നിമിഷ റോസ്
ഒരപകടത്തിനുശേഷം ആരുടെയും ജീവിതം പിന്നെ പഴയതല്ല. എത്രയോ പരിമിതികളോട് പൊരുത്തപ്പെടണം പിന്നെ അയാൾക്ക്. എന്നാൽ, ഒരപകടത്തിനു ശേഷം ഇവിടെയൊരാൾക്ക് ജീവിതം കുറേക്കൂടി മെച്ചപ്പെട്ടതാകുന്നു. അതും നൂറുശതമാനം അംഗപരിമിതിയുണ്ടായിരുന്ന ഒരാളുടെ ജീവിതം. അത്തരം ഒരപൂർവ കഥയാണ് ബിനുവെന്ന ഈ ചെറുപ്പക്കാരന്റേത്.
ദേവാലയത്തിലെ ചില്ലു വാതിലിനു പുറത്ത് അടുക്കിവച്ചിരിക്കുന്ന കസേരകൾക്കിടയിൽ ആരുടെയും ശ്രദ്ധയിൽ പെടാത്ത വിധം പ്രാർഥിക്കാൻ ഇരിക്കുന്ന ഒരു കുഞ്ഞു മനുഷ്യൻ ആയിട്ടായിരുന്നു ബിനു എന്ന യുവാവുമായുള്ള ആദ്യ കൂടിക്കാഴ്ച്ച. തൃശ്ശൂർ ഒല്ലൂരുള്ള 38 കാരനായ ആ യുവാവിനെ ആരും ഒന്നു നോക്കുംവിധം ഉയരത്തിലും ആകാരത്തിലും രോഗം പിടിമുറുക്കിയിട്ടുണ്ട്. എല്ലുകൾ നുറുങ്ങുന്ന അപൂർവ രോഗം സമ്മാനിച്ച പരിമിതികൾക്കിടയിലും ദൈവവിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തിൽ സുദൃഢമാക്കപ്പെട്ട വ്യക്തിത്വവും സംഭാഷണങ്ങളുമാണ് ആ യുവാവിനെ വ്യത്യസ്തനാക്കുന്നത്.
പച്ചവെള്ളം പോലും മുറിപ്പെടുത്തിയ കാലം
എല്ലുകൾ നുറുങ്ങുന്ന അപൂർവ രോഗത്തിന്റെ ഭീകരത വളരെ വലുതായിരുന്നു. ശ്രദ്ധയില്ലാതെ ശരീരത്തിൽ ഒഴിക്കുന്ന ഒരു കപ്പ് വെള്ളം പോലും അസ്ഥികളിൽ ഒടിവുണ്ടാക്കുന്നതായിരുന്നു എന്നാണ് ബിനുവിൻ്റെ അനുഭവം. ശക്തിയായി ചുമച്ച അവസരങ്ങളിലും ബസ് യാത്രകളിലും എല്ലിന് ഒടിവുണ്ടായ അനുഭവങ്ങളും നിരവധിയായിരുന്നു. അസ്ഥികളിൽ പ്രത്യേകിച്ച് മുട്ടിനു കീഴിലുള്ള അസ്ഥിയിൽ വന്ന വലിയ വളവും ബിനുവിന്റെ ദൈനംദിന ജീവിതത്തെ ഏറെ വേദനാജനകമാക്കിയിട്ടുണ്ട്.
അമ്മയുടെ ചിറകിൻ കീഴിൽ
അമ്മയിൽ നിന്നും പൈതൃകമായി ലഭിച്ച ഈ അപൂർവ രോഗം ബിനുവിനെ മാത്രമല്ല ബിനുവിന്റെ സഹോദരൻ ബിൻ്റോയെയും ബാധിച്ചിട്ടുണ്ട്. ഏക സഹോദരി മാത്രം ഈ രോഗത്തിൽ നിന്നും വിമുക്തയാണെങ്കിലും അവരെ ഏറെ നൊമ്പരപ്പെടുത്തിയത് മറ്റൊന്നായിരുന്നു. ജീവിത പങ്കാളിയുടെയും മക്കളുടെയും രോഗത്തിലും ദുരിതങ്ങളിലും വീടു വിട്ടിറങ്ങിപ്പോയ അപ്പൻ അവരുടെ തീരാദുഃഖമായിരുന്നു. എങ്കിലും, തന്റെ മക്കളെ ഒരു തള്ളക്കോഴി തൻ്റെ ചിറകിൻ കീഴിൽ സംരക്ഷിക്കുന്നതുപോലെ ആ അമ്മ വളർത്തിയെടുത്തു. ഇന്ന് അമ്മ രോഗത്തിൻ്റെ ക്ലേശങ്ങളിൽ ആണെങ്കിലും ആ അമ്മയ്ക്കൊപ്പം മക്കളുണ്ട്.
