Monday, June 8, 2026

സ്വർഗ്ഗത്തിലെ ഇരട്ടപ്പൂക്കൾ

2025 ഒക്ടോബർ 

ഇറ്റലിക്കാരായ രണ്ടു യുവാക്കള്‍ ഒരുമിച്ച് വിശുദ്ധരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു. അവരില്‍ ഒരാള്‍ ഇതിനകംതന്നെ ലോകത്തിന്റെ ഹൃദയം കവര്‍ന്നു കഴിഞ്ഞു. 1991 ല്‍ ജനിച്ച് 2006 ല്‍ വെറും പതിനഞ്ചു വയസ്സില്‍ മരണമടഞ്ഞ കാര്‍ലോ അക്കുത്തിസ്. അടുത്തയാള്‍ പിയര്‍ ജോര്‍ജോ ഫ്രസാത്തി എന്ന 24 കാരനാണ്. 1901 ല്‍ ജനിച്ച് 1925 ല്‍ മരണമടഞ്ഞു. ഇന്നുള്ള തലമുറ ജനിക്കുന്നതിനു മുമ്പ് മരണമടഞ്ഞതിനാല്‍ ജോര്‍ജോ ഇതുവരെ നമുക്കത്ര പരിചിതനല്ലായിരുന്നു. പക്ഷേ, ആര്‍ക്കും മാതൃകയാക്കാവുന്ന സുന്ദര ജീവിതമായിരുന്നു അവന്റേത്. നാളിതുവരെ നമ്മള്‍ കണ്ടുപരിചയിച്ച വിശുദ്ധരുടെ ചിത്രങ്ങളല്ല ഇരുവരുടേതും എന്നൊരു സവിശേഷത കൂടിയുണ്ട്. ജീന്‍സും ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് തോളില്‍ കംപ്യൂട്ടറും കയ്യില്‍ മൊബൈല്‍ ഫോണും ക്യാമറയുമൊക്കെയായി ഒരു കുസൃതിചിരിയോടെ നില്‍ക്കുന്ന കാര്‍ലോയ്ക്ക് ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു അടിപൊളി ലുക്ക്.

ജോര്‍ജോയാകട്ടെ കൂട്ടുകാരോടൊപ്പം കളിതമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ആര്‍ത്തുല്ലസിച്ചും നടന്ന പയ്യനാണ്. ചുണ്ടില്‍ പുകവലിക്കുന്ന പൈപ്പ് വച്ച് ഒരു പര്‍വതാരോഹകന്റെ വേഷത്തില്‍ വലിയൊരു മലയുടെ മുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന നിറ യൗവ്വനം.

ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്‌തോലന്‍, ദൈവത്തിന്റെ ഇന്‍ഫ്‌ളുവന്‍സര്‍, ആദ്യ മില്ലേനിയല്‍ വിശുദ്ധന്‍ എന്നൊക്കെയാണ് കാര്‍ലോയെന്ന ന്യൂജെന്‍ വിശുദ്ധന്‍ വിശേഷിപ്പിക്കപ്പെടുന്നത്. കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കാനും പോക്കിമോന്‍ ഉള്‍പ്പെടെയുള്ള വീഡിയോ ഗെയിമുകള്‍ കളിക്കാനും കുട്ടിക്കുറുമ്പു കാട്ടാനും മറ്റു കുട്ടികളെപ്പോലെ കാര്‍ലോയും ഇഷ്ടപ്പെട്ടിരുന്നു. എന്നിട്ടും ഈ കുട്ടി എങ്ങനെ വിശുദ്ധനായി?

