രക്ഷാകര്‍ത്യസെമിനാറുകളില്‍ പങ്കെടുക്കാനെത്തുന്നത് മാതാപിതാക്കളാണല്ലോ. അമ്മമാരുടെ മാത്രം സംഗമവേദിയായിരുന്ന ഇത്തരം സെമിനാറുകളില്‍ കുറച്ചു വര്‍ഷങ്ങളായി പിതാക്കന്മാരുടെ സാന്നിധ്യവും കണ്ടുവരുന്നുണ്ട്. അച്ഛനമ്മമാര്‍ ഒന്നിച്ചുവരണം എന്ന നിര്‍ദ്ദേശം കുറച്ചൊക്കെ ഫലം കണ്ടുതുടങ്ങി. ദമ്പതികള്‍ ഒന്നിച്ചെത്തുന്ന കാഴ്ച്ച ഇന്ന് തീരെ കുറവല്ല. ദമ്പതികളായി വന്നവരെ അടുത്തടുത്തായി ഇരുത്താന്‍ നിഷ്‌കര്‍ഷിക്കുന്ന പരിശീലകരുണ്ട്. അവര്‍ക്കായി പ്രത്യേക ആക്ടിവിറ്റികള്‍ നടത്തുന്നവരുമുണ്ട്. നിഷ്‌ക്രിയരായും നിശ്ശബ്ദരായുമിരുന്ന് സെമിനാറില്‍ പങ്കെടുത്തുവെന്ന് വരുത്തിത്തീര്‍ത്ത് പിരിഞ്ഞുപോകുന്ന രക്ഷിതാക്കളുടെ സമൂഹത്തിന് മാറ്റം വന്നിട്ടുണ്ട്. ക്രിയാത്മകവും സജീവവുമായ പ്രക്രിയയായി ഇത്തരം സെമിനാറുകള്‍ മാറുന്നുമുണ്ട്.
ക്ലാസിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ദമ്പതികളോട് കൈ ചേര്‍ത്തുപിടിക്കാന്‍ പരിശീലകന്‍ ആവശ്യപ്പെട്ടു. ചിലരൊക്കെ കേള്‍ക്കേണ്ട താമസം കൈപിടിച്ചു. മറ്റുചിലര്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി നിവൃത്തിയില്ലാത്ത മട്ടില്‍ കൈപിടിച്ചു. ആദ്യമായി കൈപിടിച്ച അനുഭവവും അതിന്റെ അനുഭൂതിയുമൊക്കെ ഓര്‍മ്മിപ്പിച്ചിട്ട് നോക്കുമ്പോള്‍ പല ദമ്പതികളും കൈകള്‍ വേര്‍പെടുത്തിയിരുന്നു. ചിലരാകട്ടെ ‘ഞാന്‍ ഇനി ഈ കൈവിടില്ല’ എന്ന മട്ടില്‍ ഇറുകെപ്പിടിച്ചിട്ടുമുണ്ട്. ‘കൈ ചേര്‍ത്തുപിടിക്കാനല്ലേ പറഞ്ഞുള്ളൂ. കൈവിടാന്‍പറഞ്ഞില്ലല്ലോ. ‘ഇതുകേട്ടതും നേരിയ ചമ്മലോടെ പലരും കൈകള്‍ കോര്‍ത്തു.
മാതാപിതാക്കള്‍ മക്കളുടെ മുമ്പില്‍വച്ച് പിണങ്ങരുതെന്നോ മുഖം കറുപ്പിക്കരുതെന്നോ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതൊക്കെ സ്വാഭാവികമായി സംഭവിച്ചെന്നുവരും. അതെല്ലാം മക്കള്‍ കണ്ടെന്നുംവരും. അതേ സമയം ദമ്പതികള്‍ പരസ്പരം പ്രണയിക്കുന്നത് മക്കള്‍ കാണുന്നുമില്ല എന്നതാണ് കുഴപ്പം, മക്കള്‍ കാണേണ്ടത് അവര്‍ കാണണം. ദമ്പതികള്‍ പ്രണയത്തോടെ ഒന്നു കിന്നാരം പറയുന്നത്. ചുമലിലെങ്കിലും ഒന്നു തഴുകുന്നത്, ചേര്‍ത്തുപിടിക്കുന്നത് നെറ്റിമേലെങ്കിലും ഒന്നു ചുംബിക്കുന്നത് ഒക്കെ മക്കള്‍ കാണട്ടെ. അതവരില്‍ ഉളവാക്കുന്ന സന്തോഷഭാവവും സുരക്ഷിതത്വബോധവും ചെറുതല്ല.
