ചെറുപ്പക്കാരിയായ ആ വീട്ടമ്മ സംസാരിക്കാന്‍ പോലുമാകാതെ വിങ്ങിപ്പൊട്ടി കരയുകയാണ്. ഭര്‍ത്താവിനോടൊത്തുള്ള ജീവിതം ദുസ്സഹമായതിനാല്‍ രണ്ടാഴ്ച മുമ്പ് അവള്‍ വീട്ടിലേക്കു തിരികെ വന്നു. പക്ഷേ, തിരികെപ്പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നു. ‘നീ ഇങ്ങനെ ഇവിടെ നിന്നാല്‍ അനുജത്തിയുടെ കല്യാണം
നടക്കില്ല, അല്ലെങ്കിലും അവനെന്താ കുഴപ്പം? ഇത്രയും നല്ല ഒരു പയ്യനെ കിട്ടിയതുതന്നെ നിന്റെ ഭാഗ്യം എന്നു കരുതിയാല്‍ മതി. ഈ പ്രശ്‌നങ്ങളൊക്കെ നിന്റെ വാശികൊണ്ടാണ്.’ അവള്‍ നിസ്സഹായതയോടെ കരയുന്നതിനിടയില്‍ മനസ്സു തുറന്നു.
‘പെണ്ണുകാണല്‍ ചടങ്ങു കഴിഞ്ഞ് ഏറെ നാളുകള്‍ക്കു ശേഷമായിരുന്നു വിവാഹം. അക്കാലഘട്ടത്തില്‍ അരുണ്‍ (യഥാര്‍ഥ പേരല്ല) വളരെ സ്‌നേഹവും കരുതലും ഉള്ളയാളായിരുന്നു. എന്റെ ഇഷ്ടങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. വളരെ മര്യാദയോടും ആദരവോടും സ്‌നേഹത്തോടും കൂടിയുള്ള പെരുമാറ്റം.ഭാവിയെക്കുറിച്ചുള്ള സുന്ദരസ്വപ്നങ്ങള്‍ അയാള്‍ പങ്കുവച്ചു. അങ്ങനെ അരുണിനെ എനിക്കും വീട്ടുകാര്‍ക്കും വളരെ ഇഷ്ടപ്പെട്ടു. ഇത്രയും നല്ല ഒരു ചെറുക്കനെ വേറെ കിട്ടാനില്ല. എല്ലാവരും അങ്ങനെ കരുതി. അങ്ങനെ വിവാഹം കഴിഞ്ഞു. എന്റെ ഇഷ്ടങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയിരുന്ന അരുണിനെയോര്‍ത്ത് അഭിമാനിച്ചിരുന്ന മധുവിധുനാളുകള്‍..
കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോഴേക്കും അവന്റെ മട്ടു മാറി. എന്നെ എന്റെ വീട്ടുകാരില്‍നിന്നു പതുക്കെപ്പതുക്കെ അകറ്റിത്തുടങ്ങി. എന്റെ ശമ്പളം അവന്റെ അക്കൗണ്ടിലേക്കു മാറ്റി, സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ അയാളുടെ കസ്റ്റഡിയിലായി, എന്റെ ഫോണ്‍ അയാളുടേതുമായി ലിങ്ക് ചെയ്തു. എന്റെ കൂട്ടുകാരോടു പോലും ഇടപഴകാന്‍ അയാള്‍ സമ്മതിച്ചില്ല. നിനക്കെന്തിനാ കൂട്ടുകാരും വീട്ടുകാരും? ഞാനില്ലേനിനക്ക്. അതായിരുന്നു അയാളുടെ ന്യായം. അതിനൊക്കെ പുറമേ, നിരന്തരമായ കുറ്റപ്പെടുത്തലും തിരുത്തലുകളും. ഇപ്പോള്‍ എനിക്കാകെ കണ്‍ഫ്യൂഷന്‍ ആണ്. എനിക്കു വല്ല കുഴപ്പവുമുണ്ടോ സിസ്റ്ററേ…?