‘ഇല്ല, എന്നു പറയുന്നതിലൂടെ മാത്രമേ, നിങ്ങള്‍ക്ക് ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയൂ’ എന്ന സ്റ്റീവ് ജോബ്‌സിന്റെ വാക്കുകള്‍ കാര്‍ലോയെ ഏറെ സ്വാധീനിച്ചിരുന്നു. അങ്ങനെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്തെന്ന് കുഞ്ഞുപ്രായത്തിലേ അവന്‍ തിരിച്ചറിഞ്ഞു. അത് ആത്മീയ ജീവിതമായിരുന്നു. പരിശുദ്ധ കുര്‍ബാനയോടും പരിശുദ്ധ അമ്മയോടും അഗാധമായ ഭക്തിയും സ്‌നേഹവും പുലര്‍ത്തിയിരുന്ന കാര്‍ലോയ്ക്ക് പരിശുദ്ധ കുര്‍ബാന സ്വര്‍ഗത്തിലേക്കുള്ള ഹൈവേ ആയിരുന്നു. പരിശുദ്ധ അമ്മയാകട്ടെ, ജീവിതത്തിലെ ഏക സ്ത്രീയും. ആ ബന്ധത്തിനു തടസ്സമായേക്കാം എന്നു തോന്നിയ എല്ലാ കാര്യങ്ങളോടും അവന്‍ ‘നോ’ പറഞ്ഞു. വീഡിയോ ഗെയിമുകള്‍ ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ മാത്രം എന്നു പരിമിതപ്പെടുത്തി. കൊച്ചു കൊച്ചു പ്രായശ്ചിത്തങ്ങള്‍ എന്ന നിലയില്‍ ചോക്ലേറ്റ്, മിഠായി തുടങ്ങിയ ഇഷ്ടവിഭവങ്ങള്‍ വേണ്ടെന്നുവച്ചു. പരിശുദ്ധ കുര്‍ബാനയോടും പരിശുദ്ധ അമ്മയോടുമുള്ള ഭക്തി ലോകമെങ്ങും പ്രചരിപ്പിക്കാന്‍ അവന്‍ ആഗ്രഹിച്ചു.

വളരെ ചെറിയ പ്രായത്തില്‍ത്തന്നെ കംപ്യൂട്ടറിലും ഇന്റര്‍നെറ്റിലും ലഭിച്ച പരിജ്ഞാനം ഈ രണ്ടു ഭക്തിയും പ്രചരിപ്പിക്കാനുള്ള ഉപാധിയായി അവന്‍ കണ്ടെത്തി. തിരുസഭ അംഗീകരിച്ചിട്ടുള്ള, ലോകത്ത് ഇന്നുവരെ നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും ഉള്‍പ്പെടുത്തി ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുക. അതായിരുന്നു അന്ന് പതിനൊന്നു വയസ്സു മാത്രം പ്രായമുള്ള കുഞ്ഞു കാര്‍ലോയുടെ പദ്ധതി. ലോകം മുഴുവനിലുമുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ഔദ്യോഗിക രേഖകളും ചിത്രങ്ങളും ശേഖരിച്ചത് ആ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു. അതുപോലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങള്‍ നടന്ന കഴിയുന്നത്ര ദേവാലയങ്ങളും സന്ദര്‍ശിച്ചു. മാതാപിതാക്കളോടൊപ്പമായിരുന്നു കാര്‍ലോയുടെ ഈ യാത്രകള്‍. രണ്ടര വര്‍ഷം കൊണ്ടാണ് ഈ അന്വേഷണവും പഠനവും പൂര്‍ത്തിയായത്. രണ്ടു പാനലുകളായി 143 അത്ഭുതങ്ങളുടെ രേഖകളും ചിത്രങ്ങളും ഉള്‍പ്പെടുത്തി ഒരു വെര്‍ച്വല്‍ മ്യൂസിയം എന്ന നിലയിലാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തത്.

