Monday, June 8, 2026

അപമാനം

എത്രപേര്‍ ആ വാര്‍ത്ത ഗൗരവത്തിലെടുത്തു എന്നറിയില്ല.  കേരളത്തിലെ പ്രസിദ്ധമായ ഒരു കോളജില്‍ നടന്ന സംഭവമാണ്. ഏതാനും വിദ്യാര്‍ത്ഥികള്‍ കാഴ്ചപരിമിതിയുള്ള തങ്ങളുടെ അദ്ധ്യാപകനെ അപമാനിക്കുന്നവിധം ക്ലാസില്‍ പെരുമാറുകയും അതിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ചിലര്‍ ക്ലാസില്‍ അലസമായിരിക്കുന്നു; വേറെ ചിലര്‍ അങ്ങോട്ടു മിങ്ങോട്ടും നടക്കുന്നു. മറ്റു ചിലര്‍ മൊബൈലില്‍ നോക്കിയിരിക്കുന്നു. ദിവസങ്ങള്‍ക്കു ശേഷം മാത്രം ഈ സംഭവമറിയുന്ന അദ്ധ്യാപകന്റെ പരാതിയനുസരിച്ച് ബന്ധപ്പെട്ട കുട്ടികളെ സസ്‌പെന്‍ഡു ചെയ്തു. ഒട്ടേറെ ന്യായീകരണങ്ങള്‍ ഈ സംഭവവുമായി പുറത്തുവന്നു. അങ്ങനെയൊരു അപമാനം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
അപ്പോഴും, കാഴ്ചയുള്ള ഒരദ്ധ്യാപകന്റെ ക്ലാസില്‍ അവര്‍ ഇങ്ങനെ ചെയ്യാന്‍ ധൈര്യപ്പെടുമോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. എന്തുമാകട്ടെ, താനറിയാതെ തന്റെ വിദ്യാര്‍ത്ഥികള്‍ ചെയ്തകാര്യം വല്ലാതെ വേദനിപ്പിച്ചുവെന്ന് ആ അദ്ധ്യാപകന്‍തന്നെ പറയുന്നു. എങ്കിലും തിരുത്താനുള്ള ഒരവസരമായി ഇതിനെ കാണുകയും അവരുടെ ഭാവിയെക്കരുതി കുട്ടികളെ പഠനത്തിലേക്ക് തിരികെയെത്തിക്കുകയും ചെയ്യണമെന്നാണ് മഹത്വമുള്ള ആ അദ്ധ്യാപകന്റെ അഭ്യര്‍ത്ഥന.

വലിയ ദുഃഖമുളവാക്കിയ വാര്‍ത്തയായിരുന്നു അത്. അഭ്യസ്തവിദ്യരായ കുട്ടികളാണ് തങ്ങളുടെ ഗുരുവിനോട് ഇങ്ങനെ പെരുമാറിയത് എന്നോര്‍ത്തപ്പോള്‍ ഭയവും തോന്നി. ഗുരുക്കന്മാരെപ്പോലും നിന്ദിക്കാന്‍ കൂസലില്ലാത്ത മനോനിലയുള്ള ഈ ഭാവിവാഗ്ദാനങ്ങളില്‍നിന്ന് എന്തു നന്മയാണു പ്രതീക്ഷിക്കേണ്ടത്? ശാരീരിക ന്യൂനതകളെച്ചൊല്ലി മറ്റുള്ളവരെ അപമാനിക്കുന്നതിനു പിന്നില്‍ അറിവില്ലായ്മയാണെന്ന വിചാരം ഏതായാലും മാറിക്കിട്ടി. ‘കുലീനമായ ഒരു വ്യക്തിത്വം രൂപപ്പെടുത്താന്‍ കഴിയാത്ത വിദ്യാഭ്യാസത്തിനു യാതൊരു മൂല്യവുമില്ല’ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ നമ്മുടെ വിദ്യാലയങ്ങളിലും സര്‍വ്വകലാശാലകളിലുമൊക്കെ നിറയെ എഴുതിവയ്‌ക്കേണ്ടതുണ്ടെന്നു തോന്നുന്നു.