ഇതിനുമുമ്പും സഹികെട്ട് ഞാനിറങ്ങിപ്പോന്നിട്ടുണ്ട്. രണ്ടു ദിവസമായൊപ്പോഴേക്ക് അയാള്‍വന്ന് കാലുപിടിച്ച് ക്ഷമപറച്ചിലായി. വീട്ടുകാരോടൊക്കെ വളരെ മാന്യമായി ഇടപെടും. അന്ന് എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തിയത്. അങ്ങനെ തിരികെപ്പോയി. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞില്ല അയാള്‍ വീണ്ടും തനിനിറം പുറത്തെടുക്കാന്‍ തുടങ്ങി. ഞാന്‍ ഒഴികെ മറ്റുള്ളവരോടെല്ലാം വളരെ നയപരമായി അരുണ്‍ ഇടപെടും. വാക്ചാതുരികൊണ്ട് അയാള്‍ എല്ലാവരെയും കീഴ്‌പ്പെടുത്തും. അതുകൊണ്ടുതന്നെ ഞാന്‍ പറയുന്നത് ആരും വിശ്വസിക്കില്ല. എന്നെയാകട്ടെ ഒരു മാനസികരോഗി എന്ന നിലയില്‍ ചിത്രീകരിക്കുകയാണ്. എന്തു ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടാ. എന്റെ എല്ലാ ബന്ധങ്ങളും അയാള്‍ അകറ്റിക്കളഞ്ഞു. എന്നെ മനസ്സിലാക്കാന്‍ ഈ ഭൂമിയില്‍ ആരുമില്ല, പോകാനും ഒരിടമില്ല…’ അവള്‍ ചങ്കു തകര്‍ന്നു കരയുകയാണ്.
ഭാര്യയില്‍ നിന്ന് ഇതേ പ്രശ്‌നം അനുഭവിക്കുന്ന ഒരു ചെറുപ്പക്കാരനും എന്റെ അടുത്ത് വന്നതോര്‍ക്കുന്നു. ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനാണ്. കുടുംബത്തില്‍ പ്രശ്‌നമുണ്ടാക്കണ്ട എന്നു കരുതി അവന്‍ ഒതുങ്ങി ജീവിക്കുകയാണ് വീട്ടില്‍. പക്ഷേ, അവളാണ് അയാളെ നിയന്ത്രിക്കുന്നത്. ഈ രണ്ടു കേസിലും ഒരാള്‍ നാര്‍സിസിസ്റ്റ് പേഴ്‌സണാലിറ്റി ഡിസ്ഓര്‍ഡര്‍ (NPD) എന്ന സ്വഭാവ വൈകല്യമുള്ളയാളാണ്. ഈ പ്രശ്‌നമുള്ള പങ്കാളിയോടൊത്തു ജീവിക്കാന്‍ വിധിക്കപ്പെട്ട പലരും എന്തു ചെയ്യണമെന്നറിയാതെ ഇവിടെ വന്നിട്ടുണ്ട്.
എന്താണ് നാര്‍സിസിസ്റ്റ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍
(Narcissist Personality Disorder)
ഗ്രീക്ക് പുരാണത്തിലെ നാര്‍സിസസ് (Narcissus) എന്ന സുമുഖനായ ചെറുപ്പക്കാരന്റെ പേരില്‍ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.. ഒരിക്കല്‍, നിശ്ചലമായ ഒരു ജലാശയത്തില്‍ തന്റെ പ്രതിരൂപംകണ്ട് അയാള്‍ അതിനോട് അനുരക്തനായി. ഒടുവില്‍ ആ പ്രതിബിംബത്തെ വിട്ടുപിരിയാനാവാതെ ആ വെള്ളത്തിലേക്ക് ചാടി മരണമടയുകയാണ്. ഇങ്ങനെ തന്നെ മാത്രം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ലോകത്തില്‍ മറ്റൊരാളെയും സ്‌നേഹിക്കാനോ പരിഗണിക്കാനോ കഴിയാത്ത സ്വഭാവവൈകല്യമുള്ളവരെയാണ് നാര്‍സിസിസ്റ്റ് എന്നു മന:ശാസ്ത്രത്തില്‍ വിളിക്കുന്നത്.