കുസൃതിയും കുട്ടിക്കളിയുമൊക്കെ കാര്‍ലോയ്ക്കുമുണ്ടായിരുന്നെങ്കിലും ഉന്നതമായ ജീവിത ദര്‍ശനങ്ങള്‍ അവനുണ്ടായിരുന്നു. ‘എപ്പോഴും യേശുവില്‍ ഒന്നായിരിക്കുക; അതാണ് എന്റെ ജീവിത പദ്ധതി’, കാര്‍ലോ പറഞ്ഞു. ‘ഒരേ ഒരുകാര്യം മാത്രമേ നാം ദൈവത്തോട് പ്രാര്‍ഥിക്കേണ്ടതുള്ളൂ, അത് വിശുദ്ധിയില്‍ ജീവിക്കാനുള്ള കൃപയാണ്.’ അവന്റെ ഈ വാക്കുകളില്‍ നിന്ന് വിശുദ്ധിക്ക് എന്തുമാത്രം പ്രാധാന്യം കൊടുത്തിരുന്നു എന്നു മനസ്സിലാക്കാം. പതിനഞ്ചാം വയസ്സില്‍ മരണം മുന്നില്‍ വന്നു വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍ എത്ര സംശുദ്ധമായിരുന്നു ആ ജീവിതമെന്നതിന് സാക്ഷ്യമാണ്: ‘മരിക്കാന്‍ എനിക്കു സന്തോഷമാണ്. കാരണം, ദൈവത്തെ പ്രസാദിപ്പിക്കാത്ത കാര്യങ്ങളില്‍ ഒരുമിനിറ്റ് പോലും പാഴാക്കാതെ ഞാന്‍ ജീവിച്ചു.’

പാവങ്ങളോട് അതീവ കരുണ പ്രദര്‍ശിപ്പിച്ചിരുന്ന അവന്റെ വിശുദ്ധിയും തീക്ഷ്ണതയും മറ്റുള്ളവരെക്കൂടി ദൈവത്തിലേക്കടുപ്പിച്ചു. അതില്‍ അവന്റെ അമ്മയുമുണ്ടായിരുന്നു! ദൈവത്തിലോ ദൈവികകാര്യങ്ങളിലോ താല്പര്യമില്ലാതിരുന്ന ആ അമ്മ കാര്‍ലോയുടെ ജീവിതം കണ്ട് വിശ്വാസത്തിലേക്കു തിരികെ വന്നു. ‘ദിവ്യകാരുണ്യത്തില്‍ യഥാര്‍ത്ഥത്തില്‍ യേശു ഉണ്ടെന്നും ഞാന്‍ വിശ്വസിച്ചത് കാര്‍ലോയുടെ വിശ്വാസം കണ്ടാണ്’ – അമ്മ സാക്ഷ്യപ്പെടുത്തുന്നു.

*ഇറ്റലിയിലെ പ്രസിദ്ധവും സമ്പന്നവുമായ ഫ്രസാത്തി കുടുംബത്തിലായിരുന്നു പിയര്‍ ജോര്‍ജോ ഫ്രസാത്തിയുടെ ജനനം. അപ്പന്‍ ഇറ്റലിയിലെ സെനറ്ററും ജര്‍മ്മന്‍ അംബാസഡറുമായിരുന്നു. അമ്മ ചിത്രകാരി. അവരുടെ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല. എങ്കിലും, സമ്പത്തിന്റെയും പ്രശസ്തിയുടെയും നടുവില്‍ ജനിച്ചുവളര്‍ന്ന ജോര്‍ജോയ്ക്ക് ആഢംബരമായി ജീവിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. പക്ഷേ, ദൈവത്തെ മാത്രം വലംവച്ചുകൊണ്ടിരുന്ന അവന്റെ ഹൃദയം പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിലായിരുന്നു ആനന്ദം കൊണ്ടത്. എന്നാല്‍, അവന്‍ വെറുമൊരു പരലോക പാറ്റയായിരുന്നില്ല. അവന്റെ തമാശകളും പൊട്ടിച്ചിരികളും ഒക്കെയാണ് കൂട്ടുകാരുടെ ഓര്‍മയില്‍. അവരോടൊപ്പം അടിച്ചുപൊളിച്ചു നടക്കുന്നതിനിടയില്‍ തന്റെ വിശ്വാസം ഏറ്റുപറയാനും പ്രകടിപ്പിക്കാനും അവന്‍ ലജ്ജിച്ചില്ല.

മലകയറ്റമായിരുന്നു പ്രധാന വിനോദം. സമാന താല്പര്യമുള്ള, ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന വലിയൊരു സുഹൃദ്‌വലയത്തിന്റെ നേതാവായിരുന്നു അവന്‍. ആ സംഘത്തിന്  ‘ഇരുണ്ട കഥാപാത്രങ്ങള്‍’ (Sinister ones) എന്നു പേരിട്ട് ‘മണ്ടന്മാരുടെ വിശുദ്ധനെ’ന്ന് വിശേഷിപ്പിച്ച ഒരു സാങ്കല്പിക വിശുദ്ധനെ അവര്‍ രക്ഷാ
ധികാരിയുമാക്കി!