നിങ്ങള്‍ക്ക് ഒരാളുടെ മഹത്വം നിര്‍ണയിക്കണമെന്നുണ്ടോ? എങ്കില്‍ അയാള്‍ മറ്റുള്ളവരോട് അതും എളിയവരോട് എങ്ങനെ പെരുമാറുന്നു എന്ന് നിരീക്ഷിച്ചാല്‍ മതി. വലുപ്പമുള്ള മനുഷ്യര്‍ക്കു മാത്രമേ, എളിയമനുഷ്യരോട് ആദരവോടെ പെരുമാറാന്‍ കഴിയൂ. ഫ്രാന്‍സിസ് പാപ്പയെ ലോകം ഇത്രമേല്‍ സ്‌നേഹിക്കുന്നതിനും വിലമതിക്കുന്നതിനും പിന്നില്‍ ഇതുതന്നെയാണു കാരണം. ശരീരം മുഴുവന്‍ മുഴകള്‍
വന്നു വിരൂപനായിത്തീര്‍ന്ന വിനിച്ചിയോ റിവോ എന്ന മനുഷ്യനെ അദ്ദേഹം ആശ്ലേഷിച്ചത് ലോകം എത്ര വിസ്മയത്തോടെയാണു കണ്ടത്. ഉമ്മന്‍ചാണ്ടി സാറിനെക്കൂടി പരാമര്‍ശിക്കാതെ വയ്യ. എളിയ മനുഷ്യരെയും അവരുടെ സങ്കടങ്ങളെയും ഗൗരവത്തിലെടുത്തു എന്നതാണ് അദ്ദേഹത്തിന്റെയും മഹത്വം. തൂവെള്ള വസ്ത്രം ധരിച്ച് ഒരാള്‍ക്കൂട്ടത്തിനിടയിലായിരിക്കുന്ന ഒരവസരം. അദ്ദേഹത്തെ സമീപിക്കാന്‍ ധൈര്യപ്പെടാതെ മുഷിഞ്ഞ വസ്ത്രവുമായി ഒരാള്‍ മാറിനില്ക്കുന്നത് അദ്ദേഹം കണ്ടു. ഉടനെ വിളിച്ചു: വാടോ, എന്നെ വന്ന് ധൈര്യമായി കെട്ടിപ്പിടിച്ചോ. എന്റെ ഷര്‍ട്ടേ മുഷിയുകയുള്ളൂ. ഹൃദയം മുഷിയില്ല!

ബാഹ്യമായ ഘടകങ്ങളല്ല മനുഷ്യന്റെ മഹത്വത്തിനു നിദാനം. അവനില്‍ കുടികൊള്ളുന്ന ആത്മാവാണ്. ആത്മാവിനുള്ള കൂടാരം മാത്രമാണു ശരീരം. അത് എങ്ങനെയായിരിക്കണമെന്ന് നിര്‍ണയിക്കുന്നത് ആ പരമചൈതന്യമാണ്, പാത്രം എങ്ങനെയിരിക്കണമെന്ന് കുശവന്‍ നിര്‍ണയിക്കുന്നതുപോലെ.

കുശവന്‍ കുഴച്ചതാം മണ്ണാണു ഞാന്‍,
കുടമോ കൂജയോ തന്‍ നിശ്ചയം
വക്കൊടിഞ്ഞാലും വളഞ്ഞൊടിഞ്ഞാലും
വല്ലഭന്‍ തൊട്ടതാം മണ്ണല്ലയോ

എന്ന് അംഗപരിമിതനായ ഒരു കുഞ്ഞ് പാടുമ്പോള്‍ നമ്മുടെ കണ്ണുകള്‍ നിറയുന്നത് എന്തുകൊണ്ടാണ്. അതാണു മനുഷ്യന്‍. ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യ ശരീരം എങ്ങനെയിരുന്നാലും അതില്‍ത്തന്നെ പൂര്‍ണമാണ്. അതിനെ നിന്ദിക്കാന്‍ മുതിരുന്നത് സ്രഷ്ടാവിനു നേരെയുള്ള വെല്ലുവിളിയാണ്. അതാര്‍ക്കും നല്ലതിനാവില്ല.