ഇവര്‍ ആരുമാകാം. ഭര്‍ത്താവ്,/ ഭാര്യ/ അച്ഛന്‍/ അമ്മ/ കൂട്ടുകാരന്‍/ കൂട്ടുകാരി അങ്ങനെ ആരും. ആരായാലും അവരുടെ ഏറ്റവും വലിയ പ്രത്യേകത ഈ ഭൂമിയില്‍ അവര്‍ ഒരേ ഒരാളെ മാത്രമേ സ്‌നേഹിക്കുകയുള്ളൂ – അവരെത്തന്നെ. അതായത് സ്വയാരാധകര്‍. ഓരോരുത്തരും പല രീതിയിലാണ് ഇത് പ്രകടമാക്കുന്നത്. എന്നാല്‍, ഇവരുടെ കൂടെയുള്ള ജീവിതം ദുസ്സഹമായിരിക്കും. താനൊരു സംഭവമാണെന്നാണവരുടെ ധാരണ. അവരെക്കാള്‍ മറ്റൊരാള്‍ ഉയരാന്‍ അവര്‍ സമ്മതിക്കില്ല. ജീവിതപങ്കാളിയെ, മക്കളെ, സഹപ്രവര്‍ത്തകരെയൊക്കെ അവര്‍ അടിച്ചിരുത്തും, അടക്കി ഭരിക്കും. ഞാന്‍ ചെയ്യുന്നതൊക്കെ ശരി, എല്ലാവരും എന്നെ പൊക്കിപ്പറയണം എന്നാണവര്‍ പ്രതീക്ഷിക്കുന്നത്. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനോ മനസ്സിലാക്കാനോ പറ്റാത്ത മാനസികാവസ്ഥയുള്ളവരാണ് നാര്‍സിസിസ്റ്റുകള്‍.
ഈ പ്രശ്‌നമുള്ള വ്യക്തികള്‍ രണ്ടു തരത്തിലുണ്ട്. ചിലരില്‍ ഇതൊരു സ്വഭാവപ്രത്യേകത
മാത്രമായിരിക്കാം. എന്നാല്‍, രണ്ടാമത്തെ കൂട്ടരില്‍ ഇത് ഒരു മനഃശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെചികിത്സിച്ച് ഭേദമാക്കേണ്ട വ്യക്തിത്വ വൈകല്യമാണ് (Personality Disorder). പുറമേ വളരെ ഭംഗിയായും മാന്യമായും ഇടപെടുന്ന ഇവര്‍ക്ക് തന്റെ ചൊല്പടിക്കുനിര്‍ത്താന്‍ എപ്പോഴും ഒരു ഇരയുണ്ടാകും. ചിലപ്പോഴത് ജീവിതപങ്കാളിയാകും അല്ലെങ്കില്‍ സഹപ്രവര്‍ത്തകരിലാരെങ്കിലും അതുമല്ലെങ്കില്‍ മക്കളിലൊരാള്‍തന്നെയാകാം. ഈ ഇരയ്ക്ക് ഒരു പ്രത്യേകതയുണ്ടാകും – വിധേയത്വം. അവരെപ്പോഴും ഇയാളെ ഭയന്ന് ഒതുങ്ങി നില്‍ക്കും. പ്രശ്‌നമുണ്ടാക്കണ്ട എന്നു കരുതി എല്ലാം മിണ്ടാതെ സഹിക്കും.
