാണ്‌ നല്‍കിയിരിക്കുന്നത് എന്ന ചിന്തയോടെ പ്രശ്‌നങ്ങളെ ലളിതമായി നോക്കാന്‍ തുടങ്ങുമ്പോള്‍ ഏതു വലിയ പ്രശ്‌നത്തെയും വളരെ ലളിതമായി നമുക്ക് അതിജീവിക്കാം എന്ന വികാരിയച്ചന്റെ വാക്കുകളും മനസ്സിനെ ദൈവനിയോഗങ്ങളിലര്‍പ്പിച്ച് ധൈര്യവതിയാകാന്‍ സഹായിച്ചു എന്ന് ആ അമ്മ പങ്കുവച്ചു. പിന്നീട് ഒരിക്കലും കുഞ്ഞിനെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായത്തില്‍ ആ അമ്മ മനസ്സ് പതറിയിട്ടില്ല.

പരിപാലനയുടെ അത്ഭുതങ്ങള്‍

”രോഗത്തിന്റെ വളര്‍ച്ചാവൈകല്യങ്ങളും സ്വയം നടക്കാനാകാത്ത അവസ്ഥകളും കുഞ്ഞിനുണ്ടെങ്കിലും ജനിച്ചതിനുശേഷം പ്ലാസ്റ്ററിട്ട് ശരിപ്പെടുത്തേണ്ട ഒരു പൊട്ടല്‍ പോലും കുഞ്ഞിന്റെ ശരീരത്തില്‍ ഇന്നുവരെയും ഉണ്ടായിട്ടില്ല” കാതറിന്‍ എന്ന കുഞ്ഞുമായി ഏഴു വര്‍ഷം പിന്നിടുമ്പോള്‍ ദൈവപരിപാലനയുടെ വഴികളെ അനുസ്മരിച്ചുകൊണ്ട് ആ അമ്മ നന്ദിയോടെ പറഞ്ഞു. തല വലുതാകുന്ന ഹൈഡ്രോസഫാലസ് എന്ന രോഗം കുഞ്ഞിന് ചെറിയതോതില്‍ ഉള്ളതിനാല്‍ സര്‍ജറി ചെയ്യണമെന്ന നിര്‍ദേശം ഉണ്ടായപ്പോഴും രണ്ടു വര്‍ഷത്തിനുശേഷവും കുഞ്ഞിന്റെ കഴുത്തുറയ്ക്കാതെ വന്നപ്പോള്‍ ഫിസിയോതെറാപ്പി നിര്‍ദേശിച്ചപ്പോഴും ‘കുറച്ചു
കൂടി കാത്തിരിക്കാനുള്ള’ ഉള്ളിലെ ദൈവസ്വരത്തിന് കാതോര്‍ത്ത് ഞങ്ങള്‍ അവ വേണ്ടെന്നു വച്ചത് കുഞ്ഞിന് ഉപകാരമായി. ഒരു പരിധിയില്‍ കവിഞ്ഞ് അവളുടെ തല വളരുകയോ കഴുത്ത് ഉറയ്ക്കാതിരിക്കുകയോ ചെയ്തിട്ടില്ല. ഒരുപക്ഷേ,
സര്‍ജറിയും ഫിസയോതെറാപ്പിയുമെല്ലാം അവളുടെ ആനന്ദം എടുത്തു കളയുമായിരുന്നു’ ദമ്പതികള്‍ പങ്കുവച്ചു. കുഞ്ഞു കാതറിന്‍ ഇന്ന് ആ
കുടുംബത്തിന്റെ ആനന്ദമാണ്.
”സമ്പത്തും സൗകര്യങ്ങളും നല്ല ജോലിയുമെല്ലാം മാത്രമാണ് ഏറ്റവും വലിയ ദൈവാനുഗ്രഹമാണെന്നു കരുതിയ ഒരു കാലമുണ്ടായിരുന്നു ജീവിതത്തില്‍. എന്നാല്‍, ദൈവം യഥാസമയങ്ങളില്‍ വേണ്ടവിധം വഴി നടത്തുന്ന അനുഭവമാണ് ദൈവാനുഗ്രഹം എന്ന് ഇവളെ ലഭിച്ച നിമിഷം മുതല്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു” എന്ന അമ്മയുടെ വാക്കുകളില്‍ ദൈവം സമ്മാനിച്ച കുഞ്ഞു കാതറിനെപ്രതിയുള്ള നന്ദിയും സ്‌നേഹവും നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.

സി. നിമിഷ റോസ് CSN 

Related Articles