Saturday, June 20, 2026

കാരണമില്ലാത്ത കരച്ചിലോ?



‘അമ്മ വെറുതെയിരുന്ന് കരച്ചിലാണ്’ എന്നു പറഞ്ഞാണ് 46 കാരിയായ അമ്മയെയും കൂട്ടി മകനെത്തിയത്. ഭര്‍ത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. 15 വര്‍ഷത്തോളമായി ഭര്‍ത്താവ് ദുബായില്‍ ജോലി ചെയ്യുകയാണ്. മകളുടെ വിവാഹം കഴിഞ്ഞതില്‍പിന്നെ അമ്മയും മകനും വീട്ടില്‍ ഒറ്റയ്ക്കാണ്. എവിടെ പോകാനും മകന്‍ കൂട്ടുവേണമെന്ന നിര്‍ബന്ധമാണവള്‍ക്ക്. തനിയെ പുറത്തിറങ്ങുന്നതിനുള്ള ഭയവും വെറുതെ ഇരുന്നുള്ള കരച്ചിലുമാണ് ഇപ്പോഴത്തെ അവളുടെ പ്രശ്‌നം.

സാധാരണയായി കരച്ചില്‍ വികാരപ്രകടനത്തിനുള്ള ഒരു മാര്‍ഗമാണ്. സങ്കടവും കുറ്റബോധവും ദേഷ്യവും അമിതസന്തോഷവും നന്ദിയും പശ്ചാത്താപവും എത്ര മുതിര്‍ന്ന ആളാണെങ്കില്‍പോലും അവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന കാരണങ്ങളാണ്. ആശയവിനിമയത്തിനു വേണ്ടി ശിശുക്കളും കരയാറുണ്ടല്ലോ. ആരോഗ്യകരമായ കരച്ചില്‍ എപ്പോഴും മനസ്സിനും ശരീരത്തിനും നല്ലതുതന്നെ. എന്നാല്‍, നമ്മെ നിഷ്‌ക്രിയരാക്കുന്ന അകാരണമായ കരച്ചിലുകളെ നാം വിവേചിച്ചറിയേണ്ടതുണ്ട്.

40 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ പ്രത്യേകിച്ച് സ്ത്രീകളില്‍ കണ്ടുവരുന്ന പെട്ടെന്നുള്ള കരച്ചില്‍ അതായത് Over emotional response മാനസികവും ശാരീരികവുമായ പല കാരണങ്ങളാല്‍ സംഭവിക്കുന്നവയാണ്. ഇത് സ്ഥിരമായി നേരിടുന്ന പ്രശ്‌നമാകുമ്പോള്‍ വൈദ്യസഹായം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

എന്തൊക്കെയാകാം കാരണങ്ങള്‍

  • കടുത്ത മാനസിക സമ്മര്‍ദം
  • അമിതമായ ദുഃഖം, നിരാശ
  • ശാരീരിക വേദനകള്‍, രോഗം
  • ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ (ഉദാ: പ്രമേഹം, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവ വിരാമം ഇവ മൂലം ഹോര്‍മോണില്‍ വ്യതിയാനം ഉണ്ടാകാം).
  • ഉറക്കമില്ലായ്മ, ക്ഷീണം
  • തീവ്രമായ ഉത്കണ്ഠ, വിഷാദം മുതലായ ആന്തരിക ബുദ്ധിമുട്ടുകള്‍ (ഉദാ: പോസ്റ്റ് ട്രോമാറ്റിക്‌ സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) പോലുള്ള മറ്റു മാനസിക രോഗാവസ്ഥകള്‍, പ്രതികൂല സാഹചര്യങ്ങള്‍കൊണ്ടുണ്ടാകുന്ന മാനസികമോ ശാരീരികമോ ആയ ആഘാതം (Trauma).

പ്രധാന പരിഹാരമാര്‍ഗങ്ങള്‍

1. മാനസികാരോഗ്യത്തിന് പിന്തുണ നല്‍കുക.

  • കൗണ്‍സലിംഗ്/ തെറാപ്പി: വ്യക്തി നേരിടുന്ന വിഷാദം, ഉത്കണ്ഠ, ഒറ്റപ്പെടുന്നു എന്ന തോന്നല്‍ തുടങ്ങിയവ പരിശോധിക്കാന്‍ ഒരു സൈക്യാട്രിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ സഹായം തേടുക.
  • ഗ്രൂപ്പ് തെറാപ്പി: സമാനമായ അനുഭവങ്ങള്‍ ഉള്ളവരുമായി സംസാരിക്കുന്നത്‌ വലിയ
    ആശ്വാസം നല്‍കും.