നാര്‍സിസിസ്റ്റുകളുടെ ഏറ്റവും വലിയ തന്ത്രം സ്‌നേഹപ്രകടനങ്ങളാണ്. ഇവരെ ‘ലവ് ബോംബ്’ എന്നുകൂടിവിശേഷിപ്പിക്കാറുണ്ട്. സ്‌നേഹംകൊണ്ട് പൊതിയുന്ന സ്വഭാവം. അങ്ങനെ പങ്കാളിയുടെ സ്‌നേഹം ആദ്യമേ കവര്‍ന്നെടുക്കും. പിന്നെ വിധം മാറും. പ്രശ്‌നമുണ്ടാകുമ്പോള്‍ കയ്യും കാലും പിടിച്ച് കരഞ്ഞ് മാപ്പു പറയും. പിന്നെ ഇരട്ടി സ്‌നേഹംപ്രകടിപ്പിക്കും. ഇഷ്ടമുള്ളതെല്ലാം ചെയ്തുകൊടുക്കും. അതൊക്കെ വെറും അഭിനയം ആണെന്നറിയാതെ പങ്കാളി ക്ഷമിക്കാനും മറക്കാനും തയ്യാറാകുന്നു. പോട്ടെ, ഒരു ചാന്‍സു കൂടി കൊടുത്തേക്കാം എന്നയാള്‍ വിചാരിക്കുന്നു. പക്ഷേ, കഥകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. മാപ്പുപറച്ചിലും തുടരുന്നു. അങ്ങനെ അയാളെ ഉപേക്ഷിച്ചു പോകാനാവാത്ത ഒരു മാനസിക സ്ഥിതിയിലേക്ക് പങ്കാളി എത്തുന്നു. എല്ലാറ്റിലും കുറ്റം അപരനിലേക്ക് ചാരുന്നതിനാല്‍ സ്വന്തം തെറ്റുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് പങ്കാളി തീരുമാനിക്കുന്നു. അങ്ങനെ സ്വന്തം തനിമ നഷ്ടപ്പെട്ട് ജീവിതകാലം മുഴുവന്‍ അയാള്‍ വിഷാദത്തിന് അടിമയായി മാറാം.
എങ്ങനെയാണൊരാള്‍ നാര്‍സിസിസ്റ്റ് ആകുന്നത്?
എങ്ങനെയാണൊരാള്‍ നാര്‍സിസിസ്റ്റ് ആകുന്നത് എന്നതിന് കൃത്യമായ ഒരു കാരണം പറയാനാകില്ല. ഇത് ജന്മനാ ഉണ്ടാകുന്ന ഒരു പ്രശ്‌നമോ രോഗമോ അല്ല. മറ്റു മാനസികരോഗങ്ങളെപ്പോലെ ഈ പ്രശ്‌നവും ഒരു പരിധിവരെ വളര്‍ന്ന സാഹചര്യവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. താന്‍ വീട്ടിലെ രാജകുമാരനാണെന്നും ചില പ്രത്യേക പരിഗണനകള്‍ അര്‍ഹിക്കുന്നുണ്ടെന്നും തോന്നത്തക്കവിധം വളര്‍ത്തപ്പെടുന്ന കുട്ടികള്‍ വലുതാകുമ്പോള്‍ നാര്‍സിസിസ്റ്റ് ആകാനുള്ള സാധ്യതയുണ്ട്. ഇവിടെ അവരുടെ ആത്മവിശ്വാസം പ്രോത്സാഹിപ്പിക്കപ്പെടുന്നുവെങ്കിലും മറ്റുള്ളവരോടുള്ള സഹാനുഭൂതി വളര്‍ത്തിയെടുക്കുന്നതില്‍ മുതിര്‍ന്നവര്‍ പരാജയപ്പെടുന്നു. ബാല്യത്തില്‍
ഉണ്ടാകുന്ന ഏതെങ്കിലും മാനസികാഘാതമോ അവഗണനയോ ഒറ്റപ്പെടലോ ഈ പ്രശ്‌നത്തിനു കാരണമാകുന്നുവെന്നും നിരീക്ഷണമുണ്ട്.
പ്രധാനലക്ഷണങ്ങൾ
ആധിപത്യ സ്വഭാവം
താന്‍ എല്ലാവര്‍ക്കും ഉപരിയാണെന്നും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവനാണെന്നുമുള്ള വിചാരം. മറ്റുള്ളവര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നു ശഠിക്കുന്ന ഇവര്‍ പക്ഷേ, മറ്റുള്ളവരുടെ ഒരു താത്പര്യം മുഖവിലയ്‌ക്കെടുക്കില്ല.