ചിതറിക്കപ്പെട്ട അസ്ഥികളും ഉയർത്തെഴുന്നേല്പ്പും
എസ്. എസ്. എൽ. സി യും ഐടി. ഐ. യും പാസായതിനു ശേഷം സി എം ഐ ഫാദേഴ്സിന്റെ സ്ഥാപനമായ ആലുവ കൃപാഭവനിൽ ഇലക്ട്രോണിക്സ് പഠനം ആരംഭിച്ചെങ്കിലും അതു പൂർത്തിയാക്കാൻ ബിനുവിൻ്റെ ആരോഗ്യം അനുവദിച്ചില്ല. സ്വന്തമായി ചിത്രങ്ങൾ വരച്ച് വില്പനയ്ക്ക വച്ചും മറ്റും കുടുംബത്തിലെ കാര്യങ്ങളിൽ അമ്മയ്ക്ക് കൈത്താങ്ങായിരുന്ന നാളുകളിലായിരുന്നു അപ്രതീക്ഷിതമായി ബിനു ഒരു വാഹനാപകടത്തിൽപ്പെടുന്നത്. ചെറിയൊരു ആഘാതം പോലും താങ്ങാനാവാത്ത ബിനുവിൻറെ അസ്ഥികൾ ചിതറിപ്പോയ അവസ്ഥയായിരുന്നു അപ്രതീക്ഷിതമായ ആ അപകടം. ഇരു കൈകളും കൈക്കുഴയിൽ നിന്ന് തെന്നിപ്പോയി. ഒട്ടേറെ ഒടിവുകളും നിരവധി മുറിവുകളുമായാണ് ബിനു മരണത്തെ അതിജീവിച്ചത്. നിരവധി ചികിത്സകളും മരുന്നുകളുമായി ഒരു വർഷത്തോളം ബിനു കിടക്കയിൽത്തന്നെ കഴിഞ്ഞു.
‘എന്റെ അമ്മയുടെയും മറ്റൊരുപാട് സുമനസ്സുകളുടെയും സഹായമായിരുന്നു ആ നാളുകളിൽ എന്നെ ജീവിക്കാൻ അനുവദിച്ചത്’ ബിനു പങ്കുവച്ചു. പുത്തൻവേലിക്കരയിൽ ബ്രദർ ജോയ് നയിച്ചിരുന്ന ധ്യാനത്തെക്കുറിച്ച് കേട്ടറിഞ്ഞ് ബിനുവിനെ എടുത്തുകൊണ്ടായിരുന്നു ധ്യാനത്തിനു പോകുന്നത്. അത് ബിനുവിന്റെ ജീവിതത്തിലെ ഒരു ഉയർത്തെഴുന്നേല്പായിരുന്നു. ‘ആ ധ്യാനത്തിൽ വച്ച് ഞാനെൻ്റെ അപ്പനോട് ക്ഷമിച്ചു. എന്റെ അസുഖം മാറിയില്ലെങ്കിലും അന്നുമുതൽ എന്റെ എല്ലുകൾ ബലപ്പെട്ടു. വലിയ ഒടിവുകൾ ഒന്നും പിന്നെ എൻ്റെ ശരീരത്തിൽ ഉണ്ടായിട്ടില്ല.’
ചിത്രങ്ങൾ സൂക്ഷിക്കാത്ത ആർട്ടിസ്റ്റ്
അഞ്ചു വയസ്സിൽ നിർണ്ണയിക്കപ്പെട്ട എല്ലുകൾ നുറുങ്ങുന്ന അപൂർവ രോഗം ബിനുവിനെ ജീവിത ചുറ്റുപാടുകളുടെ പരിമിതികൾ കൊണ്ട് പ്രേക്ഷിതാരം സിസ്റ്റേഴ്സ് നടത്തുന്ന ‘ഹോം ഓഫ് ഫെയ്ത്ത്’ എന്ന സ്ഥാപനത്തിലെത്തിച്ചു. പരസഹായം കൂടാതെ നടക്കാൻ സാധിക്കാതിരുന്ന ആ നാളുകളിൽ ബിനു ഇരന്നു നിരങ്ങിയായിരുന്നു എല്ലായിടത്തും എത്തിയിരുന്നത്. എസ്. എസ്. എൽ. സി. പഠനം പൂർത്തിയാക്കിയതോടൊപ്പം കലയുടെ ലോകത്തേക്കും ബിനു വളർന്നിരുന്നു. രോഗം സമ്മാനിച്ച ശരീരത്തിൻ്റെ പരിമിതികളിൽ തന്റെ ആകാരത്തെക്കുറിച്ച് നിഷേധാത്മകമായി ചിന്തിച്ചും ഉൾവലിഞ്ഞും പൊതുവേദികളിലും ഫോട്ടോഗ്രാഫുകളിലും പ്രത്യക്ഷപ്പെടാറില്ലെങ്കിലും ക്യാൻവാസുകളിൽ ചിത്രം വരയ്ക്കാനുള്ള സിദ്ധിയിൽ ബിനു മുൻപന്തിയിലായിരുന്നു. ധാരാളം ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും എക്സിബിഷനുകളിലൂടെ വില്പനയ്ക്കു വച്ചിട്ടുണ്ടെങ്കിലും സ്വന്തമായി വരച്ച ഒരു ചിത്രം പോലും അദ്ദേഹത്തിന്റെ കയ്യിൽ ഇല്ല.
