പലവിധ അലര്‍ജികളെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, നമ്മുടെ നാട്ടില്‍ ഒത്തിരി അധികം സംസാര വിഷയമായിട്ടില്ലാത്ത ഒന്നാണ് നിക്കല്‍ അലര്‍ജി. നമ്മള്‍ കഴിക്കുന്ന മിക്ക ഭക്ഷണപദാര്‍ഥങ്ങളിലും ഉപയോഗിക്കുന്ന വസ്തുക്കളിലും നിക്കല്‍ എന്ന ലോഹം അടങ്ങിയിട്ടുണ്ട്. സാധാരണയായി അതൊരു പ്രശ്‌നമല്ല. എന്നാല്‍, ഒരിക്കല്‍ മനുഷ്യശരീരം നിക്കലിനെതിരെ പ്രതികരിച്ചു തുടങ്ങി എന്നിരിക്കട്ടെ, ശരീരത്തിന്റെ പലയിടങ്ങളില്‍ ചൊറിഞ്ഞ് തടിച്ചാണ് ശരീരം നിക്കലിനെ എതിര്‍ത്തു തുടങ്ങുന്നത്. അവിടെയൊക്കെ ത്വക്കിന്റെ നിറവും ഇരുണ്ടതായി മാറുന്നു.
പിന്നെ അയാള്‍ക്ക് നിക്കല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒന്നും കഴിക്കാന്‍ വയ്യെന്നാകും. (ഗോതമ്പും ഗോതമ്പുല്‍പന്നങ്ങളും, ചിക്കന്‍ ഒഴികെയുള്ള മാംസങ്ങള്‍, കടല്‍ മത്സ്യങ്ങള്‍ എല്ലാംതന്നെ, പയര്‍വര്‍ഗങ്ങള്‍ എല്ലാം, ചോക്ലേറ്റ്, പച്ചക്കറികളില്‍ മിക്കതും, പകുതിയിലധികം പഴവര്‍ഗങ്ങള്‍.. എല്ലാം അലര്‍ജി ഉണ്ടാക്കുന്നവയാണ്). പാത്രങ്ങള്‍, താക്കോലുകള്‍ തുടങ്ങി നിക്കല്‍ അടങ്ങിയ ലോഹക്കൂട്ടുകളില്‍ തീര്‍ത്ത ഒന്നിലും സ്പര്‍ശിക്കാന്‍ പാടില്ല എന്നാകും. കാരണം, നിക്കലിന്റെ അലര്‍ജിയെ നിയന്ത്രിക്കാന്‍പറ്റുന്ന പ്രതിവിധികള്‍ ഇതുവരെയും ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല.
ശരിക്കും പറഞ്ഞാല്‍, പ്രമേഹത്തെക്കാള്‍ പതിന്മടങ്ങ് ഭീകരനാണ് ഇവന്‍. ഭക്ഷണവും ജീവിതശൈലിയും ആകെപ്പാടെ മാറിപ്പോകും. നിക്കല്‍ അലര്‍ജിയുള്ള ഒരാള്‍ക്ക് അത്രമേല്‍ കരുതലോടും സൂക്ഷ്മതയോടും കൂടെ മാത്രമേ വല്ലതും ഭക്ഷിക്കാനും എന്തിലെങ്കിലും തൊടാനും ആവൂ.
ഒന്നോര്‍ത്തു നോക്കൂ, തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സമയത്താണ് നമ്മളില്‍ പലരുടെയും ജീവിതം മാറിമറിഞ്ഞത്. ഒരിക്കലും വിചാരിക്കാത്ത നേരത്താണ് വിളിക്കാത്ത അതിഥിയായി ചില സഹനങ്ങളും ദുരിതങ്ങളും ജീവിതത്തിലേക്ക് കയറിവരുന്നത് – ചില മനുഷ്യര്‍ക്ക് നിക്കല്‍ അലര്‍ജി പോലെ…
അത്രമേല്‍ പ്രിയപ്പെട്ട ഒരാളുടെ മരണം.. ജീവിതത്തിലെ ചില പരാജയങ്ങള്‍..
ചിലര്‍ക്ക് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടെ.. ജീവിതത്തിലേക്ക് ചിലവ്യക്തികളുടെ രംഗപ്രവേശനം.. ആലോചിച്ചും പ്രാര്‍ഥിച്ചും എടുത്ത ചില തീരുമാനങ്ങള്‍ വലിയ തിരിച്ചടിയായി മാറുമ്പോള്‍.. അങ്ങേയറ്റം വിശ്വസിച്ചവര്‍ ഒരുക്കിയ ചതികള്‍.. വിലമതിക്കപ്പെടാതെ പോകുന്ന ആത്മാര്‍ഥതകളും സഹനങ്ങളും..
രോഗങ്ങള്‍, അപകടങ്ങള്‍..
പിന്നെ, ജീവിതത്തിന്റെ മുഴുവന്‍ താളം തെറ്റുകയാണ്. ചിരിതമാശകള്‍ അരങ്ങൊഴിയുകയാണ്. സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാതെ ജീവിതം മുന്നോട്ടു ഉന്തേണ്ടിവരികയാണ്.
കുരിശിന്റെ വഴിയില്‍ മിക്കയിടത്തും, ഞൊടിയിടെ ഉത്തരം ലഭിക്കാത്ത അനേകം കയ്പനുഭവങ്ങളെ കാണാം. ക്രിസ്തുവിനും അവന്റെ സ്‌നേഹത്തോടും ചേര്‍ന്ന് നടന്നവര്‍ക്കും, ഇന്നോളം അവന്റെ മുഖത്തെ പ്രണയിച്ച അനേകര്‍ക്കും, നിനയ്ക്കാത്ത നേരത്ത് മരണവും രോഗങ്ങളും സഹനവും..
നിക്കല്‍ അലര്‍ജിക്കാരനോട് ഡോക്ടര്‍മാര്‍ ഇങ്ങനെയാണ് പറയുക. താങ്കള്‍ നിക്കല്‍ അലര്‍ജിക് ആണെന്ന് സ്വയം അംഗീകരിക്കുക. ജീവിതശൈലിയെ, ഭക്ഷണത്തെ ക്രമീകരിക്കുക. കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ പരമാവധി സ്വയം സൂക്ഷിക്കുക. എന്നുപറഞ്ഞാല്‍ ഈ ദുരിതത്തെ കൂടപ്പിറപ്പായി പരാതി പറയാതെ ഏറ്റെടുക്കുക എന്നു മാത്രമാണ് അര്‍ഥം.
സുഹൃത്തേ, നിന്റെ കുരിശിന്റെ വഴിയിലും.. ജീവിതത്തെ മുറിപ്പെടുത്തിയ അനുഭവങ്ങളെയും വ്യക്തികളെയും, മനസ്സുകൊണ്ട് അംഗീകരിക്കുക. മുറിവേറ്റ മനസ്സും, അംഗഭംഗം വന്ന ജീവിതവുമായി പൊരുത്തപ്പെടുക. അതു മാത്രമേ പരിഹാരമുള്ളൂ. തലച്ചോറിനോട് സ്വയം യുദ്ധംചെയ്തും, ആലോചിച്ചും, തര്‍ക്കിച്ചും സങ്കടപ്പെട്ടും നിരാശപ്പെട്ടും പോകാനിനി നേരമില്ല.. അടുത്ത വളവില്‍ ഇറങ്ങാനുള്ളവരല്ലേ നമ്മളെല്ലാവരും!? തോല്‍ക്കുക, അത്രതന്നെ.

ഫാ. അജോ രാമച്ചനാട്ട്