കാപട്യം നിറഞ്ഞ് ജെ പെരുമാറ്റം
സ്‌നേഹവും കരുതലും നിറഞ്ഞ പെരുമാറ്റം വഴി ആദ്യം ഇവര്‍ ഇരയെ വശീകരിക്കും. ഒടുവില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കു മാത്രമായിരിക്കും പ്രാധാന്യം കൊടുക്കുക. ഇങ്ങനെ സ്‌നേഹമൊക്കെ പുറമേ കാണിക്കുമെങ്കിലും ആരോടും ആഴത്തിലുള്ള അടുപ്പം ഉണ്ടാകില്ല. സ്വന്തം കാര്യലാഭത്തിനുവേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യുകയും ചെയ്യും.
ബഹുമാനിക്കപ്പെടണം എന്ന ആഗ്രഹം
അംഗീകാരത്തിനും സ്തുതിക്കും ബഹുമാനത്തിനും വേണ്ടിയുള്ള നിലയ്ക്കാത്ത ദാഹം ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. മറ്റുള്ളവരെ ഉപയോഗിച്ചുപോലും നേടുന്ന നേട്ടങ്ങള്‍ സ്വന്തമെന്നപോലെ അവതരിപ്പിക്കും. പൊങ്ങച്ചം പറച്ചിലാണ് ഇവരുടെ മറ്റൊരു പ്രത്യേകത.
സഹാനുഭൂതിയില്ലായ്മ
മറ്റുള്ളവരുടെ വികാരങ്ങള്‍, ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍, ഇവയെക്കുറിച്ചൊന്നും നാര്‍സിസിസ്റ്റുകള്‍ ബോധവാന്മാരല്ല. അവര്‍ക്കതിനു കഴിയുകയുമില്ല.
ധിക്കാരം
മറ്റുള്ളവരെക്കാള്‍ താന്‍ വലിയവനാണെന്നു കരുതുന്ന അവരുടെ പെരുമാറ്റം ധിക്കാരപരമായിരിക്കും. തനിക്ക് അര്‍ഹതപ്പെട്ടതെന്ന് അയാള്‍ കരുതുന്ന തരത്തിലുള്ള പെരുമാറ്റവും അംഗീകാരവും ലഭിച്ചില്ലെങ്കില്‍ ഇരയോട് ഇവര്‍ ക്രൂരമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യും. നിന്നെ ഒന്നിനും കൊള്ളില്ല എന്നായിരിക്കും അവരുടെ നിരന്തര ആരോപണം.
എങ്ങനെ മാനേജ് ചെയ്യാം
വാസ്തവത്തില്‍ അറിഞ്ഞുകൊണ്ടല്ല ഒരു വ്യക്തി നാര്‍സിസിസ്റ്റ് ആയിത്തീരുന്നത്. ഉപബോധ മനസ്സിന്റെ ഒരു പ്രവര്‍ത്തനമാണിത്. അതിനാല്‍ അവര്‍ക്ക് സ്വയം ഇതില്‍നിന്നു കരകയറാനാവില്ല. ഒരു മനഃശാസ്ത്ര വിദഗ്ധന് അയാളെ സഹായിക്കാന്‍ കഴിയും. എന്നാല്‍, തന്റെ നയപരമായ പെരുമാറ്റത്താലും വാക്ചാതുരിയാലും
മന:ശാസ്ത്രജ്ഞരെപ്പോലും ഇവര്‍ക്ക് കബളിപ്പിച്ച് അവരുടെ വിശ്വാസം ആര്‍ജിക്കാനിടയുണ്ട്. അതിനാല്‍ പരിചയസമ്പത്തുള്ളയാളെത്തന്നെ സമീപിക്കണം.