ആർട്ടിസ്റ്റിൽ നിന്ന് മിഷനറിയിലേക്ക്
ആരുടെയെങ്കിലും സഹായമില്ലാതെ സ്വയമായി നടക്കാൻ സാധിക്കാതിരുന്ന ബിനു എല്ലുകൾ ബലപ്പെട്ടതോടെ സ്വയമായി നടന്നു തുടങ്ങി. ഒരു ആർട്ടിസ്റ്റിൽ നിന്ന് ഒരു മിഷനറിയായി മാറാനുള്ള ദൈവഹിതം വെളിപ്പെട്ടത് മറ്റൊരു വഴിയെ ആയിരുന്നു. പതിവായി ചിത്രം വരച്ചിരുന്ന ബിനുവിന് ചായങ്ങളും ക്യാൻവാസു മൊത്തുമുള്ള സമയങ്ങൾ അലർജികൾക്കുകാരണമായി. ആ നാളുകളിലാണ് ജീസസ് യൂത്തുമായും എം. എസ്. എഫ്. എസ്. ഫാദേഴ്സിന്റെ മിഷൻ പ്രവർത്തനങ്ങളുമായി പരിചയപ്പെടുന്നത്. അത് പുതിയ ദൗത്യങ്ങളും അനുഭവങ്ങളും ബിനുവിനു സമ്മാനിച്ചു.
പ്രാർഥനയുടെ മിഷനറി
ഗുജറാത്തിലുള്ള എം.എസ്.എഫ്.എസ് വൈദികർ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങൾക്ക് ആത്മീയ ഇന്ധനം നല്കാൻ ബിനുവിനെ കൂടെ കുട്ടി. അങ്ങനെ മധ്യസ്ഥ പ്രാർഥനയ്ക്കായി ബിനു ഗുജറാത്തിലെ ഗ്രാമങ്ങളിലെത്തി. നീണ്ട മണിക്കൂറുകൾ പ്രാർഥിക്കാൻ മടുപ്പില്ലാത്ത ബിനു ലോകത്തിനു മുഴുവൻ വേണ്ടി മധ്യസ്ഥനായി. ഇപ്പോൾ കുറച്ചു നാളുകളായി അമ്മയ്ക്കു സുഖമില്ലാത്തതിനാൽ നാട്ടിലാണ്. അപ്പോഴും പ്രാർഥനയ്ക്കു കുറവൊന്നുമില്ല ഒല്ലൂർ വിശുദ്ധ എവുപ്രാസിയമ്മയുടെ ദേവാലയത്തിൽ രാവിലെ പത്തുമണിക്കെത്തുന്ന പ്രാർഥനയുടെ ഈ മിഷനറി നാലു മണിവരെ ആറുമണിക്കൂർ തുടർച്ചയായി ദിവ്യകാരുണ്യ സന്നിധിയിൽ ഇരുന്നു പ്രാർഥിക്കുന്നു. ഉച്ചഭക്ഷണം ഉപേക്ഷിച്ചുള്ള പ്രാർഥന.
പ്രാർഥന മാത്രമല്ല, മദ്യപാനം പോലുള്ള ദുശ്ശീലങ്ങളുള്ള ആളുകളെ ധ്യാനത്തിനു പോകാൻ പ്രേരിപ്പിച്ചുകൊണ്ട് അവരുടെ ജീവിതത്തെ വീണ്ടെടുക്കാനും ഈ ചെറുപ്പക്കാരൻ ശ്രദ്ധിക്കുന്നു.