മനുഷ്യന്റെ മഹത്വത്തെക്കുറിച്ചാണ് യേശു നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. വയല്‍പ്പൂവിനെക്കാളും ആകാശത്തിലെ കിളികളെക്കാളും മനുഷ്യന്‍ വിലപ്പെട്ടവനാണെന്നു മാത്രമല്ല, ഒരു മനുഷ്യനെയും നിന്ദിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് എത്ര സീരിയസ്സായിട്ടാണ് അവിടുന്ന് പറഞ്ഞത്. ‘ഈ ചെറിയവരിലാരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും
ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു’ (മത്തായി 18: 10).

മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന സംസാരമോ പെരുമാറ്റമോ എത്ര ഗൗരവമേറിയ തിന്മയാണെന്നും അവിടുന്നു പഠിപ്പിച്ചുതരുന്നുണ്ട്. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പിലും വിഡ്ഢീ എന്നു വിളിക്കുന്നവന്‍ നരകാഗ്നിക്കും ഇരയാകുമത്രേ! (മത്താ 5:22) അതെ, വലിയ സൂക്ഷ്മതയോടും ആദരവോടും കൂടിവേണം മനുഷ്യരോട് ഇടപെടുവാന്‍, പ്രത്യേകിച്ച് എളിയവരോട്. അവര്‍ ആരുമാകാം – ദരിദ്രര്‍, രോഗികള്‍, അംഗപരിമിതിയുള്ളവര്‍, അറിവില്ലാത്തവര്‍, വയോധികര്‍… നിസ്സഹായര്‍… അങ്ങനെ ആരും. ഓരോരോ അപമാനങ്ങള്‍ ഭയന്ന് ഏകാന്തതയിലും വിഷാദത്തിലും കഴിച്ചുകൂട്ടുന്ന എത്രയോ മനുഷ്യര്‍ നമുക്കു ചുറ്റും ഉണ്ടാകും. കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരില്‍ കേള്‍ക്കേണ്ടിവരുന്ന കുത്തുവാക്കുകള്‍ ഭയന്ന് ഇപ്പോള്‍ പുറത്തിറങ്ങാറില്ലെന്നു പറഞ്ഞ ചെറുപ്പക്കാരായ ദമ്പതികളെ ഓര്‍മിക്കുന്നു. ഇത്തരം കാര്യങ്ങളൊന്നും മനുഷ്യന്റെ നിയന്ത്രണത്തിലല്ലെന്നു ചിന്തിക്കാന്‍ മാത്രം വെളിച്ചം തലയിലില്ലാത്തത് എന്തുകൊണ്ടാണ്.

ഇവരോടൊക്കെയുള്ള അനാദരവ് ഇത്ര ഗൗരവമേറിയ തിന്മയായി ദൈവം പരിഗണിക്കുന്നത് എന്തുകൊണ്ടാവാം? പരിമിതികള്‍ ഉള്ളവരെന്ന നിലയില്‍ത്തന്നെ അവരനുഭവിക്കുന്ന ക്ലേശങ്ങള്‍ നമുക്കൂഹിക്കാവുന്നതിലപ്പുറമാണ്. എത്ര പൊരുതിയാലാണ് സ്വന്തം നിലനില്പുപോലും അവര്‍ക്കു സാധ്യമാകുന്നത്. അതിന്റെ വേദനയും ക്ലേശവും എത്രയെന്ന് അവര്‍ മാത്രം അറിയുന്നവയാണ്. കേള്‍ക്കപ്പെടാതെ പോകുന്ന പ്രാര്‍ത്ഥനകളും സ്വന്തം നിസ്സഹായതകളും ഓര്‍ത്ത്  ആരുംകാണാതെ അവരൊഴുക്കുന്ന കണ്ണുനീര്‍ നമ്മള്‍ അറിയണമെന്നില്ല. ജന്മനാ കൈകളില്ലാത്ത ഒരു യുവാവിന്റെ അഭിമുഖം വായിക്കാനിടയായി. കൈകള്‍ തരണേ എന്ന് എന്നും പ്രാര്‍ത്ഥിച്ചിരുന്ന കുട്ടിക്കാലം അയാള്‍ ഓര്‍മ്മിക്കുകയാണ്. ഓരോ പുലരിയിലും ഉണരുമ്പോള്‍ ആദ്യം ശ്രദ്ധിച്ചിരുന്നത് കൈകള്‍ മുളയ്ക്കുന്നുണ്ടോ എന്നായിരുന്നുവത്രേ! ഏതെങ്കിലുമൊക്കെ പരിമിതികള്‍ അനുഭവിക്കുന്ന ഓരോരുത്തര്‍ക്കും പറയാനുണ്ടാകും സമാനമായ കഥകള്‍. ആ ദുഃഖങ്ങള്‍ക്കു മീതെയാണ് മറ്റുള്ളവരുടെ അവമാനവും വന്നുപതിക്കുന്നത്. അതിനെയും അതിജീവിച്ചുകൊണ്ട് മുന്നോട്ടു പോകുക എന്നത് എത്രമേല്‍ കഠിനമാണ്. കാഴ്ചയില്ലാത്ത ആ പ്രൊഫസറെത്തന്നെ ഓര്‍ക്കുക. ഉന്നതമായ ആ പദവിയിലെത്താന്‍ എത്രയോ പ്രതിബന്ധങ്ങള്‍ അദ്ദേഹം മറികടന്നിട്ടുണ്ടാവും. ആ ഒറ്റക്കാരണം കൊണ്ടുതന്നെ കൂടുതല്‍ ആദരവര്‍ഹിക്കുന്നയാളാണ്. എന്നിട്ടും അവമാനിതനാകുക എന്നത് ഏറെ വേദനാജനകമാണ്.