പക്ഷേ, ഇവര്‍ ഒരിക്കലും ഒരു മനഃശാസ്ത്രജ്ഞനെ കാണാന്‍ കൂട്ടാക്കുകയില്ല എന്നതാണ് സത്യം. കാരണം അവര്‍ വിചാരിക്കുന്നത് ഞാന്‍ ഓക്കെയാണെന്നാണ്. പ്രശ്‌നം മറ്റുള്ളവര്‍ക്കാണ്. ഭയങ്കര സൂത്രശാലികളുമാണവര്‍. ബുദ്ധിമതികളായതിനാല്‍ തനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകാന്‍ ഇടയുള്ള എല്ലാ പഴുതുകളും അവരടയ്ക്കും.
എങ്ങനെ മോചനം നേടാം
നേരത്തെ സൂചിപ്പിച്ചതുപോലെ നാര്‍സിസിസ്റ്റ് ആയ വ്യക്തിയെ സൈക്കോളജിസ്റ്റിനെ കാണിക്കാനാകുമെങ്കില്‍ കുറെയൊക്കെ മാറ്റം കാണാനിടയുണ്ട്. എന്നാല്‍, അയാള്‍ അതിനു വിസമ്മതിക്കുകയാണെങ്കില്‍ അഡ്ജസ്റ്റ്‌മെന്റ് ചെയ്ത് സമാധാനത്തോടെ ജീവിക്കാമെന്നു കരുതരുത്. സ്വന്തമായൊരു ജീവിതത്തിനുള്ള വഴികള്‍ തേടുക എന്നതാണ് ഇരയ്ക്ക് ചെയ്യാവുന്ന കാര്യം. അതിന്
താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. മനസ്സിലാക്കുക
മാനസികമായ ഇയാളുടെ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കുക. മുന്‍പു സൂചിപ്പിച്ച ലക്ഷണങ്ങളോടൊപ്പം ഇക്കാര്യത്തില്‍ കൂടി ശ്രദ്ധിക്കുക. അയാള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വലിയ സ്‌നേഹവും കരുതലും. ആവശ്യം കഴിഞ്ഞ് അവഗണിക്കുക, മറ്റേയാളുടെ ആവശ്യങ്ങളില്‍ യാതൊരു ശ്രദ്ധയും പരിഗണനയുമില്ല. ആത്മവിശ്വാസം തകര്‍ക്കുക,
ക്രൂരമായിപെരുമാറുക, അവനവന്റെ കാര്യം മാത്രം നോക്കുക, പങ്കാളിയുടെയോ മക്കളുടെയോ കാര്യത്തില്‍ ശ്രദ്ധയില്ലാതിരിക്കുക, സ്വന്തം ആവശ്യത്തിനുവേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുക, പണത്തിന് പ്രാധാന്യം നല്‍കുക, മറ്റുള്ളവരുടെ മുന്‍പില്‍ നല്ലപിള്ള ചമഞ്ഞ് നടക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അയാള്‍ നാര്‍സിസിസ്റ്റ് ആണെന്ന് ഏതാണ്ട് ഉറപ്പിക്കാം. അയാളോടൊപ്പം എങ്ങനെയും അഡ്ജസ്റ്റ് ചെയ്ത് മുന്‍പോട്ട് പോകാമെന്നു വിചാരിക്കരുത്. തനിക്ക് ഒപ്പം ജീവിക്കാന്‍ പറ്റിയ പങ്കാളി അല്ല ഇയാള്‍ എന്ന് ആദ്യമേ വിശ്വസിക്കുക. നമ്മുടെ ജീവിതം നമ്മുടേതാണ്.
2. പരമാവധി തെളിവുകൾ ശേഖരിക്കുക
ഇതൊക്കെ നിന്റെ കുഴപ്പമാണെന്നും തോന്നലാണെന്നും പറഞ്ഞ് കുറ്റപ്പെടുത്തുന്നവര്‍ക്കുള്ള മറുപടിയാണത്. പ്രധാനപ്പെട്ട രേഖകളും കയ്യിലാക്കുക.