ദാമ്പത്യപ്രണയത്തിലെ സ്‌നേഹചുംബനം കണ്ടുവളര്‍ന്നവര്‍ക്ക് കൊച്ചി മറൈന്‍ഡ്രൈവ് പോലുള്ള ഇടങ്ങളില്‍ നടക്കുന്ന ചുംബനസമരങ്ങള്‍ കാണാന്‍ വണ്ടിപിടിച്ചു വരേണ്ടിവരില്ലെന്ന് സൂചിപ്പിച്ചപ്പോള്‍ സദസ്സില്‍ ചിരി പടര്‍ന്നു. ‘എന്നാലിനി ദമ്പതികളായിവന്നവര്‍ ഒന്നു കൈത്തലത്തില്‍ ചുംബിച്ചാലോ?’ എന്നു ചോദിച്ചപ്പോള്‍ പലരും ആദ്യമൊന്ന് സന്ദേഹിച്ചു. പിന്നെ മടിയേതുമില്ലാതെ പരസ്പരം കൈകള്‍ എടുത്തു പിടിച്ച് ചുംബിച്ചു. സുഗതകുമാരികുറിച്ചതു പോലെ പലര്‍ക്കും തോന്നാം:
”നിന്‍ കുളിരിറ്റിറ്റു വീണതെന്‍
പൊള്ളുന്ന നെറ്റിമേലാണല്ലോ.’
അച്ഛനമ്മമാരുടെ ദാമ്പത്യപ്രണയത്തിന്റെ താങ്ങും തണലും മക്കളുടെ ആത്മവിശ്വാസത്തെ വളര്‍ത്തുമെന്നതിന് പുതുകാലത്ത് ഉദാഹരണങ്ങള്‍ ഏറെയാണ്. മറിച്ചായാലുള്ള തളര്‍ച്ചയുടെയും.
******* ******* ******* ******* *******
ഒരു രക്ഷാകര്‍ത്യസെമിനാര്‍ കഴിഞ്ഞ നേരത്ത് ദമ്പതികളായ രണ്ടുപേര്‍ അരികിലെത്തി. ഭാര്യ പറഞ്ഞു: ”സാറിനൊരു സ്‌പെഷ്യല്‍ താങ്ക്സ് പറയാന്‍ വന്നതാ, ഞങ്ങളെ ഒരുമിച്ചിരുത്തി ക്ലാസെടുത്തതിന്. ഇദ്ദേഹമൊരു ബിസിനസുകാരനാ. അടുത്തിരിക്കാനോ വര്‍ത്തമാനം പറയാനോ നേരമില്ല. ഒത്തിരിനാള്‍ കൂടി ഇന്ന് ഇത്രയും നേരം അടുത്തിരിക്കാന്‍ പറ്റിയത്, ഒന്നിച്ചിരിക്കാന്‍ പറഞ്ഞതുകൊണ്ടാ.”
അരികില്‍നിന്ന ഭര്‍ത്താവാണ് ബാക്കി പറഞ്ഞത്: ”ഈ ഒന്നര മണിക്കൂറും ഇവളെന്റെ കൈപിടിച്ച് മടിയില്‍ വച്ചിരിക്കുകയായിരുന്നു.’
‘സാറ് പറയുന്നതിനു മുന്‍പേ ഞങ്ങള്‍ കൈകള്‍ ചേര്‍ത്തുപിടിച്ചു.’ ഭാര്യ ഉത്സാഹത്തോടെ കൂട്ടിച്ചേര്‍ത്തു.
ഇതില്‍പരം എന്തു നന്മയാണ് ഒരുരക്ഷാകര്‍ത്യ സെമിനാറില്‍നിന്ന് ലഭിക്കേണ്ടത്? വിവാഹം കഴിഞ്ഞ് സംവത്സരങ്ങള്‍ പിന്നിടുമ്പോള്‍ ദാമ്പത്യസ്‌നേഹം കൂടിവരണം. അത് കുറഞ്ഞുവരുന്നെങ്കില്‍ തിരിച്ചറിയാനും ഒരു മണിക്കൂറെങ്കിലും
ഒരുമിച്ചിരിക്കാനും കഴിയുന്നുണ്ടെങ്കില്‍ അതല്ലേ പ്രധാനം? അതിന്റെ അനുരണനങ്ങള്‍ മക്കളില്‍ ഉണ്ടാക്കുന്ന ഉണര്‍വും ഉത്സാഹവും ഒട്ടും നിസ്സാരമല്ലല്ലോ!

ഷാജി മാലിപ്പാറ