എന്നാല്‍, ഇത്തരം വിനോദങ്ങള്‍ക്കിടയില്‍ അവനെ വ്യത്യസ്തനാക്കിയത് അവന്റെ ആന്തരിക ലോകമായിരുന്നു. തങ്ങള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഭൗതിക കാര്യങ്ങളെ ആത്മീയ വളര്‍ച്ചയ്ക്കുള്ള വഴികളാക്കിമാറ്റാനുള്ള കല അവനറിയാമായിരുന്നു. രാത്രി മുഴുവന്‍ പ്രാര്‍ഥനയില്‍ ചെലവഴിച്ചതിനു ശേഷമായിരുന്നു പലപ്പോഴും മലകയറ്റം. മല കയറുന്നതിനു മുമ്പ് ഒരുമിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും ജപമാല ചൊല്ലിക്കൊണ്ട് മലകയറാനും അവന്‍ കൂട്ടുകാര്‍ക്ക് ഉത്തേജനം നല്‍കി. അതു മലകയറ്റം എളുപ്പമാക്കുന്നത് അവരനുഭവിച്ചു.

ആത്മീയ ജീവിതത്തെയും ഒരു മലകയറ്റത്തോടാണ് ജോര്‍ജോ ഉപമിച്ചത്. ആ കയറ്റം എളുപ്പമാക്കുന്നത് പരിശുദ്ധ കുര്‍ബാനയും പരിശുദ്ധ അമ്മയുമാണെന്ന് അവന്‍ വിശ്വസിച്ചു. പ്രത്യേക അനുവാദം വാങ്ങി എന്നും വിശുദ്ധ കുര്‍ബാന സ്വീകരിച്ചിരുന്ന ആ ചെറുപ്പക്കാരന്‍ തന്റെ ആത്മീയത വെളിപ്പെടുത്തിയത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. എന്നാല്‍, അവ രഹസ്യമായിരിക്കണം എന്ന് അവന്‍ തീരുമാനിച്ചിരുന്നു. പതിനേഴാം വയസ്സില്‍ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയില്‍ ചേര്‍ന്ന അവന്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി രൂപം കൊണ്ട പീപ്പിള്‍സ് പാര്‍ട്ടിയിലും അംഗമായി. പോക്കറ്റില്‍ എപ്പോഴും അല്പം തടിച്ച പേഴ്‌സുണ്ടായിരുന്നു.
പണമല്ലായിരുന്നു. അതത് ആഴ്ചകളില്‍ സഹായിക്കാനുള്ളവരുടെ പേരും ആവശ്യങ്ങളും അടങ്ങിയ ചെറിയ നോട്ടുബുക്കായിരുന്നു അതില്‍. പലപ്പോഴും വീട്ടില്‍ വൈകിയെത്തി. അത് അവന്റെ അലസതയും ഉഴപ്പും മൂലമെന്ന് വീട്ടുകാര്‍ കരുതി. സത്യമതായിരുന്നില്ല. പലപ്പോഴും യാത്രാടിക്കറ്റ്, അതിനു വശമില്ലാതെ നില്‍ക്കുന്ന ഏതെങ്കിലും സാധുവിന് നല്‍കി അവന്‍ നടന്നും ഓടിയുമൊക്കെയാണ് വീട്ടില്‍ വന്നിരുന്നത്. തന്റെ കോട്ടും ഷൂസുമൊക്കെ ഇല്ലാത്തവര്‍ക്ക് ഊരിനല്‍കി. അവ എവിടെ എന്ന് അന്വേഷിക്കുന്നവര്‍ക്കുള്ള ഉത്തരം ചെറുപുഞ്ചിരിയിലൊതുക്കി. ഫസ്റ്റ് ക്ലാസ്സില്‍ യാത്രചെയ്യാന്‍ കഴിവുണ്ടായിട്ടും എപ്പോഴും തേര്‍ഡ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന അവനോടൊരിക്കല്‍ കൂട്ടുകാര്‍ ചോദിച്ചു: ജോര്‍ജോ എന്തുകൊണ്ടാണ് നീ
ഇങ്ങനെ? നാലാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റ് ഇല്ലാത്തതുകൊണ്ടാണെന്ന് കൂളായ മറുപടി.