2. ഹോര്‍മോണ്‍ പരിശോധനയും ചികിത്സയും:

പെരിമെനോപോസ് (ആര്‍ത്തവ വിരാമത്തിന് തൊട്ടുമുന്‍പുള്ള കാലഘട്ടം), മെനോപോസ് (ആര്‍ത്തവ വിരാമ കാലഘട്ടം) തുടങ്ങിയ ഘട്ടങ്ങളില്‍ സ്ത്രീ ശരീരത്തില്‍ പല ഹോര്‍മോണല്‍ വ്യതിയാനങ്ങളും സംഭവിക്കുന്നുണ്ട്. ഇത് അവരുടെ ശാരീരികവും മാനസികവുമായ പ്രക്രിയകളില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമെങ്കില്‍ ഹോര്‍മോണ്‍ പരിശോധന നടത്തി ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി സ്വീകരിക്കാവുന്നതാണ്.

3. യോഗയും ധ്യാനവും

ദിവസവും 15- 30 മിനിറ്റ് യോഗയോ പ്രാണായാമമോ ചെയ്യുന്നത് മാനസികാവസ്ഥ ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കും.

4. തുറന്നു സംസാരിക്കുക

ഒറ്റപ്പെടലുകളും മാനസിക ബുദ്ധിമുട്ടുകളും വ്യക്തിജീവിതത്തിലെ ഒരു പ്രധാന പ്രശ്‌നമായി മാറുന്നത് പലപ്പോഴും മറ്റുള്ളവരുമായി തുറന്നു സംസാരിക്കാന്‍ കഴിയാത്തതു മൂലമാണ്. വിശ്വസിക്കാന്‍ സാധിക്കുന്ന ആളുമായി തുറന്നു സംസാരിക്കുക (ഭര്‍ത്താവ്, സുഹൃത്ത്, കുഞ്ഞുങ്ങള്‍ അല്ലെങ്കില്‍ ഒരു പ്രൊഫഷണല്‍).

5. ചിട്ടയായ ആഹാര രീതിയും ജീവിതശൈലിയും

ശരിയായ ആഹാരക്രമം: തലച്ചോറിന്റെയും കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന അവശ്യ പോഷകങ്ങളായ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുക.

‘വിറ്റാമിന്‍ ഡി’ കുറയുന്നതും പെട്ടെന്നുള്ള കരച്ചിലിനു കാരണമാകാറുണ്ട്.

ജീവിതശൈലിക്രമീകരണം:കൃത്യമായി ദിവസവും നിശ്ചിത സമയം ഉറങ്ങുക.

Alcohol, കഫൈന്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക. പുസ്തകങ്ങള്‍ വായിക്കുക, പാട്ടുകേള്‍ക്കുക, ചിത്രം വരയ്ക്കുക തുടങ്ങി ഇഷ്ടമുള്ള ഹോബികളില്‍ ഏര്‍പ്പെടുക.

6. ആവശ്യമെങ്കില്‍ വൈദ്യസഹായം തേടുക.

കരച്ചിലിനുകാരണം ഉത്കണ്ഠയാണോ അതോ ക്ലിനിക്കല്‍ ഡിപ്രഷനാണോ എന്ന് വിവേചിച്ചറിയാന്‍ വൈദ്യസഹായം ആവശ്യമാണ്. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകള്‍ ഉപയോഗിക്കാവൂ.

വൈകാരികമായ പ്രതികരണങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് വ്യക്തിപരമായ വളര്‍ച്ചയുടെ പ്രകടനമാണ്. പെട്ടെന്നു കരയുന്നത് ഒരിക്കലും ഒരു ബലഹീനതയല്ല. അത് ഒരുപാടു കാര്യങ്ങളുടെ സൂചനയായിക്കണ്ട് ഗൗരവപൂര്‍വം സമീപിക്കുകയാണെങ്കില്‍ അതിനൊരു പരിഹാരമുണ്ട്. കൂടുതല്‍ സന്തുലിതമായൊരു ജീവിതം നയിക്കാനും നമ്മുടെ ആന്തരികശക്തിവര്‍ധിപ്പിക്കാനും ഇതു നമ്മെ സഹായിക്കും.


സി. ഡോ. ശാലീന CSN 
സൈക്യാട്രിസ്റ്റ്
Joannes Psycho-Medical Centre,
Thrikkariyoor

 

Related Articles