പെട്രോളിന്റെ അത്ഭുതം
ഒരുപാട് പരിമിതികളിലൂടെയും പരാധീനതകളിലൂടെയുമാണ് കടന്നുപോകുന്നതെങ്കിലും യേശുവിനെ അനുഭവിച്ചതിനുശേഷം തന്റെ കാര്യങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ലെന്നു ബിനു പറയുന്നു. അത്ഭുതകരമായ ആ പരിപാലനയുടെ നിമിഷങ്ങൾ ഒത്തിരിയേറെ അനുഭവിക്കാറുണ്ടെന്നു ബിനു പറയുന്നു.
അപകടത്തെ അതിജീവിച്ച നാളുകളിൽ പ്രാർഥനയിലൂടെ മിഷനെ ശക്തിപ്പെടുത്താനായിരുന്നു ബിനു പരിശ്രമിച്ചത്. പതിവുപോലെ ഒരു ദിവസം തന്റെ മുച്ചക്ര വാഹനവുമായി ബിനു ഒല്ലൂരുള്ള വിശുദ്ധ എവുപ്രാസ്യമ്മയുടെ കബറിടത്തിൽ പ്രാർഥിക്കാൻ എത്തി. വരുന്ന വഴിയിൽ വച്ചുതന്നെ പെട്രോൾ തീരും എന്ന സിഗ്നൽ ലഭിച്ചിരുന്നു. കയ്യിൽ പൈസ ഉണ്ടാകാതിരുന്നതിനാൽ പെട്രോൾ തീർന്നാൽ എന്തുചെയ്യും? വഴിയിൽ വച്ചു വണ്ടി നിന്നു പോയാൽ ഇറങ്ങി തള്ളാൻപോലും എനിക്കു കഴിയില്ലല്ലോ എന്നീ ചിന്തകളോടെയായിരുന്നു ബിനു ദേവാലയത്തിൽ ഇരുന്നത്. അപ്രതീക്ഷിതമായി പുറകിൽ നിന്ന് ഒരാൾ വിളിക്കുന്നതുകണ്ട് തിരിഞ്ഞു നോക്കിയപ്പോൾ അയാൾ 50 രൂപ നീട്ടി പിടിച്ചിരിക്കുന്നു. ആകാരം കണ്ട് യാചകനോ മറ്റോ ആണെന്നു കരുതി പൈസ തരുന്നതായിരിക്കുമോ എന്ന ചിന്തയോടെ അത് വ്യക്തമാക്കാനായി ബിനു ചോദിച്ചു: നേർച്ച ഇടാൻ ആണോ? അപ്പോൾ ഭാവ വ്യത്യാസങ്ങളില്ലാതെ 50 രൂപ നീട്ടി പിടിച്ചയാൾ പറഞ്ഞു: വണ്ടിയൊക്കെ ഉള്ളതല്ലേ? പെട്രോൾ അടിക്കാൻ വേണ്ടി തന്നതായിരുന്നു. ‘എനിക്കും എന്റെ ദൈവത്തിനും മാത്രം അറിയാവുന്ന ആ ഇല്ലയ്മ ദൈവം മൂന്നാമതൊരാളിലൂടെ നികത്തിയ ആ നിമിഷം ഓർക്കുമ്പോൾ നന്ദിയാൽ കണ്ണുകൾ നിറയാറുണ്ട്. ഇന്നും ഇതുപോലെ എനിക്കു വേണ്ടി ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കാറുണ്ട്.’ ബിനു പങ്കുവച്ചു.
ഒരിക്കൽ തന്റെ പരിമിതികളിൽ ഏറെ ദുഃഖിതനും നിരാശനുമായിരുന്ന ഈ യുവാവ് ഇന്ന് ആത്മവിശ്വസത്തോടും വിടർന്ന കണ്ണുകളോടും കൂടി സംസാരിക്കുകയും മറ്റുള്ളവരോടിടപെടുകയും ചെയ്യുന്നു. ശാരീരിക പരിമിതികൾ ഒട്ടേറെയുണ്ട്. പക്ഷേ, ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്ന യേശുവിൻ്റെ വാക്കുകൾ അവന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു. “ഈ ശരീരം ഇങ്ങനെയൊക്കെത്തന്നെ ഇരുന്നാൽ മതി. ഒരു സൗഖ്യവും വേണ്ട. ആത്മാവിന്റെ കാര്യമാണല്ലോ പ്രധാനം” നിറചിരിയോടെ ഈ യുവാവ് പറയുമ്പോൾ ആരോഗ്യമുള്ളവരായ നമുക്കുള്ള ഒരു വെല്ലുവിളി കൂടിയാണ്. അതെ, ശരീരമാണ് സർവതും എന്നു കരുതി ജീവിക്കുന്ന നമുക്കുള്ള വെല്ലുവിളി.