പരിചരിച്ച ഒരുരോഗിയില്‍നിന്നു പകര്‍ന്ന പോളിയോ അവന്റെ മരണത്തിനു കാരണമായി. ഒരു സാധാരണ മൃതസംസ്‌കാര ചടങ്ങാണ് വീട്ടുകാര്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍, വിലാപയാത്രയ്ക്കിടെ കണ്ട കാഴ്ച അവരെ അമ്പരപ്പിച്ചു. ടൂറിനിലെ ആയിരക്കണക്കിനു പാവങ്ങള്‍ നെഞ്ചു നീറിക്കരഞ്ഞുകൊണ്ട് ടൂറിന്റെ തെരുവുകളില്‍ തടിച്ചുകൂടി. അപ്പോള്‍ മാത്രമാണ് തങ്ങളുടെ മകന്‍ ശരിക്കും ആരായിരുന്നുവെന്ന് അവര്‍ മനസ്സിലാക്കുന്നത്. അതുവരെ സമ്പത്തിലും പ്രശസ്തിയിലും മയങ്ങിക്കഴിഞ്ഞിരുന്ന അവര്‍ ദൈവത്തിലേക്കു തിരിഞ്ഞു. മാതാപിതാക്കള്‍ക്കിടയിലു
ണ്ടായിരുന്ന നീരസങ്ങള്‍ ഇല്ലാതായി.

രണ്ടു കാലഘട്ടത്തില്‍ ജീവിച്ചവരെങ്കിലും ഈ വിശുദ്ധരിലെ ചില പൊതുവായ ഘടകങ്ങള്‍ ശ്രദ്ധിച്ചുകാണും. രണ്ടുപേരും പരിശുദ്ധ കുര്‍ബാനയോടും പരിശുദ്ധ അമ്മയോടും വലിയ സ്‌നേഹവും ഭക്തിയും പുലര്‍ത്തി. ദരിദ്രരോടുള്ള അനുകമ്പ ഇരുവരിലും പ്രകടമായിരുന്നു. പ്രത്യക്ഷത്തില്‍ രണ്ടുപേരും തങ്ങള്‍ ജീവിച്ച കാലത്തിന്റെ ന്യൂജെന്‍ പ്രതീകങ്ങളായിരുന്നു. ഇരുവരുടെയും ജീവിതം തങ്ങളുടെ മാതാപിതാക്കളുടെ മനസ്സുതിരിവിന് കാരണമായി എന്നതാണു മറ്റൊരു പ്രധാന സവശേഷത.

നമുക്കിവരെപ്പോലെയാകാന്‍ കഴിയില്ല. പക്ഷേ, മനസ്സു വച്ചാല്‍ ആര്‍ക്കും വിശുദ്ധരാകാന്‍ കഴിയുമെന്ന് ഇവരുടെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു. അതിന്‌വലിയകാര്യങ്ങള്‍ അന്വേഷിച്ചുപോകേണ്ട. ആയിരിക്കുന്ന ഇടങ്ങളില്‍, ഏര്‍പ്പെടുന്ന കാര്യങ്ങള്‍ ദൈവത്തോട് ചേര്‍ന്നും അവിടുത്തേക്ക് ഇണങ്ങിയ മട്ടിലും ചെയ്യുക, അതുമതി. അത് എങ്ങനെയായിരിക്കണം എന്നത് അവരവര്‍ തന്നെയാണ് കണ്ടെത്തേണ്ടത്. അല്പകാലം കൊണ്ട് പൂര്‍ണ്ണത പ്രാപിച്ച ഈ കൊച്ചു വിശുദ്ധര്‍ എന്നെ ലജ്ജിപ്പിക്കുന്നു….

Sobha
സി. ശോഭ CSN 

 

Related Articles