3. മാനസികാരോഗ്യത്തിനുള്ള വഴികൾ സ്വയം കണ്ടെത്തുക
അയാളെയും കൊണ്ടുപോയാല്‍ ഒരു പക്ഷേ, നിങ്ങളെക്കൊണ്ട് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നുവരും. കൗണ്‍സിലറെ അയാള്‍ സ്വാധീനിക്കാനും ഇടയുണ്ട്. അതിനാല്‍ തനിയെ ഒരു മാനസികാരോഗ്യവിദഗ്ദ്ധനെ കണ്ട് ഉപദേശം തേടുക.
4) സംസാരരീതീ വളരെ ശ്രദ്ധിക്കണം
നാര്‍സിസിസ്റ്റിന്റെ കൂടെ ജീവിക്കുന്നയാള്‍ തന്റെ സംസാരത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കുറ്റപ്പെടുത്തലുകളും ഭീഷണികളും ഒഴിവാക്കുക. ‘നിങ്ങടെ കൂടെ ജിവിച്ചു ഞാന്‍ മടുത്തു. ഞാന്‍ ഇറങ്ങിപ്പോകും, കേസുകൊടുക്കും…’ ഇങ്ങനെയൊക്കെ വിളിച്ചുപറഞ്ഞാല്‍ ഇവര്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള പഴുതുകളൊക്കെ തന്ത്രപൂര്‍വം അടയ്ക്കും.
5) സ്വന്തം തീരുമാനം വെളിപ്പെടുത്തുക
കാര്യങ്ങള്‍ പഠിച്ച്, വേണ്ട ക്രമീകരണങ്ങള്‍ നടത്തി, എല്ലാം സുരക്ഷിതമായ ഒരവസ്ഥയില്‍ എത്തിയതിനുശേഷം സ്വന്തമായി ജീവിക്കാനുള്ള തീരുമാനം വെളിപ്പെടുത്തുക. അല്ലെങ്കില്‍ പുറത്തിറങ്ങി ജീവിക്കാന്‍ മാര്‍ഗമില്ലാതാവും.
എടുത്ത തീരുമാനം നടപ്പിലാക്കാന്‍ ശ്രമിക്കുക എന്നതാണ് ഭര്‍ത്താവായാലും ഭാര്യയായാലും ചെയ്യേണ്ട കാര്യം. താത്കാലികമായ ഒരു വേര്‍പിരിയല്‍ എങ്കിലും തീര്‍ച്ചയായും ആവശ്യമാണ്. എന്നാല്‍, അയാള്‍ ചികിത്സയ്ക്ക് തയ്യാറാവുകയും ഒരു മാറ്റത്തിനു വിധേയമാകുകയും ചെയ്യുന്നെങ്കില്‍ അതിനുശേഷം ഒരുമിച്ച് ജീവിക്കാന്‍ കഴിഞ്ഞേക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ നിത്യമായ ഒരുവേര്‍പിരിയല്‍തന്നെ വേണ്ടിവന്നേക്കും.
6. കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കാന്‍
നാര്‍സിസിസ്റ്റിന്റെ കൂടെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ ഏറ്റവും വലിയ ദുഃഖം അവരെ ആരും വിശ്വസിക്കുകയോ മനസ്സിലാക്കുകയോ ഇല്ല എന്നതാണ്. എന്നാല്‍ അവര്‍ക്ക് ഏറ്റവും ആവശ്യം കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ്. പങ്കാളിയില്‍ നിന്നനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് മകനോ മകളോ പറയുമ്പോള്‍, ഒക്കെ നിന്റെ കുഴപ്പമാണ്, എങ്ങനെയും അഡ്ജസ്റ്റ് ചെയ്യ് എന്നൊക്കെ കുറ്റപ്പെടുത്താനും ഉപദേശിക്കാനും മുതിരുന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. അതിനാല്‍ വസ്തുതകളറിയാനുള്ള സംയമനം കാണിക്കുകയും അവരെ ചേര്‍ത്തുപിടിക്കുകയും വേണം.
E-mail : – [email protected]

സി. ഡോ. പ്രീത CSN
സൈക്കോതെറാപ്പിസ്റ്റ്,
ജീവന സൈക്കോ സ്പിരിച്വല്‍ സെന്റര്‍,
ചൊവ്വര