പുരാണങ്ങളിലെ അഷ്ഠവക്രന്‍ എന്ന കഥാപാത്രത്തെ ഓര്‍മിക്കുന്നു. വലിയ വേദപണ്ഡിതനാണ്. എട്ട് ഒടിവുകള്‍ ശരീരത്തിലുള്ളതുകൊണ്ട് കിട്ടിയ പേരാണത്. അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴേ വേദങ്ങള്‍ വായിക്കുന്നത് കേട്ട് മുഴുവന്‍ ഹൃദിസ്ഥമാക്കിയ മഹാപണ്ഡിതന്‍. ഒരിക്കല്‍ സ്വന്തം അച്ഛന്‍ വേദമന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ വരുത്തിയ തെറ്റ്, ഉദരത്തില്‍ കിടന്നുകൊണ്ടുതന്നെ അവന്‍ തിരുത്തി. ഇതില്‍ കുപിതനായ അച്ഛന്റെ ശാപമായിരുന്നു എട്ട് ഒടിവുകളോടെയുള്ള ജനനം. ഒരിക്കല്‍ രാജാവിന്റെ പണ്ഡിതസദസില്‍ വാദപ്രതിവാദത്തിനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. പണ്ഡിതസദസില്‍ പ്രവേശിച്ച അദ്ദേഹത്തെ കണ്ട് മറ്റു പണ്ഡിതന്മാര്‍ ഊറിച്ചിരിച്ചു. ചമാറുകള്‍ എന്നാണവരെ അദ്ദേഹം വിശേഷിപ്പിച്ചത്. കശാപ്പുകാര്‍ എന്നര്‍ത്ഥം. മുമ്പില്‍ നില്ക്കുന്ന മൃഗത്തിന്റെ ശരീരത്തില്‍ മാത്രമാണല്ലോ കശാപ്പുകാരന്റെ കണ്ണുകള്‍ ഉടക്കുന്നത്.

ഭക്ഷണത്തെക്കള്‍ ശരീരവും ശരീരത്തെക്കാള്‍ ജീവനുമാണ് വിലപ്പെട്ടതെന്ന് ക്രിസ്തു ഇപ്പോഴും നമ്മോട് മന്ത്രിക്കുന്നുണ്ട്. ശരീരത്തിലേക്കല്ല ആത്മാവിലേക്കാണ് കണ്ണുകള്‍ ചൂഴ്ന്നിറങ്ങേണ്ടതെന്ന് എന്നാണ് നമ്മളിനി പഠിക്കുക. ശരീരത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ഏതൊരാളും കശാപ്പുകാരനായി മാറുകയാണ്. പിന്നെ കൊല്ലാനോ, പീഡിപ്പിക്കാനോ അപമാനിക്കാനോ ഒരു മടിയും തോന്നില്ല. അതോടെ മൃഗവും അയാളും തമ്മിലുള്ള ദൂരമാണ് ഇല്ലാതാവുന്നത്. നമ്മള്‍ അങ്ങനെ തരംതാഴാനുള്ളവരല്ല.

Sobha
സി. ശോഭ CSN 

Related Articles